ഇന്നത്തെ സുവിശേഷം
ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു.
അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്‌ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.
അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്‌ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.തന്റെ ഗണത്തിനു നിശ്‌ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ,പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്‌ക്ക് കുറിവീണു.
ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തു നില്‍ക്കുന്നതായി അവനു പ്രത്യക്‌ഷപ്പെട്ടു.അവനെക്കണ്ട് സഖറിയാ അസ്വസ്‌ഥനാവുകയും ഭയപ്പെടുകയും ചെയ്‌തു.ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം.നിനക്ക് ആനന്‌ദവും സന്തുഷ്‌ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്‌ളാദിക്കുകയുംചെയ്യും.
കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും.ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും.പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്‌ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്‌തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേപോകും.
സഖറിയാ ദൂതനോടു ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്‌ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.ലൂക്കാ 1 : 5-20
വചന വിചിന്തനംഇന്ന് നമ്മൾ പുതിയ ആരാധനാക്രമവൽസരം ആരംഭിക്കുകയാണ്.
സക്കറിയ ദേവാലയത്തിൽ ആരാധന നടത്തുന്ന വചനഭാഗമാണ് നമ്മൾ വായിക്കുന്നത്. ആരാധനയുടെ അടിസ്ഥാന ഘടകം വിശ്വാസമാണ്.
വിശ്വാസത്തിൻ്റെ ആഘോഷമാണ് ദൈവാരാ ധന. വിശ്വസമില്ലെങ്കിൽ ആരാധന നിരർത്ഥകമായിത്തീരും. സക്കറിയ ആരാധനയ്ക്കു നേതൃത്വം നൽകിയെങ്കിലും വചനത്തെ അവിശ്വസിച്ചു.അതിനാൽ മൂകനായിത്തീർന്നു. യഥാർത്ഥമായ വിശ്വാസമില്ലാതെ ദൈവാരാധന നടത്തുന്നവരും അതിന് നേതൃത്വം നൽകുന്നവരും ഉണ്ടെങ്കിൽ അവർ മൂകരായിത്തീരും. കാരണം വചനം പ്രഘോഷിക്കാനുള്ള അവരുടെ യോഗ്യത ചോദ്യം ചെയ്യപ്പെടുന്നു. അഥവാ പ്രഘോഷിച്ചാൽ തന്നെ ആളുകൾ ഹൃദയത്തിൽ സ്വീകരിക്കാതെവരുന്നു. അതിനാൽ ഉള്ളിൽ യഥാർത്ഥമായ വിശ്വസമില്ലാത്ത ദൈവരാധനയും വചന പ്രഘോഷണവും നിരർത്ഥകമാണ് എന്ന് അറിഞ്ഞിരിക്കാം