കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല

വിശുദ്ധ കുർബാന “ഹോളി കമ്യൂണിയൻ” ആണ്. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവവുമായും, ബലിയർപ്പിക്കുന്ന വിശ്വാസികൾ പരസ്പരവും ഒരേ ബലിവേദിയിൽ ഒന്നാകുന്ന, സ്വയം ശൂന്യവൽക്കരണത്തിന്റെ,, സ്നേഹ കൂട്ടായ്മക്ക് നല്കപ്പെട്ടിരിക്കുന്ന കൗദാശിക രൂപമാണ് വിശുദ്ധ കുർബാന! ക്രിസ്തീയ വിശ്വാസമനുസരിച്ചു ബലിവേദിയിൽ കമ്യൂണിയനില്ലാത്ത വിശ്വാസി സമൂഹത്തിന് ഒരു സഭയായിരിക്കാനുള്ള കഴിവില്ല. അങ്ങനെയുള്ളവർ മറ്റു പല കാര്യങ്ങളിൽ ചേർന്നു പ്രവർത്തിക്കുമെങ്കിലും, അങ്ങനെയുള്ള ക്രൈസ്തവ സഭാ സമൂഹങ്ങൾതമ്മിൽ, ഒരേ ബലിവേദി പങ്കിടുകയില്ല. ആരാധനയിലെ വ്യത്യസ്ഥത സഭാപരമായി വേറിട്ടു നിൽക്കാൻ ക്രൈസ്തവ സഭകളെ നിർബന്ധിതമാക്കുന്നു.

വിശുദ്ധ കുർബാനയുടെ പേരിൽ സീറോ മലബാർ സഭയ്ക്കുള്ളിൽ നിലനിന്ന ഭിന്ന നിലപാടുകൾ, ഇപ്പോൾ, മറനീക്കി പുറത്തു വന്നിരിക്കുന്നു. വേറിട്ട നിലപാടുകൾ ‘ഭിന്നത’യുടെ സ്വരവും രൂപവും പ്രാപിച്ച് ഒരേ ബലിവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! ഇത് വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമാണ്! ഇനി ഇതു മൂടിവയ്ക്കുകയല്ല, കൃത്യമായും സഭാപരമായും സത്വരമായും പരിഹരിക്കുകയാണാവശ്യം.

‘കുർബാന കേന്ദ്രീകൃത ഭിന്നത’ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാവണം. എന്തെങ്കിലും നടപടിയല്ല, ഗുരുതരമായ ഭിന്നതക്കുള്ള പരിഹാര നടപടിയാണ് ഉണ്ടാകേണ്ടത്. വരും നാളുകളിലൊന്നിൽ സ്വീകരിക്കാനിരിക്കുന്ന ഏതോ സുപ്രധാനമായ ഒരു നടപടിയിലൂടെ സഭയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്ന ചിന്തയിൽ, ഓരോ അനിഷ്ട സംഭവവും സഭക്ക് ഏല്പിച്ചുകൊണ്ടിരിക്കുന്ന ക്ഷതങ്ങളിൽ ഖേദിച്ചു, വേദനിച്ചു കഴിഞ്ഞുകൂടുന്നത്, ഒന്നിനും പരിഹാരമല്ല. തിരുത്തൽ, പരിഹാര നടപടികൾ സഭയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അങ്ങനെ ആയിരിക്കുകയും വേണം. മാനസാന്തരത്തിന്റെയും തെറ്റു തിരുത്തലിന്റെയും വിശുദ്ധീകരണത്തിന്റെയും മാർഗത്തിലൂടെയാണ് സഭ എക്കാലവും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

എല്ലാ പ്രശ്നങ്ങളും എന്നു പരിഹരിക്കപ്പെടും എന്നത് ദൈവത്തിനും ചരിത്രത്തിനും വിട്ടുകൊടുക്കുകയാണ് ഉചിതം. എന്നാൽ, സഭയിൽ ഉതപ്പും പിളർപ്പും ഉണ്ടാക്കുന്ന ഓരോ പ്രവർത്തിക്കും നേതൃത്വം കൊടുക്കുന്ന ഓരോ വ്യക്തിയെയും അവരുടെ സഭയിലുള്ള സ്ഥാനത്തിനും, അവരുടെ ഉത്തരവാദിത്വങ്ങൾക്കും ആനുപാതികമായ ഗൗരവത്തോടും സൂക്ഷ്മതയോടുംകൂടി, സഭാനിയമപ്രകാരം സമാധാനം ബോധിപ്പിക്കാൻ ബാധ്യസ്ഥരാക്കുകയും, സഭയുടെ നിയമം അനുശാസിക്കുന്ന അച്ചടക്കനടപടികളിലൂടെ തിരുത്തലിനും ശിക്ഷണത്തിനുമുള്ള അവസരമുണ്ടാക്കി മുന്നോട്ടു പോവുകയും ചെയ്യുന്നത് സഭയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമാകാതെ, ഇന്നത്തെ ഗുരുതരമായ വീഴ്ചകളിൽനിന്ന് സഭയ്ക്ക് കരകയറാൻ കഴിയില്ല.

വി. കുർബാനപോലും സമര മാർഗമായി മാറുന്ന സാഹചര്യത്തിൽ, വിശ്വാസികൾക്കു മുടക്കംകൂടാതെ കൂദാശകൾ സ്വീകരിക്കുന്നതിനും, സഭാ ജീവിതം നയിക്കുന്നതിനുമുള്ള സാഹചര്യവും സംവിധാനങ്ങളും ഇടവക, ഫൊറോന തലങ്ങളിലും സന്യാസ ഭവനങ്ങളോടുചേർന്നും വിഘ്നംകൂടാതെ പ്രവർത്തിക്കുന്നു എന്നുറപ്പുവരുത്താൻ സഭയിലെ ഉത്തരവാദപ്പെട്ടവർക്കു കഴിയണം. കുർബാന സമരവും, പൗരോഹിത്യ ധർമ്മവും ഒന്നിച്ചു പോകുമോ എന്നു സഭയിലെ പിതാക്കന്മാർ ഗൗരവപൂർവം ചിന്തിക്കണം. ഇത്തരം അശുദ്ധ ലക്ഷണങ്ങൾ ഇനി ഒരു ബലിവേദിയിലും ആവർത്തിക്കരുത്.

സഭാവിരുദ്ധമായി പ്രാദേശിക വാദങ്ങളും വിഭാഗീയതയും പ്രസംഗിക്കുന്ന വൈദികർ, ‘വികാരി’മാരായി ഇടവകകളിൽ തുടരുന്നതാണ് വിശ്വാസികൾക്കിടയിൽ ആശയകുഴപ്പങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നതെങ്കിൽ, അതിനും പരിഹാരമുണ്ടാകണം. സഭയിലും സഭയോടൊത്തും ശുശ്രൂഷ ചെയ്യുന്നവർക്ക് ‘ഭീഷണി’കൾ കൂടാതെ തങ്ങളുടെ ശുശ്രൂഷ ചെയ്യുന്നതിനുള്ള സാഹചര്യം സഭയിലുണ്ടാകണം. രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ ഇതിനുള്ള അവകാശം വിശ്വാസികൾക്കു നൽകുന്നുണ്ട്.

സഭയിലെ വൈദികർ, എല്ലാ പ്രാദേശികവാദ പരിഗണനകളെയും അതിലംഘിക്കുന്ന സഭയുടെ വിശാല മിഷൻ മേഖലകളെക്കുറിച്ചു ഗൗരവപൂർവം ചിന്തിക്കണം. എല്ലാ സഭാ സമൂഹങ്ങളുടെയും റീത്തുകളുടെയും ആരാധനാ രീതികളുടെയും ലക്ഷ്യം കർത്താവായ യേശുക്രിസ്തുവിന്റെ ദൗത്യം ലോകത്തിൽ തുടരുകയാണ്. ലോകത്തെവിടെയും മിഷൻ രംഗത്തു ശുശ്രൂഷ ചെയ്യാനുള്ള വിളിയും നിയോഗവുമുള്ള സഭയാണ് കത്തോലിക്കാ സഭ. എല്ലാ തരത്തിലുള്ള പ്രാദേശിക വാദത്തിൽനിന്നും സഭയെ രക്ഷിക്കുന്നത്, “നിങ്ങൾ ലോകമെങ്ങും പോയി ദൈവരാജ്യം പ്രാഘോഷിക്കുവിൻ” എന്ന ക്രിസ്തു വചനമാണ്. പ്രാദേശിക വാദം പ്രേഷിതരെ കുരുക്കിയിടുമ്പോൾ, ‘ദൈവത്തിന്റെ മിഷൻ’ (മിസിയോ ദേയി) അനന്ത വിശാലമായ, അതിർ വരമ്പുകളെ അതിലംഘിക്കുന്ന, ആത്മാക്കളുടെ വിളഭൂമിയിലേക്ക് രക്ഷയുടെ സന്ദേശ വാഹകരാകാൻ ഓരോ പ്രേഷിതനെയും മാടിവിളിക്കുന്നു!

പ്രാദേശികതയുടെ ചെറുതുരുത്തുകളുടെ നിയന്ത്രണം കൈക്കലാക്കാനായി, സ്വന്തം പൗരോഹിത്യവും പ്രേഷിത ദൗത്യവും അവഗണിക്കണമോ, അതോ സഭയുടെ സാർവ്വത്രികതയിലേക്കും പ്രേഷിത വിശാലതയിലേക്കും, തങ്ങളുടെ ഹൃദയവും ജീവിതവും തുറക്കണമോ എന്ന് ഓരോ വൈദികനും തീരുമാനിക്കണം. നിലപാടെടുക്കണം.

സഭയെ പിളർക്കുന്ന ഭിന്നതകൾക്ക് ചുക്കാൻ പിടിക്കുന്നവർക്ക്, മുന്നോട്ടുള്ള വഴി തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വവും അതിനുള്ള അവസരവും നൽകണം. സഭയേക്കാൾ വലുതല്ല ഒരു പുരോഹിതനും, ഒരു പുരോഹിത സമൂഹവും. പൗരസ്ത്യ സഭകളുടെ ചരിത്രം അത്തരം അനേകം പുരോഹിതരുടേതും അവർ സഭയിൽ സൃഷ്‌ടിച്ച നിരവധി ‘ശീശ്മ’കളുടേതുംകൂടിയാണ്.

തുടർന്നും, പരിശുദ്ധാത്മാവു തുറന്നുതരുന്ന എല്ലാ മാർഗങ്ങളും അനുരഞ്ജന സാധ്യതകളും പരിഗണിക്കപ്പെടണം. എന്നാൽ, പരിഹാരമില്ലാത്ത പ്രശ്നമായി, ഏതെങ്കിലും തരത്തിലുള്ള ഒരു പ്രാദേശികവാദത്തെ വളർത്തിയെടുക്കാൻ സഭയിൽ ഒരാളെയും അനുവദിക്കരുത്.

അതു സഭയെ പിളർക്കുന്ന തിന്മയാണ്!

ഫാ. വർഗീസ് വള്ളിക്കാട്ട്

29 -12-2022

നിങ്ങൾ വിട്ടുപോയത്