കൊച്ചി:കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കര്‍മ്മലീത്താ സന്യാസിനിമാര്‍ പരിശുദ്ധ അമ്മയ്ക്കു കാഴ്ചയൊരുക്കിയ സംഗീതാവിഷ്കാരം സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നു.
സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയ നന്മ നേരും അമ്മ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിലെടക്കം ഇപ്പോള്‍ നിറയുന്നത്. സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍ രൂപപ്പെടുത്തിയ ഗാനമാണിത്. കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനമായ 16നു സോഷ്യല്‍മിഡിയയിലൂടെ ഒഴുകിയിറങ്ങിയ ഗാനം ചുരുങ്ങിയ ദിനം കൊണ്ടു നൂറുക്കണക്കിനാളുകള്‍ ആസ്വദിച്ചു കഴിഞ്ഞു.
കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സിസ്റ്റേഴ്സാണ് ഗാനം ഒരുക്കിയത്. വളരെ വ്യത്യസ്തമായി സംഗീതാവിഷ്്ക്കാരം ഒരുക്കുന്നതില്‍ ഇവര്‍ വിജയിച്ചിരിക്കുന്നുവെന്നാണ് സോഷ്യല്‍മിഡിയ സാക്ഷ്യപ്പെടുത്തുന്നത്.
സംഗീത ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ 138 ഓളം ട്രാക്കുകളിലായി കൈ കൊണ്ടും വായ് കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ഉപയോഗിച്ചുള്ള ഒരു ഗാനമാണിത്. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ അധ്യാപകനായ സാജോ ജോസഫാണ് ഗാനത്തിന്റെ മ്യൂസിക് അറേഞ്ച്മെന്റ്സും കാമറയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സാജോ ജോസഫിന്റെ പ്രത്യേക കഴിവും ഇവിടെ പ്രകടമാണ്. സംഗീതം പഠിക്കാതെ തന്നെ ഈ ഗാനത്തെ ഇത്രയും മനോഹരമാക്കിയത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. സംഗീതം, ഹാര്‍മണി ഇവയെല്ലാം മനോഹരമായി അക്കാപ്പെല്ല രൂപത്തില്‍ ആക്കികൊണ്ട് ഈ ഗാനത്തെ ഏകോപിപ്പിച്ചത് ഇദ്ദേഹമാണ്.
കോതമംഗലം പാവനാത്മ പ്രൊവിന്‍സിലെ സിസ്റ്റേഴ്സ് ആണ് ഗാനത്തിന്റെ പ്രൊഡക്ഷന്‍ നിര്‍വഹിച്ചത്. ഈ പ്രൊവിന്‍സിന്റെ കീഴിലുള്ള 20 സിസ്റ്റേഴ്സാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാവനാത്മ പ്രൊവിന്‍സിലെ മീഡിയ വിഭാഗത്തിലെ സിസ്റ്റേഴ്സ് തന്നെ ഗാനത്തിന്റെ കാമറയിലും എഡിറ്റിങ്ങിലുമെല്ലാം സാജോയോടൊപ്പം പങ്കു ചേര്‍ന്നിട്ടുണ്ട്.ഈ ഗാനത്തിന്റെ ടെക്നിക്കല്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സിസ്റ്റര്‍ ദീപ്തി, സിസ്റ്റര്‍ സാഫല്യ,സുബാഷ് സുബാന് എന്നിവര്‍ സാജോയൊടൊപ്പം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
നന്മ നേരും അമ്മ എന്ന ഗാനം കേള്‍ക്കാത്തവരില്ല.1977ല്‍ പി. ഭാസ്ക്കരന്‍ മാഷെഴുതിയ കാരുണ്യത്തിന്റെ ഈ മഹാഗാനം ചിട്ടപ്പെടുത്തിയത് ബംഗാളിയായ സലില്‍ ചൗധരിയാണ്.അപരാധി എന്ന സിനിമയ്ക്കു വേണ്ടി ഒരുകോണ്വന്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനമാണിത്. ഇപ്പോള്‍ അക്കാപ്പെല്ല രീതിയില്‍ പുറത്തിറങ്ങുന്നതും ഒരു സന്യാസസമുഹത്തില് നിന്നാണെന്ന പ്രത്യേകതയുമുണ്ട്.
പാവനാത്മാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. നവ്യാ മരിയയുടെയും കൗണ്‍സിലേഴ്സിന്റെയും മീഡിയ ഹെഡായ സിസ്റ്റര്‍ മരിയാന്സിയുടെയും എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് ഈ ഗാനം ഇത്രയും മനോഹരമാക്കാന്‍ സഹായകരമായതെന്നു സാജോ ജോസഫ് വെളിപ്പെടുത്തുന്നു.
കര്മലമാതാവിന്റെ തിരുനാളില്‍ വ്യത്യസ്തമായ ഒരു സമ്മാനം പരിശുദ്ധ അമ്മയ്ക്കു കാഴ്ചവയ്ക്കണമെന്നായിരുന്നു സിസ്റ്റേഴ്സിന്റെ ആഗ്രഹം. നന്മ നേരും അമ്മ എന്ന ഇത്രയും കരുണ നിറഞ്ഞതും മെലഡിയുമായ പാട്ടു ആദ്യം തെരഞ്ഞെടുത്തു. പിന്നീട് കീബോര്‍ഡ് ട്രാക്കുചെയ്തെടുത്തു. ഒരു ദിവസം പ്രാക്ടീസ് കൊടുത്തു. രണ്ടാമത്തെ ദിവസം റെക്കോര്‍ഡ് ചെയ്തു. ഒരു ദിവസം വീഡിയോ എടുത്തു. നാലു ദിവസം എഡിറ്റിംഗ്്. ഇത്രയും ദിവസമേ എടുത്തുള്ളൂവെന്നു സാജോ പറയുന്നു. 16നു സിഎംസി വിഷനിലാണ് ആദ്യം വന്നത്. ഏതായാലും ധാരാളം പേര് വിവിധ ഗ്രൂപ്പുകളില്‍ ലിങ്ക് എടുത്തിട്ടതോടെ സംഭവം വൈറലായി
കടപ്പാട്

ജോൺസൺ വേങ്ങത്തടം ,ദീപിക