ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണു രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് പതാലിൽ പിതാവിനെ പരിചയപ്പെടുന്നത്. “എന്റെ കൂടെ പോരുന്നോ?‌“ എന്ന് അന്ന് എന്നോട് ചോദിച്ചത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. ആ ചോദ്യത്തിനു ഉത്തരമായിട്ടാണു രാജസ്ഥാനിലേക്ക് പിതാവിനൊപ്പം പോയത്. അന്നുമുതൽ ഒരു പിതാവിന്റെ സ്നേഹത്തോടെ നയിക്കുകയും തിരുത്തുകയുമൊക്കെ ചെയ്ത് എന്നും കൂടെ നിന്നിട്ടുണ്ട് ബിഷപ്പ് പതാലിൽ.

സഭാശ്രേഷ്ഠൻ എന്ന രീതിയിൽ എന്റെ സഭാജീവിതത്തെക്കുറിച്ച് മാത്രമല്ല, വ്യക്തിജീവിതത്തെക്കുറിച്ചും എന്നും ശ്രദ്ധാലുവായിരുന്നു പിതാവ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും വ്യക്തിപരമായി പരിചയപ്പെടാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനുമൊക്കെ പിതാവ് സമയം കണ്ടെത്തിയിരുന്നു. എന്റെ പുരോഹിതാഭിഷേകം മാത്രമല്ല, എന്റെ സഹോദരിയുടെ വിവാഹവും ആശീർവദിച്ചത് പിതാവായിരുന്നു എന്നുള്ളത് അദ്ദേഹത്തിനു ഞങ്ങളോടുള്ള വാത്സല്യത്തിന്റെ അടയാളമായിരുന്നു. ഇത് എന്റെ മാത്രം അനുഭവം ആണെന്ന് കരുതണ്ട, രൂപതയിലെ എല്ലാ വൈദികരോടും പിതാവ് ഇങ്ങനെ തന്നെ ആയിരുന്നു പെരുമാറിയിരുന്നത്. ഒരു സഭാശ്രേഷ്ഠൻ എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ബിഷപ്പ് ജോസഫ് പതാലിൽ എന്ന് നിസംശയം പറയുവാൻ സാധിക്കുമായിരുന്നു.

ആദരണീയനും സ്നേഹസമ്പന്നനുമായ പിതാവിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ എഴുതണമെന്നുണ്ട്. അത് വാക്കുകളിൽ ഒതുങ്ങില്ല എന്നുള്ളതുകൊണ്ട് തത്ക്കാലം അതിനു മുതിരുന്നില്ല. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള സകല അഭിപ്രായങ്ങളും ചുരുക്കിയാൽ ഒറ്റവാക്കിൽ – “വിശുദ്ധനായ പുരോഹിതശ്രേഷ്ഠൻ” എന്ന് പരിപൂർണ്ണ അർത്ഥത്തിൽ പറയാൻ സാധിക്കും. അതുകൊണ്ടാവും പൌരോഹിത്യ സ്ഥാപന ദിവസമായ പെസഹാവ്യാഴാഴ്ച തന്നെ കരുണാമയനായ കർത്താവ് അദ്ദേഹത്തെ സ്വർഗീയഭവനത്തിലേക്ക് വിളിച്ചത്. സ്വർഗസ്ഥനായ പിതാവ് തന്റെ മഹത്വത്തിലേക്ക് അദ്ദേഹത്തെ പ്രവേശിപ്പിക്കും എന്ന ഉറച്ച വിശ്വാസത്തോടെ പിതാവിന്റെ ഓർമ്മക്ക് മുമ്പിൽ പ്രാർത്ഥനാപൂർവ്വം ശിരസ് നമിക്കുന്നു.

സ്നേഹാദാരങ്ങളോടെ,

ഫാ. ബിബിൻ മഠത്തിൽ.

നിങ്ങൾ വിട്ടുപോയത്