നാലു മൗലിക സുകൃതങ്ങളിൽ (Cardinal Virtues) ഒന്നാണ് വിവേകം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 1806 ൽ വിവേകം എന്ന പുണ്യത്തിനു നിർവചനം നൽകുന്നു. “വിവേകം എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യാഥാർത്ഥ നന്മയെ തിരിച്ചറിയുവാനും അതു പ്രാപിക്കുന്നതിനു വേണ്ടി ശരിയായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുവാനും നമ്മുടെ പ്രായോഗിക ബുദ്ധിയെ സജ്ജീകരിക്കുന്ന സുകൃതമാണ്.” ചുരുക്കത്തിൽ ശരിയായത് എന്താണെന്നു തിരിച്ചറിയാനുള്ള കഴിവാണ് വിവേകം. ജീവിതത്തിൻ്റെ ഏതവസ്ഥയിലും ശരിയായത് എന്താണന്നു തിരിച്ചറിഞ്ഞ യൗസേപ്പിതാവ് പുതിയ നിയമത്തിലെ പകരക്കാരനില്ലാത്ത വിവേകമതിയായിരുന്നു.

മൗലിക സുകൃതങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ വിവേകമതിയായയൗസേപ്പ് നീതിമാനും ധൈര്യസമ്പന്നനുമായിരുന്നു. ഒരു യാഥാർത്ഥ്യം അതിൻ്റെ ഗൗരവ്വത്തിൽ മനസ്സിലാക്കാൻ കഴിയുന്നവർക്കേ വിവേകമതിയാകാൻ കഴിയു. അപ്പോൾ അവ ശരിയായ തീരുമാനങ്ങളിലേക്കും പ്രവർത്തികളിലേക്കും വഴിമാറും. വിവേകമതിയായ മനുഷ്യൻ സത്യം കാണുന്നതും അതനുസരിച്ച് പ്രവർത്തിക്കുന്നതും ശീലമാക്കിയവനാണ്. വിവേകത്തോടെ ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ സഹകരിച്ചതിനാൽ യൗസേപ്പിൻ്റെ ജീവിതം സ്വർഗ്ഗീയ പിതാവിനു പ്രീതികരമായി തീർന്നു.

ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ കാര്യങ്ങൾ സംഭവിച്ചപ്പോൾ യൗസേപ്പ് പതറുകയോ പരിഭ്രമിക്കുകയോ ചെയ്തില്ല. തക്ക സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് വെല്ലുവിളികളോട് ഭാവാത്മകമായി യൗസേപ്പ് പ്രതികരിച്ചു. അതിനു കാരണം ദൈവപിതാവിലുള്ള അവൻ്റെ ആശ്രയവും പ്രത്യാശയുമായിരുന്നു. ദൈവഭക്തനായ മനുഷ്യൻ്റെ വിവേകം എന്നും ധൈര്യം നൽകുന്ന വസ്തുതയാണ് “ദൈവഭക്‌തന്റെ വിവേകം സുദൃഢമാണ്‌ ” (പ്രഭാഷകന്‍ 27 : 11) എന്ന തിരുവചനം നമുക്കു മറക്കാതിരിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്