പാവറട്ടി: നവീകരണത്തിന് ശേഷം പുതുശോഭയാർന്ന പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾ നടന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത തിരുനാൾ ദിനത്തിലെ പ്രധാന ചടങ്ങായ ആഘോഷമായ പാട്ടു കുർബാനയ്ക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

തിരുനാൾ കുർബാനയിൽ മേജർ ആർച്ച് ബിഷപ്പിനോടൊപ്പം ഫാ. സനൽ മാളിയേക്കൽ, ഫാ. ഇലോയ് ചിറമ്മൽ എന്നിവർ സഹകാർമ്മികരായി. വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക പിന്തുടരുന്നതിനെക്കുറിച്ചും കുടുംബങ്ങളിൽ വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.


തിരുനാൾ ദിനമായ ഇന്ന് പുലർച്ചെ 4.30 മുതൽ രാത്രി 7 മണി വരെ പള്ളിയിൽ നിരന്തരമായി ദിവ്യബലികൾ അർപ്പിക്കപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെ പരിഗണിച്ച് മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ പ്രത്യേക കുർബാനകൾ ക്രമീകരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹം തേടിയും നവീകരിച്ച ദേവാലയത്തിന്റെ വിശുദ്ധി അനുഭവിക്കാനും ആയിരക്കണക്കിന് തീർത്ഥാടകരാണ് പാവറട്ടിയിലേക്ക് ഒഴുകിയെത്തിയത്. ഓരോ ദിവ്യബലികളിലും ജനസാഗരമായിരുന്നു അനുഭവപ്പെട്ടത്. നേർച്ചകൾ സമർപ്പിച്ചും പ്രാർത്ഥനകളിൽ മുഴുകിയും വിശ്വാസികൾ തിരുനാൾ പുണ്യങ്ങൾ ഏറ്റുവാങ്ങി.


തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഫ്രാങ്കോ ഫ്രോണിസ്, ഫാ. അമൽ ചാഴൂർ എന്നിവർ തിരുനാൾ ചടങ്ങുകൾക്കും ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി. നവീകരിച്ച പള്ളിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തിരുനാൾ വിശ്വാസികൾക്ക് കൂടുതൽ ആത്മീയ അനുഭൂതിയാണ് പകർന്നു നൽകി

