*ഡോ. ക്രിസ്റ്റിയ്ക്ക് ഹൃദയപൂര്‍വം !!*

🌿 *ഓണക്കോടിയുടുത്തായിരുന്നു* ആ യാത്ര…!

രാവിലെ പതിവുപോലെ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയില്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്ന്, *ഇനിയൊരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുമോ ഇല്ലയോ* എന്നറിയില്ല… എന്ന സമാപന പ്രാര്‍ഥനയും ചൊല്ലി, മാതൃസ്തുതിഗീതത്തിന്റെ പല്ലവി മനസിലേറ്റു പാടി തിടുക്കത്തില്‍ പള്ളിവിട്ടിറങ്ങുമ്പോള്‍, ആശുപത്രിയില്‍ തന്നെ കാത്തിരിക്കുന്ന രോഗികളുടെ സമയം നഷ്ടപ്പെടുത്താതെ എത്രയും വേഗം കണ്ടു, സന്തോഷ വര്‍ത്തമാനങ്ങള്‍ പറഞ്ഞു, പരിശോധിച്ചു മരുന്നു കുറിച്ചു നല്‍കി നിറഞ്ഞ മനസോടെ പറഞ്ഞയക്കണമെന്നതു മാത്രമായിരുന്നിരിക്കണം ഡോ. ക്രിസ്റ്റിയുടെ ചിന്ത.

സമയത്തിന്റെ വില നന്നായറിയുന്നവരാണല്ലൊ ഡോക്ടര്‍മാര്‍; എങ്കിലും *ജീവിതയാത്രയുടെ സമയവും ദൂരവുമെത്ര* യെന്ന സങ്കീര്‍ണമായ ചോദ്യത്തിനു മുന്നില്‍ അവര്‍ക്കും നമുക്കും ആര്‍ക്കും ഉത്തരമുണ്ടാവാനിടയില്ല…!!!

എങ്കിലും മറുകര തേടുകയാണു നാം…സമയരഥങ്ങളിലേറി…!!

*ജീവിതമങ്ങു നിലയ്ക്കാന്‍ നിമിഷാര്‍ധനേരം പോലും അധികമാണെന്നേ…..!* അതു തിരിച്ചറിയുമ്പോഴേക്കും *സമയം നമ്മെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കടന്നുപോകും.*

ഇന്നലെ രാവിലെ ഓണക്കോടിയുടുത്തു ജോലിസ്ഥലത്തേക്കു പോയ ഡോക്ടറെ നോക്കി മരണം നടുറോഡില്‍ ആ കള്ളച്ചിരി നടത്തിയിരുന്നോ…

!!!കവി സച്ചിദാനന്ദന്‍ പാടി-*’ജീവിക്കുന്ന വര്‍ഷമല്ല വര്‍ഷിക്കുന്ന ജീവിതമാണു പ്രധാനം.’*

*അവരുടെ ക്രിസ്റ്റിമോള്‍, നമ്മുടെയും*

അപ്പച്ചന്റെ സ്‌കൂട്ടറിനു പിന്നിലിരുന്നുള്ള യാത്രയും ഡോ. ക്രിസ്റ്റിയ്ക്കു പതിവുകളിലൊന്നായിരുന്നു. *ആ പിതൃ-മാതൃഹൃദയങ്ങളിലെ സ്പന്ദനങ്ങള്‍ക്ക് ഭാഷ ഒന്നു മാത്രം- ക്രിസ്റ്റിമോള്‍.* അത്രമേല്‍ ഒന്നായ ജീവിതങ്ങള്‍. *

ദൈവം ചില വല്ലാത്ത സമസ്യകള്‍ ജീവിതത്തോടു തുന്നിച്ചേര്‍ക്കുമ്പോള്‍, അതിന്റെ ദൈവികമായ ഉത്തരമാണ് മാതാപിതാക്കള്‍.* ഇഴപിരിക്കാനാവാത്ത വിധം അവര്‍ തങ്ങളുടെ നെഞ്ചിലെ ചൂടോടു *ചേര്‍ത്തുവയ്ക്കും* മക്കളെ…. അങ്ങനെ നെഞ്ചോടു ചേര്‍ത്തു പൊന്നുപോലെ നോക്കിയ ക്രിസ്റ്റിമോളാണു നിനച്ചിരിക്കാത്ത നേരത്ത്….!!!

എത്ര വാക്കുകള്‍ക്കാകും ആശ്വാസമാകാന്‍…എത്ര തലോടലുകള്‍ക്കാകും സാന്ത്വനമാകാന്‍…എങ്കിലും ആ കുടുംബത്തോട്, അവരുടെ സ്വന്തം ക്രിസ്റ്റിമോളോട്, നമുക്കും അനേകര്‍ക്കും പ്രിയപ്പെട്ട ഡോ. ക്രിസ്റ്റിയോട് ചേര്‍ന്നു നടന്നു നീങ്ങിയവര്‍ ഒരു കാര്യം ഉറപ്പിച്ചു പറയും- *എത്രയോ ജീവിതങ്ങള്‍ക്കാണ് ഡോ. ക്രിസ്റ്റിയുടെ വാക്കുകള്‍ ആശ്വാസമായത്…*

എത്രയോ രോഗികള്‍ക്കാണ് *മരുന്നിനപ്പുറം സാന്ത്വനമായത്…*

*ആറങ്കാവിന്റെ തലപ്പൊക്കം*

‘ഞങ്ങടെ നാട്ടിലൊരു ഡോക്ടര്‍… ഒരേയൊരു ആയുര്‍വേദ ഡോക്ടര്‍…’ഡോ. ക്രിസ്റ്റി ആറങ്കാവിന് അഭിമാനവും അലങ്കാരവുമായിരുന്നു.

ഈ നാടിന്റെ തലപ്പൊക്കങ്ങളില്‍ അഴകും ആവേശവുമായിരുന്നു. തങ്ങള്‍ക്കൊപ്പം ഒരു ഡോക്ടറുണ്ടെന്നത് കിഴക്കുംഭാഗത്തെ വിശ്വാസ പരിശീലന വിഭാഗത്തിലെ അധ്യാപകര്‍ക്കു മാത്രമായിരുന്നില്ല, കാഞ്ഞൂര്‍ ഫൊറോനയ്ക്കും എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും അഭിമാനമായിരുന്നു.

തന്നെ തേടിയെത്തുന്ന രോഗികള്‍ക്ക് ഡോ. ക്രിസ്റ്റി മികച്ച ഡോക്ടറായി.തന്റെ മുന്നിലിരിക്കുന്ന വിശ്വാസപരിശീലന വിദ്യാര്‍ഥികള്‍ക്ക് ഡോ. ക്രിസ്റ്റി *ജീവിതം കൊണ്ടു ക്രിസ്തുവിനെ പകരുന്ന നല്ല അധ്യാപികയായി.*

തന്റെ അധ്യാപനവഴികളിലൂടെ കടന്നുപോയ *വിദ്യാര്‍ഥികളേറെയും തന്നേക്കാള്‍ ഉയരമുള്ളവരായിരുന്നു.* എങ്കിലും, തങ്ങളെ *ജീവിതനന്മയുടെ ഉയരങ്ങളിലേക്കു കൈപിടിക്കുകയായിരുന്നു* പ്രിയപ്പെട്ട ക്രിസ്റ്റി ടീച്ചറെന്ന് ആ മക്കള്‍ ഒരേ സ്വരത്തില്‍ പറയും.

ഈ നാട്ടില്‍ ഇനി ഒരു ക്രിസ്റ്റി ഇല്ല.ഡോ. ക്രിസ്റ്റി ഇന്നു യാത്രയാകുമ്പോള്‍, ഈ *നാടിനു തീരാനഷ്ടം* എന്നുകൂടിയാണ് അര്‍ഥം.

ജീവിക്കുന്നു ഹൃദയങ്ങളില്‍*

ഇന്ന് കിഴക്കുംഭാഗം പള്ളിയില്‍ രണ്ടാമത്തെ കുര്‍ബാന കഴിഞ്ഞ് വിശ്വാസ പരിശീലനത്തിനുള്ള എട്ടാം ക്ലാസുകാരുടെ ബഞ്ചില്‍ ഒപ്പമിരിക്കാന്‍ അവര്‍ക്കു *പ്രിയപ്പെട്ട ക്രിസ്റ്റി ടീച്ചര്‍ വരില്ല* …!!

നാളെ ഒക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ഒപി ടിക്കറ്റെടുത്തു കാത്തുനില്‍ക്കുന്നവരെ കാണാന്‍ തങ്ങളുടെ *പ്രിയപ്പെട്ട ക്രിസ്റ്റി ഡോക്ടര്‍ വരില്ല…!!*

പ്രിയപ്പെട്ട ഡോ. ക്രിസ്റ്റി,നാലര പതിറ്റാണ്ടു മുമ്പൊരു ക്രിസ്മസ് നാളില്‍ തുടങ്ങിനീയിന്നോളം ഞങ്ങള്‍ക്കൊപ്പമായിരുന്നതിന്കഠിനാധ്വാനത്തിലൂടെ വിജയപടവുകള്‍ സ്വന്തമാക്കി മാതൃകയായതിന്…

അനന്യമായ ജീവിതം കൊണ്ടു അതിജീവനത്തിന്റെ പാഠമായതിന്…

അനേകര്‍ക്കു നന്മയും ആശ്വാസവുമായതിന്… *നിറഞ്ഞ നന്ദി…*

ഇന്നലെയോളം ജീവിതവഴിത്താരകളില്‍ നിശബ്ദമായി അടയാളപ്പെടുത്തിയിട്ട

*നന്മകളുടെ നേര്‍വരകള്‍ മതിയാവും…*

നിഷ്‌കളങ്കമായ *നിറപുഞ്ചിരികള്‍ മതിയാവും…* ഞങ്ങളുടെ ഹൃദയങ്ങളില്‍ ഡോ. ക്രിസ്റ്റി നിരന്തരം ജീവിക്കാന്‍…🙏

*പ്രണാമം*🌿

✍️ സിജോ പൈനാടത്ത്

നിങ്ങൾ വിട്ടുപോയത്