ചിന്തിച്ചുറച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾത്തന്നെ, ആരോഗ്യകരമായ സംവാദത്തിനായി നിലകൊണ്ട അനുപമനായ കമ്യൂണിക്കേറ്റർ ആയിരുന്നൂ മാർ ജോസഫ് പവ്വത്തിൽ പിതാവ്.

ആ സംവാദാത്മകത ഏറ്റവും അടുത്തറിഞ്ഞ മണിക്കൂറുകൾ ആയിരുന്നൂ 2007-ൽ “സഭയെപ്രതി” എന്ന പുസ്തകത്തിന്റെ നിർമാണവേളയിൽ ഞങ്ങൾ അദ്ദേഹവുമായി ചെലവിട്ട ദിവസങ്ങളിൽ കടന്നുപോയത്.

സഭകളുടെ തനിമ, ദൈവരാധനയുടെ വിശുദ്ധ ക്രമം, വിശ്വാസത്തിന്റെ സാമൂഹികമാനം, ഭരണഘടനയിലെ ന്യൂനപക്ഷാവകാശം തുടങ്ങി മാർ ജോസഫ് പവ്വത്തിലിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന എല്ലാ പ്രധാന വിഷയങ്ങളിലെയും അദ്ദേഹത്തിന്റെ നിലപാടുകൾ ഭാവിതലമുറകൾക്കായി രേഖപ്പെടുത്തിയ ഒരു പുസ്തകം എന്നതായിരുന്നു താല്പര്യം. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, പ്രബന്ധങ്ങൾ, ആഗോള സിനഡിലെ ഇടപെടലുകൾ, പത്ര -മാസികാലേഖനങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് എതിരെ അച്ചടിക്കപ്പെട്ടവയും പരിശോധിച്ച് ഞങ്ങൾ തയ്യാറാക്കിയ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചതിന്റെ ഉള്ളടക്കം പോലെതന്നെ പ്രധാനമായിരുന്നൂ അദ്ദേഹത്തിന്റെ ശരീരഭാഷയും ചിരിയും ഗൗരവവും എല്ലാം.
കമ്യൂണിക്കേഷൻ ഉള്ളടക്കത്തെപ്പോലെതന്നെ ഡിസൈനുമാണെന്ന പുതിയ കാലത്തിന്റെ മാധ്യമയാഥാർത്ഥ്യത്തോട് അദ്ദേഹം മുഖംതിരിച്ചു നിന്നില്ല. ചോയ്സ് സാധ്യമാകത്തക്കവിധം കൂടുതൽ ആംഗിളുകളിൽ ഫോട്ടോയെടുക്കാം എന്നു പറഞ്ഞ ചെറുപ്പക്കാരനായ ഫോട്ടോഗ്രാഫറുടെ ഫോട്ടോഷൂട്ടിന് കാൽമണിക്കൂറിലേറെ അനുവദിക്കാനും അദ്ദേഹം തയ്യാറായി. പിതാവ് അതിരൂപതാധ്യക്ഷസ്ഥാനം ഒഴിയുന്ന വേളയിൽ അതിരൂപതാ ഫാമിലി അപ്പൊസ്റ്റലേറ്റിൽനിന്നു (കുടുംബജ്യോതിസ്സ് പബ്ളിക്കേഷൻസ്) പുസ്തകം പ്രസിദ്ധീകരിച്ചു. മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ സ്ഥാനാരോഹണ വേദിയിൽ അന്നത്തെ മുഖ്യമന്ത്രിയും പവ്വത്തിൽ പിതാവിന്റെ ശിഷ്യനുമായ ഉമ്മൻ ചാണ്ടിയാണ് അതു പ്രകാശനം ചെയ്തത്. അവതാരികയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് ഇങ്ങനെ എഴുതി: “സഭയുടെ മനസ്സ് സ്വജീവിത പ്രമാണമാക്കിക്കൊണ്ട് ക്രൈസ്തവജീവിതത്തിന്റെയും സഭാശുശൂഷയുടെയും അജപാലന പ്രേഷിതയത്നങ്ങളുടെയും പ്രബോധനങ്ങളുടെയും ദൈവശാസ്ത്രചിന്തയുടെയും കേന്ദ്രമാക്കി അതിനെ മാറ്റി എന്നതാണ് അഭിവന്ദ്യ പിതാവിന്റെ ഔന്നത്യവും തനിമയും”.
മാധ്യമവിമർശവും മാധ്യമബോധനവും എല്ലാം വേണം, പക്ഷേ ഉത്തരവാദിത്വപൂർണമായ മാധ്യമപ്രവർത്തനത്തിന്റെ പുതിയ രൂപങ്ങൾ സൃഷ്ടിക്കുക അതിലേറെ പ്രധാനമാണ് – അതായിരുന്നൂ പവ്വത്തിൽ പിതാവിന്റെ മാധ്യമദർശനം.
2006-ൽ ഭരണഘടനാപരമായ മതന്യൂനപക്ഷ വിദ്യാഭ്യാസസ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന വിധമുള്ള ഒരു സ്വാശ്രയ വിദ്യാഭ്യാസ ബിൽ നിയമസഭയിൽ സർവകക്ഷിപിന്തുണയോടെ അവതരിപ്പിക്കപ്പെട്ടപ്പോൾ മതന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്ന് സംസാരിക്കാൻ ആദ്യമൊരു മാർ ജോസഫ് പവ്വത്തിൽ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മെത്രാനുമാത്രമേ എതിർപ്പുള്ളൂ, അതൊരു ഒറ്റയാന്റെ ശബ്ദം മാത്രം ആണ് എന്നു പറഞ്ഞ് വിമർശനങ്ങളും പരിഹാസങ്ങളുമുയർന്നപ്പോൾ , അല്ല എന്ന് പറയുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അന്നത്തെ ദീപിക. അന്ന് ബില്ലിന്റെ ഗുണദോഷങ്ങൾ കീറിമുറിച്ചുള്ള ഒരു നാലുപേജ് പത്രമായി വ്യൂസ്പേപ്പർ അച്ചടിച്ച് ഞാൻ പിതാവിനെ ചെന്നുകണ്ടു. മുഴുവൻ വായിച്ചുനോക്കിയ പിതാവ് നേരേ കെ.സി.ബി.സി സമ്മേളനത്തിനു പോയപ്പോൾ അതിന്റെ ആയിരം കോപ്പി സ്വന്തം കാറിൽ പി.ഒ.സി.യിലേക്കു കൊണ്ടുചെന്നു. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലേക്കും അതിന്റെ റിപ്രിന്റ് ഉണ്ടായി. ഒരാഴ്ചകൊണ്ട് ഒന്നര ലക്ഷത്തോളം കോപ്പികൾ. അതു മുൻനിർത്തിയുള്ള ചർച്ചകളിൽനിന്ന് കേരളമെങ്ങും ജാഗ്രതാസമിതികൾ ഉണ്ടായിവന്നു.

സഭയുടെ സാമൂഹികപ്രബോധനത്തിന്റെ വെളിച്ചത്തിൽ പൊതുവിഷയങ്ങൾ സൂക്ഷ്മമായി അപഗ്രഥിക്കുന്ന മാധ്യമപ്രവർത്തനം വേണമെന്നും അതു വെറും ബുള്ളറ്റിൻ പരുവം ആയിരുന്നാൽപ്പോരാ എന്നും സുചിന്തിതമായ നിലപാട് ഉണ്ടായിരുന്നു അദ്ദേഹത്തിന്.
“ചങ്ങനാശേരിക്കാരിൽ പലരും ഒരു എറണാകുളംകാരിയായും എറണാകുളംകാരിൽ പലരും ഒരു ചങ്ങനാശേരിക്കാരിയായും കാണുന്ന അനുഭവത്തോടെ” ആണ് തുടർച്ചയായി രണ്ടു കർദിനാൾമാരുടെ കാലത്ത് സീറോ-മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റിയിൽ ഞാൻ വനിതാ അംഗമായിരുന്നത്. തുടർച്ചയായി രണ്ടു വട്ടം സഭാ അസംബ്ളിയുടെ പഠനരേഖ തയ്യാറാക്കുന്ന സമിതിയിൽ അംഗമായപ്പോഴും (ഒരു വട്ടം സംഘാടകസമിയുടെ ജോയിന്റ് സെക്രട്ടറി) അനുഭവങ്ങൾ ആവഴിക്കു ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ പവ്വത്തിൽ പിതാവിനോടു പറഞ്ഞപ്പോൾ, കാത്തലിക് ഫോറത്തിന്റെ ഒരു പഠനശിബിരത്തിൽ അദ്ദേഹത്തിനു സ്വാഗതം ആശംസിക്കുന്നതിനിടയിൽ ഞാൻ നടത്തിയ ഒരു ഉദ്ധരണി ഒരു ചെറുചിരിയോടെ അദ്ദേഹം എന്നെ തിരിച്ച് ഓർമിപ്പിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സമാപനദിനത്തിൽ ലോകത്തിലെ സകല വനിതകളോടുമായി കൗൺസിൽ പിതാക്കന്മാർ നടത്തിയ ആഹ്വാനം ആയിരുന്നു അത്:
“മനുഷ്യമഹാകുടുംബത്തിന്റെ നേർപകുതി നിങ്ങളാണ്. സ്ത്രീയെ സ്വതന്ത്രയാക്കുകയും മഹത്വപ്പെടുത്തുകയും സ്ത്രീ-പുരുഷ സമത്വം സംസ്ഥാപിക്കുകയും ചെയ്യാൻ സാധിച്ചതിൽ സഭ അഭിമാനം കൊള്ളുന്നു. സ്ത്രീകളുടെ ദൗത്യം പൂർണ്ണമാകുന്ന സമയം, മുമ്പെങ്ങും ഉണ്ടാകാത്തവിധം സ്വാധീനവും അർത്ഥവും ശക്തിയും സ്ത്രീക്കു കൈവരുന്ന ആ സമയം, സമാഗതമായിരിക്കുന്നു. മനുഷ്യവംശം ഒന്നടങ്കം സമൂലമായ പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സുവിശേഷചൈതന്യമുള്ള സ്ത്രീകൾക്ക് മനുഷ്യരാശിയെ അധ:പതനത്തിൽനിന്നു രക്ഷിക്കാൻ വളരെയേറെ ചെയ്യാനുണ്ട്”.

ആറുപതിറ്റാണ്ട് മുമ്പ് സാർവത്രിക എക്യുമേനിക്കൽ സൂനഹദോസ് വിളംബരം ചെയ്ത ആ സ്ത്രീധർമ്മത്തെ ഏറ്റവും ആദരവോടെയാണു പവ്വത്തിൽ പിതാവ് കണ്ടത്. അല്മായർക്കിടയിൽ സ്ത്രീയെന്നും പുരുഷനെന്നുമുള്ള വിവേചനം അദ്ദേഹത്തിന് അചിന്ത്യമായിരുന്നു.

പ്രഫ. ലീന ജോസ് ടി
(എഡിറ്റർ, Viewspaper.in)