“ബന്ധുജനങ്ങളുമായി എനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. ഒന്നിലും ആര്‍ക്കും യാതൊരു അവകാശങ്ങളുമില്ല. എന്റെ ഏക ഭവനം രൂപതമാത്രം. രൂപതയ്ക്കു മാത്രമാണ് എന്റെമേലും എനിക്ക് സ്വന്തമായുള്ളവയുടെ മേലും അവകാശമുള്ളത്.”

കഴിഞ്ഞ 14 ന് കാലം ചെയ്ത ഉദയ്പൂര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജോസഫ് പതാലിലിന്റെ മുറിയില്‍നിന്ന് ലഭിച്ച രണ്ടു വിടവാങ്ങല്‍ സന്ദേശങ്ങളില്‍ ഒന്നിലെ വാചകങ്ങളാണിത്. അദേഹം എഴുതിയ കത്തിലെ ചില പ്രസക്തവരികള്‍ കൂടി ഉദ്ധരിക്കട്ടെ.

“സാമ്പത്തിക കാര്യങ്ങളില്‍ പരിപൂര്‍ണമായും സത്യസന്ധനായിരിക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. ഒരോ പൈസയും സഭയ്ക്കുവേണ്ടി മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്. എന്റെ സ്വന്തം പണം പോലും പൊതു ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. എന്റെ പേരില്‍ ഒന്നോ രണ്ടോ ബാങ്ക് അക്കൗണ്ടുകളുണ്ട്. ഞാന്‍ വില്‍പത്രത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഈ അക്കൗണ്ടുകളിലെ തുക രൂപതയുടെ അക്കൗണ്ടുകളിലേക്ക് മാറ്റണം.

“”എന്റെ പിതാവ് നല്‍കിയ സ്വാതന്ത്ര്യത്തില്‍ ഒരു സ്വതന്ത്ര മനുഷ്യനായാണ് ഞാന്‍ പോകുന്നത്. പ്രിയ സഹോദരരെ, പൗരോഹിത്യ വഴിയില്‍ ശക്തരായി മുന്നോട്ടു പോകുന്നതിനും ദൈവരാജ്യത്തിന് അനുയോജ്യമായ ഉപകരണങ്ങളായി തുടരുന്നതിനും പ്രാര്‍ത്ഥനയുടെ മനുഷ്യരായിരിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ കാര്യങ്ങളിലും ആത്മാര്‍ത്ഥതയുള്ളവരും സത്യസന്ധരുമായിരിക്കുവിന്‍.”

രൂപതയിലെ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ ഈ കത്ത് ഉദയ്പൂര്‍ ഫാത്തിമ മാതാ കത്തീഡ്രലില്‍ നടന്ന സംസ്‌കാര ശുശ്രൂഷയ്ക്കിടെ നിലവിലെ ഉദയ്പൂര്‍ ബിഷപ് ഡോ. ദേവപ്രസാദ് ഗണാവയാണ് വായിച്ചത്.ഇംഗ്ലീഷിലുള്ള രണ്ടു കത്തുകളും ബിഷപ് പതാലിൽ രോഗശയ്യയിലാകുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തയ്യാറാക്കി സൂക്ഷിച്ചതാകാമെന്ന് രൂപതാ ആസ്ഥാനത്തെ വൈദികര്‍ പറഞ്ഞു.

വൈദികര്‍ക്കും വിശ്വാസികള്‍ക്കും അന്യമതസ്തര്‍ക്കുപോലും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്. കുടുംബാംഗങ്ങള്‍ക്കായി മറ്റൊരു കത്തും ഡോ. പതാലില്‍ കരുതിയിരുന്നു. കവറിലിട്ട് ഒട്ടിച്ച കത്ത് സംസ്‌കാരച്ചടങ്ങിനെത്തിയ കുടുംബാംഗങ്ങള്‍ക്ക് രൂപതാ അധികൃതര്‍ കൈമാറി.

മെത്രാന്‍മാരുടെ ഭൗതിക ശരീരം പൊതുവേ ദൈവാലയത്തിനുള്ളിലാണ് സംസ്‌കരിക്കുന്നത്. എന്നാല്‍ തന്റെ ശരീരം കത്തീഡ്രലിനുള്ളില്‍ സംസ്‌കരിക്കേണ്ടതില്ലെന്ന് ഡോ. പതാലില്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. പള്ളിക്കു പുറത്ത് മാതാവിന്റെ ഗ്രോട്ടോയ്ക്കു സമീപം അദ്ദേഹം തന്നെ നിര്‍ദേശിച്ച സ്ഥലത്താണ് സംസ്‌കാരം നടത്തിയത്.

ലാളിത്യത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച ഇടയന്റെ അന്ത്യയാത്രയും ഇങ്ങനെ പല കാരണങ്ങള്‍കൊണ്ടും വേറിട്ടു നിന്നു.

വൈദികര്‍ക്കെഴുതിയ കത്തിലെ അവസാനവരികള്‍ ഇങ്ങനെയാണ്. ‘പൗരോഹിത്യ വഴിയില്‍ ശക്തരായി മുന്നോട്ടു പോകുന്നതിനും ദൈവരാജ്യത്തിന് അനുയോജ്യമായ ഉപകരണങ്ങളായി തുടരുന്നതിനും പ്രാര്‍ത്ഥനയുടെ മനുഷ്യരായിരിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ കാര്യങ്ങളിലും ആത്മാര്‍ത്ഥതയുള്ളവരും സത്യസന്ധരുമായിരിക്കുവിന്‍. എന്റെ വീഴ്ച്ചകളും പാപങ്ങളും ദൈവം പൊറുക്കാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ അപേക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

“വലിയ ബഹളങ്ങളില്ലാതെ നിശബ്ദമായി ജീവിച്ചു കടന്നുപോയ അദ്ദേഹത്തിൻ്റെ വാക്കും വഴികളും അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുക തന്നെ ചെയ്യും.

Jaimon Kumarakom

നിങ്ങൾ വിട്ടുപോയത്