ചിരിയ്ക്ക് എത്രത്തോളം പ്രസന്നവും പ്രസാദാത്മകവുമാകാമെന്നു പാലായിലെ ഞങ്ങളുടെ തലമുറയെ അനു ഭവം കൊണ്ടു പഠിപ്പിച്ചതു അഭിവന്ദ്യ പള്ളിക്കാപ്പറമ്പിൽ പിതാവാണ്. പാലായുടെ ആദ്യ ബിഷപ്പും എല്ലാ അർത്ഥത്തിലും ആത്മീയമഹാചാര്യനുമായിരുന്ന ഭാഗ്യസ്മരണാർഹനായ മാർസെബാസ്റ്റ്യൻ വയലിൽപ്പിതാവിന്റെസഹായ മെത്രാനായി നിയോഗം വന്നപ്പോഴാണ് കോട്ടയം (വടവാതൂർ) അപ്പസ്തോലിക് സെമിനാരി റെക്ടറായിരുന്നഫാദർ ജോസഫ് പള്ളിക്കാപ്പറമ്പിൽപാലാ തന്റെ ആത്മീയ ശുശ്രൂഷയുടെകർമ്മഭൂമിയാക്കിയത്. ഏഴു വർഷംആ പദവിയിലും പിന്നീട് ഇരുപത്തി മൂന്നു വർഷം വയലിൽപ്പിതാവിന്റെപിൻഗാമിയായി പാലാ ബിഷപ്പെന്നനിലയിലും പള്ളിക്കാപ്പറമ്പിലച്ചൻപാലാക്കാർക്കു ആത്മീയ പിതാവായി.
ആദ്യം കാണുന്ന കാലത്ത് പിതാവിന്റെഉയരം ആറടിയ്ക്കു മുകളിലാണ്. നേരേനീണ്ടു നിവർന്നുള്ള നില്പും നടപ്പും . ഒട്ടുമെലിഞ്ഞ ശരീര പ്രകൃതമായിരുന്നുഅന്നത്തെ കൊച്ചു പിതാവിന്. പക്ഷേചിരിക്കു അന്നും ഇന്നും വ്യത്യാസമൊന്നും വന്നിട്ടില്ല. നല്ല ഫലിതം കേട്ടാൽപ്പിന്നെ പിതാവിന്റെ ഉറക്കെ ഉറക്കെയുള്ള പൊട്ടിച്ചിരിക്കു മുൻപിൽ സർവ്വതുംനിഷ്പ്രഭം! പിതാവിന്റെ അലക്കിത്തേച്ചവെളുത്ത ളോഹയേക്കാൾ ശുഭ്രമായിഒന്നുമാത്രമേയുള്ളു. അതു പള്ളിക്കാപറമ്പിൽ പിതാവിന്റെ ചിരിയാണ്. കാണുമ്പോൾ പിതാവിന്റെ മുഖത്തു വിരിയുന്ന ചിരിയ്ക്കു താരതമ്യമില്ല.അത്രമേൽ മധുരമാണത്. ഹൃദ്യവും .പിതാവിനെച്ചേർത്ത് നർമ്മം പറഞ്ഞാലും പിതാവിനു പരിഭവവുമില്ല. ഒപ്പം അതാസ്വദിച്ചും ചിരിച്ചും പിതാവ് ഏതന്തരീക്ഷവും ഹൃദ്യമാക്കും! സന്ദർഭത്തിനനുസരിച്ചു നർമ്മം പറയാനുള്ള പള്ളിക്കാപ്പറമ്പിൽ പിതാവിന്റെ സിദ്ധിയും അപാരമെന്നു തന്നെ പറയണം.
ബോയ്സ് കോളജിനു തൊട്ടടുത്തുള്ളഗേൾസ് കോളജിലെ അധ്യാപകനായിവന്ന അച്ചന് ആൺകുട്ടികൾ നൽകിയപേരു “ഭാഗ്യവാൻ ” എന്നായിരുന്നു. ഭാഗ്യവാനച്ചനെന്ന പേര് പെട്ടന്നു തന്നെ രണ്ടു കോളജിലും വൈറലായി . പിതാവും അത് കേട്ടിരുന്നിരിക്കണം. ഓർത്തും വച്ചു. വർഷങ്ങൾക്കുശേഷം വനിതാ കോളജിൽ അച്ചന്റെ യാത്ര അയപ്പു ചടങ്ങിനെത്തിയതാണ് പിതാവ്. പരിശുദ്ധ മാതാവിനോടു ഗബ്രിയേൽ മാലാഖാ പറഞ്ഞ വാക്കുകൾ അച്ചനു നേരേ നോക്കി ഒന്നു ചിരിച്ചിട്ടു പെൺകുട്ടികൾ തിങ്ങിനിറഞ്ഞ അന്നത്തെ സദസ്സിനോടുപിതാവും ആവർത്തിച്ചു” Blessed arethou amongst women ” (സ്ത്രീകൾക്കിടയിൽ നീ ഭാഗ്യവതി (ഭാഗ്യവാൻ). സദസ്സിന്റെ ചിരിയും കയ്യടിയുമടങ്ങാൻ സമയമേറെയെടുത്തു. വേദിയിലിരുന്ന ഭാഗ്യവാനച്ചനും ചിരിയോടു ചിരി തന്നെ !!
പള്ളിക്കാപ്പറമ്പിൽ പിതാവിന്റെ ആത്മമിത്രങ്ങളിലൊരാൾ ശ്രീ ഇ.കെ. നായനാരായിരുന്നു. പാലാ വഴി പോയാൽ പാലാഅരമനയിൽ കയറാതെ — മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം പതിവ് തെറ്റിച്ചിരുന്നില്ല — പോകുമായിരുന്നില്ല. രണ്ടുപേരും ഉറക്കെച്ചിരിയുടെ സുൽത്താൻമാരായിരുന്നല്ലോ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ഷാപ്പിന്റെ ദൂരപരിധി പള്ളിയിൽ നിന്നും സ്കൂളിൽ നിന്നുo മുന്നൂറു മീറ്ററെന്നത് നൂറു മീറ്ററാക്കികുറച്ചു മന്ത്രിസഭാ തീരുമാനം വന്നു.പള്ളിക്കാപറമ്പിൽ പിതാവന്നു മദ്യവിരുദ്ധ ജനകീയ മുന്നണിയുടെയുംസംയുക്ത ക്രൈസ്തവ മദ്യവർജനസമിതിയുടെയും പ്രസിഡന്റാണ്.കാബിനറ്റ് തീരുമാനം പത്രങ്ങളിൽ വന്നു മണിക്കൂറുകൾക്കുള്ളിൽ പാലായിൽ നിന്നും പിതാവിന്റെ പ്രഖ്യാപനവുമെത്തി. 48 മണിക്കൂറിനുള്ളിൽ സർക്കാർ തീരുമാനം മാറ്റുന്നില്ലെങ്കിൽ മദ്യവിരുദ്ധ മുന്നണി ചെയർമാനെന്ന നിലയിൽ പാലാ കുരിശു പള്ളിക്കു മുൻപിൽ താൻ അനിശ്ചിതകാല ഉപവാസമാരംഭിക്കുമെന്നായിരുന്നു പിതാവിന്റെ പരസ്യ പ്രസ്താവന.മണിക്കൂറുകൾക്കകം തിരുവനന്തപുരത്തു നിന്നും ഫോൺ കോളെത്തി.അങ്ങേത്തലയ്ക്കൽ മുഖ്യമന്ത്രി തന്നെ.” എന്താ തിരുമേനീ ഇത്.ഞാനല്ലേ ഇവിടെ. എന്നോടൊന്നുപറഞ്ഞിട്ടു വേണ്ടേ ഉപവാസം പറയാൻഎന്നു നായനാർ . സാറേ, ഞാനല്ലേമദ്യവിരുദ്ധ സമിതി പ്രസിഡന്റ്. ദൂരപരിധി കുറയ്ക്കുന്ന കാര്യം സാറുംഎന്നോടൊന്നു പറഞ്ഞില്ലല്ലോ എന്നുപിതാവിന്റെ മറുപടി. അപ്പുറത്ത് നിമിഷങ്ങളുടെ നിശ്ശബ്ദത . തിരുമേനീ ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾതിരുമേനി പട്ടിണി കിടക്കാൻ പാടില്ലഎന്നു നായനാർ. സാർ , ഞാൻ പറഞ്ഞു പോയില്ലേ. ഇനി പിന്നോട്ടുപോകാൻ എനിക്കുo നിവൃത്തിയില്ലല്ലോ എന്നു പിതാവ് . കാബിനറ്റ് തീരുമാനമായിപ്പോയില്ലേ, തിരുമേനീ. മന്ത്രിസഭ വീണ്ടും കൂടാതെ തീരുമാനം മാറ്റാൻ മാർഗ്ഗമില്ലല്ലോ എന്നു സങ്കട സ്വരത്തിൽ നായനാർ. അടുത്ത മന്ത്രിസഭായോഗം വരെ തീരുമാനം നടപ്പാക്കുകയില്ലെന്നു സാർ വാക്കു പറഞ്ഞാൽ ഉപവാസവും താൻ അതുവരെ മാറ്റാമെന്നു പിതാവും മയപ്പെട്ടു. തിരുമേനി ഞാൻ ഇവിടെ ഇരിക്കുന്ന കാലത്തോളം ഉപവാസമിരിക്കുകയില്ലെന്നു വീണ്ടും നായനാർ.ദൂരപരിധിക്കാര്യത്തിൽ പാലാ ബിഷപ്പുമായി ചർച്ച ചെയ്തിട്ടേ മന്ത്രിസഭാ തീരുമാനം നടപ്പാക്കൂ എന്നു ഞാൻ ഇവിടെ പറഞ്ഞോളാമെന്നു മുഖ്യമന്ത്രിനായനാർ. മുഖ്യമന്ത്രിയുടെ ഉറപ്പിൽഉപവാസം മാറ്റിവയ്ക്കുകയാണെന്നുതാൻ ഇവിടെയും പറഞ്ഞോളാമെന്നുനായനാർക്കു പിതാവിന്റെയും ഉറപ്പ്.കൊടുങ്കാറ്റുപോലെ വന്ന പ്രതിസന്ധിഇളം കാറ്റായിപ്പോകാൻ ആകെ വേണ്ടിവന്നത് അരമണിക്കൂർ മാത്രം. ഭരണ നേതാവിന്റെ മികവും ആത്മീയാചാര്യന്റെ വിട്ടുവീഴ്ച്ചയും . അടുത്ത മന്ത്രി സഭാ യോഗം ദൂരപരിധി ഭേദഗതി തീരുമാനം മാറ്റി. ബന്ധപ്പെട്ടവരുമായി ചർച്ചചെയ്തു തീരുമാനമെടുക്കുമെന്നുമുഖ്യമന്ത്രിയുടെ വിശദീകരണവും! രാഷ്ട്രീയത്തിലും ആത്മീയതയിലും നേതൃത്വം ഒരു കല തന്നെ. ആത്മാർഥ സൗഹൃദവും !!
പ്രസന്നമായ ആത്മീയതയുടെ ഏറ്റവുംമികച്ച സമകാലിക സാക്ഷ്യമാണ് അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവ്. സൗഹൃദങ്ങളിൽ സത്യം പുലർത്തുമ്പോഴും നിലപാടുകളിലെ ഉറപ്പാണു പള്ളിക്കാപറമ്പിൽ പിതാവിനെ വ്യത്യസ്തനാക്കുന്നത്. തൊണ്ണറ്റിയേഴാംവയസ്സിലും ജീവിതത്തെ സ്നേഹിക്കുകയും ദൈവം നൽകിയ ആയുസ്സിനെആസ്വദിക്കുകയും ചെയ്യുന്ന ദേശീയവാദിയായ ഈ ആത്മീയ മഹാചാര്യൻ മെത്രാഭിഷിക്തനായതും ഒരുസ്വാതന്ത്ര്യദിനത്തിലായിരുന്നല്ലോ. ദൈവ മാതൃഭക്തനായ പള്ളിക്കാപറമ്പിൽ പിതാവ്പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ ദിനത്തിൽ തന്നെയാണ്ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ മെത്രാഭിഷേകത്തിന്റെസുവർണ്ണ ജൂബിലിയും ആഘോഷിക്കുന്നത്. പക്ഷേ ആഘോഷിക്കുന്നത് പിതാവല്ല, മറിച്ച് ആത്മീയ ശുശ്രൂഷയിൽ പിതാവിന്റെ പിൻഗാമിയായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ ഏകമനസ്സോടെ പാലാ രൂപതയും വൈദികരും സമർപ്പിതരും വിശ്വാസികളും ചേർന്നാണ്. ഇത്സത്യത്തിൽ എല്ലാ ആഘോഷങ്ങൾക്കുമപ്പുറമാണ്. ദൈവ മുൻപാകെ പാലായിലെ വിശ്വാസി സമൂഹമുയർത്തുന്ന ആലാഹാ സ്തോത്രമാണ്. ഒപ്പം ഭാരതീയമായ പ്രാർത്ഥനയും ആശംസയും. ആയുഷ്മാൻ ഭവ!