ലോകത്തിലെ ചില രാജ്യങ്ങളെ മറ്റു സാമ്രാജ്യശക്തികളുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുവാൻ നേതൃത്വം നൽകിയവരെ ‘മഹാത്മാക്കൾ’ എന്നു ലോകം വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലോകം മുഴുവനെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച നസ്രത്തിലെ യേശുവിനെ നാം എന്തു വിളിക്കണം? സകലമനുഷ്യർക്കും വേണ്ടി യേശു നേടിത്തന്ന സ്വാതന്ത്ര്യവും രക്ഷയും മനുഷ്യബുദ്ധിക്കു ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.

ലോകം നമ്മുടെ മുൻപിൽ വയ്ക്കുന്ന ‘സ്വാതന്ത്ര്യം’ നമ്മെ യഥാർത്ഥത്തിൽ നന്മയിലേക്കു നയിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ എന്താണ് നന്മയിലേക്കു നയിക്കുന്ന സ്വാതന്ത്ര്യം? ക്രിസ്തു തന്‍റെ മഹത്ത്വപൂര്‍ണ്ണമായ കുരിശുവഴി എല്ലാ മനുഷ്യരുടെയും രക്ഷ നേടി. അടിമത്വത്തില്‍ പിടിച്ചു നിറുത്തിയിരുന്ന പാപത്തില്‍ നിന്ന്‍ അവരെ അവിടുന്ന് വീണ്ടെടുത്തു. ഇപ്രകാരം ലോകരക്ഷകനായ ക്രിസ്തു, അവിടുത്തെ കുരിശുമരണത്താലും ഉത്ഥാനത്താലും നമ്മെ സ്വതന്ത്രരാക്കി. സ്വർഗ്ഗാരോഹണം ചെയ്ത നമ്മുടെ കർത്താവ് തന്റെ ആത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിയുന്നു. യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരു മനുഷ്യൻ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് എപ്പോൾ കടന്നുവരുന്നുവോ, അപ്പോൾ മുതൽ അവൻ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങും. ഈ സ്വാതന്ത്ര്യത്തിനു മാത്രമേ ലോകം മുഴുവനെയും നന്മയിലേക്കു നയിക്കുവാൻ സാധിക്കൂ.

നമ്മുടെ അനുദിന ജീവിതത്തിൽ, ലോകത്തിൽ നിന്നുള്ള ഞെരുക്കളും നിയന്ത്രണങ്ങളും നേരിടുന്ന തരത്തിലുള്ള നിരവധി പരീക്ഷണങ്ങളിലൂടെ നാം കടന്നുപോകുന്നു. ലോകം നമ്മൾക്കു നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരിക്കലും ഈ പരീക്ഷകളെ അതിജീവിക്കാൻ സാധ്യമല്ല. ക്രിസ്തുവിന്റെ ആത്മാവു നൽകുന്ന സ്വാതന്ത്ര്യം എല്ലാവിധ പരീക്ഷണങ്ങളെയും അതിജീവിച്ചുകൊണ്ട് നന്മയിലേക്കു വളരാൻ നമ്മെ ശക്തരാക്കുന്നു. ക്രിസ്തുവിന്റെ ആൽമാവിന്റെ ശക്തിയാൽ പരിശുദ്ധാത്മാവ് നമ്മെ ആധ്യാത്മിക സ്വാതന്ത്ര്യം പരിശീലിപ്പിക്കുന്നു. ലോകം മുഴുവൻ ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നതിനുവേണ്ടി നമ്മൾക്കു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്