നിൻ്റെ ഒന്നാം സ്ഥാനം
എവിടെപ്പോയി?

അപ്പനും അമ്മയും അയലത്തെ
കുട്ടികളുമായി താരതമ്യം ചെയ്യുന്നു എന്നതായിരുന്നു മകൻ്റെ പരാതി.

“അച്ചാ, ഞാൻ എന്തു ചെയ്താലും
ഒരു നല്ല വാക്കു പോലും പപ്പ പറയുകില്ല.
എഴ് വിഷയങ്ങൾക്ക് A+ കിട്ടിയിട്ട്
പപ്പ പറയുകയാ;
‘എന്തേ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങിക്കാത്തത്, നിൻ്റെ കൂടെ പഠിക്കുന്ന സാവിയോക്ക് ഫുൾ എ പ്ലസ് ഉണ്ടല്ലോ,
നിനക്കു മാത്രം എന്തു പറ്റിയെന്ന്?
പപ്പയുടെ ആഗ്രഹം ഞാൻ മനസിലാക്കുന്നു.
പക്ഷേ കുത്തുവാക്കുകളും താരതമ്യവും സഹിക്കാൻ പറ്റുന്നില്ല.
പപ്പ എന്നെ അഭിനന്ദിച്ച് ചേർത്തു നിർത്തണമെന്ന് ഞാൻ എത്രയോ ആഗ്രഹിച്ചിരിക്കുന്നു…. “

പല മക്കളുടെയും പ്രതിനിധിയല്ലേ
ഈ മകൻ?
മാതാപിതാക്കളുടെ താരതമ്യങ്ങളും കുത്തുവാക്കുകളും മക്കളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു…
ചില മാതാപിതാക്കളാണെങ്കിൽ
മക്കളുടെ അഭിരുചികൾ പരിഗണിക്കാതെ അവർക്കിഷ്ടമുള്ള കോഴ്‌സിന്
ചേരണമെന്ന് മക്കളെ നിർബന്ധിക്കുന്നു.

ഇവിടെയാണ് വിതക്കാരൻ്റെ ഉപമയിൽ
നല്ല നിലത്തു വീണ വിത്തുകളുടെ കഥ
നമുക്ക് പാഠമാകുന്നത്.
നല്ല നിലത്ത് വീണിട്ടുപോലും
എല്ലാ വിത്തുകളും നൂറുമേനി ഫലം പുറപ്പെടുവിച്ചില്ല. ചിലത് മുപ്പതുമേനിയും അറുപതുമേനിയുമേ ഫലം നൽകിയുള്ളൂ.
അതിൽ കൃഷിക്കാരന് പരാതിയുമില്ല (Refമർക്കോ 4: 1-9).

ദൈവം ഭരമേൽപ്പിച്ച മക്കൾ ഉദ്ദേശിക്കുന്ന ഫലം നൽകാതിരിക്കുമ്പോൾ അവരെ പഴിക്കാതെ ദൈവത്തിലേക്ക് തിരിയാൻ
എല്ലാ മാതാപിതാക്കൾക്കും കഴിയട്ടെ.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്