പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗിയ പ്രവേശനത്തിൻെറ ഓർമ്മ ദിവസം .അമ്മയുടെ ഓർമ്മകളില്ലാത്ത ഒരു ദിവസവും ജീവിതത്തിലുണ്ടായിട്ടില്ല .കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ഒരു ഇടവകയിൽ പ്രശസ്‌തമായ ഒരു കുടുംബത്തിൽ ജനിക്കുവാൻ അമ്മച്ചിക്ക് ഭാഗ്യം ഉണ്ടായി .ഒരു സഹോദരനും മുന്ന് സഹോദരിമാരും ആ കുടുംബത്തിൽ അമ്മച്ചിക്ക് സ്നേഹം നൽകുവാനുണ്ടായിരുന്നു .അതെ ജില്ലയിലെ ,പാലാ രൂപതയിലേയ്ക്ക് വിവാഹം ചെയ്തുവന്ന അമ്മയും ചാച്ചനും വൈകാതെ മലബാറിലെ കുടിയേറ്റ കേന്ദ്രമായ തിരുവമ്പാടിയിലേയ്ക്കു കുടിയേറ്റം നടത്തി .

കാർഷിക മേഖലയിൽ ചാച്ചൻ SH CLINIC ആരംഭിച്ചു .അക്കാലത്തു് അനേകർക്ക്‌ ആനുഗ്രഹകരമായ ചികിത്സ നടത്തിയപ്പോൾ ,അവിടെയും അമ്മയുടെ സഹകരണം ഉണ്ടായിരുന്നു .1950 -കളിൽ തിരുവമ്പാടിയുടെ ചരിത്രം അറിയുന്നവർക്ക് അന്നത്തെ ചികിത്സയുടെ പ്രാധാന്യം മനസ്സിലാകും .

കുഞ്ഞുനാളിൽ രാവിലെ വീട്ടിൽ മരുന്നുവാങ്ങുവാൻ വരുന്നവരെ ‘അമ്മ ചായയും ആഹാരവും നൽകി സ്വീകരിക്കുന്നതും അവരെ ആശ്വസിപ്പിക്കുന്നതും മനസ്സിൽ നിറയുന്നു .

എത്രയോ കുഞ്ഞുങ്ങളെ ഈ ലോകത്തിലേയ്ക്ക് സ്വീകരിക്കുവാനുള്ള ഭാഗ്യം അമ്മയ്ക്കുണ്ടായി .നഴ്‌സിംഗ് സേവനത്തിൽ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്‌ത അമ്മച്ചി .

പല രാത്രികളിലും കരഞ്ഞുകൊണ്ട് ഓടിയെത്തുന്ന പാവപ്പെട്ട കുടുംബങ്ങളിലെ പൂർണ്ണ ഗർഭിണിയായ സ്ത്രീയുടെ ഭർത്താവും പിതാവും വന്ന് വിളിക്കുമ്പോൾ ,ഒരു തടസ്സവും പറയാതെ ‘അമ്മ വലിയ സന്തോഷത്തോടെ പ്രസവം എടുക്കാനുള്ള യാത്രയും ഓർത്തുപോകുന്നു .അന്നത്തെ കാലത്തു കുഞ്ഞിനെ സുരക്ഷിതമായി ഏൽപ്പിച്ചു മടങ്ങുമ്പോൾ ഫീസൊന്നും നൽകുവാനില്ലാത്ത കുടുംബങ്ങൾ നിരവധിയായിരുന്നു .

ആറു മക്കളെ പ്രസവിച്ച അമ്മച്ചി അഞ്ഞുറിലധികം പ്രസവം എടുത്തിട്ടുണ്ട് .ആ കുടുംബങ്ങൾ അമ്മമാർ കുട്ടികൾ ഇപ്പോഴും അമ്മയെ ആദരവോടെ സ്മരിക്കാറുണ്ട്‌ .’അമ്മ പ്രസവം എടുത്ത കുട്ടികളുടെ കാര്യങ്ങൾ ‘അമ്മ താല്പര്യപൂർവ്വം അന്വേഷിക്കാറുണ്ടായിരുന്നു .

വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ ആ കുട്ടികൾക്ക് ‘അമ്മ കൊണ്ടുപോയികൊടുക്കുമായിരുന്നു .കുട്ടികൾക്ക്അമ്മയെയും ഇഷ്ട്ടമായിരുന്നു .അമ്മയുടെ വീട്ടുകാര്യങ്ങൾ എഴുതുന്ന കൊച്ചുബുക്കിൽ അമ്മയുടെ വിശാല കുടുംബത്തിലെ മക്കളുടെ വിവരങ്ങൾ ഉണ്ടായിരുന്നു .

ഒരു ചികിത്സയും ഇടയ്ക്കു നടത്താതെ ,പ്രസവ സമയത്തു മാത്രം വരുന്നവരുടെ പ്രസവം എടുക്കുവാൻ പോകരുതെന്ന ഭർത്താവായ ഡോക്ടറുടെ നിർദേശങ്ങൾ ,കരഞ്ഞുപറഞ്ഞു പൂർണഗർഭിണിയുടെ വീട്ടുകാർ വരുമ്പോൾ മറന്നുപോകും ,അവഗണിക്കും .അതിൻെറ പേരിൽ ഇടയ്ക്കെങ്കിലും വഴക്ക്ഉണ്ടാകാറുണ്ടായിരുന്നു .അതിന് വഴക്കുകേൾക്കുമ്പോഴും അമ്മയ്ക്കു പറയുവാൻ ന്യായം ഉണ്ടായിരുന്നു .

അവർ എന്തുചെയ്യും ? ചികിത്സയ്ക്ക് നിവൃത്തിയില്ലാത്തതുകൊണ്ടല്ലേ ? പ്രസവത്തിൻ്റെ ആദ്യ ലക്ഷണം കാണുമ്പോഴാണ് അവർ വരുന്നത് .അക്കാലത്തു് വണ്ടി കിട്ടാൻ വിഷമം ,വണ്ടി കിട്ടിയാൽ രോഗിയെ ദൂരെയുള്ള ആശുപത്രിയിൽ എത്തിക്കാനുള്ള വിഷമം ..ഒക്കെ ഓർത്താണ് ‘അമ്മ പോകുവാൻ തയ്യാറാകുന്നത് .മുൻകൂട്ടി പരിശോധന ചികിത്സ എന്നിവയില്ലാതെ വന്നാൽ ഉണ്ടാകുന്ന അപകടം മുന്നിൽ കണ്ടാണ് ചാച്ചൻ പറയുന്നതെന്നും അമ്മയ്ക്കും ഞങ്ങ്ൾ മക്കൾക്കുമ റിയാമായിരുന്നു .

പരിശുദ്ധ മാതാവിൻെറ വലിയ വിശ്വാസിയായിരുന്നു ‘അമ്മ . അമ്മയ്ക്കും ‘അമ്മ പോകുന്ന കുടുംബങ്ങൾക്കും മാതാവിന്റ്റെ അനുഗ്രഹം ലഭിച്ചിരുന്നു .

വീട്ടിൽ ആഴ്ച്ചയിൽ കുറഞ്ഞത് മുന്ന് ഉള്ളിലേഹ്യങ്ങ ലെങ്കിലും ഉണ്ടാക്കുമായിരുന്നു .പാവപ്പെട്ട അമ്മമാർക്ക് ചികിത്സയ്ക്കും മരുന്നിനും പകരമായി അമ്മയുടെ പ്രത്യേക ഔഷധമായിരുന്നു അത് .കൊതിയോടെ നോക്കിനിൽക്കുന്ന എനിക്ക് ,കൊടുത്തയക്കും മുമ്പ് ഒരു സ്‌പൂൺ തരുമായിരുന്നു . കുഞ്ഞിന് മുലകൊടുക്കുന്ന അമ്മയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞു എന്നെ പേടിപ്പിക്കുമായിരുന്നു .തടിച്ച എൻ്റെ ശരിരത്തിന്റെ രഹസ്യം ഉള്ളിലേഹ്യം ആയിരിക്കും എന്ന് എനിക്ക് തോന്നാറുണ്ട് .ഉള്ളി കാണണുമ്പോളെല്ലാം അമ്മയുടെ കാരുണ്യവും സ്നേഹവും ഞാൻ ഓർക്കാറുണ്ട് .

ഓരോ കുഞ്ഞിൻെറ പിറവിയിലും വലിയ സന്തോഷം കണ്ടെത്തിയ ,സംരക്ഷണം നൽകിയ ‘അമ്മ ,പ്രൊ -ലൈഫ് ശുശ്രുഷകളിൽ എനിക്ക് വഴിവിളക്കാണ് .ശക്തിയും കരുത്തുമാണ് .

കൊച്ചിയിൽ 2003 -ൽ പിൽക്കാലത്തു് LOVE AND CARE എന്ന പേരിൽ വളർന്ന ജീവകാരുണ്യ ശുശ്രുഷയുടെ തുടക്ക ദിവസത്തിൽ ഭാര്യ എൽസിക്ക് പിന്തുണയുമായി അമ്മയും ചാച്ചനും ഉണ്ടായിരുന്നു .തെരുവിലെ സഹോദരങ്ങൾക്ക് ഇഡ്ഢലിയും സാമ്പാറും ഉണ്ടാക്കിപോതിഞ്ഞു തന്നതും അമ്മയും ചാച്ചനും .

ഒത്തിരി കാര്യങ്ങൾ മനസ്സിൽ നിറയുന്നു . ഞാൻ മാധ്യമമേഖല മറന്ന് പ്രൊ-ലൈഫ് ശുശ്രുഷകളിൽ എത്തിയപ്പോഴും അമ്മയുടെ പ്രാർത്ഥനയും പ്രോത്സാഹനവും ഉണ്ടായിരുന്നു .

പാവങ്ങൾക്ക് എന്തും നൽകുവാൻ ,അവരെ ആശ്വസിപ്പിക്കുവാൻ അമ്മച്ചിക്ക് വലിയ സന്തോഷമായിരുന്നു .വീട്ടിൽ എത്തുന്ന അഗതികൾക്ക് ചാച്ചനുള്ള ആഹാരവും ,ആവശ്യമെങ്കിൽ പണവും വസ്ത്ര മടക്കമുള്ളത് നൽകുവാൻ ചാച്ചന്റ്റെ നിർദ്ദേശങ്ങളുമുണ്ടായിരുന്നു .

പാലാരിവട്ടത്തു താമസിക്കുമ്പോൾ ,ഈ പ്രദേശത്തെ ആര് മരിച്ചാലും ‘അമ്മ പോകുമായിരുന്നു .ഒരു പരിചയവും ഇല്ലെങ്കിലും വീട്ടുകാരുമൊത്തു പ്രർത്ഥിക്കും .മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതും വലിയ പുണ്യമായി അമ്മച്ചി കരുതിയിരുന്നു .

എൽസിയെ എൻെറ ജീവിത പങ്കാളിയായി കണ്ടെത്തിയതും അമ്മച്ചിയായിരുന്നു .

മക്കളെ ആദ്യമായി പ്രസവവാർഡിൽ നിന്നും നഴ്സസ് കൊണ്ടുവന്നപ്പോൾ കണ്ടതും , കൈയിൽ സ്വീകരിച്ചതും ,…എല്ലാം ‘അമ്മ .’

അമ്മ എനിക്ക് നന്മയാണ് ,ജീവനാണ് ,വിശ്വാസമാണ് ..എല്ലാമെല്ലാം അമ്മതന്നെ .

അമ്മയെ ഓർക്കുമ്പോൾ മനസ്സിൽ സന്തോഷം ,അഭിമാനം.

ഒരു നിമിഷം ഇന്ന് അമ്മച്ചിക്കുവേണ്ടി പ്രർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു .

സാബു ജോസ് ,എറണാകുളം

പ്രെസിഡണ്ട് ,കെസിബിസി പ്രൊ -ലൈഫ് സംസ്ഥാന സമിതി ,

സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ .

9446329343 🙏

നിങ്ങൾ വിട്ടുപോയത്