പരമ പരിശുദ്ധനായ ദൈവമേ..
ദശതന്ത്രീ നാദത്തോടു കൂടെയും കിന്നരവും വീണയും മീട്ടിയും പ്രഭാതത്തിൽ അങ്ങയുടെ കരുണയെ വാഴ്ത്തുന്നത് എന്റെ ആത്മാവിന്റെ ഉചിതമായ സമർപ്പണമാണ്.പലപ്പോഴും വചനം കേൾക്കുകയും,വായിച്ചു ധ്യാനിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഇത് തീർച്ചയായും എനിക്കു വേണ്ടി തന്നെ എഴുതപ്പെട്ടതാണ് എന്നു തോന്നാറുണ്ട്.

ദിവ്യബലിയർപ്പണത്തിൽ വലിയ ഹൃദയഭാരത്തോടെ വന്നു ചേരുമ്പോഴൊക്കെയും അൾത്താരയിൽ നിന്നും കേൾക്കുന്ന വചനപ്രഘോഷണം,ഇത് എന്റെ സങ്കടങ്ങൾ അറിഞ്ഞിട്ട് കർത്താവ് എന്നോട് സംസാരിക്കുന്നതാണോ എന്ന വലിയ അത്ഭുതത്തോടെ കേട്ടിരുന്നു പോയിട്ടുണ്ട്.ഈശോയേ..ഓരോ സങ്കടങ്ങളും ജീവിതത്തിൽ ഉണ്ടാകുമ്പോൾ തീർച്ചയായും ഞാനിതിൽ വീണു പോകും എന്നു തോന്നിപ്പിക്കുന്നതു പോലെ തളർന്നിരുന്നിട്ടുണ്ട്.ആശയറ്റവരെ പോലെ അവിടുത്തെ മുൻപിൽ നിലവിളിച്ചിട്ടുണ്ട്.പക്ഷേ ശക്തമായ ഒരു കരത്തിന്റെ പിൻബലം നൽകി കൊണ്ട് ആ നിമിഷം എന്നെ കടന്നു പോയി എന്നറിയുമ്പോൾ അവിശ്വസനീയതയോടെ നിന്നിലുള്ള വിശ്വാസത്തിൽ നിന്നും ഇനിയുമൊരു മടങ്ങിപ്പോക്കില്ലാത്ത വിധം ചേർന്നിരുന്നിട്ടുമുണ്ട്.അങ്ങയുടെ ശാസനകളും ശിക്ഷണങ്ങളും പലപ്പോഴും എന്റെ മന്ദഭക്തിയുടെ നേരെയുള്ള അവിടുത്തെ പ്രഹരമായിരുന്നു എന്നു തിരിച്ചറിയുമ്പോഴാണ് അവിടുത്തെ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനവും,അവിടുത്തേക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും ഞാൻ മനസ്സിലാക്കുന്നത്.അപ്പോഴും എന്റെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുകയായിരിക്കും..പക്ഷേ അതൊരിക്കലും സങ്കടം കൊണ്ടാവില്ല ഇത്രയധികം നീയെന്നെ സ്നേഹിക്കുന്നുവോ ഈശോയേ എന്ന ചോദ്യം എന്നിൽ ഉണർത്തിയ ആനന്ദത്തിന്റെ മിഴിനീരായിരിക്കും അത്.


നല്ല ഈശോയേ..ഞങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായിട്ടുള്ളത് എന്റെ ജീവിതത്തിൽ സംഭവിക്കുന്നു എന്നതു പോലെ പരിഭ്രമിക്കാതെ അവിടുത്തെ സ്നേഹത്തിൽ തന്നെ ഉറച്ചു നിൽക്കാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കേണമേ നാഥാ..കഷ്ടതകളിലൂടെ കടന്നു പോകുമ്പോഴും എന്റെ ജീവനെ പരിപാലിക്കുന്ന ഒരു ദൈവം എന്റെ കൂടെ തന്നെയുണ്ട് എന്ന വിശ്വാസം മാത്രം മതി ഏത് അഴലിന്റെ മരുഭൂമിയനുഭവവും എനിക്ക് ആത്മവിശ്വാസത്തിന്റെ കുളിർ താഴ്‌വരയുടെ തണുപ്പായി തീരാൻ..അപ്പോൾ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികൾ എത്ര കഠിനമാണെങ്കിലും അവിടുത്തെ കൃപയാൽ അതൊക്കെ തരണം ചെയ്തു മുന്നോട്ടു പോകുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ,ഞാൻ പരാജയപ്പെട്ടു പോയിടത്തൊക്കെ അവിടുത്തെ കരങ്ങളുടെ വിജയം ദർശിക്കാൻ എനിക്കും ഇടവരിക തന്നെ ചെയ്യും..
അലക്സാൻഡ്രിയായിലെ വിശുദ്ധ കാതറീൻ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ