ആയിരം കഥകൾ പറയുന്നതാണ് ഓരോ നിശ്ചല ചിത്രങ്ങളും. നമ്മുടെ അവസ്ഥകളും, അനുഭവങ്ങളും, ചിന്തകളും അനുസരിച്ച് ഓരോ ചിത്രത്തിന്റെയും അർഥങ്ങൾ മാറിക്കൊണ്ടേയിരിക്കും.

നമ്മുടെ ഓരോ നിമിഷങ്ങളും ലോകം മുഴുവൻ പ്രദർശിപ്പിക്കുവാൻ നിമിഷങ്ങൾ മാത്രം മതിയാകുന്ന ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ.

ഇന്നത്തെ ഓരോ മൊബൈൽ ക്ലിക്കുകളും, സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും, കരുതലിന്റെയും, പ്രതീകങ്ങളാണ്. എടുക്കുന്ന നിമിഷത്തിലും, കാലങ്ങൾ കഴിഞ്ഞും നമ്മിലേക്ക് സന്തോഷം നിറയ്ക്കുന്നത് ആയിരിക്കും അവയെല്ലാം.

മനസ്സിൽ കുറേ നാളുകളായി അവശേഷിക്കുന്ന ചോദ്യത്തിൽ നിന്നാണ് നീണ്ട ആമുഖത്തിലേക്ക് പോകുന്നത്.

എന്തിനാണ് മരണവീടുകളിൽ കൂട്ടം കൂടിനിന്ന് ഫോട്ടോ എടുക്കുന്നത്. അതും ഫോട്ടോഗ്രാഫറെ കൊണ്ടുവന്ന്.

പണ്ടുകാലങ്ങളിൽ ഒരു മരണമുണ്ടാകുബോഴാണ് ആ വീട്ടിൽ ദൂരെയുള്ള ബന്ധുക്കൾ ഒത്തുചേർന്നിരുന്നത്. അപ്പോൾ ആരോ തുടങ്ങിവച്ചത് ആയിരിക്കാം, ബന്ധുക്കൾ എല്ലാവരും ചേർന്നും, ഓരോ കുടുംബങ്ങളായും ഫോട്ടോയെടുപ്പ് ആ കാലഘട്ടങ്ങളിൽ അത്തരം അവസരങ്ങളിൽ മാത്രമായിരുന്നു ഫോട്ടോയെടുപ്പ് എന്നാശ്വസിക്കാം.

ഇപ്പോൾ മൊബൈൽ കയ്യിലുള്ള എല്ലാവരും ഫോട്ടോഗ്രാഫർ ആകുന്ന ഈ കാലഘട്ടത്തിൽ എന്തിനാണ് ഇപ്പോഴും അത് തുടരുന്നത്.

ഒരു മരണ വീട്ടിൽ നമ്മുടെ പ്രിയപ്പെട്ട ഒരാൾ ജീവൻ നഷ്ടപ്പെട്ടു മൃതശരീരമായി കിടക്കുമ്പോൾ ചുറ്റിലും നമ്മളിരുന്ന് ഫോട്ടോ എടുക്കുന്നത് ഏത് മതാനുഷ്ഠാനങ്ങളുടെ പേരിലാണ് .

പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവരുടെ ഫോട്ടോ പിന്നീട് നോക്കുന്നത് ആരാണ്? . സ്വന്തം വിവാഹ ഫോട്ടോ പോലും അപൂർവ്വമായി മറിച്ചു നോക്കുന്ന നമ്മൾ മറ്റൊരു മതത്തിലുമില്ലാത്ത പാഴ്ച്ചെലവുകൾ നിർത്തിക്കൂടെ?.

മറ്റൊന്ന് സംസ്കാരം ലൈവ് കൊടുക്കലാണ് ഈ ചടങ്ങ് ലൈവ് ആയി കണ്ടു ദുഃഖിക്കുന്നതാരാണ്?

അന്ത്യ ചുംബനത്തിന്റെ രീതികളും കൗതുകം നിറഞ്ഞതാണ്. മരിച്ചയാളുടെ മുഖത്ത് തൂവാലഇട്ടും, ഇല്ലാതെയും ചുംബിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.

ചുംബനം സ്നേഹത്തിന്റെ വലിയൊരു അടയാളമാണ് പരസ്പരം അറിഞ്ഞു കൈമാറാനുള്ളതാണ്. നിങ്ങൾ എല്ലാദിവസവും ഉറങ്ങാൻ പോകുമ്പോൾ മക്കളുടെ നെറ്റിത്തടത്തിൽ ചുംബിക്കാറുണ്ടോ?

മക്കൾ മാതാപിതാക്കളെ ചുംബിക്കാറുണ്ടോ?

രോഗം ബാധിച്ചുകിടക്കുന്നവരെ സ്പർശിക്കാറുപോലുമില്ല എന്നതാണ് സത്യം. അവർ ആഗ്രഹിക്കുബോൾ ലഭിക്കാതെ പോകുന്നത്, എന്തിനാണ് മരണശേഷം അവർ അറിയാതെ നൽകുന്നത്. ?നിങ്ങളുടെ ദുഃഖം ആളുകളെ ബോധ്യപ്പെടുത്താനാണോ?

ആളുകളെ ബോധ്യപ്പെടുത്താനും,തൃപ്തിപ്പെടുത്താനുമുള്ള എല്ലാ ചടങ്ങുകളു വെറുതെ യാകുന്നതങ്ങിനെയാണ്. ഉത്തരം നമ്മുടെ മനസ്സാക്ഷിക്കാണ് കൊടുക്കേണ്ടത്.

ഓരോ മരണവും നമ്മേ വിഷമിപ്പിക്കുന്നുവെങ്കിൽ, അത് ജീവനോടുള്ള നമ്മുടെ സ്നേഹം കൊണ്ടായിരുന്നു. ജീവിച്ചിരിക്കുബോൾ നമ്മൾകൈ മാറിയ മനുഷ്യത്വം കൊണ്ടായിരുന്നു. കാണുമ്പോൾ പരസ്പരം പുഞ്ചിരിക്കുന്നത് കൊണ്ടായിരുന്നു.

കൈമാറിയ സ്നേഹവും, പുഞ്ചിരിയും, സൗഹൃദവും പ്രഹസനങ്ങളാവാതിരിക്കട്ടെ.

ചിന്തകൾക്ക് മാറ്റം ഉണ്ടാവട്ടെ. ചടങ്ങുകളെല്ലാം യുക്തിപരമാവട്ടെ, മനുഷ്യത്വവും, കരുണയും, കരുതലും, തുടരട്ടെ.

സ്നേഹപൂർവ്വം

ഡെന്നി തോമസ്‌

നിങ്ങൾ വിട്ടുപോയത്