“മാർട്ടിനച്ചാ, പിയേറൊ ഞങ്ങളെ വിട്ടു പോയി. ഞങ്ങളിൽ നിന്നും അകലാതിരിക്കാൻ അവസാനം വരെ അവൻ പോരാടി. പക്ഷേ ആ നശിച്ച വൈറസ് അവനെ തോൽപ്പിച്ചു. എന്തായാലും എനിക്കുറപ്പാണ്; സ്വർഗ്ഗരാജ്യത്തിൽ അവൻ വിജയശ്രീലാളിതനായി തന്നെ പ്രവേശിക്കും”.

മതബോധന അധ്യാപികയായ സിൽവിയായുടെ വാട്സ്ആപ്പ് സന്ദേശമാണിത്. അവളുടെ ഭർത്താവിന്റെ വിയോഗത്തെ കുറിച്ചാണ് അവൾ പറയുന്നത്. കോവിഡ് ഒരാളെക്കൂടി സ്വന്തമാക്കിയിരിക്കുന്നു. മരണത്തിന്റെ നിഴലുകളുടെ ഇരുണ്ട നിറം വ്യക്തമായി കണ്ട ഒരു വർഷം കടന്നു പോകുന്നു. ഇന്നലെ വരെ ഉണ്ടായിരുന്ന പല രീതികളും ശൈലികളും ആയിരിക്കില്ല ഇനി വരുന്ന ദിനങ്ങളില്ലെന്നു വ്യക്തമായി ഓർമ്മപ്പെടുത്തിക്കൊണ്ട് കടന്നു പോകുന്നു. നഷ്ടങ്ങളുടെ ഒരു കണക്കെടുപ്പ് മാത്രമേ ഇനി നമുക്ക് നടത്താൻ സാധിക്കു. ശോകം സ്ഥായിയായി നിന്ന ദിനരാത്രങ്ങൾ. അതിനിടയിൽ നിരാധാരമായി നിന്ന യാഥാർത്ഥ്യം പ്രിയപ്പെട്ടവരുടെ ആശുപത്രിവാസവും നഷ്ടപ്പെടലുമാണ്. പലരും ജീവിതത്തിന്റെ സാധാരണതയിൽ നിന്നും പെട്ടെന്നൊരു ദിവസമാണ് എല്ലാവരെയും ഉപേക്ഷിച്ച് ആശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയത്. അതാ, വീട്ടിലേക്ക് ഒരു ആംബുലൻസ് വരുന്നു, കൂടെ നഴ്സുമാരും ഉണ്ട്. ഒരു പുസ്തകമോ ഫോണോ പ്രിയപ്പെട്ടവരുടെ ഒരു ഫോട്ടോയൊ കൂടെ കൊണ്ടു പോകാൻ സാധിക്കാതെ, ശരിക്കും പറഞ്ഞാൽ ഒന്നും തന്നെ ഇല്ലാതെ, ആശുപത്രിയുടെ ഒരു കട്ടിലിൽ ഒതുങ്ങി പോകുന്ന അവസ്ഥ. പ്രിയരെന്നു കരുതിയവർക്ക് ആർക്കും തന്നെ ഇനി അങ്ങോട്ട് പ്രവേശനമില്ല. കോവിഡ് കൊണ്ടുവന്ന ഏറ്റവും വലിയ വേദന അത് ഏകാന്തതയുടെ പാതയിലൂടെ മരണ വാതിലിലേക്ക് പലരെയും തനിയെ നടത്തിച്ചു എന്നതാണ്.

ഇതാണ് നമ്മൾ അനുഭവിച്ച ഏറ്റവും വലിയ ഹീനത. ഒറ്റപ്പെട്ട അവസ്ഥയിലെ മരണം. ഉറ്റവരില്ലാത്ത സംസ്കാരങ്ങൾ. മരണ നേരത്ത് നീയെന്റെ അരികിലുണ്ടായിരുന്നെങ്കിൽ എന്ന പ്രണയാതുരമായ സ്വപ്നങ്ങളെല്ലാം തകിടം മറിഞ്ഞ ദിനങ്ങൾ. അനുരഞ്ജനപ്പെടാനും ക്ഷമിക്കാനും ഒരു ചെറു പുഞ്ചിരി നൽകാനും സാധിക്കാതെ പോയ മരണങ്ങൾ. ഏകാന്തതയിലെ മരണം ചില രോഗികളെ എത്രത്തോളം ഭീതിതമാക്കിയിട്ടുണ്ടാകണം!

ഇനി വീട്ടിലുള്ളവരുടെ അവസ്ഥയൊന്നു ഓർത്തു നോക്കുക. വൈറസ് ബാധിച്ച് അത്യാഹിത വിഭാഗത്തിലേക്ക് ഒരാളെ കൊണ്ടുപോകുമ്പോൾ മുതൽ ചങ്കിടിപ്പ് വർധിക്കുന്നത് അവർക്കാണ്. അവരുടെ ഹൃദയത്തിന്റെ ഒരംശമാണ് ഇപ്പോൾ ആ വാർഡിനുള്ളിൽ ശ്വാസത്തിനുവേണ്ടി പിടയുന്നത്. ഇനി ആ വ്യക്തിയുമായി ഒരു ബന്ധവുമില്ല. ബന്ധപ്പെടാനുള്ള ശ്രമത്തിൽ ഒരു ദിവസം അവരും കേൾക്കും ‘നിങ്ങൾ വിളിക്കുന്ന വ്യക്തി പരിധിക്ക് പുറത്താണ്’. എന്തൊക്കെയോ പറയാനുണ്ടായിരുന്നു പക്ഷേ ഒന്നും പറയാൻ സാധിക്കാതെ പരസ്പരം വേർപിരിയുന്ന അവസ്ഥ. ഇനിയൊരു കണ്ടുമുട്ടൽ സാധ്യമാണോ? അറിയില്ല.

കഴിഞ്ഞ ദിവസമാണ് കാറിനു മുകളിൽ കയറി നിൽക്കുന്ന ഒരു യുവതിയുടെ ചിത്രം ഇറ്റലിയിലെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. കോമോ എന്ന സ്ഥലത്തെ പ്രധാന റോഡിനരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനു മുകളിൽ ഒരു യുവതി കയറി നിൽക്കുന്നു. അതിലൂടെ പോകുന്ന എല്ലാ യാത്രക്കാരും അവളെ ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും അവളത് കാര്യമാക്കുന്നില്ല. റോഡിനപ്പുറത്തുള്ളത് കോവിഡ് ചികിത്സാശുപത്രിയാണ്. അതിന്റെ ഒന്നാമത്തെ നിലയിൽ അവളുടെ അമ്മയുണ്ട്. അത്യാഹിതാവസ്ഥയിലാണ്. ബോധമില്ല. ആ റോഡരികിലെ കാറിന് മുകളിൽ കയറി നിന്നാൽ അവൾക്ക് ചിലപ്പോൾ അമ്മയെ കാണാൻ സാധിക്കും. ചിലപ്പോൾ ബോധം തെളിഞ്ഞ് അമ്മയൊന്ന് തലയുയർത്തിയാൽ ഒരു നോട്ടം മതി. ഒരു മാത്ര ഒന്ന് കണ്ടാൽ മതി… ഈ ദിനങ്ങൾ നമുക്ക് സമ്മാനിച്ച നൊമ്പരങ്ങളുടെ ഒരു പ്രതിബിംബമാണവൾ.

ഹൃദയത്തെ സ്പർശിച്ച മറ്റൊരു ചിത്രം കൂടിയുണ്ട്. 81 വയസ്സുള്ള ജൊവാന്നി എന്ന വൃദ്ധനായ ഒരു ഭർത്താവ് തന്റെ ഭാര്യ കാർലയ്ക്ക് വേണ്ടി കോവിഡ് വാർഡിന്റെ കീഴെ വന്നു അക്കോർഡിയൻ എന്ന സംഗീത ഉപകരണം വായിച്ചു കേൾപ്പിക്കാൻ ശ്രമിക്കുന്ന ചിത്രം. പ്രിയപ്പെട്ടവളെ കാണുവാനൊരവസരമില്ല. അവൾക്കിഷ്ടപ്പെട്ട ഈ സംഗീതം കേൾക്കുമായിരിക്കുമെന്ന പ്രതീക്ഷ മാത്രം. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. സ്നേഹം സംഗീതമായി വേർപാടിന്റെ നൊമ്പരത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. ഹൃദയനേത്രങ്ങൾ പരസ്പരം കണ്ടുമുട്ടുന്ന അനുഭവം. കണ്ണീരുകൾ ഹവിസ്സായി സ്വർഗത്തിലേക്ക് ഉയരുന്നു. ഒപ്പം ഭൂമിയെ ചുട്ടു പൊള്ളിക്കുന്നു. കണക്കില്ലാത്ത മരണങ്ങളിൽ വ്യക്തികൾ വെറും അക്കങ്ങളായി ചുരുങ്ങുന്നു.

മരണത്തിന്റെ മുന്നിൽ നമ്മുടെ നിസ്സഹായവസ്ഥ തൊട്ടറിഞ്ഞ് ഒരു വർഷം. ആരോടും ഒന്നും പറയാതെ പ്രിയപ്പെട്ടവർ അകലുന്നത് കാണുമ്പോൾ ആരോട് പ്രതികരിക്കും? ആർക്കെതിരെ പ്രതിഷേധിക്കും? നിശബ്ദമായി സഹിക്കുക. അത്ര തന്നെ. അപ്പോഴും ചിലർ ആ സഹനവുമായി പുറത്തേക്കിറങ്ങി വരും. കാറിനു മുകളിൽ കയറി നിൽക്കും, അമ്മയെ ഒരു നോക്ക് കാണാനായി. സംഗീതോപകരണവുമായി ആതുരാലയതിനരികിൽ വരും, പത്നിയെ തന്റെ സാന്നിധ്യമറിയിക്കാനായി. നൊമ്പരങ്ങളുടെയുള്ളിലും പ്രണയിനികളുടെ ശരീരഭാഷ നിലനിർത്തുന്നു അവർ.

പ്രിയപ്പെട്ടവരുടെ വേർപാട് ഒരു അംഗഛേദാനുഭവം തന്നെയാണ്. സ്വത്വത്തിന്റെ ഒരുഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. ഇടയ്ക്കൊക്കെ ഫോണെടുത്തു നോക്കുന്നു. വിളിയുണ്ടോ? സന്ദേശമുണ്ടോ? സഹനം സന്ദേഹങ്ങളുണ്ടാക്കുന്നു. ഒന്നിച്ചായിരുന്ന ദിനങ്ങളുടെ ഓർമ്മകൾ. മൂല്യമുള്ള ദിനങ്ങൾ. ഒപ്പം ദുർവ്യയം ചെയ്ത ദിനരാത്രങ്ങളും. എല്ലാം അവസാനിച്ചിരിക്കുന്നു. കാറിനു മുകളിലെ യുവതി… സംഗീതോകരണവുമായുള്ള വൃദ്ധന്റെ ചിത്രം… എന്തൊക്കെയോ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അതെ, നമ്മൾ നമുക്ക് വേണ്ടിയല്ല ജീവിക്കുന്നത്. കൂടെയുള്ളവർക്ക് വേണ്ടിയാണ്. സ്നേഹിക്കുന്നതിനു വേണ്ടിയാണ്. നിർവ്യാജമായ സ്നേഹം മരണത്തെയും അതിജീവിക്കും. മഹാമാരി കാലം നമ്മെ പഠിപ്പിച്ച വലിയൊരു പാഠമാണിത്. ഈ ഗുണപാഠത്തെ നെഞ്ചോട് ചേർത്തു വച്ച് നമുക്ക് പുതുവർഷത്തെ സ്വാഗതം ചെയ്യാം.

///മാർട്ടിൻ N ആന്റണി///

NB : പൂനെ പൊന്തിഫിക്കൽ സെമിനാരിയിലെ മലയാളം അക്കാദമിക് വേണ്ടി എഴുതിയത്.*ചിമിഴ്* – മാഗസിൻ

നിങ്ങൾ വിട്ടുപോയത്