ചിരിച്ച് ചിരിപ്പിച്ച് ചിന്തിപ്പിച്ച അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി.

എല്ലാവർക്കും ആദരണീയവും എല്ലാവരുടെയും സുഹൃത്തുമായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവ വിഭാഗങ്ങളളോടും മതസ്ഥരോടും ഒരു നല്ല അയൽക്കാരനെ പോലെ ഇടപെട്ടിരുന്ന അദ്ദേഹം സഭയ്ക്ക് പ്രവർത്തനങ്ങളിലും മതാന്തര വേദികളിലും എല്ലാവർക്കും സ്വീകാര്യനായ വ്യക്തി ആയിരുന്നു.

ഏതു സദസ്സിനെ യും എപ്പോഴും ചിരിപ്പിച്ച് ചിന്തിപ്പിച്ചു വരുന്ന തിരുമേനി അതുവഴി താൻ ഉറച്ചു വിശ്വസിച്ചിരുന്ന മൂല്യങ്ങൾ കൈമാറാനാണ് ശ്രദ്ധിച്ചത്. മുറിവേൽപ്പിക്കാതെ തിരുത്തലുകൾ നൽകാനുള്ള പ്രാഗൽഭ്യവും വിവേകവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഏതു വിഷയത്തെക്കുറിച്ചും തൻമയത്വത്തോടെ സംസാരിച്ച് ശ്രോതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ നല്ലൊരു പ്രഭാഷകനായിരുന്നു തിരുമേനി.

ചങ്ങനാശ്ശേരി അതിരൂപതയോടും അതിന്റെ മേലദ്ധ്യക്ഷന്മാരോടും എന്നും അടുത്തബന്ധം പുലർത്തിയിരുന്ന ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിൻെറ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ സിറോ മലബാർ സഭയുടെയും എക്യുമെനിക്കൽ കമ്മീഷനുകളുടെ പേരിലും മാർത്തോമാ സഭയോടും സഭാധ്യക്ഷൻ ഡോക്ടർ തിയഡോഷ്യസ് മെത്രാപ്പോലീത്തയോടും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത

ചെയർമാൻ CBCI, സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ

നിങ്ങൾ വിട്ടുപോയത്