കാക്കനാട്: കുടുംബങ്ങളുടെ കെട്ടുറപ്പും കൂട്ടായ്മയുമാകുന്ന വീഞ്ഞ് കുറഞ്ഞു പോകുമ്പോൾ സാന്ത്വനവും പരിഹാരവും നൽകുന്ന സാന്നിധ്യമായി സഭയുടെ കുടുംബ ശുശ്രൂഷകർ മാറണമെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കുടുംബ പ്രേഷിതത്വം, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോലൈഫ് എന്നീ വകുപ്പുകളുടെ രൂപതാ ഡയറക്റ്റർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സഭാകമ്മീഷന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. സങ്കടങ്ങളിലും പ്രതിസന്ധികളിലും ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ നമുക്ക് സാധിക്കണമെന്നും കാനായിലെ കല്യാണ വിരുന്നിൽ ഈശോയുടെയും പരിശുദ്ധ അമ്മയുടെയും ശ്ലീഹന്മാരുടെയും സാന്നിധ്യം ഉണ്ടായിരുന്നതുപോലെ കുടുംബങ്ങൾക്ക് സ്വർഗീയ സാന്നിധ്യം പകരാൻ കുടുംബ പ്രേഷിതർ ശ്രമിക്കണമെന്നും മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

അപ്പസ്തോലന്മാരുടെ ദൗത്യമാണ് കുടുംബ പ്രേഷിതരുടേതെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമിപ്പിച്ചു. ആയുധമല്ല ആൾബലമാണ് സഭയുടെയും സമൂഹത്തിന്റെയും സമ്പത്തെന്നും ജനസംഖ്യാപരമായ ഇടിവ് ഉണ്ടാകുമ്പോൾ പരിഹാരമാർഗങ്ങൾ തേടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളിലെയും സമൂഹത്തിലെയും വെല്ലുവിളികളെ അഭിമുഖീകരിക്കാൻ വ്യക്തികളെ പ്രാപ്തരാക്കാൻ കുടുംബ ശുശ്രൂഷകർക്ക് ഉത്തരവാദിത്തമുണ്ടെന്ന് കമ്മീഷൻ അംഗം മാർ ജോസ് പുളിക്കൽ ആശംസാസന്ദേശത്തിൽ സൂചിപ്പിച്ചു. സിബിസിഐ അല്മായ കൗൺസിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ, കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജോബി ആന്റണി മൂലയിൽ എന്നിവർ പ്രസംഗിച്ചു.

സഭയുടെ വിവിധ രൂപതകളിൽ നിന്നായി 45 ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുകയും ചെയ്തു. എല്ലാ രൂപതകളിലും പിതൃവേദി രൂപീകരിക്കുക, വിവാഹ ഒരുക്ക കോഴ്‌സിന്റെ സിലബസ് പരിഷ്കരിക്കുക, വയോധികരെയും ഏകാന്തത അനുഭവിക്കുന്നവരെയും ചേർത്തു പിടിക്കുക, ജോലിക്കും പഠനത്തിനുമായി വിദേശങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങളെ സഭയോട് ചേർത്തുനിർത്താനുള്ള അനുധാവന പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടു. കമ്മീഷൻ എക്സിക്യൂട്ടിവ് അംഗങ്ങളായ ഫാ. ഫിലിപ്പ് കവിയിൽ, ഫാ. മാത്യു ഓലിക്കൽ, ഫാ. ഡെന്നി താണിക്കൽ, ഫാ. ലോറൻസ് തൈക്കാട്ടിൽ, സാബു ജോസ്, ഡെയ്സൺ പാണേങ്ങാടൻ, ബീന ജോഷി, ആൻസി ചേന്നോത്ത്, ടോണി ചിറ്റിലപ്പള്ളി എന്നിവർ നേതൃത്വം നൽകി.

നിങ്ങൾ വിട്ടുപോയത്