പാപത്തെ ഒരു പഴമായി വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാവണം? ഭക്ഷിക്കുകയോ തൊടുകപോലുമോ അരുതെന്ന് വിലക്കപ്പെട്ട പഴത്തിന്റെ പ്രസക്തി എന്താണ്?. പാപവും പഴവും തമ്മിൽ എന്താണ് ബന്ധം? ഒരു പഴം തിന്നുന്നത് എങ്ങനെ ഇത്ര മാത്രം ഗൗരവമുള്ള കുറ്റമാകും? ഉല്പത്തി പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങൾ വായിക്കുമ്പോൾ നിശ്ചയമായും ഈ ചോദ്യങ്ങൾ മനസ്സിലുയർന്നേക്കാം. മനുഷ്യന് പറുദീസാ നഷ്ടമാക്കിയ വിലക്കപ്പെട്ട കനി എക്കാലവും കൗതുകമുണർത്തുന്ന സമസ്യയാണ്.

ഏതൊരു ഫലവും പഴുത്ത് കഴിയുമ്പോൾ അതിന് പ്രകടമായ ചില മാറ്റങ്ങൾ ഉണ്ടാകും. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഈ മാറ്റങ്ങളെല്ലാം ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നവയാണെന്നു വ്യക്തമാകുന്നുണ്ട്. ഉള്ളിലെ വിത്ത് കാലാന്തരത്തിൽ പ്രത്യുത്പാദനത്തിനു പാകമായിക്കഴിയുമ്പോൾ പുറമെയുള്ള മാസളമായ ഭാഗത്ത് ഇന്ദ്രിയങ്ങൾക്കെല്ലാം സ്വാഭാവികമായ ആകർഷണം തോന്നത്തക്ക രീതിയിൽ ചില വ്യതിയാനങ്ങൾ സംഭവിക്കുന്നു. പക്ഷികളും മറ്റു ജീവികളും ആകർഷിക്കപ്പെട്ടു വന്ന് പഴം ഭക്ഷിക്കുകയും അങ്ങനെ അതിലുള്ള വിത്തുകൾ മറ്റു സ്‌ഥലങ്ങളിലേക്ക് എത്തി വംശവർദ്ധന സാധ്യമാകുകയും ചെയ്യാൻ പ്രാപഞ്ചിക ബുദ്ധി ഒരുക്കിയിരിക്കുന്ന പദ്ധതിയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

ഏതൊരു ഫലവും പഴുത്ത് പാകമായി പ്രത്യുത്പാദനത്തിന് തയ്യാറായിക്കഴിയുമ്പോൾ അതിന് നിറഭേദമുണ്ടാകുന്നു. സാധാരണയായി കണ്ണിന് പെട്ടന്ന് ആകർഷണം നൽകുന്ന, അകലെ നിന്ന് പോലും കാണാവുന്ന ചുമപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയ നിറങ്ങളിലേക്കാണ് രൂപമാറ്റം സംഭവിക്കുക. “ഹായ്” എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന ഒരാകർഷണം ആർക്കും അതിനോട് തോന്നിപ്പോകുംവിധമാണ് ഈ നിറഭേദം ഉണ്ടാകുന്നത്. മറ്റൊന്ന് രുചി വ്യതിയാനമാണ്. മൂപ്പെത്തുന്നതിന് മുൻപ് ആരും പറിച്ച് പ്രത്യുത്പാദനം എന്ന ലക്ഷ്യപൂർത്തി തടസ്സപ്പെടുത്തതിരിക്കാനാവണം പാകമാകാത്ത ഫലങ്ങൾക്ക് അത്ര ആസ്വാദ്യമല്ലാത്ത ചവർപ്പോ കയ്പോ പുളിയോ ഒക്കെ ആയിരിക്കും സ്വാഭാവിക രുചി. എന്നാൽ, പഴുത്തു പാകമായിക്കഴിഞ്ഞാൽ രസമുകുളങ്ങൾക്ക് ആസ്വാദ്യമായ മധുരകരമായ രുചിയായി അത് പരിണമിക്കുന്നു. പഴുത്തു കഴിയുമ്പോൾ ഗന്ധത്തിലുണ്ടാകുന്ന വ്യത്യാസവും വളരെ പ്രകടമാണ്. ചില ഫലങ്ങൾ പാകമായോ എന്നറിയാൻ മണത്തു നോക്കിയാൽ മതിയല്ലോ. നാസാരന്ധ്രങ്ങൾക്ക് ഹരം പകരുന്ന മണമുണ്ടാകുന്നതിനാൽ മനുഷ്യനുൾപ്പെടെയുള്ള ജീവികൾ പെട്ടന്ന് ആകർഷിക്കപ്പെടുന്നു. തന്നെയുമല്ല, ഏതൊരു ഫലവും പഴുത്തു കഴിയുമ്പോൾ പുറമെയുള്ള മാംസള ഭാഗം കട്ടി കുറഞ്ഞ് പതുപതുത്തതാകുകയും സ്പർശന സുഖമുള്ളതായി മാറുകയും ചെയ്യുന്നു. മുറിക്കാനും കാർന്നോ കടിച്ചോ ആഹരിക്കാനും അപ്പോൾ വളരെ എളുപ്പമാകുന്നു.

മാലസ് (Malus) എന്ന വാക്കാണ് ലാറ്റിൻ ഭാഷയിൽ മാസളമായ പഴങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. മാലസ് പൂമില (Malus Pumila) എന്നാണ് ആപ്പിൾ മരത്തിന്റെ ശാസ്ത്രീയ നാമം. വിലക്കപ്പെട്ട കനിയായി സാധാരണ ചിത്രീകരിച്ചു പോരുന്നത് ആപ്പിളിനെയാണ്. അതെന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഭാഷാപരവും ശാസ്ത്രീയവുമായ കാരണങ്ങൾ അതിനു പിന്നിൽ ഉണ്ടാവണം. മാലസ് എന്ന വാക്കിന് ചീത്തയായത്, ദോഷകരമായത് എന്നൊക്കെയുള്ള അർത്ഥങ്ങൾകൂടിയുണ്ട്. ഇംഗ്ളീഷിലെ മാലിസ് (Malice) എന്ന വാക്കിന്റെ നിഷ്പത്തി ഇതിൽനിന്നു തന്നെയാണ്. ആർക്കെങ്കിലും ദോഷം വരണമെന്ന താല്പര്യത്തോടു കൂടിയ പ്രവർത്തനമാണ് ഈ വാക്കു കൊണ്ട് അർഥമാക്കുന്നത്. ഏറ്റവും മാംസളവും സ്വാദിഷ്ടവും മിനുസമാർന്നതും നിറ ഭംഗിയുള്ളതും രൂപമൊത്തതുമായ പഴങ്ങളിലൊന്നാണല്ലോ ആപ്പിൾ. എന്നാൽ, ആപ്പിളിൽ ഒരു “മാലസ്” മറഞ്ഞിരിപ്പുണ്ട്. എന്താണെന്നോ? അതിന്റെ കുരുവിനുള്ളിൽ അമിഗ്ലാഡിൻ ( Amigladin ) എന്ന ഒരു രാസ പദാർത്ഥമുണ്ട്. നിരുപദ്രവകരമെന്നു തോന്നുന്ന ഈ കെമിക്കൽ വയറിനുള്ളിലെ രാസപ്രക്രിയകളുടെ ഫലമായി വിഷകരമായ സയനൈഡ് ആയി മാറുകയും അമിതമായ അളവിൽ ഉള്ളിൽ എത്തിയാൽ ജീവഹാനിക്ക് പോലും കാരണമാകുകയും ചെയ്തേക്കാം. ഇത്തരത്തിൽ, പുറമെ ആകർഷകമായി തോന്നിപ്പിച്ച് പഞ്ചേന്ദ്രിയങ്ങളെ വശീകരിക്കുകയും എന്നാൽ ഉള്ളിൽ വിഷമയമായ രാസപദാർത്ഥം ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യുന്നത് കൊണ്ടാവണം “മാലസ്” എന്ന പേര് ആപ്പിൾ വർഗ്ഗത്തിൽപെട്ട ചില പഴങ്ങൾക്ക് കിട്ടിയത്.

ഗ്രീക്ക് മിത്തോളജിയിൽ പെഴ്സിപ്പോൺ എന്ന സുന്ദരിയായ പെൺകുട്ടിയിൽ അനുരാഗം തോന്നിയ പാതാളത്തിന്റെ അധിപനായ ഹെയ്ഡസ് അവളെ തട്ടിക്കൊണ്ടു പോകുകയും അമ്മയായ ദെമീറ്റർ അവളെ കണ്ടെത്തി വീണ്ടുക്കുകയും ചെയ്യുന്ന കഥയുണ്ട്. പാതാളത്തിൽ നിന്ന് എന്തെങ്കിലും ഭക്ഷിക്കുന്ന ആരും ഹെഡ്‍ഡസിന്റെ അധീനതയിലാകും. ഇതറിയാവുന്ന പെഴ്സിപ്പോൺ അയാൾ നൽകിയ ഭക്ഷണങ്ങൾ എല്ലാം നിരസിച്ചെങ്കിലും ഒരു വേള പ്രലോഭനത്തിന് വഴങ്ങി ഹെയ്ഡസ് വച്ചുനീട്ടിയ മാതള നാരങ്ങാപ്പഴത്തിൽ കുറച്ച് തിന്നാനിടയാകുന്നു. പാതാളത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ടെങ്കിലും തുടർന്ന് ഓരോ വർഷവും നിശ്ചിതകാലത്തേക്ക് അവൾ അവിടെ തിരിച്ചെത്തി ഹെയ്ഡസിനൊപ്പം കഴിയേണ്ടി വരുന്നത് അതുകൊണ്ടാണ്. ആ കാലത്താണത്രേ ഭൂമിയിൽ പൂക്കളും ഇലകളുമെല്ലാം കൊഴിയുന്ന ശരത്കാലവും കൊടും തണുപ്പിന്റെ ശിശിരകാലവും ഒക്കെയുണ്ടാകുന്നത്. തിന്മ വച്ച് നീട്ടുന്ന പഴം ആഹരിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ച് വ്യക്തിക്ക് മാത്രമല്ല അയാളോട് ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാറ്റിനും വിനാശകരമായിത്തീരുമെന്ന സൂചനയാണ് ഈ പുരാണ കഥയിലുമുള്ളത്.

വിലക്കപ്പെട്ട കനി ആസ്വാദ്യവും കണ്ണിനു കൗതുകകരവുമായി ഹവ്വയ്ക്ക് തോന്നി എന്ന് പ്രതിപാദ്യമുണ്ട് ( ഉല്പ. 3: 6 ). വിലക്കപ്പെടുന്ന എന്തിനോടും അനുവദിക്കപ്പെട്ടവയെക്കാൾ ഒരാകർഷണം തോന്നുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഉദാഹരണത്തിന്, ഇനിയുള്ള ഒരു മിനിറ്റു സമയത്തേക്ക് പുളിയുള്ള മാങ്ങ കടിച്ചു തിന്നുന്നതിനെക്കുറിച്ച് ആലോചിക്കരുത് എന്ന് നിങ്ങളോടു പറഞ്ഞു എന്ന് കരുതുക. ഇപ്പോൾ ഒന്നു ശ്രമിച്ചു നോക്കൂ. നിങ്ങളുടെ മനോമുകരം മുഴുവൻ മറ്റെല്ലാ ചിന്തയും മാറി പുളിയുള്ള മാങ്ങ നിറയുകയും വായിൽ അതിന്റെ പുളിപ്പ് പോലും അനുഭവപ്പെടുകയും ചെയ്തേക്കാം. വിലക്കപ്പെട്ടതിനോട് ഒരു കൗതുകമുണ്ടാകുക മനുഷ്യ സഹജമാണ് എന്ന് കരുതേണ്ടി വരും.

വിലക്കപ്പെട്ട പഴം ആഹരിക്കുന്നത് ദൈവ പ്രമാണങ്ങളെ മനഃപൂർവ്വം ധിക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാവണമെന്നില്ല. ഇന്ദ്രിയങ്ങളിലുണ്ടാവുന്ന വാസനകളെ നിയന്ത്രിക്കാനാവാതെ വരുമ്പോൾ അതിലേക്ക് ചായുന്നതിന് മനസ്സ് ഒരു യുക്തി കണ്ടെത്തുന്നു. ഇദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെ വേർതിരിച്ചുകൊണ്ട് മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ് അരുതായ്മകളിലേക്കുള്ള ഈ ചായ്‌വുകളെ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. “അരുത്” എന്ന് മനസ്സിൽ അനുഭവപ്പെടുന്ന വിലക്കുകളുടെ സ്വരമാണ് സൂപ്പർ ഈഗോ. അത് മാതാപിതാക്കളുടെ നിർദ്ദേശങ്ങളിലൂടെയും മതഗ്രന്ഥങ്ങളിലൂടെയും മുതിർന്നവരിലൂടെയുമൊക്കെ മനസ്സിലുറച്ച ധാർമ്മിക മൂല്യങ്ങളുടെ ആകെത്തുകയാണ്. ഈഗോ യുക്തിയിൽ അധിഷ്ഠിതമാണ്. വൈകാരികമായും ഇന്ദ്രിയ ബദ്ധമായും അനുഭവപ്പെടുന്ന സ്വാഭാവിക പ്രവണതകളാണ് “ഇദ്”( id). സഹജമായ വൈകാരിക ചായ്‌വുകളെ നിയന്ത്രിച്ചു നിർത്തുന്നത് സൂപ്പർ ഈഗോയുടെ വിലക്കുകളാണ്. എന്നാൽ, ചില വേളകളിൽ മനസ്സിലനുഭവപ്പെടുന്ന വൈകാരികാകർഷണം അത്ര മേൽ തീവ്രമാകുമ്പോൾ മനസ്സ് അത് നിവൃത്തീകരിക്കാൻ ചില യുക്തികൾ തിരയും. അപ്പോൾ സൂപ്പർ ഈഗോയുടെ നിർദ്ദേശങ്ങൾ മറികടന്ന് ഈഗോ നൽകുന്ന ഒരു താൽക്കാലിക യുക്തിയിൽ അധിഷ്‌ഠിതമായ പ്രവർത്തനമുണ്ടാകും. താൻ ചെയ്യുന്നതിലും പറയുന്നതിലുമൊക്കെ അപ്പോൾ ഒരു ശരിയുണ്ടെന്ന് മനസ്സ് ആശ്വസിക്കുമെങ്കിലും പിന്നീട് സൂപ്പർ ഈഗോയുടെ സ്വരം പ്രബലമാകുമ്പോൾ വ്യക്തിക്ക് പശ്ചാത്താപം ഉണ്ടായെന്നു വരും.

വിലക്കപ്പെട്ട പഴം തിന്നുന്നത് “അഭികാമ്യമായി” ഹവ്വയ്ക്ക് തോന്നി എന്നത് ശ്രദ്ധിക്കാതെ പോകരുത്. “ഇപ്പോൾ ശരിയായത്” എന്നാണ് അഭികാമ്യം എന്ന പദത്തിന്റെ മൂലാർത്ഥം. സൂപ്പർ ഈഗോയെ പ്രതിനിധാനം ചെയ്യുന്ന ദൈവ കൽപ്പന മറികടക്കാൻ “കണ്ണുകൾ തുറക്കപ്പെടും”, “ദൈവത്തെപ്പോലെയാകും”, “നന്മ തിന്മകൾ തിരിച്ചറിയാനാകും” തുടങ്ങിയ ന്യായീകരണങ്ങൾ മനസ്സ് കണ്ടെത്തുന്നുണ്ട്. പുറമെയുള്ള ഒരു സർപ്പം വശീകരിച്ചു എന്നതിലേറെ ഉള്ളിലുണ്ടായ ഇന്ദ്രിയബദ്ധമായ പ്രവണതകൾക്ക് ദൈവീക നിയമങ്ങളോടെ എന്നതിനേക്കാൾ മനുഷ്യൻ വിധേയത്വം പുലർത്തി എന്നു കരുതിയാൽ മതി. ദൈവ കല്പനകൾ നിരസിച്ച് ആന്തരീക സമാധാനമാകുന്ന പറുദീസ നഷ്ടമാക്കണമെന്ന് ആർക്കും താത്പര്യമുണ്ടായിട്ടല്ല. ആത്യന്തികമായി അത് ഗുണം ചെയ്യില്ല എന്ന് അറിയാഞ്ഞിട്ടുമല്ല. അപ്പോൾ, ആ സമയത്ത്, മനസ്സ് കണ്ടെത്തുന്ന ഒരു ശരിയിലും താത്കാലിക യുക്തിയിലും വിശ്വസിച്ചു പോകുന്നതിൽ നിന്നാണ് ഏതൊരു അനുസരണക്കേടും സംഭവിക്കുന്നത്.

ദൈവം മനുഷ്യനെ സൃഷ്ടിച്ചാക്കിയ തോട്ടത്തിന്റെ മധ്യത്തിലുള്ള വിലക്കപ്പെട്ട വൃക്ഷത്തെക്കുറിച്ച് പ്രതിപാദിച്ചു കൊണ്ട് ആരംഭിക്കുന്ന വി. ഗ്രന്ഥം അവസാനിക്കുന്നത് സ്വർഗീയ ജറുസലേമിന്റെ നഗര മദ്ധ്യത്തിൽ നിൽക്കുന്ന ജീവന്റെ വൃക്ഷത്തെപ്പറ്റി പ്രതിപാദിച്ചുകൊണ്ടാണ്( വെളി. 22: 2 ) ജീവ നദിയുടെ തീരത്ത് എപ്പോഴും നിറയെ ഫലം ചൂടി നിൽക്കുന്ന ആ വൃക്ഷത്തിന്റെ ഇലകൾ പോലും സൗഖ്യദായകമാണത്രേ. ജീവന്റെ വൃക്ഷത്തിന്മേൽ അവകാശം ലഭിക്കേണ്ടവർ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. ജീവന്റെ വൃക്ഷത്തിന്റെ ഫലത്തിലുള്ള പങ്ക് അതിനർഹരായവർക്കുള്ള സൗജന്യദാനമാണ്. മനുഷ്യന്റെ പാപ ചായ്‌വുകൾക്ക് സ്വന്തം ശരീരത്തിൽ പരിഹാരം ചെയ്ത ദൈവകുഞ്ഞാടായ മിശിഹായുടെ തിരുരക്തമിറ്റു വീഴുന്ന, കൃപയുടെ ഫലം ചൂടി നിൽക്കുന്ന വിശുദ്ധ കുരിശല്ലാതെ മറ്റെന്താണ് ആ ജീവ വൃക്ഷം! തിന്മയുടെ വശീകരണത്തിൽപെട്ട് വിലക്കപ്പെട്ട കനികൾ ആഹരിച്ചു പോയെന്നു ഖേദിക്കുന്ന ആരും ഇനി ഭയന്ന് മറഞ്ഞിരിക്കേണ്ടതില്ല. സൗഖ്യം നൽകുന്ന ഇലകളും കൃപ നിറച്ച് ശക്തിപ്പെടുത്തുന്ന ഫലങ്ങളും ചൂടി നിൽക്കുന്ന കുരിശിന്റെ തണലിലേക്ക് വന്നാൽ മതി.

*ഫാ. ജോസഫ് കുമ്പുക്കൽ*

(സാബു തോമസ് )

SH College, Thevaraachansabu@gmail.com

നിങ്ങൾ വിട്ടുപോയത്