പള്ളീലച്ചനാകുമ്പോഴുംപിള്ളേരുടെ അച്ചനാകുമ്പോഴും…

ഏറെ നാളുകൾക്കു ശേഷമാണ് അമ്മായിയുടെ മകൻ ആന്റുവിനെ കണ്ടുമുട്ടിയത്.

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം അവനുമുണ്ടായിരുന്നു.കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു.

സമപ്രായക്കാരായതിനാലും ബാല്യത്തിൽ, പ്രത്യേകിച്ച് അവധിക്കാലം അവന്റെ വീട്ടിൽ പലപ്പോഴായ് ചെലവഴിച്ചതിനാലും ഒരുപാട് ഓർമകൾ മനസിൽ മിന്നിമറഞ്ഞു.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിനു വേണ്ടി കാത്തിരിക്കുന്ന കാലം. രണ്ടുമാസം വെറുതെയിരിക്കണ്ട എന്നു കരുതി ഞാൻ വർക്ക്ഷോപ്പിൽ പോയി.

സ്പ്രേ പെയ്ന്റിങ്ങ് പഠിക്കാൻ.

മോഹനൻ എന്നു പേരുള്ള എന്റെ ആശാനെ ഇന്നും ഓർക്കുന്നുണ്ട്.

നന്നായ് പണിയെടുക്കുന്നതു കൊണ്ട് ആശാന് എന്നെ വലിയ കാര്യമായിരുന്നു.

പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മിക്കവാറും ദിവസങ്ങളിൽ ആശാൻ എനിക്ക് മുട്ട ഓംലെറ്റ് വാങ്ങിത്തരുമായിരുന്നു.

ദിവസങ്ങൾ മുന്നോട്ടു നീങ്ങുമ്പോഴാണ് പത്താം ക്ലാസ് റിസൽട്ട് വരുന്നത്. സെക്കൻഡ് ക്ലാസിന് നാലുമാർക്ക് കുറവ്. 296 മാർക്കോടെ ഞാൻ പാസായി

.പിന്നീടാണ് സെമിനാരിയിൽ പോകണമെന്ന ആഗ്രഹം നാമ്പിട്ടത്.

അങ്ങനെ ആ ദിവസം വന്നു ചേർന്നു.

“ആശാനെ, ഞാനിനി രണ്ടു ദിവസങ്ങൾ കൂടിയെ വർക്ക്ഷാപ്പിൽ വരികയുള്ളൂ. അച്ചൻ പട്ടത്തിന് പഠിക്കാൻ സെമിനാരിയിൽ പോകുവാ …”

ആശാൻ ഒന്നും മിണ്ടിയില്ല. വർക്ക് ഷാപ്പിനോട് വിട ചൊല്ലുന്ന ദിവസം. അദ്ദേഹം എന്നെ സ്നേഹപൂർവ്വം വിളിച്ചു.

“ഇതാണ് സ്പ്രേ ഗൺ. ഏതൊരു ആശാനും പഠനത്തിന്റെ അവസാന നാളുകളിലെ ഇത് ശിഷ്യർക്ക് നൽകൂ. നാളെ മുതൽ നീയില്ലല്ലോ. ഇതാ…. ഇത് പിടിക്കൂ….”

എന്റെ കരങ്ങളിൽ സ്‌പ്രേ ഗൺ നൽകി, എന്നെക്കൊണ്ട് ഒരു വാഹനത്തിന്റെ ഏതാനും ഭാഗങ്ങൾ പെയ്ന്റടിപ്പിച്ചു. നന്നായ് വരും എന്ന് പറഞ്ഞ് ആശീർവ്വദിച്ച് യാത്രയാക്കി. ആ രാത്രിയിലും അദ്ദേഹം എനിക്ക് ഓംലെറ്റ് വാങ്ങിത്തന്നിരുന്നു.

സെമിനാരി പഠനകാലത്ത് ആശാൻ നിര്യാതനായെന്ന വാർത്ത ഞാനറിഞ്ഞു. ഇപ്പോഴും കൊടകരയിലെ ആ വർക്ക് ഷാപ്പിന് മുമ്പിലൂടെ പോകുമ്പോൾ അന്നത്തെ ഓർമകൾ എന്നെത്തേടിയെത്താറുണ്ട്.

ഇപ്പോൾ ഇത് ഓർത്തെടുക്കാൻ കാരണം ആന്റുവാണ്. എന്നെക്കണ്ടപ്പോൾ അവൻ പറഞ്ഞു:

“നിനക്കു പകരം എന്നെ വർക്ക്ഷാപ്പിൽ ആക്കിയിട്ടാണ് നീ അന്ന് സെമിനാരിയിൽ പോയത്. നീ അച്ചനുമായ് ഞാൻ വണ്ടിപ്പണിക്കാരനുമായി. നിനക്കും സന്തോഷം….

എനിക്കും സന്തോഷം…!” കുഞ്ഞുനാളിലെ ഒരുപാട് കാര്യങ്ങൾ അയവിറക്കിയ ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.

എന്റെ പൗരോഹിത്യം വർഷങ്ങൾ പിന്നിടുമ്പോൾ ഈ ജീവിതാന്തസിനെയോർത്ത് എനിക്ക് ഇന്നും അഭിമാനവും സന്തോഷവുമുണ്ട്.

ഏതൊരു ജീവിതാന്തസും വിലപ്പെട്ടതാണെന്ന സത്യം നമ്മൾ തിരിച്ചറിയണം.തെരഞ്ഞെടുത്ത ജീവിതാന്തസിൽ ആത്മാർത്ഥതയും ആത്മാർപ്പണവും കുറയുമ്പോഴാണ് സന്തോഷം നഷ്ടപ്പെടുന്നതും മടുപ്പു തോന്നുന്നതും.

അക്ഷരജ്ഞാനം അധികമില്ലാഞ്ഞിട്ടും ലഭിച്ച വിളിയോട് നൂറ് ശതമാനം വിശ്വസ്തത പുലർത്താൻ കഴിഞ്ഞതുകൊണ്ടാണ് ജോൺ മരിയ വിയാനി വിശുദ്ധനായത്.

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ തന്റെ ജീവിതം തനിക്കു വേണ്ടിയല്ല, ദൈവജനത്തിനു വേണ്ടിയാണ് എന്ന തിരിച്ചറിവായിരുന്നു ആ വന്ദ്യ പുരോഹിതനെ വിശുദ്ധിയിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ഓർമയാചരിക്കുമ്പോൾ,

“വിളവധികം; വേലക്കാരോ ചുരുക്കം.അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍”(മത്തായി 9 : 37-38)

എന്ന ക്രിസ്തു വചനങ്ങൾ ഓർക്കാം. വൈദികർക്കും സമർപ്പിതർക്കും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മുടെ ജീവിതാന്തസിനോട് കൂറ് പുലർത്താനും പരിശ്രമിക്കാം. തിരുസഭയിൽ, പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും ദൈവവിളികൾ ഉണ്ടാകാൻ വേണ്ടി കൂടി പ്രാർത്ഥിക്കാം.

വൈദികരുടെ മധ്യസ്ഥനായവി. ജോൺ മരിയ വിയാനിയുടെതിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്ആഗസ്റ്റ് 4- 2023

നിങ്ങൾ വിട്ടുപോയത്