തലശേരി: സഭയിൽ ശ്ലൈഹിക ചുമതലയിൽ ഉള്ളവർ ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവരാണെന്നും ആ ഗുണങ്ങൾ മാർ ജോസഫ് പാംപ്ലാനിയിൽ ഉണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശേരി ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണചടങ്ങിനുശേഷം നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വലിയൊരു പാരമ്പര്യം പുലർത്തുന്ന ഒരു മേഖലയാണ് മലബാർ. അതിന്റെ പ്രധാന കേന്ദ്രം തലശേരി അതിരൂപതയാണ്. ഈ അതിരൂപതയുടെ പ്രധാന ശുശ്രൂഷകനായാണ് മാർ പാംപ്ലാനി ചുമതലയേൽക്കുന്നത്. മെത്രാൻമാരുടെ ഉത്തരവാദിത്വം മൂന്നുതലങ്ങളിൽ പ്രശോഭിക്കേണ്ടതുണ്ട്. ഒന്നാമത്തേത് ആത്മീയ ശുശ്രൂഷയാണ്. രണ്ടാമത്തേ ത് അജപാലന ശുശ്രൂഷയും മൂന്നാമത്തേത് സാമൂഹ്യ ശുശ്രൂഷയുമാണ്. ഈ മൂന്നുതലങ്ങളിലും തലശേരി രൂപതയിൽ വന്നിട്ടുള്ള മേലധ്യക്ഷൻമാർ സ്തുത്യർഹമായ സേവനം നല്‍കിയിട്ടുണ്ട്. പാംപാനി പിതാവും അതു വേണ്ടവിധത്തിൽ നിർവഹിക്കുമെന്നതിൽ ആർക്കും സംശയമില്ലായെന്ന് മാർ ആലഞ്ചേരി പറഞ്ഞു.
സീറോ മലബാർ സഭയിലെ ആരാധനാക്രമം സമ്പന്നം: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്
തലശ്ശേരി: സമ്പന്നമായ ആരാധനക്രമ പാരമ്പ ര്യവും അനുഷ്ഠാന രീതികളുമുള്ള സഭാസമൂഹമെന്നതും സീറോ മലബാർ സഭയുടെ ധന്യതയാണെന്നും സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ഇന്നലെ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹനത്തിന് പിന്നാലേ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
ലത്തീൻ റീത്തിൽ ധാരാളം സ്ഥാനാരോഹണത്തിൽ പങ്കെടുത്തിട്ടുണ്ട്, എനിക്ക് മലയാളം അറിയില്ല, മാത്രമല്ല നിങ്ങളുടെ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തെക്കുറിച്ചും അറിയില്ലായിരുന്നു. പക്ഷേ ശുശ്രൂഷകളെ .ഞാന്‍ മനസിലാക്കി. ലത്തീൻ ആരാധനാക്രമത്തെക്കാളും സമ്പന്നമാണ് നിങ്ങളുടെ ആരാധനാക്രമമെന്ന് എനിക്ക് മനസ്സിലായി. കാരണം അതിലെ ആചാരങ്ങളും അതിലെ പ്രതീകാത്മകതയും വളരെ ചെറുതും അതിലേറെ അർത്ഥമുള്ളതുമാണ്. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തിൽ നിന്നും ധാരാളം പഠിക്കാനുണ്ടെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.