വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിൻഗാമി എന്ന പദവി ഒഴിയാൻ തീരുമാനിച്ചത് ഒരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും, എന്നാൽ പൂർണ മനസാക്ഷിയോടെയാണ് താൻ അത് ചെയ്തതെന്നും തിരുസഭയില്‍ രണ്ടു മാർപാപ്പമാർ ഇല്ലായെന്നും പ്രസ്താവിച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ. കോറെറി ഡെല്ലാ സേറാ എന്ന ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ഥാനത്യാഗത്തിനായി അന്ന് എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ബെനഡിക്ട് പതിനാറാമൻ വെളിപ്പെടുത്തി. 2013 ഫെബ്രുവരി 28നാണ് അദ്ദേഹം മാര്‍പാപ്പ പദവി ഒഴിഞ്ഞത്.

തന്റെ രാജിയുമായി ബന്ധപ്പെട്ട് ചില തീവ്ര ചിന്താഗതിക്കാർ പ്രചരിപ്പിക്കുന്ന വ്യാജമായ വ്യാഖ്യാനങ്ങളെ തള്ളിക്കളയാനും ബെനഡിക്ട് മാർപാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിലെ നയതന്ത്ര രേഖകൾ ചോർന്നതുമായി ബന്ധപ്പെടുത്തിയും, യാഥാസ്ഥിതിക ദൈവ ശാസ്ത്രജ്ഞനായ റിച്ചാർഡ് വില്യംസണുമായി ബന്ധപ്പെടുത്തിയും പാപ്പയുടെ രാജിയെ കോർത്തിണക്കാൻ ചിലർ ശ്രമിച്ചിരുന്നു. അഭിമുഖത്തില്‍ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തെ പറ്റിയുള്ള തന്റെ പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം പ്രധാനപ്പെട്ട ഒരു യാത്രയാണെന്ന് താൻ വിശ്വസിക്കുന്നതായി എമിരിറ്റസ് ബെനഡിക്ട് മാർപാപ്പ പറഞ്ഞു. കൊറോണ മഹാമാരിയും, സുരക്ഷാഭീഷണിയും ഫ്രാൻസിസ് മാർപാപ്പയുടെ യാത്രയെ ആപല്‍ക്കരമായ യാത്രയാക്കി മാറ്റുന്നു. ഇറാഖിലെ അരക്ഷിതാവസ്ഥയും പ്രതിസന്ധിയാണ്. പ്രാർത്ഥനയിലൂടെ താൻ ഫ്രാൻസിസ് മാർപാപ്പയെ യാത്രയിൽ അനുഗമിക്കുമെന്നും ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കൂട്ടിച്ചേർത്തു.

കടപ്പാട്‌

നിങ്ങൾ വിട്ടുപോയത്