News broadcast background, breaking news vector channel graphic concept for tv breaking news.

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും. ഈ വർഷത്തെ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരത്തിന് പരിഗണിക്കാൻ യോഗ്യതയുള്ള ഒറ്റ സീരിയലും ഉണ്ടായിരുന്നില്ല എന്നത് ഈ രംഗത്തെ ജീർണ്ണതയുടെ ഉത്തമ ദൃഷ്ടാന്തമാണ്.

അപ്രസക്തവും പൊതുതാൽപര്യം ലവലേശം ഇല്ലാത്തതുമായ കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തി വിചാരണ സംഘടിപ്പിച്ചു വിധിതീർപ്പ് പ്രസ്താവിക്കുന്ന ചാനൽ അവതാരകരുടെ കാപട്യവും നിലവാരമില്ലായ്മയും ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ഠമായും ആധികാരികമായും പഠനങ്ങളുടെ പിൻബലത്തോടെയും മാധ്യമപ്രവർത്തനം നടത്തുന്നവരോട് ബഹുമാനമേയുള്ളൂ.

സെൻസേഷണലിസം തലയ്ക്കുപിടിച്ച് സാമാന്യ മര്യാദയും അപരന്റെ സ്വകാര്യതയും കാറ്റിൽ പറത്തുന്നവരെ പ്രബുദ്ധ പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങി. കേരളത്തിലെ അറിയപ്പെടുന്ന ന്യൂസ് ചാനലിലെ വാർത്താ അവതാരകനായ ‘പ്രമുഖൻ’തന്റെ സഹപ്രവർത്തകർക്ക് അശ്ലീലസന്ദേശം അയച്ചതിനെതുടർന്ന് ആ സ്ഥാപനം തന്നെ അദ്ദേഹത്തെ പുറത്താക്കി. ഇതിനു സമാനമായ ആരോപണങ്ങൾ ഇതിനുമുൻപും ഇയാൾക്കെതിരെ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

“മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീകൾ സുരക്ഷിതരോ” ഈ തലക്കെട്ടിൽ എന്തേ നിങ്ങളാരും ഒരു ചർച്ച സംഘടിപ്പിക്കാത്തത്. ചോദ്യം എല്ലാ ചാനലുകാരും ആണ്. അപ്പോൾ നിങ്ങൾ പറയും അത് ഒറ്റപ്പെട്ട സംഭവമാണെന്ന്. തീർത്തും ഒറ്റപ്പെട്ടതും സ്വകാര്യവുമായ എത്രയെത്ര വിഷയങ്ങൾ എത്രയെത്ര ദിവസം ചർച്ച ചെയ്തു വെറുപ്പിച്ചിക്കുന്നു എന്ന മറുചോദ്യം അപ്പോൾ ഞങ്ങൾ ചോദിക്കും.

തീർന്നില്ല സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ച പ്രശസ്തമായ ഒരു ചാനലിലെ റിപ്പോർട്ടർ മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായി, അഴിമതിയും മാധ്യമ സ്വാധീനം ഉപയോഗിച്ചുള്ള അനാവശ്യ ഇടപെടലുകളും ആളുകൾ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയത്കൊണ്ടാകണം അദ്ദേഹം തന്റെ ക്യാമറാമാനെ തനിച്ചാക്കി മാധ്യമപ്രവർത്തനത്തിൽ തന്നെ സൈൻ ഓഫ് ചെയ്തു.

ഈ വിഷയത്തെ അധികരിച്ച് “കേരളത്തിലെ മാധ്യമപ്രവർത്തകരിൽ അഴിമതികാരോ” ഇങ്ങനെയൊരു ടൈറ്റിലിൽ ചർച്ചകൾ എന്തേ നിങ്ങൾ സംഘടിപ്പിച്ചില്ല. അതും ഒറ്റപ്പെട്ട ആവും അല്ലേ. ‘പുരാവസ്തു വിദഗ്ധൻ’ മോൻസനുമായി അടുത്തബന്ധം സൂക്ഷിക്കുകയും ഇതിന്റെ തെളിവുകൾ ചിത്രങ്ങളും വീഡിയോകളും സഹിതം പുറത്തുവരികയും ചെയ്തതിനെ തുടർന്ന് പ്രതിരോധത്തിലായ മറ്റൊരു റിപ്പോർട്ടറുണ്ട് കേരളത്തിൽ.

“മാധ്യമപ്രവർത്തകരുടെ മാഫിയ ബന്ധങ്ങൾ” എങ്ങനെ ഒരു തലക്കെട്ടും ചർച്ചയും ഇതുവരെ ഒരു ചാനലിലും കണ്ടില്ല. അതും ഒറ്റപ്പെട്ടതാവും. അപ്പോൾ ഒരു കാര്യം വ്യക്തമാണ് നിങ്ങൾ സംരക്ഷിക്കേണ്ടവരെ സംരക്ഷിക്കും തകർക്കേണ്ടവരെ തകർക്കും. ഇതിന് നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് പേരിട്ട ഇനിയും ആളുകളെ കബളിപ്പിക്കാമെന്ന് വിചാരിക്കരുത്.നിങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു എന്ന് സാരം.

British Medical Association നടത്തിയ സർവേയിൽ ഏറ്റവും കുറച്ച് വിശ്വാസ്യതയുള്ള വിഭാഗം പത്രപ്രവർത്തകരാണ്. മാധ്യമ പ്രവർത്തകരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് സർവ്വേയിൽ പങ്കെടുത്ത 78 ശതമാനം ആളുകളും പറഞ്ഞു. അമേരിക്കയിലെ ‘ന്യൂസിയം’ എന്ന മാധ്യമ പഠന സ്ഥാപനം നടത്തിയ സർവ്വേയിൽ പത്രപ്രവർത്തകരുടെ വിശ്വാസ്യതയുടെ ഫലം നിരാശാജനകമാണ്. ചാനലുകളിൽ പാനലിസ്റ്റുകളായി വരുന്ന ‘കുമ്പിടികളുടെ’ കാര്യവും വ്യത്യസ്തമല്ല.

വിരലിലെണ്ണാവുന്നവർ ഒഴിച്ച് ബാക്കി ബഹുഭൂരിപക്ഷവും സമൂഹത്തിന്റെ പൊതുബോധത്തിൽനിന്ന് മാറ്റിനിർത്തപ്പെടേണ്ടവർ തന്നെയാണ്. കഴിഞ്ഞദിവസം ഒരു പ്രമുഖ ടെലിവിഷൻചാനൽ ചർച്ചയിൽ പങ്കെടുത്ത സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകനും രാഷ്ട്രീയനിരീക്ഷകാനുമൊക്കെയായി വിലസുന്നയാൾ പറഞ്ഞ അശ്ലീലം കലർന്ന സ്ത്രീവിരുദ്ധ പരാമർശം കേരളം മുഴുവൻ കേട്ടതാണ്. ഇയാളാണ് പലപ്പോഴും കത്തോലിക്കാസഭയെ മര്യാദ പഠിപ്പിക്കാൻ ചാനലുകളിൽ പ്രത്യക്ഷപ്പെടാറുള്ള ‘മാന്യൻ’.

ഇവരുടെയൊക്കെ മനസ്സിലിരിപ്പ് എത്രമേൽ ശോചനീയമാണെന്ന് ഇവയിലൂടെയൊക്കെ വ്യക്തമാവുകയാണ്. ‘കാപട്യം കലയാക്കിയവർ’ എന്ന് ഇവരൊക്കെയാണ് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്. 2016 ഫെബ്രുവരി 16ന് ഡൽഹി ജെ.എൻ.യുവിലെ വിദ്യാർഥികളുടെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ Zee News ചാനൽ റിപ്പോർട്ടർക്ക് സമരക്കാർ ചുവന്ന റോസാപ്പൂ നൽകി. “കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ” എന്ന അപേക്ഷയോടെയാണ് വിദ്യാർത്ഥികൾ പൂ നൽകിയത്.

2009 നവംബർ 30 ന് The Hindu പത്രത്തിന്റെ റൂറൽ എഡിറ്റർ പി. സായിനാദ് ‘Mass Media Masses Money’ എന്ന തലക്കെട്ടിൽ paid news syndrom ഒരു ഇൻവെസ്റ്റിഗറ്റീവ് സ്റ്റോറി യായിപുറത്ത്കൊണ്ടുവന്നിരുന്നു. ലോകപ്രശസ്തമായ Readers Digest ആരംഭിച്ചത് ഡെവിറ്റ് വാലസാണ്. കാലിക പ്രസക്തമായ ലേഖനങ്ങൾ കാച്ചിക്കുറുക്കി എളുപ്പം വായിക്കാവുന്ന രീതിയിൽ സമാഹരിക്കുക എന്നതായിരുന്നു Readers Digest ന്റെ എഡിറ്റോറിയൽ പോളിസി. അതിനു അദ്ദേഹം 3 കർശന തത്വങ്ങൾ പാലിച്ചിരുന്നു.

1.പ്രചോദനാത്മകമായ കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിക്കുക.2. സാമൂഹ്യ തിന്മകളെ എതിർക്കുക. (ലോകത്ത് ആദ്യമായി പുകവലി വിരുദ്ധ പ്രചാരണം നടത്തിയത് Readers Digest ആയിരുന്നു. )3. പരസ്യങ്ങൾ പാടില്ല.

1954 ആയപ്പോഴേക്കും ലോകത്തിലെതന്നെ ഏറ്റവും പ്രചാരമുള്ള കുടുംബമാസിക ആയി റീഡേഴ്സ് ഡൈജസ്റ്റ് വളർന്നു.

1965 ൽ എഴുപത്തിയഞ്ചാം വയസ്സിൽ വാലസ് എഡിറ്റർ സ്ഥാനം ഒഴിഞ്ഞു. തുടർന്ന് വന്നവർ വാലസ് മുന്നോട്ടുവെച്ച അടിസ്ഥാന മൂന്ന് എഡിറ്റോറിയൽ തത്വങ്ങളിൽ മെല്ലെ മെല്ലെ വെള്ളം ചേർക്കാൻ തുടങ്ങി. ലാഭം മാത്രമായി ലക്ഷ്യം. പവിത്രമായ മാധ്യമ പ്രവർത്തനം കച്ചവടമായി അധ:പ്പതിച്ചു. സർക്കുലേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ‘Direct Mail Sweepstakes’ എന്ന പദ്ധതി ആരംഭിച്ചു. വൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ആളെ പിടിക്കുന്ന രീതിയായിരുന്നു ഇത്.

കാലക്രമത്തിൽ അമേരിക്ക ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ ഇത് വിലക്കി. മെല്ലെ മെല്ലെ Readrs Digest ന്റെ നിലവാരവും ജനസമ്മതിയും താഴെ പോയി. കടം കയറിയ കമ്പനി 2009 ൽ പാപ്പരായി. 2013 ൽ വീണ്ടും കടക്കെണിയിലായി കമ്പനി പൂട്ടേണ്ട സ്ഥിതിയായി. ഇപ്പോഴും മാസിക പ്രസിദ്ധീകരിക്കുന്നു എങ്കിലും മുമ്പുണ്ടായിരുന്ന വിശ്വാസ്യതയും സ്വീകാര്യതയും സുതാര്യതയും പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.

കേരളത്തിലെ മാധ്യമ ഉടമകളും മാധ്യമപ്രവർത്തകരും പ്രത്യേകിച്ച് വാർത്താചാനലുകളിലെ ജേർണലിസ്റ്റുകൾ റീഡേഴ്സ് ഡൈജസ്റ്റ് മാസികയ്ക്ക് ഉണ്ടായ ദുരന്തത്തിന്റെ പാഠങ്ങൾ സ്വാംശീകരിച്ച് മാധ്യമപ്രവർത്തനത്തിന്റെ പവിത്രതയും മാന്യതയും വിശ്വാസ്യതയും തിരിച്ചു കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

By, അരുൺ മുണ്ടോളിക്കൽ.

Bobby Thomas / FB

നിങ്ങൾ വിട്ടുപോയത്