ഞങ്ങൾക്കു മാർപ്പാപ്പാ ചൊല്ലുന്ന കുർബാന മതി എന്നൊക്കെ സിറോ മലബാർ സഭയുടെ അംഗമായി നിന്നുകൊണ്ട് അജ്ഞതയോടെ പറയുന്ന പാവം മനുഷ്യരെ കാണുമ്പോൾ നമ്മുടെ വിശ്വാസ പരിശീലനം പ്രത്യേകിച്ച് വിമത പാതിരികൾ ശുശ്രൂഷ ചെയ്ത എറണാകുളത്ത് എത്രത്തോളം പരാജയമാണെന്നെന്നു മനസിലാക്കാം.

ആഗോള സഭയുടെ തലവൻ ആയിരിക്കുമ്പോൾ തന്നെ മാർപ്പാപ്പാ കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭയായ ലത്തീൻ സഭയുടെ അഥവാ പാശ്ചാത്യ റോമൻ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് ആണ്. അതിനാൽ മാർപ്പാപ്പാ സാധരണയായി അർപ്പിക്കുന്നത് ലത്തീൻ ക്രമത്തിൽ ഉള്ള കുർബാനയാണ്. എന്നാല് പൗരസ്ത്യ സുറിയാനി സഭയായ സീറോ മലബാർ സഭയിൽ അഥവാ മാർത്തോമാ നസ്രാണി സഭയിൽ ഉപയോഗിക്കുന്നത് കൽദായ സുറിയാനി ക്രമമാണ്. ഇതു രണ്ടും രണ്ടു തരത്തിൽ ഉള്ള കുർബാന ക്രമങ്ങളാണ്. ഘടനയിലും പ്രയോഗത്തിലും ആശയങ്ങളീലും സാരമായ വ്യത്യാസങ്ങളുണ്ട്.

ലത്തീൻ കുർബാന ക്രമത്തിൽ നിന്നും കൽദായ സുറിയാനി കുർബാന ക്രമത്തിൽ നിന്നും വ്യത്യസ്തമായി ഗ്രീക്ക്, അർമ്മേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, അന്ത്യോക്യൻ എന്നിങ്ങനെയുള്ള വ്യത്യസ്ത കുർബാനക്രമങ്ങൾ കത്തോലിക്കാ സഭയിൽ ഉണ്ട്.

അമേരിക്കയിൽ റോഡിന്റെ വലതു വശത്തുകൂടിയാണ് വണ്ടി ഓടിക്കുന്നത്. ഇന്ത്യയിൽ ഇടത്തും. ഞങ്ങൾക്ക് ജോ ബൈഡൻ ഓടിക്കുന്നതുപോലെ ഇന്ത്യയിൽ വണ്ടി ഓടിക്കണം എന്നു പറഞ്ഞാൽ എന്താ ചെയ്ക.

സീറോ മലബാർ സഭയുടെ കുർബാനക്രമം 1999 വരെ പൂർണ്ണമായും മദ്ബഹാഭിമുഖമായി ചൊല്ലുവാനായിട്ടായിരുന്നു റോമിൽ നിന്നും നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാൽ വിമത ചേരി ഇത് പാലിക്കാതെ ജനാഭിമുഖം ആരംഭിക്കുകയും റോം ജനാഭിമുഖം അവസാനിപ്പിക്കുവാൻ കർശന നിർദ്ദേശം കൊടുത്തിട്ടും അത് അനുസരിക്കാതിരിക്കുകയും ചെയ്തതുകോണ്ട് വ്യത്യസ്തരീതിയിലുള്ള കുർബാന അർപ്പണങ്ങൾ സിറോ മലബാറിൽ ഉണ്ടായി. അനുസരിച്ചവർ മദ്ബഹാഭിമുഖമായും അനുസരിക്കാത്തവർ ജനാഭിമുഖമായും തുടർന്ന് പോന്നു. ഇതുകൊണ്ടാണ് 1999 മുതൽ സിനഡ് ഒരു ഐക്യരൂപത്തിനു സിനഡു ശ്രമിച്ചത്. ഇതു പ്രകാരം കുർബാനയുടെ ഒരു 65-70% ജനാഭിമുഖമായും ബാക്കി 30-35% അൾത്താരാഭിമുഖമായും ചൊല്ലുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വിമതന്മാർക്ക് അതും സ്വീകാര്യമല്ല. പൂർണ്ണമായി ജനാഭിമുഖം അല്ലാതെ അവർക്ക് ഒന്നും സ്വീകാര്യമല്ല.

കത്തോലിക്കാ സഭ ആഗ്രഹിക്കുന്നത് ഓരോ വ്യക്തി സഭയും അതിൻ്റെ തനിമയും വ്യക്തിത്വവും വീണ്ടെടുക്കാൻ ആണ്. എന്നാല് വിമത ചേരി അവരുടെ തോന്ന്യാസം പോലെ ചെയ്യുന്നതിനാൽ ഈ ലക്ഷ്യം നേടാൻ സിറോ മലബാർ സഭക്ക് സാധിക്കുന്നില്ല. നമ്മുടെ രാജ്യത്ത് തന്നെയുള്ള മറ്റൊരു പൗരസ്ത്യ കത്തോലിക്കാ സഭയായ സിറോ മലങ്കര സഭ പൂർണമായും മദ്ബഹാഭിമുഖ കുർബാന ആണ് അർപ്പിക്കുന്നത്. മറ്റു അകത്തോലിക്കാ പൗരസ്ത്യ സഭകളുടെ കുർബാന അർപ്പണ രീതിയും പൂർണമായും മദ്ബഹായിലേക്ക് തിരിഞ്ഞു തന്നെയാണ്.

സീറോ മലബാർ മാർപ്പാപ്പാ ഉപയോഗിക്കുന്ന ലത്തീൻ ക്രമം ഉപയോഗിക്കുന്ന സഭയല്ല. മാർപ്പാപ്പായുടെ ക്രമം വേണ്ടവർക്ക് ലത്തീൻ സഭയിൽ ചേരുക എന്ന മാർഗ്ഗം മാത്രമേ കത്തോലിക്കാ സഭയിൽ നിലവിൽ ഉള്ളൂ എന്ന് മനസിലാക്കുക. എന്നാല് ലത്തീൻ സഭയിൽ ചേരാനും അവർ തയ്യാറല്ല. കാരണം അധികാരവും ഇന്നത്തെ സുഖ ജീവിതവും നഷ്ടപ്പെടും എന്നതാവാം.

കത്തോലിക്കാ സഭയെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും യാതൊരു വിവരവുമില്ലാതെ ബാലിശവും യുക്തിരഹിതവും ആയ ആരോപണങ്ങളും മുദ്രാവാക്യങ്ങളുമാണ് വിമത പാതിരിമാരും അവരുടെ വാക്ക് കേൾക്കുന്ന അൽമായരും മുഴക്കുന്നത്. കുറ്റക്കാർ അവരല്ല, അവർക്ക് അടിസ്ഥാനപരമായ മതബോധനം പോലും നൽകുവാൻ കഴിയാതെ പോയ നേതൃത്വം തന്നെയാണ്.

നിങ്ങൾ വിട്ടുപോയത്