ലിമ: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള മംഗളവാര്‍ത്തയുടെയും, വചനം മാംസമായി കന്യകയുടെ ഉദരത്തില്‍ അവതരിച്ചതിന്റേയും ഓര്‍മ്മദിനമായ മാര്‍ച്ച് 25 മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ദിനമായി ആചരിക്കപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി അര്‍ജന്റീന, ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളില്‍ പ്രോലൈഫ് മാര്‍ച്ചുകള്‍ നടന്നു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ സംഘടിപ്പിച്ച മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ ഇരുപതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്.

ബ്യൂണസ് അയേഴ്സിന് പുറമേ, സാള്‍ട്ടാ, ടുക്കുമാന്‍, ബാഹിയ ബ്ലാങ്ക, കൊറിയന്റസ്, മാര്‍ ഡെ പ്ലാട്ടാ, കൊര്‍ഡോബ, സാന്റിയാഗോ ഡെല്‍ എസ്റ്റെരോ എന്നീ നഗരങ്ങളിലും റാലികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഗര്‍ഭധാരണം മുതല്‍ ജീവന്റെ സംരക്ഷണത്തിനായി വര്‍ഷത്തിലൊരിക്കല്‍ നാമെല്ലാവരും തെരുവിലിറങ്ങുന്ന ദിവസമാണ് മാര്‍ച്ച് 25 എന്ന്‍ അര്‍ജന്റീനയിലെ പ്രോലൈഫ് നേതാവായ അന ബെലെന്‍ മാര്‍മോര പറഞ്ഞു. 2020 ഡിസംബര്‍ 30-നാണ് അര്‍ജന്റീനയില്‍ 14 ആഴ്ചവരെയുള്ള ഭ്രൂണഹത്യ നിയമാനുസൃതമാക്കപ്പെട്ടത്.

മാര്‍ച്ച് 25-ന് ഇക്വഡോറിലെ ക്വിറ്റോ, ഗായാക്വില്‍, കുയന്‍കാ എന്നീ നഗരങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്ത പ്രോലൈഫ് റാലികള്‍ സംഘടിപ്പിച്ചിരിന്നു. ഈ ദിവസം ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ ദിനമായി പ്രഖ്യാപിച്ചു കൊണ്ട് ഇക്വഡോര്‍ പ്രസിഡന്റ് ആല്‍ഫ്രെഡോ പാലാസിയോസ് ഗോണ്‍സാലസ് നേരത്തെ ഡിക്രി പുറത്തിറക്കിയിരുന്നു. ഗര്‍ഭസ്ഥ ശിശു ഒരു കുഞ്ഞു തന്നെയാണെന്ന്‍ ഡിക്രിയില്‍ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. 2021-ല്‍ ഫ്രാന്‍സിസ് പാപ്പ വെഞ്ചരിച്ച് ഇക്വഡോറിലേക്ക് അയച്ച ഭീമന്‍ മണിയും റാലിക്ക് അകമ്പടിയായി ഉണ്ടായിരുന്നു. ഗ്വായാക്വിലില്‍ നടന്ന മാര്‍ച്ചില്‍ എജ്യൂക്കേറ്റ് മൈ ചൈല്‍ഡ് പ്രസ്ഥാനത്തിന്റെ പ്രസിഡന്റായ നെല്‍സണ്‍ മാര്‍ട്ടിനെസ് റാലിയുടെ പത്രിക വായിച്ചു.



പെറുവിലെ ലിമായില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 2018-ന് ശേഷം ഇതാദ്യമായി നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. റാലിയുടെ അവസാനത്തില്‍ ലിമായിലെ മുന്‍ സഹായ മെത്രാനായിരുന്ന അഡ്രിയാനോ ടോമാസിയുടെ പ്രഭാഷണവും, സംഗീത പരിപാടിയും റാലിയെ ആഘോഷമാക്കി മാറ്റി. കോണ്‍ഗ്രസ് അംഗങ്ങളും ലിമ നഗരസമിതി അംഗങ്ങളും റാലിയില്‍ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കുവാന്‍ എത്തിയിരുന്നു.

നിങ്ങൾ വിട്ടുപോയത്