കുറവിലങ്ങാട്- അനുഗ്രഹീതമായ പട്ടണം.
മമ്പൂഏ ദ്കോൽ ഉദ്റാനീൻ (ܡܒܘܥܐ ܕܟܠ ܥܘܕܪܢܝܢ)


സകല അനുഗ്രഹങ്ങളുടെയും ഉറവിടം.
⏺ലോകത്തെ ആദ്യത്തെ മെശയാനിക സമൂഹങ്ങളിൽ ഒന്ന് (മിശിഹാക്കാലം 105 ൽ സ്ഥാപിതം)(ܩܗ).
⏺മിശിഹായുടെ അമ്മയായ മർത്ത് മറിയം തൻറ്റെ മഹത്വപൂർണ്ണമായ സ്വർഗ്ഗാരോപണത്തിനുശേഷം ആദ്യമായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ട കുറവിലങ്ങാട്. മാർത്തോമ്മാ ശ്ലീഹായ്ക്ക്‌ പരിശുദ്ധ അമ്മ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു എന്നും ആ ദർശനങ്ങളുടെ തുടർച്ചയായിട്ടായിരുന്നു കുറവിലങ്ങാട്ടെ പ്രത്യക്ഷീകരണം എന്നും വിശ്വസിക്കപ്പെടുന്നു.
⏺മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ ഏഴരച പള്ളികൾക്ക് ശേഷം സ്ഥാപിതമായ പ്രഥമ നസ്രാണി സമൂഹം.


⏺ഭാരതത്തിലെ പൗരസ്ത്യ സുറിയാനി നസ്രാണി പാരമ്പര്യത്തിന്റെ ഈറ്റില്ലം.

ഭാരതത്തിലെ കത്തോലിക്കാ, അകത്തോലിക്കാ സഭകളിലെ പുരാതന നസ്രാണി സമൂഹങ്ങളുടെ പെറ്റമ്മയും പോറ്റമ്മയുമായ കുറവിലങ്ങാട് മർത്ത്‌ മറിയം പള്ളി.
⏺മാതാവ് കുറവിലങ്ങാട് മുത്തിയമ്മയുടെ (വൃദ്ധ സ്ത്രീയുടെ) രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഒരിക്കലും വറ്റാത്ത അത്ഭുത നീരുറവ തെളിച്ചു നൽകുകയും ഭക്ഷിക്കുവാനായി കല്ലുകൾ അപ്പമായി മാറ്റി നൽകുകയും ദൈവാലയം നിർമ്മിക്കാൻ ആവശ്യപ്പെട്ട് ദൈവാലയത്തിന് സ്ഥാനനിർണ്ണയം നടത്തുകയും ചെയ്തു. അപ്പം പരിശുദ്ധ കുർബാനയുടെയും ജലം മാമ്മോദീസായുടെയും പ്രതീകമായി വിശദീകരിക്കപ്പെടുന്നു.
⏺മുത്തിയമ്മയുടെ ദർശനം കിട്ടിയവരുടെ പിൻതലമുറകൾ ഇന്നും അധിവസിക്കുന്ന നാട്.
⏺മുത്തിയമ്മ സ്വന്തം കരത്താൽ തെളിച്ചു നൽകിയ ഒരിക്കലും വറ്റാത്ത നീരുറവ.
⏺മാർത്തോമ്മാ ശ്ലീഹാ മാമ്മോദീസാ നൽകിയ കളളി, കാളികാവ്, ശങ്കരപുരി, പകലോമറ്റം എന്നീ തറവാടുകൾ മിശിഹാക്കാലം 105 മുതൽ അധിവസിക്കുന്ന നാട്.

മാർ തോമ്മാ ശ്ലീഹായുടെ സിംഹാസനം സ്ഥിതി ചെയ്യുന്നത് ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ Helio Forum എന്ന് പറയപ്പെടുന്ന സ്ഥലത്ത് ആണെന്ന് എ.ഡി 200 – നോടാടുത്ത് എദേസ്സായിൽ വച്ച് സുറിയാനിയിൽ രചിക്കപ്പെട്ട “യൂദാ തോമയുടെ നടപടികൾ” എന്ന ഗ്രന്ഥത്തിൽ പറയുന്നു. Helio (സൂര്യൻ/പകലോൻ) Forum (മറ്റം/ മുറ്റം) പകലോമറ്റം ആണെന്ന് ചരിത്രകാരന്മാർ എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്.
⏺മിശിഹായുടെ ശിഷ്യനും വിശ്വാസത്തിൽ നമ്മുടെ പിതാവുമായ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്ത്വത്തിനും കബറടക്കത്തിനും ശേഷം ആദ്യമായി മൈലാപൂർ എത്തിയത് കുറവിലങ്ങാട് പ്രദേശത്തുനിന്നും പോയ ശ്ലീഹായുടെ പ്രഥമ ശിഷ്യന്മാരായ കടപ്പൂർ റമ്പാനും മാളിയേക്കൽ തോമ്മാ റമ്പാനും ആയിരുന്നു എന്ന് മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പര്യടനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുരാതനമായ “റമ്പാൻ പാട്ട്” സാക്ഷിക്കുന്നു.

കരിങ്കല്ലിൽ നിർമ്മിച്ച കുറവിലങ്ങാട് മുത്തിയമ്മയുടെ നാന്നൂറ് വർഷത്തോളം പഴക്കമുള്ള രൂപം.


⏺️”മമ്പൂഏ ദ്കോൽ ഉദ്റാനീൻ – സകല അനുഗ്രഹങ്ങളുടെയും ഉറവിടം.”(ܡܒܘܥܐ ܕܟܠ ܥܘܕܪܢܝܢ) – കുറവിലങ്ങാടിന് ഏറ്റവും ചേർന്ന വിശേഷണം. പള്ളിയിലെ പുരാതനമായ ഒരു മണിയിൽ നസ്രാണികളുടെ ആരാധനാഭാഷയും ഈശോയുടെ മാതൃഭാഷയുമായ പൗരസ്ത്യ സുറിയാനി ഭാഷയിൽ കൊത്തി വച്ചിരിക്കുന്ന വിശേഷണമാണിത്.കൂടാതെ “കുറവിലങ്ങാട് -അനുഗ്രഹീത പട്ടണം” (ക്രീസാ ബ്രീക്താ – ܩܪܝܼܬܵܐ ܒܪܝܼܟܬܵܐ)എന്നും ഈ മണിയിൽ പൗരസ്ത്യ സുറിയാനിയിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കുറവിലങ്ങാടിന് പുറമേ ഉറഹാ എന്ന പുരാതന പട്ടണത്തിനു മാത്രമേ ഈ വിശേഷണം ചരിത്രത്തിൽ കാണുന്നുള്ളൂ.
⏺ഒറ്റക്കല്ലിൽ നിർമിച്ചതും 48 അടി ഉയരമുള്ളതും ഏഷ്യയിലെ ഏറ്റവും വലുതും മൂന്നുനോമ്പ് തിരുനാൾ ദിവസം കപ്പൽ പ്രദക്ഷിണ സമയത്ത് നെറ്റിപ്പട്ടം കെട്ടിയ കരിവീരൻ മുട്ടുമടക്കി കുമ്പിടുന്നതുമായ കൽകുരിശ്. തൂങ്ങപ്പെട്ട രൂപം, പെലിക്കൻ പക്ഷി, മുന്തിരിക്കുലകൾ, കുറവിലങ്ങാട് സ്ലീവാ, മറ്റു സ്ലീവകൾ, താമര തുടങ്ങിയ പ്രതീകങ്ങൾ ഇതിൽ കൊത്തിയിരിക്കുന്നു. ഇത് പള്ളിവീട്ടിൽ ചാണ്ടി കത്തനാരുടെ കാലത്താണ് സ്ഥാപിച്ചത്.
⏺ഈ കൽക്കുരിശ് ഉയർത്താൻ അനേകം ഗജവീരന്മാർ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ മുത്തിയമ്മ (മാതാവ്) പ്രത്യക്ഷപ്പെട്ട് “ഞാൻ കൂടാം മക്കളെ” എന്ന് പറഞ്ഞത് കുരിശിൽ തൊട്ടു എന്നും തൽക്ഷണം കുരിശ് ഉയർന്നു നിന്നു എന്നുമാണ് ഐതിഹ്യം.
⏺1910 ൽ ജർമനിയിൽ നിന്നും വരുത്തിയ ഏഷ്യയിലെ ഏറ്റവും വലിയ മൂന്നു പളളിമണികൾ. (ഇമ്മാനുവേൽ,സെന്റ് മേരി, സെന്റ്‌ ജോസഫ് എന്നിങ്ങനെ ആണ് മണികളുടെ പേര് അവയിൽ ആലേഖനം ചെയ്തിരിക്കുന്നു). ഇവ ചവിട്ടിയാണ് അടിക്കുന്നത്. നാലാമത്തെ മണി കപ്പൽ യാത്രയിൽ ഭാരക്കൂടുതൽ കാരണം അറബിക്കടലിൽ ഉപേക്ഷിച്ചു. അന്നത്തെ വികാരി ബഹുമാനപ്പെട്ട കൈപ്പൻപ്ലാക്കൽ കത്തനാരാണ് ഹാംബർഗിൽ നിന്നും ഇവ വാങ്ങിയത്.ഇവ വാങ്ങിയതിന്റെ ബില്ലുകൾ ഇന്നും മ്യൂസിയത്തിൽ സൂക്ഷിക്കുന്നു.
⏺”എമ്മേ ദ്ആലാഹാ” (ܐܡܐ ܕܐܠܗܐ)(ദൈവത്തിന്റെ അമ്മ) എന്ന് പൗരസ്ത്യ സുറിയാനിയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന കുറവിലങ്ങാടിന്റെ സമീപപ്രദേശമായ കുര്യനാട് സ്വദേശിയായ മൂശാരി 1584 ൽ വാർത്ത നാടൻ മണി. ഈ മണി ലത്തീൻ അധിനിവേശ കാലത്ത് ഉണ്ടാക്കിയതാണ്.
⏺മാർത്തോമ്മാ ശ്ലീഹാ വൈദികരായി നിയമിച്ചതും, കേരളത്തിലെ ശക്തരായ 72 രാജാക്കന്മാരോടൊപ്പം എണ്ണപ്പെട്ടിരുന്നവരും മഹാരാജാവ് വലിയ സ്ഥാനമാനങ്ങൾ നൽകി രാജകൊട്ടാരത്തിൽ ആദരിച്ചിരുന്നവരും ജാതിക്കുകർത്തവ്യന്മാരും പതിനാറാം നൂറ്റാണ്ടുവരെ ഭാരതത്തിലെ മുഴുവൻ മാർത്തോമ്മാ നസ്രാണികളുടെയും ഭരണാധിപന്മാരുമായിരുന്ന പകലോമറ്റം അർക്കദിയാക്കോന്മാരുടെ ഭരണ സിരാകേന്ദ്രം. അർക്കദിയാക്കോന്റെ അസാന്നിധ്യത്തിൽ കുറവിലങ്ങാട് പള്ളി വികാരി ആണ് പ്രസ്തുത സ്ഥാനം സമലങ്കരിച്ചിരുന്നത് എന്ന് വർത്തമാനപ്പുസ്തകത്തിൽ പറയുന്നു.

കുറവിലങ്ങാട്ടെ പുരാതന പൗരസ്ത്യ സുറിയാനി ദയറ.
എ. ഡി. 905 ൽ പൗരസ്ത്യ സുറിയാനി (പേർഷ്യൻ) സഭയിൽ നിന്നും മലബാറിൽ എത്തിയ സന്യാസ ശ്രേഷ്ഠൻ മാർ യൗനാൻ്റെ ദയറാ കുറവിലങ്ങാട്ട്. ഇന്നും ഈ പ്രദേശം അറിയപ്പെടുന്നത് യൗനാൻ കുഴി / അവനാകുഴി എന്ന പേരിലാണ്. യൗനാൻ വസിച്ച കുഴി അഥവാ ഗുഹ ഇവിടെ ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ കൂടെ വന്ന മാർ ദനഹാ (പന്തളത്തിനടുത്ത് കുടശ്ശനാട് കബറടക്കപ്പെട്ടിരിക്കുന്നു),
മാർ ആവാ (തേവലക്കരയിൽ കബറടക്കപ്പെട്ടിരിക്കുന്നു) എന്നീ രണ്ടു മെത്രാന്മാരും വിശ്വാസികൾ റമ്പാൻ (ചെന്നിത്തലയിൽ കബറടക്കപ്പെട്ടിരിക്കുന്നു) എന്ന് വിളിച്ചിരുന്ന സന്യാസ ശ്രേഷ്ഠനും മലബാറിൽ ജീവിച്ചിരുന്നു.
മലങ്കരസഭാ ചരിത്രത്തിൽ അദ്വിതീയ സ്ഥാനം അലങ്കരിക്കുന്ന കുറവിലങ്ങാട് പള്ളിയോട് ചേർന്ന് പുരാതനമായ മല്പാനേറ്റ് (വൈദിക പരിശീലന കേന്ദ്രം) ഇപ്പോഴത്തെ ചെറിയ പള്ളിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നു എന്ന് പുരാതന രേഖകളിൽ പറയുന്നുണ്ട്. ഇവിടെ പരിശീലനം നടത്തിയിരുന്നത് ഇത്തരത്തിൽ പൗരസ്ത്യ സുറിയാനി സഭയിൽ നിന്നും വന്ന മെത്രാന്മാരും വൈദികരും ദയറാക്കാരുമായിരുന്നു.
പുരാതനമായ നിരണം ഗ്രന്ഥവരിയിലും, പതിനെട്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ സന്ദർശിച്ച് വിവരണം തയാറാക്കിയ പൗലീനോസ് പാതിരിയുടെ ഗ്രന്ഥത്തിലും ഈ സന്യാസ ഭവനത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. കുറവിലങ്ങാട് സ്വദേശിയും പണ്ഡിറ്റ് നെഹ്റുവിൻ്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. പി. ജെ. തോമസ് ഉൾപ്പടെയുള്ളവരുടെ സഭാചരിത്ര ഗ്രന്ഥങ്ങളിൽ യൗനാൻകുഴിയുടെ ചരിത്രത്തെക്കുറിച്ച് രേഖകളുണ്ട്. സ്ത്രീകൾക്ക് ഈ ദയറായുടെ സമീപത്ത് പോകുവാൻ അനുവാദം ഉണ്ടായിരുന്നില്ല എന്നും, കായ്കനികൾ മാത്രം ഭക്ഷിച്ച് ജീവിച്ചിരുന്ന ഈ സന്യാസിമാരെ അവരുടെ ജീവിതകാലത്ത് തന്നെ വിശ്വാസികൾ വിശുദ്ധരായി ആദരിച്ചിരുന്നു എന്നും പറയപ്പെടുന്നു. പൗരസ്ത്യ സുറിയാനി സഭയിൽ സുപ്രധാനമായ മൂന്നുനോമ്പ് തിരുനാൾ കുറവിലങ്ങാട് പള്ളിയിലാണ് ഇന്ന് കേരളത്തിൽ ഏറ്റവും ആഘോഷപൂർവ്വം നടത്തപ്പെടുന്നത്. ഇതിൻ്റെ പിന്നിലും ഈ പൗരസ്ത്യ സുറിയാനി ദയറാക്കാരുടെ സ്വാധീനം ഉണ്ടെന്ന സംശയവും ഡോ. പി. ജെ. തോമസ് തൻ്റെ ലേഖനത്തിൽ ഉന്നയിക്കുന്നു.
⏺പൗരസ്ത്യ സുറിയാനി സഭയിലെ സന്യാസത്തിൻ്റെ പിതാവും ആദ്യകാല പിതാവും ആയ മാർ ഔഗേൻ തൂവാനായുടെ ഓർമ്മ ആഘോഷിക്കുന്ന ഏക സീറോ മലബാർ പള്ളി കുറവിലങ്ങാട് ആണ്. മൂന്ന് നോമ്പ് തിരുനാളിന് പ്രദക്ഷിണത്തിൽ മാർ ഔഗേൻ ബാവായുടെ രൂപം വഹിക്കുന്നു. നിധീരിക്കൽ മാർ മാണി കത്തനാരുടെ കാലത്ത് അദ്ദേഹം മാർ ഔഗേൻ ബാവായുടെ പേരിൽ കുറവിലങ്ങാട് ഒരു പള്ളി പണിതിരുന്നു. ആ പള്ളി പൊളിച്ച് മാറ്റിയപ്പോൾ അവിടുത്തെ രൂപം പള്ളിയിലേക്ക് മാറ്റുകയായിരുന്നു.
⏺മാർ തോമ്മാ നസ്രാണികളുടെ മെത്രാപ്പോലീത്ത അഖിലേന്ത്യായുടെ കവാടം (തറ്ആ ദ്കൊല്ലാ ഹെന്ദോ) എന്നും അർക്കദിയാക്കോൻ അഖിലേന്ത്യായുടെ ഭരണാധികാരി (മ്ദവ്റാനാ ദ്കൊല്ലാ ഹെന്ദോ) എന്നുമാണ് അറിയപ്പെട്ടിരുന്നത്.
⏺ഭാരതത്തിലെ മാർത്തോമ്മാ പാരമ്പര്യത്തിലുള്ള എല്ലാ നസ്രാണി സഭകളും പരിപാവനമായി കരുതുന്ന അർക്കദിയാക്കോന്മാരുടെ മഹാസമാധി മണ്ഡപവും (കബറിടങ്ങൾ) പകലോമറ്റം തറവാട് പളളിയും. അഞ്ച് അർക്കദിയാക്കോന്മാരുടെ കബറിടങ്ങൾ ഇവിടെ കാണാം.
ലോകത്ത് അർക്കദിയാക്കോന്മാരുടെ കബറിടം ഇവിടെ അല്ലാതെ അങ്കമാലിയിൽ മാത്രമാണുള്ളത്.
മഹാസമാധി മണ്ഡപം: പൂർണമായും കൃഷ്ണശിലയിൽ നിർമ്മിച്ചിരിക്കുന്ന ഇൗ മണ്ഡപത്തിന് 24 കരിങ്കൽ തൂണുകൾ ഉണ്ട്. അവയിൽ 24 വ്യത്യസ്ത തരം സ്ലീവാകൾ കൊത്തിയിരിക്കുന്നു.
⏺ ഉദയംപേരൂരിൽ വച്ച് സംഭവിച്ച വൻ ചതിയിൽ (1599 ജൂൺ) മനംനൊന്ത നസ്രാണികൾ വൈദേശിക മേൽക്കോയ്മയ്ക്കെതിരെ നടത്തിയ മട്ടാഞ്ചേരി സ്ലീവാ സത്യത്തെ (കൂനൻ കുരിശ് സത്യം) തുടർന്ന് മാതൃസഭയായ മാർത്തോമ്മാ നസ്രാണി (ഇന്നത്തെ സീറോ മലബാർ) സഭയിൽ നിന്ന് പിരിഞ്ഞ്‌ അന്ത്യോക്യൻ/പാശ്ചാത്യ സുറിയാനി വിശ്വാസത്തിലേക്ക് പോയ പുത്തൻകൂർ വിഭാഗത്തിന്റെ ആദ്യ തലവന്മാർ എല്ലാവരും കുറവിലങ്ങാട് സ്വദേശികളായ അർക്കദിയാക്കോന്മാരായിരുന്നു.
⏺പുരാതനമായ അർക്കദിയാക്കോന്മാരുടെ കിണർ.
⏺ സ്ലീവായുടെ മാർ ഗീവർഗ്ഗീസ് അർക്കദിയാക്കോന്റെ പൂർണകായ ഗ്രാനൈറ്റ് പ്രതിമ.
⏺രാജകൊട്ടാരങ്ങളിൽ എണ്ണ തൊട്ടു ശുദ്ധമാക്കാൻ രാജാക്കന്മാർ ഇവിടെ നിന്നും നസ്രാണികളെ കൊണ്ടുപോയി പ്രത്യേക അവകാശങ്ങൾ നൽകി രാജകൊട്ടാരങ്ങളോട് ചേർന്ന് താമസിപ്പിച്ചിരുന്നു.”നസ്രാണി തൊട്ടാൽ ശുദ്ധി ആകും”എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.
⏺കോൺസ്റ്റൻറ്റൈൻ ചക്രവർത്തി ക്രിസ്തുമതം റോമിലെ ഔദ്യോഗിക മതമായി അംഗീകരിക്കുന്നതിനും മുൻപ് സ്ഥാപിതമായ മെശയാനിക സമൂഹം.
⏺ക്രിസ്തീയതയോളം പഴക്കമുളള 19 നൂറ്റാണ്ടുകളിലെ ഇടമുറിയാത്ത മെശയാനിക വിശ്വാസ പാരമ്പര്യം.
⏺അനേകം വിശുദ്ധരുടെ തിരുശേഷിപ്പുകൾ.
⏺ അഖിലേന്ത്യയുടെ അർക്കദിയാക്കോൻ പാറേമ്മാക്കൽ മാർ തോമ്മാ ഗോവർണ്ണദോർ റോമിൽ നിന്നും കൊണ്ടു വന്ന പരിശുദ്ധ കുരിശിൻറ്റെ തിരുശേഷിപ്പ്. തന്റെയും കരിയാറ്റി മല്പാന്‍റെയും റോമാ യാത്രയ്ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്ത അന്നത്തെ കുറവിലങ്ങാട് പള്ളി വികാരി ആയിരുന്ന ബഹുമാനപ്പെട്ട കുര്യേപ്പ്‌ കത്തനാരോടുള്ള നന്ദി സൂചകമായി ഗോവർണ്ണദോർ സമ്മാനിച്ചതാണിത്.

അംബരചുംബികളായ വളരെ വലിയ രണ്ട് ഗോപുരങ്ങളോടുകൂടിയ വലിയ പളളി (മരിയ മജിയോരെ). ഇൗ ഗോപുരങ്ങളുടെ മുകളിലായി അവിടെ വച്ച് തന്നെ വാർത്ത മാർ തോമ്മാ, മാർ പത്രോസ് എന്നീ ശ്ശീഹന്മാരുടെ പൂർണകായ രൂപങ്ങൾ.
⏺പോർച്ചുഗീസ് ബറോക് ശിൽപകല അനുസരിച്ച് നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുളള പ്രധാന മദ്ബഹ.
⏺ തടിയിൽ നിർമ്മിച്ച ആറു രൂപങ്ങളാണ് മദ്ബഹയിൽ ഉള്ളത് (മാർ യോഹന്നാൻ മാംദാന, സ്വർഗാരോപിതയായ മർത്ത് മറിയം, മാർ പത്രോസ് ശ്ലീഹാ, മാർ പൗലോസ് ശ്ലീഹാ, പരിശുദ്ധ കർമ്മല മാതാവ്, മാർത്തോമ്മാ ശ്ലീഹാ).
⏺കൽക്കുരിശിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന കുറവിലങ്ങാട് സ്ലീവാ.
⏺നൂറ്റാണ്ടുകൾ പഴക്കമുളള വാദ്യപ്പുര.
⏺വാദ്യപ്പുരയുടെ താഴ്ഭാഗത്ത് പുരാതന ആയുധപ്പുരയുടെ പ്രവേശന കവാടം ഇപ്പോഴും കാണാം.അർക്കദിയാക്കോന് സ്വന്തമായി നസ്രാണി സായുധ സൈന്യം (നസ്രാണിപ്പട) ഉണ്ടായിരുന്നു.(മൂവായിരത്തോളം അംഗങ്ങൾ ഉണ്ടായിരുന്നു എന്ന് പുരാതന രേഖകളിൽ കാണുന്നു)രാജാക്കന്മാർ തമ്മിലുള്ള യുദ്ധങ്ങളിൽ ഇൗ സൈന്യം ആരുടെ കൂടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു യുദ്ധത്തിലെ ജയപരാജയങ്ങൾ. കൂടാതെ നസ്രാണികൾ എപ്പോഴും സ്വയരക്ഷയ്ക്കായി ആയുധധാരികളായാണ് സഞ്ചരിച്ചിരുന്നത്. ദൈവാലയത്തിൽ കയറുന്നതിനു മുൻപ് അവർ ഇൗ ആയുധങ്ങൾ ആയുധപ്പുരയിൽ സൂക്ഷിച്ചിരുന്നു.
⏺ഒറ്റത്തടിയിൽ നിർമ്മിച്ച ചിത്രപ്പണികളോടുകൂടിയ സക്രാരി.


⏺മുത്തിയമ്മയുടെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കേ സങ്കീർത്തി മദ്ബഹ, പഴയ വടക്കേ സങ്കീർത്തി മദ്ബഹ.
നസ്രാണികളുടെ ഇടയിൽ വിഭജനങ്ങൾക്ക്‌ കാരണമായ ഉദയംപേരൂർ യോഗത്തിന്റെ (1599 ജൂൺ) സൂത്രധാരനായ അലക്‌സിസ് ഡോം മെനെസിസ് എന്ന പറങ്കി മെത്രാപ്പോലീത്ത ആണ് അന്ന് വരെ ഉണ്ടായിരുന്ന ക്ഷേത്ര മാതൃകയിൽ മുള കൊണ്ടു നിർമ്മിച്ച പള്ളിക്ക് പകരം പുതിയ പള്ളിക്ക് തറക്കല്ല് ഇട്ടത്. ആ പള്ളിയുടെ ഭാഗമാണ് ഇപ്പോഴുള്ള മദ്ബഹായും ഇരു വശങ്ങളിലും ഉള്ള സങ്കീർത്തികളും.
⏺പതിനാറാം നൂറ്റാണ്ടിൽ കേരളത്തിലെ നസ്രാണികളുടെ വിഭജനത്തിന് കാരണമായ ഉദയംപേരൂർ സമ്മേളനം ആസൂത്രണം ചെയ്ത ഗോവൻ മെത്രാപ്പോലീത്ത അലക്സിസ് ഡോം മെനെസിസിന്റെ സന്തത സഹചാരിയായിരുന്ന അന്റോണിയോ ഗുവെയാ എന്ന ചരിത്രകാരൻ തന്റെ “ജൊർണാഡ” എന്ന യാത്രാ വിവരണത്തിൽ കുറവിലങ്ങാട് പള്ളിയെയും പരിശുദ്ധ അമ്മയുടെ പ്രത്യക്‌ഷീകരണത്തെയും പറ്റി പറയുന്നുണ്ട്.
⏺മധ്യ ദശകങ്ങളിലെ പ്രമുഖ വൈദീക പരിശീലന കേന്ദ്രം-മൽപ്പാനേറ്റ്. ഉദയംപേരൂർ യോഗത്തിന് മുൻപുവരെ സെമിനാരികൾ നസ്രാണികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല;ഒരു ദേശത്തേക്കു വേണ്ട പട്ടക്കാർ (ദേശത്തു പട്ടക്കാർ) പള്ളിയോഗതിന്റെ തീരുമാന പ്രകാരം ദേശക്കുറി സ്വീകരിച്ച് മല്പാന്റെ കൂടെ താമസിച്ചു വൈദിക പഠനം നടത്തിയിരുന്നു. അതാണ് മല്പാനേറ്റ്. ഇപ്പോഴുള്ള മണിമാളികയുടെ സ്ഥാനത്താണ് മല്പാനേറ്റ് ഉണ്ടായിരുന്നത്.
⏺വിശുദ്ധ സെബസ്ത്യാനോസിൻറ്റെ തിരുശേഷിപ്പ് അടക്കം ചെയ്ത പുരാതനമായ രൂപം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതും പുരാതനമായ പച്ചിലച്ചാറുകൊണ്ട് ചിത്രപണികൾ നടത്തിയിരിക്കുന്നതും പ്രഥമ നാട്ടുമെത്രാനായ പറമ്പിൽ പള്ളിവീട്ടിൽ മാർ ചാണ്ടി മെത്രാൻ (മാർ അലക്സാണ്ടർ ദേ കാംപോ) തൻറ്റെ സ്വകാര്യ കപ്പേളയായി ഉപയോഗിച്ചിരുന്നതുമായ നൂറ്റാണ്ടുകൾ പഴക്കമുളള ചെറിയ പളളി. തനിക്ക് മേൽപട്ടം നൽകിയ മാർ സെബസ്ത്യാനിയോടുള്ള ആദരസൂചകമായി മാർ ചാണ്ടി മെത്രാൻ നിർമ്മിച്ചതാണ് ഇൗ പള്ളി.

മാർ യൗസേപ്പ് പിതാവിൻറ്റെ നാമധേയത്തിലുളള പുരാതനമായ സെമിത്തേരി പളളി.
⏺പൂർവ്വികർ അന്ത്യവിശ്രമം കൊള്ളുന്ന പുനരുത്ഥാനപ്പൂന്തോട്ടം.
⏺നിധീരിക്കൽ മാർ മാണി കത്തനാരാണ് ഇവിടെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ ആയി ഉപയോഗിച്ചത് കൽക്കുരിശിന് മുന്നിൽ ഉണ്ടായിരുന്ന പഴയ പടിപ്പുര മാളിക ആയിരുന്നു. നിർഭാഗ്യവശാൽ പ്രസ്തുത പടിപ്പുര മാളിക ഇന്നില്ല.


⏺പുരാതന കാലം മുതൽ കൽദായ മെത്രാന്മാരുടെ ആഗമനത്താൽ പ്രശസ്തമായ കുറവിലങ്ങാട്.
⏺കുറവിലങ്ങാടിൻറ്റെ പ്രൗഡി വിളിച്ചോതുന്ന ഫാ. തോമസ് മണക്കാട്ട് മെമ്മോറിയൽ ദേവമാതാ മ്യൂസിയം.
⏺ഭാരതം കണ്ട ഏറ്റവും വലിയ സഭാസ്നേഹിയും ഭാരതത്തിലെ പൊന്തിഫിക്കൽ അധികാരങ്ങളോടുകൂടിയ ആദ്യത്തെ വികാരി ജനറാളും ബഹുഭാഷാ പണ്ഡിതനും വിശുദ്ധനും മലങ്കര സഭയിലെ പുനരൈക്യത്തിൻറ്റെ ശിൽപിയുമായ നിധീരിക്കൽ മാർ മാണി കത്തനാരുടെ (1842-1904) ഇടവകയും ഭരണസിരാകേന്ദ്രവും. മാണിക്കത്തനാരുടെ കബറിടം വലിയ പളളി ബേമ്മയിൽ.
മാണിക്കത്തനാരുടെ മുറി വലിയ പള്ളിയുടെ മൂന്നു നിലകളുള്ള മദ്ബഹായുടെ മുകളിൽ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മഗ്രഹം ഇന്നും കുറവിലങ്ങാട്ട്‌ ഉണ്ട്.
⏺ഭാരതത്തിലെ ആദ്യത്തെ നാട്ടുമെത്രാനായ മലങ്കര മെത്രാപ്പോലീത്താ പറമ്പിൽ പളളിവീട്ടിൽ മാർ ചാണ്ടി മെത്രാൻറ്റെ(മാർ അലക്സാണ്ടർ ദെ കാംപോ)(+1687) ഭരണസിരാകേന്ദ്രം.
⏺ചാണ്ടി മെത്രാൻറ്റെ കബറിടം വലിയ പളളി ബേമ്മയിൽ.
⏺കുറവിലങ്ങാട്ടുകാരുടെ മനസ്സിൽ വിശുദ്ധനായി വണങ്ങപ്പെടുന്ന പുണ്യശ്ലോകനായ മാർ പനങ്കുഴയ്ക്കൽ വല്യച്ചൻറ്റെ (1470 – 1543) (ചെറിയ യാക്കോബ്) ഇടവക.
⏺480 വർഷത്തോളമായി മുടക്കമില്ലാതെ നടത്തി വരുന്ന പനങ്കുഴയ്ക്കൽ വല്യച്ചൻറ്റെ ചാത്തം.
⏺വല്യച്ചൻറ്റെ കബറിടം വലിയ പളളി മദ്ബഹായിൽ.
⏺കോട്ടയം വികാരിയാത്തിൻറ്റെ ആസ്ഥാനമായി നിധീരിക്കൽ മാർ മാണിക്കത്തനാർ പണികഴിപ്പിച്ച ഫ്രഞ്ച് മാത്രകയിലുളള ശതാബ്ദി പിന്നിട്ട പളളിമേട(1901).
⏺ പുരാതന ദേവാലയങ്ങളുടെ മുഖമുദ്രയായ ചുറ്റുമതിൽ.
⏺അഖിലേന്ത്യയുടെ അർക്കദിയാക്കോൻ പാറേമ്മാക്കൽ മാർ തോമ്മാ ഗോവർണ്ണദോർ രചിച്ച മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന കുറവിലങ്ങാട് പളളിയിലെ പ്രശസ്തമായ യോഗശാലയും പളളിയോഗവും വട്ടമേശയും.

  • “പൗരാണികത്വത്തിന്റെ പര്യായമാണ് കുറവിലങ്ങാട്” എന്ന് പറേമ്മാക്കൽ മാർത്തോമ്മാ ഗോവർണ്ണദോർ(1736-1799) വർത്തമാന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
    ⏺മാർത്തോമ്മാ നസ്രാണി സഭയിൽ കോട്ടയം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്ക ആയിരുന്ന വിദേശി ബിഷപ്പ് ചാൾസ് ലവീഞ്ഞ് തന്റെ ചിലവിലേക്കായി എല്ലാ ഇടവകകളും തങ്ങളുടെ വാർഷിക വരുമാനത്തിന്റെ നാലിലൊന്ന് നിർബന്ധമായും നൽകണം എന്ന കൽപ്പന ഇറക്കിയപ്പോൾ അതിനെതിരെ നസ്രാണികൾ ശക്തമായി പ്രതിഷേധിച്ചു. ഇത് “പത്രമേനി പ്രശ്നം” എന്ന് അറിയപ്പെടുന്നു. ഇങ്ങനെ പ്രതിഷേധിക്കുന്നവരെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രസ്തുത ബിഷപ്പ് വിലക്കി. ഇതിനെതിരെ 1892 മെയ് നാലാം തീയതി കുറവിലങ്ങാട് പള്ളിയിൽ നടന്നു. ഇതിൽ അധ്യക്ഷ സ്ഥാനത്ത്, നസ്രാണികൾ കാലം ചെയ്ത തങ്ങളുടെ മെത്രാനായിരുന്ന പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി മെത്രാന്റെ ഛായാ ചിത്രമാണ് പ്രതിഷ്ഠിച്ചത്. പള്ളിമുറ്റത്തെ ആൽമരത്തിന്റെ ചുവട്ടിൽ നടന്നതുകൊണ്ട് ഇത് “ആലിൻചുവട് സമ്മേളനം” എന്ന് അറിയപ്പെടുന്നു. ഇതോടെ പ്രസ്തുത ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയും പരാതികൾ റോമിൽ പരിശുദ്ധ സിംഹാസനത്തിൽ എത്തുകയും ഗത്യന്തരമില്ലാതെ ബിഷപ്പ് കൽപ്പന പിൻവലിക്കുകയും ചെയ്തു.
    ⏺യോഗശാലയിൽ സ്ഥാപിച്ചിരിക്കുന്ന തേക്കിൻറ്റെ ഒറ്റപ്പലകയിൽ പച്ചിലച്ചായം ഉപയോഗിച്ച് വരച്ച കാലപ്പഴക്കം നിർണ്ണയിക്കാനാകാത്ത വി. സെബസ്ത്യാനോസിൻറ്റെ ഛായാചിത്രം.
    ⏺റോമിലെ സാന്താ മരിയ മജിയോരെ ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന വി.ലൂക്കാ സുവിശേഷകൻ വരച്ച മർത്ത് മറിയത്തിന്റെ ഐക്കണിൻറ്റെ പലകയിൽ വരച്ച പുരാതനമായ തനി പകർപ്പ്.
    ⏺കുറവിലങ്ങാടിൻറ്റെ (കളത്തൂർ കരയുടെ) മാത്രം പ്രത്യേകതയായ ഓശാനഞായറാഴ്ച്ച തമുക്ക് നേർച്ച.
    ⏺കുറവിലങ്ങാടിൻറ്റെ അന്തസ്സ് ഉയർത്തിക്കാട്ടുന്ന മാർത്തോമ്മാ നസ്രാണി ഭവൻ.
    ⏺വലിയ നോമ്പിന് 18 ദിവസം മുൻപ് നടക്കുന്ന വിശ്വപ്രസിദ്ധമായ മൂന്നു നോമ്പ് തിരുനാൾ.(പതിനെട്ടാമിടയ്ക്ക് വലിയ നോമ്പ്). ഇത് കുടുംബങ്ങളിലെ പഴയ തലുറകളുടെ ഒത്തുചേരൽ ദിനങ്ങളാണ്. പണ്ട് മൂന്നുനോമ്പ് കൂടാൻ ദൂരദേശത്ത് നിന്നു വരുന്നവർ പള്ളിയുടെ ചുറ്റും കുടിൽ കെട്ടി താമസിച്ചിരുന്നു. ഇന്ന് പള്ളിവക താമസൗകര്യം അമ്മവീട് എന്ന പേരിൽ ഒരുക്കിയിട്ടുണ്ട്.
    ⏺കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ പുരാതന ദൈവാലയങ്ങളിൽ മാത്രം ആഘോഷിക്കുന്ന പഴയ നിയമത്തിലെ യോനാ പ്രവാചകൻറ്റെ കപ്പൽ യാത്രയെ അനുസ്മരിപ്പിക്കുന്ന നിനെവേക്കാരുടെ യാചന (ബഊസാ ദ്നിനവേ) എന്ന് അറിയപ്പെടുന്ന മൂന്നു നോമ്പ് തിരുനാൾ. തിരുന്നാളിന് പല ദേശങ്ങൾക്ക്‌ പാരമ്പര്യമായി കിട്ടിയിരിക്കുന്ന അവകാശങ്ങൾ, പ്രദക്ഷിണങ്ങളിലും ചടങ്ങുകളിലും അണുവിട തെറ്റാതെ കാക്കുന്ന പഴയ പാരമ്പര്യങ്ങൾ.
    ⏺കുറവിലങ്ങാടിൻറ്റെ മാത്രം പ്രത്യേകതയായ മൂന്നു നോമ്പ് തിരുനാളിലെ ചൊവ്വാഴ്ച ദിവസം കടപ്പൂർ നിവാസികൾ പുരാതനമായ കപ്പൽ ചുമലിലേറ്റി നടത്തുന്ന വിശ്വപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം.
    ⏺നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, തീവെട്ടി, ചുട്ടി, ആലവട്ടം, നെറ്റിപ്പട്ടം, തിടമ്പ്, വെഞ്ചാമരം എന്നിവയുടെ അകമ്പടിയുളള ഏക ക്രൈസ്തവ പ്രദക്ഷിണം.
    ⏺ഈ അടുത്ത കാലം വരെ കപ്പലോട്ടത്തിന് അകമ്പടി സേവിക്കുന്ന ആനയെ ഏറ്റുമാനൂർ അമ്പലത്തിൽ നിന്നാണ് നൽകിയിരിക്കുന്നത്.
    ⏺മണർകാട്, മുട്ടുചിറ, അതിരമ്പുഴ, അരുവിത്തുറ, രാമപുരം എന്നീ പുരാതന തീർത്ഥാടന കേന്ദ്രങ്ങൾ കുറവിലങ്ങാട് പളളിയുടെ പുരാതന കുരിശുപളളികളായിരുന്നു.
    ⏺ ഉദയംപേരൂർ യോഗം (1599) വരെ സെമിത്തേരി നസ്രാണികളുടെ ഇടയിൽ ഇല്ലായിരുന്നു. പകരം പൂർവികരെ തങ്ങളുടെ പുരയിടത്തിൽ തന്നെ കബറടക്കിയിരുന്നു. പള്ളിയുടെ സമീപത്ത് താമസിച്ചിരുന്നവർ തങ്ങളുടെ പൂർവ്വികരെ പള്ളിയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് വശങ്ങളിൽ മുറ്റത്തും അടക്കിയിരുന്നു. അവരുടെ കബറിടങ്ങളിൽ സന്ധ്യാ സമയത്ത് വിളക്കുവച്ച് പ്രാർത്ഥിച്ചിരുന്നു. അത്തരം കബറിടങ്ങൾ അടുത്ത കാലം വരെ കുറവിലങ്ങാട് പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.
    ⏺നസ്രാണികളുടെ എല്ലാം തലപ്പള്ളി ആണ് കുറവിലങ്ങാട്.
    ⏺മാസാദ്യവെളളിയാഴ്ചകളിൽ ക്രൈസ്തവരും അക്രൈസ്തവരുമായി പതിനായിരക്കണക്കിനാളുകൾ തീവെയിലിൽ പോലും കരിങ്കൽ കുരിശിനു മുന്നിൽ എണ്ണ ഒഴിക്കാനായി നിൽക്കുന്ന ഭക്തിനിർഭരമായ കാഴ്ച.
    ⏺എല്ലാ ആദ്യവെള്ളിയാഴ്ച്ചകളിലും സ്ഥിരമായി പൗരസ്ത്യ സുറിയാനി ഭാഷയിലുള്ള പരിശുദ്ധ കുർബാന.
    ⏺പുരാതനമായ നിക്ഷേപങ്ങൾ സൂക്ഷിച്ചിരുന്ന ഏഴ് പൂട്ടുളള നിക്ഷേപ മുറി.
    ⏺തമുക്ക് നേർച്ച തയ്യാറാക്കുന്ന ഒറ്റത്തടിയിൽ നിർമ്മിച്ച കുഴിത്തോണി.
    ⏺പുരാതനമായ രേഖകളും തിരുവസ്ത്രങ്ങളും താളിയോല ഗ്രന്ഥങ്ങളും.
    ⏺ചരിത്രം ഉറങ്ങുന്ന കാഞ്ഞിരത്താനം പുലിയള.
    ⏺ഇടവകാതിർത്തിയിൽ നിരവധി സന്യാസിമഠങ്ങളും ദയറാകളും സെമിനാരികളും.
    ⏺പണ്ട് പള്ളിപ്പുറം മുതൽ അരുവിത്തുറ വരെ ആയിരുന്നു കുറവിലങ്ങാട് ഇടവക.
    ⏺ചെറിയ പളളിയിൽ ആഘോഷിക്കുന്ന വി. സെബസ്ത്യാനോസിൻറ്റെ പത്താം തീയതി തിരുനാൾ.
    ⏺ധീര രക്‌തസാക്ഷിത്വം വരിച്ച മാർ ഗീവർഗീസ് സഹദായുടെ തിരുനാൾ.
    ⏺ ആഗസ്റ്റ് 15 ന് ആഘോഷിക്കുന്ന പള്ളിയുടെ കല്ലിട്ട തിരുനാൾ.
    ⏺നസ്രാണികളുടെ പാരമ്പര്യമായ എട്ടുനോമ്പാചരണവും ആയിരക്കണക്കിന് മേരി നാമധാരികൾ പങ്കെടുക്കുന്ന മേരീനാമധാരീ സംഗമവും.
    ⏺കുറവിലങ്ങാടിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം: “പാലാ സഭയുടെ വത്തിക്കാൻ ആണെങ്കിൽ, കുറവിലങ്ങാട് സഭയുടെ ജറൂസലം ആണ്.” പാലായിൽ നടന്ന അൽമായ സംഗമത്തിനിടെ സീറോ മലബാർ സഭയുടെ (മാർ തോമ്മാ നസ്രാണികളുടെ) തലവൻ അഖിലേന്ത്യായുടെ മെത്രാപ്പോലീത്തയും കവാടവുമായ മാറൻ മാർ ഗീവർഗീസ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്ത.
    ⏺”സീറോ മലബാർ സഭയുടെ ഹൃദയത്തിലാണ് കുറവിലങ്ങാടിൻറ്റെ സ്ഥാനം”
    “ഭാരതത്തിലെ എല്ലാ ക്രൈസ്തവ സഭകൾക്കും ഒന്നിച്ചു കൂടാനുളള ഏക ഉറവിടം പകലോമറ്റം ആണ്.”
    “കുറവിലങ്ങാട് സഭാപാരമ്പര്യത്തിന്റെ ട്രഷറി”.
    “കുറവിലങ്ങാട് വരുമ്പോൾ സീനായ് മല കയറുന്ന അനുഭവമാണ്”.
    “സഭയുടെ മദർ ചർച്ച് “ഏത്താ എമ്മാ” ആണ് കുറവിലങ്ങാട്”
  • പാലാ രൂപത മെത്രാൻ മാർ ഔസേപ്പ് കല്ലറങ്ങാട്ട്.
    ⏺പ്രസിദ്ധമായ ആനവായിൽ ചക്കര നേർച്ച.
    ⏺ലോകത്ത് മറ്റൊരു സ്ഥലത്തും ഇല്ലാത്ത, മറ്റാർക്കും നിർമ്മിക്കാൻ കഴിയാത്ത ഓശാനഞായറാഴ്ച്ച തമുക്ക് നേർച്ച തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒറ്റത്തടിയിൽ നിർമ്മിച്ച എട്ടു പേർക്ക് ഒരേസമയം തേങ്ങ ചിരണ്ടാവുന്ന പുരാതനമായ എട്ടുനാക്കുളള ചിരവ. ഇത് ഉപയോഗം കഴിഞ്ഞ് മടക്കി വയ്ക്കാൻ സാധിക്കും.
    ⏺ ഏഷ്യയിലെ ഏറ്റവും വലിയ ഇടവക സമൂഹം.
    ⏺മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ ഉൾപ്പെടെ അനേകം പ്രതിഭകൾക്ക് വിദ്യ പകർന്നു നൽകിയ സെൻറ്റ് മേരീസ് സ്കൂൾ.
    ⏺എല്ലാ മതസ്ഥരും പരിപാവനമായി വണങ്ങുന്ന കുറവിലങ്ങാട് പള്ളി.
    ⏺മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പി. ജെ. തോമസ്, അനേകം മെത്രാന്മാർ, അർക്കദിയാക്കോന്മാർ, തുടങ്ങി അനേകം പ്രതിഭകളുടെ നാടാണ് കുറവിലങ്ങാട്.
    ⏺2018-ൽ വലിയ പള്ളി പൗരാണികതയും പ്രൗഢിയും തെല്ലും നഷ്ടപ്പെടാതെ നവീകരിച്ചു. മൂന്നു നോമ്പ് തിരുനാളിനു മുന്നോടിയായി സീറോ മലബാർ സഭയുടെ തലവൻ അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും കവാടവുമായ മേജർ ആർച്ച് ബിഷപ്പ് മാറൻ മാർ ഗീവർഗീസ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്ത പള്ളി കൂദാശ ചെയ്തു; തദവസരത്തിൽ സീറോ മലബാർ സഭാ തലവന്റെ ഔദ്യോഗിക സ്ഥാനിക സിംഹാസനം പള്ളിയിൽ സ്ഥാപിച്ചു.
    ⏺പള്ളിയുടെ ഇരു വശങ്ങളിലും ഉള്ള കൽത്തളങ്ങൾക്ക്‌ പ്രൗഢി നൽകി, സഭയുടെയും കുറവിലങ്ങാടിന്റെയും പൗരസ്ത്യ സുറിയാനി പാരമ്പര്യം വിളിച്ചോതി അനേകം പ്രതീകങ്ങളും സുറിയാനി ലിഖിതങ്ങളും ഉള്ള 44 കരിങ്കൽ തൂണുകൾ. പള്ളിയകത്തും അനേകം സുറിയാനി ലിഖിതങ്ങൾ കരിങ്കൽ പാളികളിൽ കൊത്തി വച്ചിരിക്കുന്നു.
    ⏺2018-ൽ സീറോ മലബാർ സഭയുടെ “മേജർ ആർക്കി എപ്പിസ്ക്കോപ്പൽ” ദൈവാലയമായി സീറോ മലബാർ സഭയുടെ പരിശുദ്ധ സൂനഹദോസ് കുറവിലങ്ങാട് പള്ളിയെ ഉയർത്തി. പള്ളിയെ “മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർഥാടന ദൈവാലയം” എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

  • ⏺2018-ൽ കുറവിലങ്ങാട് പള്ളിക്ക് ലഭിച്ച അംഗീകാരങ്ങൾക്ക് തിലകക്കുറിയായി കുറവിലങ്ങാട് പള്ളി വികാരിക്ക്‌ സഭാ “ആർച്ച് പ്രീസ്റ്റ്‌” സ്ഥാനം നൽകി ആദരിച്ചു.
    ⏺2019 സെപ്റ്റംബർ ഒന്നാം തിയതി കുറവിലങ്ങാട് നസ്രാണി മഹാ സംഗമം നടന്നു……
  • കുറവിലങ്ങാടുമായി ബന്ധമുള്ള, മാർത്തോമ്മാ നസ്രാണികൾ എല്ലാവരും സഭാ വ്യത്യാസം ഇല്ലാതെ അമ്മയുടെ സന്നിധിയിൽ ഒത്തുചേരുന്നു. സീറോ മലബാർ, സീറോ മലങ്കര, മലങ്കര യാക്കോബായ, മാർത്തോമ്മാ, തൊഴിയൂർ, കൽദായ സഭകളിലെ വിശ്വാസികളും വൈദികരും മെത്രാന്മാരും സഭാ തലവന്മാരും പങ്കെടുത്തു.
  • ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ

നിങ്ങൾ വിട്ടുപോയത്