അന്തീക്വാ എത് നോവ: നിർമ്മിത ബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്, എന്ന പേരിൽ, വിശ്വാസ തിരുസംഘവും വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള തിരുസംഘവും ചേർന്ന്, 2025 ജനുവരി 28-ന് ഒരു പുതിയ പ്രമാണരേഖ പുറത്തിറക്കി. “ആധുനികലോകത്തിൽ AI ഉയർത്തുന്ന നരവംശശാസ്ത്രപരവും ധാർമ്മികവുമായ വെല്ലുവിളികളെ” അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ രേഖ കത്തോലിക്കാ സഭ പുറത്തിറക്കിയത്.
അന്തീക്വാ എത് നോവ: സംഗ്രഹം
കത്തോലിക്കാ ദൈവശാസ്ത്ര വീക്ഷണത്തിൽ നിർമ്മിത ബുദ്ധിയുടെ (AI) നൈതികവും നരവംശശാസ്ത്രപരവുമായ പ്രത്യാഘാതങ്ങളെ ഈ പ്രമാണ രേഖ വിലയിരുത്തുന്നു. മനുഷ്യന്റെ അന്തസ്സ്, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗം, പൊതുനന്മയുടെ ഉന്നമനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സഭയുടെ ദാർശനികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ് ഈ പ്രമാണ രേഖ. മനുഷ്യന്റെ വ്യക്തിത്വം, ധാർമ്മിക ഉത്തരവാദിത്തം, സമൂഹത്തിന്റെ ഭാവി എന്നിവയെക്കുറിച്ച് പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തിയ നിർമ്മിത ബുദ്ധിയുടെ (AI) ദ്രുതഗതിയിലുള്ള പുരോഗതികളെ ഇത് അഭിസംബോധന ചെയ്യുന്നു.
മനുഷ്യന്റെ പുരോഗമനം കൂടുതൽ കാര്യക്ഷമമാക്കാനോ, എന്നാൽ, ദുരുപയോഗം ചെയ്താൽ ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കാനോ കഴിയുന്ന ശക്തമായ ഒരു ഉപകരണമായാണ് സഭ AI-യെ കാണുന്നത്. മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുന്ന, നീതി പ്രോത്സാഹിപ്പിക്കുന്ന, സമഗ്രമായ മനുഷ്യവികസനം വളർത്തുന്ന വിധത്തിൽ AI-യുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമതുലിതമായ സമീപനാമാണ് ഈ പ്രമാണ രേഖ ആവശ്യപ്പെടുന്നത്. AI ചെയ്യുന്നതുപോലെ, മനുഷ്യബുദ്ധിയെ വെറും പ്രവർത്തനക്ഷമതയിലേക്ക് മാത്രം ചുരുക്കുന്നതിന്റെ അപകടങ്ങൾക്കെതിരെയും ഈ രേഖ മുന്നറിയിപ്പ് നൽകുന്നു; കൂടാതെ സാങ്കേതികവിദ്യകളോട് ഒരു മനുഷ്യകേന്ദ്രീകൃതമായ സമീപനം (Human centred approach) നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഈ രേഖ ഊന്നിപ്പറയുന്നു.
I. ആമുഖം
ദൈവത്തിന്റെ സമ്മാനമായ മനുഷ്യബുദ്ധിയുടെ അനന്ത സാധ്യതകളുടെ വിശാലമായ പശ്ചാത്തലത്തിൽ ആണ് AI-യെക്കുറിച്ചുള്ള ചർച്ചകൾ ഈ പ്രമാണ രേഖ ആരംഭിക്കുന്നത്.
ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതികൾ സർവ്വ സൃഷ്ടികളുടെയും സംരക്ഷണത്തിനും പൊതു നന്മയ്ക്കും വേണ്ടി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയാണെങ്കിൽ, സഭ അതിന് സമ്പൂർണ്ണമായ പിന്തുണ നൽകുമെന്ന് ഇത് സൂചിപ്പിക്കുന്നു. അതേസമയം മനുഷ്യബുദ്ധിയെ അനുകരിക്കാനും, പുതിയ ഉള്ളടക്കം സൃഷ്ടിക്കാനും, സ്വയം തീരുമാനങ്ങൾ എടുക്കാനുമുള്ള AI-യുടെ കഴിവിനെക്കുറിച്ചുള്ള ആശങ്കകൾ ഈ രേഖ ഉയർത്തുന്നു; ഇത് പൊതു വ്യവഹാരങ്ങളിൽ ധാർമ്മിക പ്രതിസന്ധികളിലേക്കും സത്യത്തിന് എതിരായ പ്രതിസന്ധിയിലേക്കും നയിച്ചേക്കാം.
II. നിർമ്മിത ബുദ്ധി എന്താണ്?
1956-ലെ ഡാർട്ട്മൗത്ത് വർക്ക്ഷോപ്പിലേക്കും അതിനെ തുടർന്നുള്ള AI യുടെ പരിണാമത്തിലേക്കും വെളിച്ചം വീശുന്ന രണ്ടാം ഭാഗം AI-യുടെ ചരിത്രപരമായ ഒരു അവലോകനം നൽകുന്നു. നിർദ്ദിഷ്ട ജോലികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ‘Narrow AI’ യും മനുഷ്യന്റെ വൈജ്ഞാനിക കഴിവുകളുമായി പൊരുത്തപ്പെടുന്നതോ അതിനെ മറികടക്കുന്നതോ ആയ “ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്” (AGI) എന്ന ലക്ഷ്യവും ഇവിടെ ചർച്ചക്ക് വിഷയമാക്കുന്നു. മനുഷ്യ ബുദ്ധിയെ AI-യുമായി തുലനം ചെയ്യുന്ന പ്രവർത്തനവാദ വീക്ഷണത്തെ (functionalist view) ഈ രേഖ വിമർശിക്കുന്നുണ്ട്; കാരണം മനുഷ്യ ബുദ്ധി എന്നത് വെറും പ്രവൃത്തികളുടെ പ്രകടനത്തേക്കാൾ കൂടുതൽ വ്യക്തിപരത ഉൾക്കൊള്ളുന്നുവെന്ന് ഈ രേഖ ഊന്നിപ്പറയുന്നു – അതിൽ സർഗ്ഗാത്മകത, വികാരങ്ങൾ, ധാർമ്മിക വിവേചനബുദ്ധി, പരസ്പര ബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്നു.
III. ബുദ്ധി ദാർശനിക – ദൈവശാസ്ത്ര പാരമ്പര്യങ്ങളിൽ
ദാർശനിക, ദൈവശാസ്ത്ര പാരമ്പര്യങ്ങളിൽ വേരൂന്നിയ മനുഷ്യ ബുദ്ധിയെക്കുറിച്ചുള്ള ക്രിസ്തീയ അവബോധത്തെ ഈ രേഖ അപഗ്രഥനം ചെയ്യുന്നുണ്ട്. മനുഷ്യന്റെ യുക്തിബോധം, ശാരീരികഭാവം (embodiment), ബന്ധങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, മനുഷ്യ ബുദ്ധി എന്നത് കേവലം പ്രവർത്തനക്ഷമത മാത്രമല്ല, മറിച്ച് മനുഷ്യ വ്യക്തിയുടെ ആത്മീയ, വൈകാരിക, സാമൂഹിക മാനങ്ങളുമായി ഇത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖ ഊന്നിപ്പറയുന്നു. ബുദ്ധിയെക്കുറിച്ചുള്ള സഭയുടെ വീക്ഷണം സമഗ്രമാണ്; യുക്തി, മനുഷ്യന്റെ ഇച്ഛാശക്തി, സത്യം കണ്ടെത്താനുള്ള മനുഷ്യന്റെ അഭിവാഞ്ഛ, നന്മ, സൗന്ദര്യം എന്നിവയെ സമന്വയിപ്പിക്കുന്ന ഒരു വീക്ഷണമാണ് അത്.
IV. AI യുടെ വികസനത്തിലും ഉപയോഗത്തിലും ധാർമ്മികതയുടെ പങ്ക്
AI യുടെ വികസനത്തിലും ഉപയോഗത്തിലും ധാർമ്മിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ആർട്ടിക്കിൾ അടിവരയിടുന്നു. AI മനുഷ്യ പുരോഗതിക്ക് ശക്തമായ ഒരു ഉപകരണമാകുമ്പോഴും, അത് എല്ലായ്പ്പോഴും സമൂഹത്തിന്റെ പൊതുനന്മയ്ക്കും മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവിനും ഉപകരിക്കപ്പെടണമെന്ന് ഈ പ്രമാണരേഖ ഊന്നിപ്പറയുന്നു. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം (surveillance), കൃത്രിമത്വം (manipulation) അല്ലെങ്കിൽ മനുഷ്യ വിഭവശേഷിയുടെ ക്ഷയം (erosion of human agency) എന്നിവ പോലുള്ള ദോഷകരമായ കാര്യങ്ങൾക്കായി AI ദുരുപയോഗം ചെയ്യുന്നതിനെതിരെയും ഈ പ്രമാണ രേഖ മുന്നറിയിപ്പ് നൽകുന്നു. AI സംവിധാനങ്ങളുടെ രൂപകൽപ്പനയിലും വിന്യാസത്തിലും സുതാര്യത, ഉത്തരവാദിത്തം, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഏറ്റവും ആവശ്യമാണെന്ന മുന്നറിയിപ്പും ഈ രേഖ നൽകുന്നുണ്ട് .
V. പ്രത്യേക ചോദ്യങ്ങൾ
AI ധാർമ്മിക വെല്ലുവിളികൾ ഉയർത്തുന്ന നിരവധി പ്രായോഗിക മേഖലകളെ ഈ രേഖ അഭിസംബോധന ചെയ്യുന്നു:
• AI-യും സമൂഹവും: സമഗ്രമായ മനുഷ്യവികസനം പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് AI-യ്ക്കുണ്ട്, എന്നാൽ അസമത്വവും സാമൂഹിക വിഘടനവും വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയും AI-യ്ക്കുണ്ട്.
• AI-യും മനുഷ്യബന്ധങ്ങളും: AI-ക്ക് ബന്ധങ്ങൾ സുഗമമാക്കാൻ കഴിയുമെങ്കിലും, വ്യക്തിഗത വളർച്ചയ്ക്കും സമൂഹനിർമ്മാണത്തിനും അത്യന്താപേക്ഷിതമായ ആധികാരിക മനുഷ്യബന്ധങ്ങളെ മാറ്റിസ്ഥാപിക്കാൻ അതിന് കഴിയില്ല.
• AI, സമ്പദ്വ്യവസ്ഥ, തൊഴിൽ: AI-ക്ക് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയും, പക്ഷേ തൊഴിൽ നഷ്ടത്തിനും മനുഷ്യ അധ്വാനത്തിന്റെ മൂല്യത്തകർച്ചയ്ക്കും കാരണമായേക്കാം. തൊഴിലാളികളെ സംരക്ഷിക്കുകയും, AI മനുഷ്യ ജോലിക്ക് ബദൽ ആകുന്നതിനു പകരം മനുഷ്യ ജോലിക്ക് പൂരകമാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന നയങ്ങൾ ഈ രേഖ ആവശ്യപ്പെടുന്നു.
• AI-യും ആരോഗ്യ സംരക്ഷണവും: AI-ക്ക് ആരോഗ്യരംഗത്ത് രോഗനിർണയവും ചികിത്സയും മെച്ചപ്പെടുത്താൻ കഴിയും, പക്ഷേ രോഗികളും ആരോഗ്യ സംരക്ഷണ ദാതാക്കളും തമ്മിലുള്ള വ്യക്തിബന്ധത്തിന് AI ഒരിക്കലും പകരമാകരുത്.
• AI-യും വിദ്യാഭ്യാസവും: AI-ക്ക് വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താൻ കഴിയും, പക്ഷേ വിമർശനാത്മക ചിന്താശേഷി വളർത്തുന്നതിലും ധാർമ്മിക രൂപീകരണത്തിലും അധ്യാപകരുടെ പങ്കിന് അത് പകരമാകരുത്.
• AI- തെറ്റായ വിവരങ്ങൾ, അതിവിദഗ്ദ്ധമായ വ്യാജ നിർമ്മിതികൾ (Deep Fake), ദുരുപയോഗം: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനോ പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനോ AI ഉപയോഗിക്കുന്നതിനെതിരെ ഈ രേഖ മുന്നറിയിപ്പ് നൽകുന്നു. അതോടൊപ്പം ജാഗ്രതയും ധാർമ്മികതയിൽ ഊന്നിയ നിയമ-നിയന്ത്രണങ്ങളും ഇക്കാര്യങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്.
• AI, സ്വകാര്യത, നിരീക്ഷണം: AI-യിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ നിരീക്ഷണത്തിന്റെയും വിവര ശേഖരണത്തിന്റെയും പശ്ചാത്തലത്തിൽ സ്വകാര്യതയും മനുഷ്യന്റെ അന്തസ്സും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഈ രേഖ ഊന്നിപ്പറയുന്നു.
AI-യും നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണവും: പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ AI ക്ക് സാധിക്കും, എന്നാൽ അതേസമയം തന്നെ ഇത് ഗണ്യമായ തോതിൽ വിഭവങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇവയുടെ ഉപയോഗത്തിന് സന്തുലിതമായ സമീപനം ആവശ്യമാണ്.
AI-യും യുദ്ധവും: AI ഉപയോഗത്തിലൂടെ സ്വയം നിയന്ത്രണ കഴിവുകളുള്ള ആയുധങ്ങൾ നിർമ്മിക്കുന്നത് ധാർമികതയ്ക്ക് നിരക്കാത്തതും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതുമാണെന്ന് ഈ രേഖ മുന്നറിയിപ്പ് നൽകുകയും അതിനെ അപലപിക്കുകയും ചെയ്യുന്നു.
AI-യും ദൈവവുമായുള്ള നമ്മുടെ ബന്ധവും: ദൈവവുമായുള്ള മനുഷ്യന്റെ വ്യക്തി ബന്ധത്തിന് AI ഒരിക്കലും പകരമാവില്ല. അതുകൊണ്ടുതന്നെ AI-യെ വിഗ്രഹവൽക്കരിച്ച് സാങ്കേതികവിദ്യയിലൂടെ മനുഷ്യന്റെ ജീവിതസാക്ഷാത്കാരം പൂർത്തീകരിക്കാൻ ഉള്ള പ്രലോഭനത്തിനെതിരെയും ഈ രേഖ മുന്നറിയിപ്പ് നൽകുന്നുണ്ട്.
VI. ഉപസംഹാര ചിന്തകൾ
AI-യുടെ യുഗത്തിൽ മനുഷ്യന്റെ ബുദ്ധിശക്തിയെയും ജ്ഞാനത്തെയും കുറിച്ചുള്ള പുതുക്കിയ വിലയിരുത്തലിനും ഗുണഗ്രഹണത്തിനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ രേഖ അവസാനിക്കുന്നത്. യഥാർത്ഥ പുരോഗതി അളക്കുന്നത് സാങ്കേതിക പുരോഗതിയിലൂടെ മാത്രമല്ല, മറിച്ച് മനുഷ്യന്റെ അഭിവൃദ്ധിക്കും നീതിക്കും പൊതുനന്മയ്ക്കും അവ എത്രത്തോളം സംഭാവന ചെയ്യുന്നു എന്നതിലൂടെയാണെന്ന് ഇത് ഊന്നിപ്പറയുന്നു. യുക്തി, ധാർമ്മികത, ആത്മീയത എന്നിവ സമന്വയിപ്പിക്കുന്ന ഒരു “ഹൃദയത്തിന്റെ ജ്ഞാനം” പ്രോത്സാഹിപ്പിക്കുക വഴി, സഭ AI-യുടെ ഉത്തരവാദിത്തപരമായ ഉപയോഗവും, അതിലൂടെ കൈവരുന്ന ലോക സമാധാനം, ഐക്യദാർഢ്യം, മനുഷ്യ വ്യക്തിയുടെ സമഗ്രവികസനം എന്നിവ ലക്ഷ്യം വയ്ക്കുന്നു.
കത്തോലിക്ക സഭയിലെ അംഗങ്ങൾക്ക് മാത്രമല്ല, സന്മനസ്സുള്ള എല്ലാ ആളുകൾക്കും AI ഉയർത്തുന്ന ധാർമ്മിക വെല്ലുവിളികളെ മറികടക്കാൻ സമഗ്രമായ ഒരു വഴികാട്ടിയായി ഈ പ്രമാണ രേഖ മാറും എന്നതിൽ സംശയമില്ല. സഭയുടെ സമ്പന്നമായ ദാർശനികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യത്തിൽ വേരൂന്നിയ, സാങ്കേതികവിദ്യയോടുള്ള മനുഷ്യകേന്ദ്രീകൃത സമീപനത്തിന് ഈ രേഖ ആഹ്വാനം ചെയ്യുന്നു; കൂടാതെ പൊതുനന്മയെ സേവിക്കുന്നതിനും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും കൂടുതൽ നീതിയുക്തവും അനുകമ്പയുള്ളതുമായ ഒരു ലോകം വളർത്തിയെടുക്കുന്നതിനും AI – ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ഈ രേഖ ഊന്നിപ്പറയുന്നു.
Rengith