കെആര്‍എല്‍സിസി 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയപ്രമേയം

Joseph Jude (Vice President) Verapoly
Aby Kunneparambil (Treasurer) Vijayapuram
Thomas P J (Secretary) Kottapuram
Pushpa Christy (Secretary) Kannur
Shibu (Secretary) Punalur

ലത്തീന്‍ സമുദായത്തെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത കാണാതിരിക്കാനാകില്ല.

ഈ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പിനെ തികഞ്ഞ ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്.

നമ്മുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പൊതുതാല്പര്യങ്ങളും അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് സമുദായത്തിന്റെ ആവശ്യങ്ങളും പരിഗണിക്കപ്പെടണം.

മുന്നണികളുടെ തെരഞ്ഞെടുപ്പു പത്രികകള്‍ പരിഗണനയുടെ അളവുകോലാകണം.  ഒപ്പം നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളിലും ദര്‍ശനങ്ങളിലും അധിഷ്ഠിതമാകണം.

രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന ശക്തികള്‍ നിരാകരിക്കപ്പെടണം. സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പിന് സമുദായത്തെ സജ്ജമാക്കാന്‍ ഈ സമ്മേളനം സമുദായത്തിലെ സംവിധാനങ്ങളോടും സംഘടനകളോടും എല്ലാ സമുദായംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.


ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുമ്പോള്‍ അധികാരത്തിലിരുന്ന സര്‍ക്കാരിന്റെ നടപടികളും തീരുമാനങ്ങളും സമുദായത്തിന്റെ പൊതുവായ താല്പര്യങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടുന്നത് സ്വഭാവികമാണ്.  പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന കെആര്‍എല്‍സിസിയുടെ പ്രഖ്യാപിത നയത്തില്‍നിന്നും വ്യതിചലിക്കേണ്ട സാഹചര്യങ്ങള്‍ ഇപ്പോള്‍ നിലവിലില്ല. ആയതിനാല്‍ത്തന്നെ ഓരോ പ്രദേശത്തും സമുദായം ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങളോട് മുന്നണികളും രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും കൈക്കൊണ്ടിട്ടുള്ള നിലപാടുകളെ വിലയിരുത്തി സമ്മതിദാന അവകാശം വിനിയോഗിക്കുവാന്‍ സമുദായാംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

കേരളം മറ്റൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ വിറങ്ങലിച്ചു നില്ക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു തെരഞ്ഞെടുപ്പാണിത്.

മാത്രമല്ല ഭയാനകമാം വിധം വര്‍ഗ്ഗീയതയും വിഭാഗീയതയും അഴിമതിയും ശക്തി പ്രാപിക്കുന്നു എന്നത് നമ്മെ അലോസരപ്പെടുത്തുന്നു.

ക്രൈസ്തവര്‍ക്കിടയിലേക്കും മതതീവ്രത കടന്നു കയറുന്നത് അവഗണിക്കാനാവില്ല. രാജ്യത്ത് അതിവേഗത്തില്‍ വളര്‍ന്നുവരുന്ന ഏകാധിപത്യപ്രവണതയുടെയും വര്‍ഗീയതയുടെയും പിന്നാക്ക ദലിത് പീഡനങ്ങളുടെയും അപകടകരമായ വളര്‍ച്ചയും ഈ സമ്മേളനം ആശങ്ക പ്രകടിപ്പിക്കുന്നു.

മൂല്യാധിഷ്ഠിതമായി ജനാധിപത്യത്തെ സംരക്ഷിക്കാനും തെറ്റായ പ്രവണതകളെ എതിര്‍ക്കാനും ജനാധിപത്യവിശ്വാസികള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി മുന്നിട്ടറങ്ങണം.


ശക്തമായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് വിവാദമായ ഇഎംസിസി  കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയെങ്കിലും ഇതിന് നിദാനമായ 2018 ലെ മത്സ്യനയത്തിലുള്ള വകുപ്പുകള്‍ ഇപ്പോഴും നിലനില്ക്കുകയാണ്. ഈ വകുപ്പുകള്‍ റദ്ദ് ചെയ്ത് കടല്‍ സമ്പത്തിന്റെ മേലുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഇ.എം.സിസി കരാറിനെ സംബന്ധിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്ക് അന്യമാക്കുന്ന ഏതൊരു നീക്കത്തെയും ചെറുക്കുവാന്‍ കെആര്‍എല്‍സിസി പ്രതിജ്ഞാബദ്ധമാണ്.

കേരളത്തിലെ പ്രധാന പ്രതിപക്ഷമാകട്ടെ ഈ പ്രശ്‌നങ്ങളോട് പ്രകടിപ്പിക്കുന്ന ആഭിമുഖ്യവും ക്രിയാത്മകമല്ല. തീരപ്രദേശത്തെ ഇന്നത്തെ ദുരിതത്തിന്റെ കാരണങ്ങളില്‍ നിന്നും പ്രതിപക്ഷത്തെ മാറ്റി നിര്‍ത്താനാവില്ല. കഴിഞ്ഞ കാലങ്ങളില്‍ തീരദേശത്തെ അവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു.

തീരദേശത്തിന്റെ സമഗ്ര വികസനത്തിന് കെആര്‍എല്‍സിസി സമര്‍പ്പിച്ച പ്രോജക്ടില്‍ അന്നത്തെ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ആഭിമുഖ്യം കാണിച്ചിട്ടും അന്നത്തെ കേരള സര്‍ക്കാര്‍ മുഖം തിരിച്ചു നില്ക്കുകയാണ് ചെയ്തത്.

മുന്നാക്ക സംവരണ വിഷയത്തിലും പ്രതിപക്ഷം സ്വീകരിച്ച നിലപാട് നീതിപൂര്‍വ്വകമല്ലായിരുന്നു.


കേന്ദ്ര ഫിഷറീസ് മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്ന  ദേശീയ ഫിഷറീസ് നയത്തിന്റെ ആറാമത്തെ കരട് രേഖ നേരത്തെ മത്സ്യമേഖലയില്‍ പ്രഖ്യാപിച്ചിട്ടുള്ള ചില സുപ്രധാന നയങ്ങളുടെ സംയോജനമാണ്.

സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഈ വിദഗ്ദ സമിതികള്‍ വര്‍ഷങ്ങള്‍ നീണ്ട വിശദമായ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയവയാണ് ഈ നയങ്ങള്‍. ഇവയില്‍ മാറ്റം വരുത്തുമ്പോള്‍ അതിന് യുക്തിസഹവും ശാസ്ത്രീയവുമായ കാരണങ്ങള്‍ ഉണ്ടാവണം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ചില സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധം ഈ നയങ്ങളുടെ മൗലിക സ്വഭാവത്തിലും കാതലായ നിര്‍ദ്ദേശങ്ങളിലും വ്യതിചലനം ഉണ്ടായിരിക്കുന്നു.

മത്സ്യത്തൊഴിലാളി സമൂഹത്തിന് അനുകൂലമായ ചില ഭാഗങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെട്ടിരിക്കുന്നു. നിരവധി വ്യതിയാനങ്ങള്‍ പ്രകടമായിട്ടുള്ള ഈ നയം സമഗ്രമായ പരിശോധനയ്ക്ക് തയ്യാറാവണം.

സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിദഗ്ദസമിതികളുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മത്സ്യനയം പരിശോധിച്ച് തിരുത്തിയെഴുതണം.


ഈയിടെ കേന്ദ്ര സര്‍ക്കാരിലെ ഭൗമ ശാസ്ത്ര മന്ത്രാലയം നീല സമ്പദ് വ്യവസ്ഥയുടെ നയത്തിന്റെ കരടുരേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നായ സുസ്ഥിര വികസനത്തിനായി സമുദ്രങ്ങളുടെയും സമുദ വിഭവങ്ങളുടെയും സുസ്ഥിരമായ ഉപയോഗവും സംരക്ഷണവും (14) എന്ന ആശയത്തിന്റെ ചുവടുപിടിച്ചാണ് ബ്ലൂ എക്കണോമി എന്ന ആശയം ബലപ്പെടുന്നത് എന്നാണ് അവകാശവാദം.

ഈ പദ്ധതി മത്സ്യതൊഴിലാളികള്‍ക്ക് കടല്‍ അന്യമാക്കുകയും അവരുടെ ഉപജീവന സാധ്യത ഇല്ലാതാക്കുകയും ചെയ്യും. കടല്‍ ജൈവവ്യവസ്ഥയെ തകിടം മറിക്കുകയും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യും.
ഭൗമ ശാസ്ത്ര മന്ത്രാലയം ഇതിനകം തന്നെ രണ്ട് കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ സീ ബെഡ് അതോറിറ്റി (കടആഅ) ഇന്ത്യാ സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്നും  ചില മിനറല്‍സിന്റെ (ജീഹ്യാലമേഹശര ചീറൗഹല െമിറ ഒ്യറൃീവേലൃാമഹ ടൗഹുവശറല) ഖനന സാധ്യത കണ്ടെത്താനാണിത്.

 കടല്‍ വിമാന സേവനത്തിന് വിമാന കമ്പനികളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നീലസമ്പദ് വ്യവസ്ഥയ്ക്ക് അനുരൂപമായ ദേശിയ മത്സ്യ നയം രൂപപ്പെടുത്തും എന്നതും അപകടകരമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന നയം തന്നെ മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും തീരവും കടലും അന്യമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്. എന്നാല്‍ നീല സമ്പദ് വ്യവസ്ഥയുടെ സാഹചര്യത്തില്‍ ഏറ്റവും ഭീഷണമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്.


അനിയന്ത്രിതമായ പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവ് സമസ്ത മേഖലകളിലും വിലക്കയറ്റത്തിന് കാരണമാവുകയാണ്.  ഇതാകട്ടെ സാധാരണക്കാരുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്ക്കുമ്പോഴും ദിനംപ്രതി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിക്കുന്നത് ദുസ്സഹമാണ്. വിപണിയെ ഒരു നിയന്ത്രണത്തിനും വിധേയമാക്കാതെ നിസ്സഹായത പ്രകടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിഭീകരമായ ഒരു കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയാണ്.

സാമ്പത്തിക ധൂര്‍ത്തിന്റെയും അമിത ദുര്‍വ്യയത്തിന്റെയും അധികഭാരം ജനങ്ങളിലേക്ക് കൈമാറാനുള്ള കുറുക്കുവഴിയായിട്ടാണ് സര്‍ക്കാരുകള്‍ ഇതിനെ കാണുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ വരുമാന വര്‍ദ്ധനവിനുള്ള ഒരു അവസരമായിട്ടാണ് സംസ്ഥാന സര്‍ക്കാരും കാണുന്നത്. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിപണിയില്‍ അടിയന്തരമായി ഇടപെട്ട് പെട്രോള്‍ / ഡീസല്‍ വില നിയന്ത്രിക്കണം. പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വില ക്രമത്തില്‍ വര്‍ദ്ധിപ്പിച്ച് സബ്‌സിഡി പൂര്‍ണമായി അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കുത്സിതനടപടികള്‍ നിര്‍ത്തിവയ്ക്കണം.

ഇന്ത്യയില്‍ ആളോഹരി മദ്യത്തിന്റെ ഉപഭോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സുലഭമായി മദ്യവും അനിയന്ത്രിതമായി മദ്യശാലകളും അനുവദിക്കുന്ന സര്‍ക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കപ്പെടണം.


അന്യായമായ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നൂറ് ദിവസത്തിലേറെയായി രാജ്യത്തെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് കെആര്‍എല്‍സിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. കര്‍ഷക താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അടിയന്തിരമായി റദ്ദ് ചെയ്ത് സമരം അവസാനിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ സത്വരമായ നടപടികള്‍ സ്വീകരിക്കണം.

ജനാധിപത്യ സംവിധാനങ്ങളിലെ പങ്കാളിത്തം സാമൂഹ്യനീതിയുടെ പ്രയോഗത്തില്‍ ഏറെ പ്രധാനപ്പെട്ടതും നിര്‍ണ്ണായകവുമാണ്. കേരളത്തിലെ ജനാധിപത്യ സംവിധാനങ്ങളില്‍ പ്രാതിനിധ്യവും പങ്കാളിത്തവും നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗമാണ് ലത്തീന്‍ കത്തോലിക്കര്‍.

ഈ അവഗണനയുടെ അവസാനത്തെ ഉദാഹരണങ്ങളാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷനിലേക്കുള്ള അംഗങ്ങളുടെ നിയമനങ്ങളും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളും.  പബ്ലിക് സര്‍വീസ് കമ്മീഷനിലെ പങ്കാളിത്തം സമുദായത്തിന് പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു.


സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് പരമാവധി പത്ത് ശതമാനം വരെ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി യാതൊരു വിധത്തിലുള്ള പഠനങ്ങളുമില്ലാതെ കേരള സര്‍ക്കാര്‍ അനാവശ്യ വേഗത കാട്ടിയാണ് നടപ്പിലാക്കിയത്.

സംവരണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം അട്ടിമറിക്കപ്പെട്ടതു മാത്രമല്ല അനര്‍ഹമായി അവസരങ്ങള്‍ മുന്നോക്ക സമൂഹങ്ങള്‍ക്ക് മാറ്റി വയ്ക്കുകയും ദലിത് പിന്നാക്ക സമൂഹങ്ങളോട് അനീതി കാട്ടുകയും ചെയ്തു.

വിദ്യാഭ്യാസ അവസരങ്ങളില്‍ എണ്ണപ്പെടാന്‍പോലും അവസരമില്ലാത്തവിധം പിന്നാക്കവിഭാഗങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍ മുന്നാക്ക സമൂഹങ്ങളില്‍ പ്പെടുന്നവര്‍ക്ക് അനര്‍ഹമായി അവസരങ്ങള്‍ നല്കിയിട്ടുള്ളത് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക – ദലിത് ക്രൈസ്തവ സമുദായം ഉള്‍പ്പടെയുള്ള പിന്നാക്ക ദലിത് സമുദായങ്ങളോട് സര്‍ക്കാര്‍ ചെയ്ത ദ്രോഹമായി കണക്കാക്കാം.

പിന്നാക്ക സമുദായങ്ങള്‍ക്ക് ഉദ്യോഗസംവരണത്തിന് തുല്യമായി വിദ്യാഭ്യാസമേഖലയില്‍ സംവരണം അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെയല്ലാതെ സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങള്‍ ആത്യന്തികമായി പിന്നാക്കസമുദായങ്ങളുടെ സംവരണാവകാശങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ അവശ്യമായ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.


എയ്ഡഡ് കോളെജുകളില്‍ കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം തേടിയിട്ടുള്ള വിദ്യര്‍ത്ഥികള്‍ക്ക് കഴിഞ്ഞവര്‍ഷം മുതല്‍ ഇ-ഗ്രാന്റ് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് അന്യായവും സാമൂഹ്യനീതിക്ക് നിരക്കാത്തതുമാണ്.


ദലിത് ക്രൈസ്തവരുടെ സംവരണപ്രശ്‌നത്തില്‍ നിയമസഭാപ്രമേയം ഉണ്ടാകണമെന്ന് ആവശ്യത്തിന്മേല്‍ മാറിമാറി ഭരണം കയ്യാളിയ മുന്നണികള്‍ ഇതുവരെയും  അനുകൂലമായി പ്രതികരിച്ചിട്ടില്ല. പ്രകടനപത്രികയില്‍ നല്കിയിട്ടുള്ള ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ല.

സ്‌കൂള്‍, കോളജ് പ്രവേശനത്തില്‍ ദലിത് ഹിന്ദുക്കളുടെ അഭാവത്തില്‍ ദലിത് ക്രൈസ്തവരെ പരിഗണിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നിരവധി സമുദായങ്ങളെ പരിഗണിക്കുകവഴി ദലിത്‌ക്രൈസ്തവര്‍ക്ക് പ്രവേശനം ലഭിക്കാത്ത സ്ഥിതിവിശേഷം സംജാതമായിട്ടുണ്ട്.

ഭവനപദ്ധതികളുള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മതവിവേചനം കൂടാതെ ദലിതരെ പരിഗണിക്കാമെങ്കിലും ഇന്നും ദലിത് ക്രൈസ്തവരോട് സര്‍ക്കാരുകള്‍ അവഗണന പുലര്‍ത്തുകയാണ്. ഈ വിഷയത്തില്‍ നിലപാടുകള്‍ വ്യക്തമാക്കാന്‍ മുന്നണികള്‍ തയ്യാറാകണം.

തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയും ജീവിതനിലവാരവും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലസുരക്ഷയും ഉറപ്പുവരുത്തുവാന്‍ ആവശ്യമായ പാക്കേജുകള്‍ രൂപപ്പെടേണ്ടതുണ്ട്.

ഹൈറേഞ്ച് മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച് നിരവധി പരാതികളുണ്ടായിട്ടും ക്രിയാത്മകമായ നടപടികള്‍ സര്‍ക്കാരില്‍നിന്നും ഉണ്ടായിക്കാണുന്നില്ല.

പ്രകൃതിദുരന്തങ്ങളിലെ ഇരകള്‍ക്ക് തക്കസമയത്ത് സഹായമെത്തിക്കുന്നതിലും ആവശ്യമായ ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുന്നതായിക്കാണുന്നില്ല.

പ്രകൃതിയും പ്രകൃതിസമ്പത്തും സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ ജനവാസമേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.


ലത്തീന്‍ സമുദായംഗങ്ങളുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍ വികസനത്തിന്റെ കാര്യത്തില്‍ അവഗണിക്കപ്പെടുന്നത് കാണാതിരിക്കാനാവില്ല.

കേരളത്തിന്റെ തീരപ്രദേശം ഭീകരമായ കടല്‍കയറ്റത്തിന് വിധേയമാവുമ്പോള്‍ സര്‍ക്കാര്‍ നിസംഗത പ്രകടിപ്പിക്കുകയാണ്. തിരുവനന്തപുരത്തെയും കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശങ്ങള്‍, ജനസാന്ദ്രതയേറിയ ചെല്ലാനം പോലെയുള്ള പ്രദേശങ്ങളൊക്കെ ഗുരുതരമായ ഭീഷണി നേരിടുന്നു.

ചെല്ലാനത്തെ ജനങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ നടത്തിയിട്ടും സര്‍ക്കാര്‍ ഇന്നും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 100 കോടി അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും നടപ്പിലാക്കു ന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഒച്ചിന്റെ വേഗത പോലുമില്ല എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.


കേന്ദ്ര സര്‍ക്കാരാകട്ടെ ജനാധിപത്യ മൂല്യങ്ങളെ നിരാകരിച്ചും കൂടുതല്‍ ആളുകളെ അതിവേഗം പാര്‍ശ്വവല്ക്കരിച്ചും മുന്നോട്ടു പോവുകയാണ്.

രാജ്യത്തിന്റെ പൊതുസമ്പത്തും സൗകര്യങ്ങളും സംവിധാനങ്ങളും ചങ്ങാത്ത മുതലാളിത്തത്തിന്റെ അത്യധികമായ ചൂഷണത്തിന് വിധേയമാവുകയാണ്. അതിന് സൗകര്യമൊരുക്കുന്ന നിയമനിര്‍മ്മാണങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.


തൊഴിലാളി താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ദേശീയതലത്തില്‍ കൊണ്ടുവന്നിരിക്കുന്ന തൊഴില്‍നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഉതകുന്ന തരത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.


പാര്‍ലമെന്റില്‍നിന്നും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ ഏകപക്ഷീയമായി ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും നാളിതുവരെ അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ല.

ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നിരന്തരമായ അവഗണനയുടെ തുടര്‍ച്ചയായി ഈ നടപടിയെ സമ്മേളനം നോക്കിക്കാണുന്നു.

ദലിത് ക്രൈസ്തവസംവരണ വിഷയത്തിലും ഒരു ക്രൈസ്തവന്യൂനപക്ഷ വിരുദ്ധ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

07/03/2021
കൊച്ചി




നിങ്ങൾ വിട്ടുപോയത്