പപ്പയുടെ പ്രിയ മകളായിരുന്നു അവൾ. അവളെക്കൂടാതെ അയാൾക്ക് ഒരു മകനുമുണ്ട്. ഡിഗ്രി കഴിഞ്ഞപ്പോൾ അവൾ
പപ്പയോടു പറഞ്ഞു:
”ഒരു കന്യാസ്ത്രി ആകണമെന്നാണ്
എൻ്റെ ആഗ്രഹം.”

മകളുടെ വാക്കുകൾ അയാൾക്ക്
ഒട്ടും വിശ്വസിക്കാനായില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി അയാൾ
സമ്മതം മൂളി. അവളങ്ങനെ ഒരു സന്യാസസഭയിൽ പ്രവേശിച്ചു.

സന്തോഷകരമായ നാളുകൾ കടന്നുപോയി. അതിനിടയിലാണ് അവളുടെ അമ്മയ്ക്ക് മാറാരോഗം പിടിപ്പെട്ടത്. അമ്മയെ ശുശ്രൂഷിക്കാൻ മറ്റാരുമില്ലാത്തതിനാൽ അധികൃതരുടെ അനുമതിയോടെ അവൾ വീട്ടിലെക്കു മടങ്ങി.

അമ്മയുടെ രോഗാവസ്ഥയിൽ
അടുത്തുനിന്ന് പരിചരിക്കാൻ ലഭിച്ച അവസരത്തിന് അവൾ ദൈവത്തിന്
നന്ദി പറഞ്ഞു. എങ്കിലും തൻ്റെ വിളി
ഒരു കന്യാസ്ത്രിയാകാൻ തന്നെയാണെന്ന
ചിന്ത ആ നാളുകളിൽ അവളിൽ പ്രബലപ്പെട്ടുകൊണ്ടിരുന്നു.

മകളുടെ വിവാഹത്തിനായുള്ള
പൊന്നും പണവും അവളുടെ
പിതാവ് സ്വരൂപിച്ചിരുന്നു.
വിവാഹാലോചനകൾ വന്നു തുടങ്ങി.
ഓരോ ആലോചന വരുമ്പോഴും
എന്തെങ്കിലും കുറവുകൾ
അവൾ കണ്ടെത്തിയിരിക്കും.

സഹികെട്ട് ഒരുനാൾ അപ്പൻ
മകളോടു പറഞ്ഞു:
“ഇനി നിന്നോട് ഞാൻ ഒന്നും ചോദിക്കില്ല. ചെറുക്കന് ഇഷ്ടപ്പെട്ടാൽ നിന്നെ ഞാൻ കെട്ടിച്ചയക്കും”

അന്നുരാത്രി അവൾ ഉറങ്ങിയില്ല.
കണ്ണീരോടെ പ്രാർത്ഥിച്ചു.
പിറ്റേന്ന് പപ്പയുടെ അടുത്തുചെന്ന്
അവൾ പറഞ്ഞു:

”എന്നെ വെറുക്കരുത്.
എന്നോട് ദേഷ്യപ്പെടുകയുമരുത്. എനിക്കിപ്പോഴും സിസ്റ്ററാകണമെന്നു തന്നെയാണാഗ്രഹം.
കല്യാണം കഴിക്കാനായി
എന്നെ നിർബന്ധിക്കരുത്.”

അയാൾ അവളോട് പറഞ്ഞു:
”നിനക്ക് വയസ് ഇരുപത്തിനാലായി.
ഈ പ്രായത്തിൽ നീ വക്കുന്ന ചുവടുകൾ ദൃഢമായിരിക്കണം. വെറുതെ നാട്ടുകാരെകൊണ്ട് അതുമിതും പറയിപ്പിക്കരുത്.”

അങ്ങനെ മകളുടെ
നിർബന്ധത്തിനു വഴങ്ങി
ഭാര്യയുടെയും മകൻ്റെയും സമ്മതത്തോടെ അവളെ അയാൾ കോൺവൻ്റിൽ കൊണ്ടുചെന്നാക്കി.

തിരിച്ചെത്തിയ അയാളെ
ബന്ധുക്കളെല്ലാവരും ആക്ഷേപിച്ചു:
“കെട്ടിച്ചു വിടാൻ പണമില്ലാഞ്ഞിട്ടായിരിക്കും മകളെ കൊണ്ടുപോയി
കന്യാസ്ത്രി മഠത്തിൽ തള്ളിയത്?
ഒരു മകളല്ലെ ഉള്ളൂ,
അതിനെ കൊണ്ടുപോയി
കുരുതി കൊടുക്കണമായിരുന്നോ?”

ഉറച്ചബോധ്യത്തോടെ
അയാൾ പറഞ്ഞു:

”നിങ്ങൾ എന്തെല്ലാം പറഞ്ഞ്
എന്നെ അധിക്ഷേപിച്ചാലും
മോളുടെ തീരുമാനത്തെ
ഞാൻ അങ്ങേയറ്റം ആദരിക്കുന്നു. അവൾക്കിഷ്ടമില്ലാത്ത
കുടുംബ ജീവിതത്തേക്കാൾ
ദൈവത്തിനും അവൾക്കും
താത്പര്യമുള്ള സന്യാസത്തിലേക്കാണ് വിളിക്കപ്പെട്ടതെങ്കിൽ
ആ വിളിയെ തടയാൻ ഞാനാര്?
അവളെ എനിക്ക് നൽകിയത് ദൈവമാണെങ്കിൽ അവിടുത്തെ
ഹിതം തന്നെ നിറവേറട്ടെ.”

ബന്ധുക്കളും അയൽക്കാരും
എതിർത്തപ്പോഴും
അയാൾ നിശബ്ദനായി
അവയെല്ലാം സഹിച്ചു.

മകൾ കന്യാസ്ത്രിയായി.
നിത്യവ്രതവും കഴിഞ്ഞു.
അമ്മ മരിക്കുമ്പോൾ
അവളൊപ്പമുണ്ടായിരുന്നു.
സിസ്റ്ററായല്ല, നഴ്‌സായി.
അപ്പനും അധികം വൈകാതെ രോഗിയായി. ഭാര്യ മരിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അയാളെയും ദൈവം വിളിച്ചു.
മരിക്കുന്നതിനു മുമ്പായി
മകളോടയാൾ പറഞ്ഞു:

“നിൻ്റെ ഇഷ്ടം കൊണ്ടാണ്
നീ കന്യാസ്ത്രിയായതെന്ന് മറക്കരുത്.
സന്യാസത്തിൽ സഹനങ്ങൾ വരുമ്പോൾ കുരിശിലേക്ക് നോക്കുക.
മരണംവരെ അനുസരിച്ച
ക്രിസ്തുവിനെ നിനക്കവിടെ കാണാം. മേലധികാരികളെ അനുസരിക്കാൻ
കഴിയുന്നില്ലെങ്കിൽ
അപ്പോൾ മുതൽ നീ ക്രിസ്തുവിൻ്റേതല്ല.
നിൻ്റെ അനുസരണത്തിലൂടെ മാത്രമെ ദൈവത്തിന് നിന്നെ സ്വന്തമാക്കാൻ കഴിയൂ.”

ഇതെഴുതുന്നതിനു മുമ്പ് ഞാനീ സഹോദരിയുമായി സംസാരിച്ചിരുന്നു.
(പേര് വയ്ക്കരുതെന്നു പറഞ്ഞതിനാൽ, ചേർക്കുന്നില്ല)

അവളെന്നോടു പറഞ്ഞു:
”അച്ചാ,
എൻ്റെ ദൈവവിളി പരിപോഷിപ്പിച്ചത്
പപ്പയാണ്. സന്യാസത്തിൽ എത്രമാത്രം സഹനങ്ങൾ ഉണ്ടായാലും
സന്തോഷത്തോടെ ക്രിസ്തുവിനുവേണ്ടി ഞാനത് സ്വീകരിക്കും. എന്തെന്നാൽ, അത്രമാത്രം ഇഷ്ടത്തോടെയാണ്
ഞാനീ വിളി തിരഞ്ഞെടുത്തത്.
അവസാന ശ്വാസം വരെ
ഞാൻ ദൈവത്തോട് വിശ്വസ്തയായിരിക്കും.”

സന്യാസം ഏറെ ചർച്ചചെയ്യപ്പെടുന്ന
ഈ കാലയളവിൽ ക്രിസ്തുവിൻ്റെ
വാക്കുകൾ ശ്രവിക്കാം:


“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല”
(ലൂക്കാ 13 : 24).

എല്ലാ സമർപ്പിതരേയും പ്രാർത്ഥനയിൽ ഓർക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്
ജനുവരി 05-2021.

നിങ്ങൾ വിട്ടുപോയത്