ഏകീകൃത കുർബ്ബാനയെ ചൊല്ലിയുള്ള തർക്കങ്ങൾ മൂലം വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാതെ ഇരിക്കുമ്പോൾ, ഇടവക വികാരിയോടും മെത്രാന്മാരോടും തോന്നുന്ന വിയോജിപ്പും അവരുടെ കുറ്റങ്ങളുമൊക്കെ വീട്ടിൽ വന്ന് മക്കൾ കേൾക്കെ വിളമ്പുമ്പോൾ, കൂദാശപരമായ ജീവിതത്തിൽ പേരെന്റ്സ് താല്പര്യം കാണിക്കാത്തപ്പോൾ … നമ്മുടെ മക്കളിൽ ക്രിസ്തീയവിശ്വാസത്തോട് അകലം കൂടുന്നത്.. ക്രിസ്തുവിനോടുള്ള സ്നേഹം കുറയുന്നത്… നമ്മൾ അറിയുന്നുണ്ടോ? ചെറിയ മക്കൾ ആണെങ്കിൽ പോലും അവർക്ക് ഒന്നും മനസ്സിലാകുന്നില്ലെന്നു നമ്മൾ കരുതരുത്.

UK പോലുളള ക്രിസ്ത്യൻ രാജ്യങ്ങളിൽ അവസ്ഥകൾ മാറികഴിഞ്ഞു എന്നാണ് സർവ്വേകളും ഡാറ്റകളും സൂചിപ്പിക്കുന്നത് എന്നറിയുന്നു. ഒരു മതത്തിലും വിശ്വാസമില്ലാത്ത non – religious ഗണത്തിൽ പെട്ടവർ കൂടുന്നു, അവരിൽ ഭൂരിഭാഗവും ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. Religious ആയിട്ടുള്ള ആളുകൾ ഇപ്പോൾ കൂടുതൽ ഉള്ള രാജ്യങ്ങൾ സൗദി അറേബ്യ, ഇറാൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങൾ ആണ്. നാട്ടിലുള്ള എന്റെ ചില relatives നോട് സംസാരിക്കുമ്പോൾ പല യുവജനങ്ങളും അതേ പാതയിൽ തന്നെ ആണ്. ഒരു മതത്തിലും വിശ്വാസമില്ലാത്തവർ, അല്ലെങ്കിൽ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നവർ!

നമ്മുടെ മതബോധന ക്ലാസ്സുകളുടെ സിസ്റ്റം ഒന്നൂടെ മാറാനുണ്ട് എന്നും എനിക്ക് തോന്നുന്നു. സജീവമായ, തീക്ഷ്‌ണമായ വിശ്വാസം.. ക്രിസ്തുസ്നേഹം കുട്ടികളിൽ വേരൂന്നിക്കുന്നതിൽ നമ്മുടെ മതബോധനക്‌ളാസുകൾ കുറച്ചു പിന്നിലാകുന്ന പോലെ. ബുദ്ധിയുടെ തലത്തിൽ കുത്തികയറ്റുന്ന ആശയങ്ങളും അറിവുകളും, ഹൃദയത്തിൽ എത്തിക്കാൻ, ആ അറിവ് കർത്താവിനോടുള്ള സ്നേഹമാക്കി മാറ്റാൻ എത്ര മതാദ്ധ്യാപകർക്ക് കഴിയുന്നുണ്ട്. ക്ഷമിക്കണം. മതാദ്ധ്യാപകർ വലിയ സേവനമാണ് ചെയ്യുന്നത്. അവരുടെ സമയവും ഊർജ്ജവും എല്ലാം ക്രിസ്തുസ്നേഹത്തെ പ്രതി ചിലവഴിക്കുന്നു. പക്ഷേ നമ്മുടെ conventional രീതിയുടെ പ്രശ്നം ആയിരിക്കാം, കുട്ടികൾ വലുതാകുമ്പോൾ കുറെപേർ പിടി വിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ സോഷ്യൽ മീഡിയ അതിപ്രസരത്തിന്റെ ഇടയിൽ നിത്യജീവൻ എന്ന ലക്ഷ്യബോധം നിലനിർത്താൻ അത്ര എളുപ്പമല്ലല്ലോ. പേരെന്റ്സ് തന്നെ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. Catechism ക്ലാസ്സിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയം കുട്ടികൾ വീടുകളിൽ തന്നെയാണല്ലോ ഉള്ളത്. അതുകൊണ്ട് അവരുടെ സ്വഭാവരൂപീകരണത്തിന്റെ ഉത്തരവാദിത്വതിൽ നിന്ന് ഒഴിഞ്ഞുമാറാൻ മാതാപിതാക്കൾക്ക് കഴിയില്ല. ഇന്നത്തെ കാലത്ത് കുട്ടികൾ ഇങ്ങനൊക്കെ ആണെന്ന് പറയാതെ, നമുക്ക് അവരെ തിരുത്താൻ പറ്റണം.
നമ്മൾ പഠിപ്പിച്ചു വിടുന്ന മക്കൾ, കോളേജിൽ എത്തുമ്പോൾ, കടൽ കടക്കുമ്പോൾ, അവരുടെ വിശ്വാസം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ തുമ്മിയാൽ തെറിക്കുന്ന വിശ്വാസമാണോ നമ്മൾ കൈ മാറേണ്ടത്. യാഥാർഥ്യങ്ങൾ പേടിപ്പിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമുണ്ടോ? എത്ര പള്ളികൾ അല്ലെങ്കിൽ ഭാവിയിൽ പബ്ബുകളായി മാറുമെന്നറിയില്ല.

ഇനിയും മാറ്റമില്ലാത്ത, ഏകീകൃത കുർബ്ബാനയുടെ പേരിലുള്ള തർക്കങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത മനോഭാവങ്ങളും (ഏത് ഭാഗത്തുള്ളവരുടെ ആയാലും ) നമ്മുടെ മക്കൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ഉതപ്പുകൾക്കും ദുർമാതൃകകൾക്കും വിശ്വാസക്ഷയങ്ങൾക്കും വലിയ വില കൊടുക്കേണ്ടി വരും. സമാധാനം പറയേണ്ടി വരും നമ്മൾ.
ജിൽസ ജോയ്
Jilsa Joy