വിശുദ്ധ കുര്‍ബാനയിലെ സമര്‍പ്പണപരമായ മുഖ്യഭാഗമാണ് കൂദാശ അഥവാ അനാഫൊറ. പൗരസ്ത്യസുറിയാനി കുര്‍ബാനക്രമത്തില്‍ മൂന്ന് കൂദാശകളാണ് ഉപയോഗിച്ചുവരുന്നത്: ഒന്നാമത്തെ കൂദാശ (മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശ), രണ്ടാമത്തെ കൂദാശ (മാര്‍ തെയദോറിന്‍റെ കൂദാശ), മൂന്നാമത്തെ കൂദാശ (മാര്‍ നെസ്തോറിയസിന്‍റെ കൂദാശ). പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കൂദാശക്രമമാണ് മാര്‍ നെസ്തോറിയസിന്‍റേത്. വളരെ ആഘോഷപൂര്‍വകമായ ഈ കൂദാശക്രമം ആരാധനക്രമവത്സരത്തിലെ അഞ്ച് ദിവസങ്ങളിലാണ് ഉപയോഗിച്ചിരുന്നത്. ദനഹാ, വിശുദ്ധ യോഹന്നാന്‍ മാംദാനായുടെ വെള്ളിയാഴ്ച, ഗ്രീക്ക് മല്പാൻമാരുടെ ഓര്‍മ, മൂന്നുനോമ്പിലെ ബുധനാഴ്ച, പെസഹാ വ്യാഴാഴ്ച എന്നിവയാണ് ഈ ദിവസങ്ങള്‍.

1. മൂന്നാമത്തെ കൂദാശയുടെ പുനരുദ്ധാരണംമാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ കുര്‍ബാനക്രമത്തില്‍ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും പേരിലുള്ള ഒന്നാമത്തെ കൂദാശക്രമം മാത്രം മതിയെന്ന് നിശ്ചയിച്ച ഉദയംപേരൂര്‍ സൂനഹദോസ് (1599) മാര്‍ തെയദോറിന്‍റെയും മാര്‍ നെസ്തോറിയസിന്‍റെയും പേരിലറിയപ്പെടുന്ന കൂദാശകളുടെ ഉപയോഗം നിര്‍ത്തലാക്കി. എന്നാല്‍ സീറോ മലബാര്‍ കുര്‍ബാനയുടെ പുനരുദ്ധാരണവേളയില്‍ മാര്‍ തെയദോറിന്‍റെയും മാര്‍ നെസ്തോറിയസിന്‍റെയും കൂദാശകളും പുനരുദ്ധരിച്ചു ചേര്‍ക്കണമെന്ന് 1957ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചു. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘം 1962, 1969, 1983 വര്‍ഷങ്ങളില്‍ ഈ രണ്ട് കൂദാശകളും പുനരുദ്ധരിച്ച് ഉപയോഗിച്ചു തുടങ്ങേണ്ടതിന്‍റെ ആവശ്യകത അനുസ്മരിപ്പിച്ചിരുന്നു. 1986ല്‍ സീറോ മലബാര്‍ കുര്‍ബാനയുടെ പുനരുദ്ധരിക്കപ്പെട്ട റാസക്രമവും 1989ല്‍ ആഘോഷപൂര്‍വകമായ ക്രമവും സാധാരണക്രമവും നടപ്പിലാക്കിയതിനെത്തുടര്‍ന്ന് മാര്‍ തെയദോറിന്‍റെയും മാര്‍ നെസ്തോറിയസിന്‍റെയും കൂദാശകള്‍ പുനരുദ്ധരിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 2012ല്‍ സീറോമലബാര്‍ സിനഡിന്‍റെയും പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്‍റെയും അംഗീകാരം ലഭിച്ച മാര്‍ തെയദോറിന്‍റെ കൂദാശക്രമം 2013 ആഗസ്റ്റ് 15ന് പ്രാബല്യത്തില്‍വന്നു.മാര്‍ നെസ്തോറിയസിന്‍റെ കൂദാശയുടെ ടെക്സ്റ്റ് ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്‍ററിന്‍റെയും സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റിയുടെയും സബ്കമ്മിറ്റികളുടെയും തലങ്ങളില്‍ സുദീര്‍ഘമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് പുനരുദ്ധരിച്ചത്. മൂന്നാമത്തെ കൂദാശയുടെ മൂലരൂപത്തോട് പരമാവധി വിശ്വസ്തത പുലര്‍ത്തിക്കൊണ്ടുതന്നെ കാലോചിതമായ മാറ്റങ്ങള്‍ പ്രാര്‍ത്ഥനകളില്‍ വരുത്തിയിട്ടുണ്ട്. ഈ കൂദാശക്രമത്തിന്‍റെ ദൈര്‍ഘ്യം പരിഗണിച്ച് പ്രാര്‍ത്ഥനകളുടെ ചിലഭാഗങ്ങള്‍ ഐച്ഛികമായി കൊടുത്തിരിക്കുന്നു. ഒരേ ആശയത്തിന്‍റെ സ്പഷ്ടമായ ചില ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും അവ്യക്തങ്ങളായ ചില പദങ്ങള്‍ക്കുപകരം ലളിതമായ പദങ്ങള്‍ ചേര്‍ക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കേണ്ടതിനായി കൂദാശക്രമത്തിന്‍റെ പൊതുഘടനയില്‍പ്പെട്ട ചില ഘടകങ്ങളെ (പ്രാര്‍ത്ഥനാഭ്യര്‍ഥനകള്‍, ശുശ്രൂഷിയുടെ ആഹ്വാനങ്ങള്‍, സമൂഹത്തിന്‍റെ പ്രത്യുത്തരങ്ങള്‍) മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശയിലെപ്പോലെതന്നെ നിലനിറുത്തിയിട്ടുണ്ട്. മാര്‍ നെസ്തോറിയസിന്‍റെ കൂദാശയുടെ പുനരുദ്ധരിച്ച ക്രമത്തിന് 2017 ജനുവരി സിനഡ് അംഗീകാരം നല്കുകയും തുടര്‍ന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ അംഗീകാരത്തിനായി റോമിലേക്ക് അയയ്ക്കുകയും ചെയ്തു. 2018 ജൂണ്‍ 19ന് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം ഈ കൂദാശക്രമത്തിന് പരീക്ഷണാര്‍ഥം ഉപയോഗിക്കുവാനുള്ള അംഗീകാരം നല്കി. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഗസ്റ്റ് 4ന് നല്കിയ ഡിക്രി പ്രകാരമാണ് ഈ കൂദാശക്രമം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്

.2. മൂന്നാമത്തെ കൂദാശയുടെ രചയിതാവ്മാര്‍ നെസ്തോറിയസിന്‍റെ പേരിലാണറിയപ്പെടുന്നതെങ്കിലും ഈ കൂദാശയുടെ രചയിതാവ് നെസ്തോറിയസ് അല്ല എന്നാണ് ഈ കൂദാശയെക്കുറിച്ച് ആധികാരിക പഠനം നടത്തിയ പണ്ഡിതډാരുടെ അഭിപ്രായം. മൂന്നാമത്തെ കൂദാശയുടെ ഘടന, സെമിറ്റിക്, പൗരസ്ത്യസുറിയാനി ദൈവശാസ്ത്രപ്രമേയങ്ങളുടെ സാന്നിദ്ധ്യം എന്നിവ നെസ്തോറിയസ് അല്ല ഇതിന്‍റെ രചയിതാവ് എന്നതിന് തെളിവുകളാണ്. എ.ഡി. 540-552 കാലയളവില്‍ പൗരസ്ത്യസുറിയാനി പാത്രിയാര്‍ക്കീസായിരുന്ന മാര്‍ ആബായാണ് ഈ കൂദാശയുടെ രചയിതാവെന്ന് പൊതുവേ കരുതപ്പെട്ടിരുന്നു. മാര്‍ ആബാ പാത്രിയര്‍ക്കീസ് എ.ഡി. 540-552 കാലയളവില്‍ ബൈസാന്‍സിയത്തിലേക്ക് (കോണ്‍സ്റ്റാന്‍റിനോപ്പിള്‍) പോവുകയും മാര്‍ നെസ്തോറിയസിന്‍റെ ഗ്രീക്കു ലിറ്റര്‍ജി സുറിയാനിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തുവെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന കയ്യെഴുത്തുപ്രതിയുടെ തലക്കെട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. തډൂലം നെസ്തോറിയസിന്‍റെ അനാഫൊറ ഒരു ഗ്രീക്ക് അനാഫൊറയുടെ വിവര്‍ത്തനമാണെന്ന് ഒരു വിഭാഗം ആരാധനക്രമപണ്ഡിതര്‍ വാദിക്കുന്നു. ഈ കൂദാശക്രമത്തിന് വിശുദ്ധ ജോണ്‍ ക്രിസോസ്തോമിന്‍റെയും വിശുദ്ധ ബേസിലിന്‍റെയും ഗ്രീക്ക് അനാഫൊറകളുമായി സാമ്യമുണ്ട് എന്ന വസ്തുത ഈ വാദത്തെ പിന്തുണയ്ക്കുന്നു. ചില പണ്ഡിതരുടെ അഭിപ്രായമനുസരിച്ച് നെസ്തോറിയോസ് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ പാത്രിയാര്‍ക്കീസായിരുന്ന കാലത്ത് ഉപയോഗത്തിലിരുന്നതും പില്ക്കാലത്ത് അദ്ദേഹത്തിന്‍റെ ശിഷ്യډാര്‍ സുറിയാനിയിലേക്ക് വിവര്‍ത്തനം ചെയ്തതുമാകാം ഈ അനാഫൊറ. മാര്‍ അദ്ദായി മാര്‍ മാറി, മാര്‍ തിയദോര്‍ എന്നീ കൂദാശക്രമങ്ങളുമായും മാര്‍ നെസ്തോറിയസിന്‍റെ കൂദാശക്രമത്തിന് വളരെ സാമ്യങ്ങളുണ്ട്. അഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതും നര്‍സായിയുടെ പേരിലറിയപ്പെടുന്നതുമായ പതിനേഴാമത്തെ പ്രസംഗത്തിലും ഈ കൂദാശയുടെ ഘടകങ്ങള്‍ക്കു സദൃശമായ ഘടകങ്ങളുണ്ട്. തډൂലം നര്‍സായി വ്യാഖ്യാനിക്കുന്നത് നെസ്തോറിയസിന്‍റെ കൂദാശയാണെന്ന് വാദിക്കുന്ന പണ്ഡിതരും ഉണ്ട്. മാര്‍ ആബായുടെ സന്ദര്‍ശനസമയത്ത് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ നിലവിലിരുന്നതും സുറിയാനി പാരമ്പര്യത്തിലെ പല ഘടകങ്ങളും കൂട്ടിച്ചേര്‍ത്ത് അദ്ദേഹം നവീകരിച്ചതുമായ ഒന്നാണ് മാര്‍ നെസ്തോറിയസിന്‍റെ പേരിലറിയപ്പെടുന്ന ഈ കൂദാശക്രമമെന്നാണ് പൊതുവേയുളള നിഗമനം.

3. മൂന്നാമത്തെ കൂദാശയുടെ സവിശേഷതയും ദൈവശാസ്ത്ര പ്രാധാന്യവുംമൂന്നാമത്തെ കൂദാശക്രമം പൂര്‍ണമായും വികസിച്ചതും ദൈവശാസ്ത്ര ചിന്തകളാല്‍ സമ്പന്നവുമാണ്. ഈ കൂദാശക്രമത്തില്‍ ക്രിസ്തുവിജ്ഞാനീയപരവും റൂഹാവിജ്ഞാനീയപരവും യുഗാന്ത്യവിജ്ഞാനീയപരവുമായ ധാരാളം അമൂല്യചിന്തകള്‍ ഒളിഞ്ഞുകിടപ്പുണ്ട്. മൂന്നാമത്തെ കൂദാശക്രമത്തിന് മറ്റുരണ്ടു പൗരസ്ത്യസുറിയാനി കൂദാശക്രമങ്ങളുടെ ഘടനതന്നെയാണുള്ളത്. പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും കൂദാശകള്‍പോലെതന്നെ മാര്‍ നെസ്തോറിയസിന്‍റെ കൂദാശയും വിശ്വാസസംബന്ധമായും ദൈവശാസ്ത്രപരമായും ഭദ്രമായ ഒന്നാണെന്ന് ഈ കൂദാശയെക്കുറിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂദാശയിലെ ക്രിസ്തുവിജ്ഞാനീയപരവും റൂഹാവിജ്ഞാനീയപരവും സഭാവിജ്ഞാനീയപരവും കുര്‍ബാനവിജ്ഞാനീയപരവുമായ ആശയങ്ങള്‍ സത്യവിശ്വാസത്തോടു ചേര്‍ന്നുപോകുന്നതും സ്പഷ്ടമായ വിശുദ്ധഗ്രന്ഥാടിസ്ഥാനമുള്ളതുമാണ്. സഭയുടെ ദൈവാരാധനയാകുന്ന ആധ്യാത്മികസമ്പത്തിന്‍റെ നിക്ഷേപാ ലയമാണ് ഓരോ കൂദാശക്രമവും. അതുകൊണ്ടുതന്നെ നമ്മുടെ സഭയുടെ മൂന്ന് കൂദാശക്രമങ്ങളും ഉപയോഗിക്കുന്നത് ഏറെ അഭിലഷണീയമാണെന്ന് മാത്രമല്ല ആധ്യാത്മികവളര്‍ച്ചയ്ക്ക് ഉപകാരപ്രദവുമാണ്. രണ്ടാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലോ മൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലോ രൂപംകൊണ്ടതും ക്രൈസ്തവസഭയുടെ പ്രാരംഭകാല ചിന്താശൈലികള്‍ പിന്തുടരുന്നതുമായ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശ ക്രൈസ്തവ സഭകളില്‍ ഏറ്റവും ശ്രദ്ധയര്‍ഹിക്കുന്നതും വിശിഷ്ടവുമായ ഒരു കൂദാശയാണെന്നതില്‍ തര്‍ക്കമില്ല. എങ്കിലും ഈ കൂദാശയെക്കാള്‍ വളരെയേറെ ദൈവശാസ്ത്രവികാസം പ്രാപിച്ചതും തന്നിമിത്തം ആഴമേറിയ വിശ്വാസപ്രഘോഷണത്തിന് ആരാധനാസമൂഹത്തെ സഹായിക്കുന്നതു മാണ് മാര്‍ നെസ്തോറിയസിന്‍റെ കൂദാശ.ഈ കൂദാശയുടെ ആരംഭത്തില്‍ തന്നെയുള്ള ഭാഷണകാനോനയില്‍ വ്യക്തമായ യുഗാന്ത്യോډുഖ ചിന്തകള്‍ കാണുവാന്‍ കഴിയും. മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശയില്‍ ‘നിങ്ങളുടെ വിചാരങ്ങള്‍ ഉന്നതത്തിലേക്ക് ഉയരട്ടെ’ എന്ന ഹ്രസ്വമായ ആശംസയ്ക്കുപകരം ദീര്‍ഘവും യുഗാന്ത്യോډുഖചിന്തയാല്‍ സമ്പന്നവും ദൈവശാസ്ത്രവികാസം കൈവന്ന തുമായ ഒരു ആശംസയാണ് നെസ്തോറിയസിന്‍റെ കൂദാശക്രമത്തിലുള്ളത്. ‘ഞങ്ങള്‍ ഇടറിവീഴുകയും യാചിക്കുകയും ചെയ്തപ്പോള്‍ അങ്ങ് ഞങ്ങളെ എഴുന്നേല്പ്പിക്കുകയും നവീകരിക്കുകയും വീണ്ടെടുക്കുകയും ചെയ്തു. അങ്ങ് ഞങ്ങളെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി. വരുവാനുള്ള രാജ്യം അങ്ങ് കരുണയാല്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്തു.’ രണ്ടാം പ്രണാമജപത്തിലെ ഈ ഏറ്റുപറച്ചില്‍ യുഗാന്ത്യോډുഖപ്രതീക്ഷ നമ്മില്‍ നിറയ്ക്കുന്നതാണ്. എന്‍റെ പ്രത്യാഗമനംവരെ എന്‍റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇപ്രകാരം ചെയ്യുവിന്‍ എന്നാണ് സ്ഥാപന വാക്യങ്ങള്‍ക്കുശേഷം കാര്‍മികന്‍ ചൊല്ലുന്നത്.ڇമാമ്മോദീസായില്‍ തന്നോടൊത്ത് മരിച്ച് സംസ്ക്കരികപ്പെട്ടവരെ തന്‍റെ വാഗ്ദാനമനുസരിച്ച് ഉയിര്‍പ്പിച്ച് തന്നോടൊത്ത് സ്വര്‍ഗത്തില്‍ ഉപവിഷ്ടരാക്കി എന്ന് മൂന്നാം പ്രണാമജപത്തില്‍ കാര്‍മികന്‍ പ്രാര്‍ത്ഥിക്കുന്നു. പൗരസ്ത്യസുറിയാനി ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ഉത്തമനിദര്‍ശനങ്ങള്‍ ഈ കൂദാശക്രമത്തില്‍ കാണാം. ഈശോ മിശിഹാ പൂര്‍ണദൈവവും പൂര്‍ണമനുഷ്യനും ആണെന്ന വിശുദ്ധ ഗ്രന്ഥപ്രബോധനംതന്നെയാണ് ഈ കൂദാശയിലെ പ്രാര്‍ഥനകളിലുള്ളത്. മിശിഹായുടെ ശൂന്യവത്ക്കരണത്തിന് ഊന്നല്‍ നല്കുന്ന പൗലോസ്ശ്ലീഹായുടെ മിശിഹാവിജ്ഞാനീയത്തിന്‍റെ (ഫിലി 2:6-7) വ്യക്തമായ സ്വാധീനം മൂന്നാം ഗ്ഹാന്തപ്രാര്‍ത്ഥനയില്‍ കാണാം: “അങ്ങയോടുള്ള സമാനത നിലനിറുത്തേണ്ട കാര്യമായി പരിഗണിക്കാതെ അവന്‍ തന്നത്തന്നെ ശൂന്യനാക്കി ദാസന്‍റെ രൂപം സ്വീകരിച്ച് വിവേകവും ബുദ്ധിയുമുള്ള അമര്‍ത്ത്യമായ ആത്മാവോടും മര്‍ത്ത്യമായ ശരീരത്തോടുംകൂടെ പരിപൂര്‍ണമനുഷ്യനായി സ്ത്രീയില്‍നിന്ന് ജാതനായി. നിയമത്തിന് അധീനരായവരെ ഉദ്ധരിക്കുവാന്‍ നിയമത്തിന് വിധേയനാവുകയും ചെയ്തു.” ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനത്തില്‍ കാണുന്ന സ്ത്രീയില്‍നിന്നുള്ള ദൈവപുത്രന്‍റെ ജനനം (ഗലാ 4:4) എന്ന ആശയം മൂന്നാം ഗ്ഹാന്തപ്രാര്‍ത്ഥനയില്‍ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. മൂന്നാമത്തെ കൂദാശക്രമത്തിലെ റൂഹാക്ഷണപ്രാര്‍ത്ഥന താരതമ്യേന ദൈര്‍ഘ്യമേറിയതും ദൈവശാസ്ത്രചിന്തകളാല്‍ വളരെ സമ്പന്നവുമാണ്. പരിശുദ്ധ റൂഹായുടെ കൃപ എഴുന്നള്ളിവന്ന് അപ്പത്തെയും കാസയെയും വാഴ്ത്തി വിശുദ്ധീകരിച്ച് മിശിഹായുടെ ശരീരവും രക്തവുമാക്കി പൂര്‍ത്തീകരിക്കണമെന്ന് റൂഹാക്ഷണപ്രാര്‍ത്ഥനയുടെ സമയത്ത് കാര്‍മികന്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പവിത്രീകരണധര്‍മത്തെക്കുറിച്ച് നാലാം ഗ്ഹാന്തയില്‍ വ്യക്തമായ സൂചനയുണ്ട്. പവിത്രീകരണഫലമായി ആരാധനസമൂഹത്തിനുണ്ടാകേണ്ട ഗാഢമായ കൂട്ടായ്മയെക്കുറിച്ച് റൂഹാക്ഷണപ്രാര്‍ത്ഥനയില്‍ പ്രതിപാദിക്കുന്നു: ഏക പ്രത്യാശയില്‍ ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നപ്രകാരം ഏകശരീരവും ഏകആത്മാവുമായിത്തീരുവാന്‍ തക്കവിധം സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ബന്ധത്താല്‍ ഞങ്ങളെ അന്യോന്യം യോജിപ്പിക്കണമേ.ڈഗ്രീക്ക് അനാഫൊറകളുമായി ഘടനയിലും ഉള്ളടക്കത്തിലും ബന്ധമുണ്ടായിരിക്കാമെങ്കിലും മാര്‍ നെസ്തോറിയസിന്‍റെ കൂദാശയില്‍ മിഴിവാര്‍ന്നുകാണുന്നത് പൗരസ്ത്യസുറിയാനി പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ആരാധനക്രമശൈലികളും ദൈവശാസ്ത്രചിന്തകളുമാണ്. പൗരസ്ത്യസുറിയാനി ആരാധനക്രമദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ഉദാഹരണമായി മാര്‍ നെസ്തോറിയസിന്‍റെ കൂദാശയെ മനസ്സിലാക്കാം. ഭക്തിദ്യോതകവും ധ്യാനാത്മകവുമായ ലളിതവിവരണങ്ങളുള്ള ഈ കൂദാശയുടെ പ്രാര്‍ത്ഥനകള്‍ വിശ്വാസപ്രഘോഷണത്തിനും വിശ്വാസജീവിതത്തിനും വലിയ പ്രചോദനമായിത്തീരുമെന്നതില്‍ സംശയമില്ല. ഈശോമിശിഹായുടെ പെസഹാരഹസ്യത്തിന്‍റെ ആഘോഷത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണവും അനുഭവവേദ്യവുമാക്കുവാന്‍ മാര്‍ നെസ്തോറിയസിന്‍റെ പേരിലുള്ള മൂന്നാമത്തെ കൂദാശക്രമത്തിന് സാധിക്കും എന്നാണ് സഭയുടെ ഉത്തമബോധ്യം.

ഇലവനാല്‍ മാർ തോമ്മാ മെത്രാൻ.

നേരത്തേ പോസ്റ്റ് ചെയ്തിട്ടുള്ളത്.

കൊടുങ്ങല്ലൂരിലെ നസ്രാണി മക്കൾ

നിങ്ങൾ വിട്ടുപോയത്