കല്ലിനെ അപ്പമാക്കാനാണ് യേശുവിനുണ്ടായ ആദ്യ പ്രലോഭനം. വയറു കാളുന്ന വിശപ്പ് എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടോ? ആ നേരത്ത് മറ്റൊരു പ്രലോഭനവും അലട്ടുകയില്ല. എങ്ങനെയെങ്കിലും ഒന്ന് വിശപ്പടക്കിയാൽ മതി എന്നായിരിക്കും ചിന്ത മുഴുവൻ. കണ്ണിൽ വിശപ്പിന്റെ അഗ്നിയാളിത്തുടങ്ങിയാൽ പിന്നെ കാണുന്നതെല്ലാം അപ്പമായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. മനുഷ്യൻ അവന്റെ സകല ഔന്നത്യങ്ങളും വിസ്മരിച്ചുപോകും വിശപ്പിനു മുന്നിൽ. കാലാപാനി എന്ന സിനിമയിൽ വിശപ്പ് സഹിക്കാനാകാതെ കൂട്ടുകാരന്റെ മൃതദേഹം ഭക്ഷിക്കുന്ന മനുഷ്യന്റെ കണ്ണിലെ രൗദ്രമായ നോട്ടം മനസ്സിൽ നിന്ന് എന്നെങ്കിലും മായുമെന്നു തോന്നുന്നില്ല. അത്രമേൽ, തീവ്രമാണ് വിശക്കുന്ന മനുഷ്യന്റെ മനോനില. നാല്പതു നാൾ പിന്നിട്ട ഉപവാസത്തിനൊടുവിൽ യേശു വിശപ്പിന്റെ കാഠിന്യമറിയുന്ന വേളയിലാണ് പ്രലോഭകന്റെ വരവ്.

വിശപ്പിനു മുന്നിൽ ആരെയും എളുപ്പത്തിൽ വശീകരിക്കാം എന്ന് സാത്താന് അത്ര മേൽ ഉറപ്പുണ്ടാവണം. മനുഷ്യനെ അവൻ കുരുക്കിയ ആദ്യ പ്രലോഭനം തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നല്ലോ. അരുതെന്ന് വിലക്കിയ കനി ഭക്ഷിക്കാനുള്ള ആ വശീകരണത്തിൽ ആദിമാതാപിതാക്കൾ വീണുപോയി. അന്ന് മുതലിങ്ങോട്ട് നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കണം എന്നതായി മനുഷ്യനെക്കുറിച്ചുള്ള ദൈവീക നിശ്ചയം. മനുഷ്യനൊഴികെ മറ്റെല്ലാ ജീവികൾക്കും ആഹാരം അദ്ധ്വാനമന്യേ പ്രപഞ്ചമൊരുക്കി നൽകുമ്പോൾ മനുഷ്യൻ മണ്ണിൽ കഷ്ടപ്പെട്ടു വേണം വിശപ്പടക്കാൻ. ആകാശത്തിലെ പറവകൾ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ ശേഖരിക്കുകയോ ചെയ്യേണ്ടതില്ലാത്ത വിധം ദൈവം അവയെ പോറ്റുമ്പോൾ മനുഷ്യൻ പാടത്തിറങ്ങുകയും വെയിലേൽക്കുകയും വേണം.

നായാട്ടുകാരനായ ജ്യേഷ്‌ഠനെ അയാളുടെ വിശപ്പ് മുതലെടുത്താണ് അനുജൻ ചതിവിൽ പെടുത്തുന്നത്. “ഞാനോ വിശന്നു ചാകാറായി. കടിഞ്ഞൂൽ അവകാശം കൊണ്ട് എനിക്കിപ്പോൾ എന്ത് പ്രയോജനം” ( ഉല്പ. 25: 32 ) എന്നാണ് അയാളുടെ ചിന്ത. ശരിയാണ്, വിശപ്പിനു മുന്നിൽ സകല വേദാന്തങ്ങളും അപ്രസക്തമാണ്. വിശക്കുന്ന ഒരുവനെക്കണ്ടാൽ അവനോട് “സമാധാനത്തിൽ പോകുക”എന്ന് പറയുന്നതല്ല, അയാളുടെ പശിയടക്കാൻ തന്നാലാവുന്നത് ചെയ്യുന്നതാണ് യഥാർത്ഥ ആത്മീയത എന്ന് മേൽപ്പറഞ്ഞ കഥയിലെ അനുജന്റെ അതേ പേര് സ്വീകരിച്ച അപ്പസ്തോലന്റെ ആഹ്വാനമുണ്ട് ( യാക്കോ. 2: 16 ).

വിശപ്പിന്റെ വില നന്നായി അറിഞ്ഞതുകൊണ്ടാവണം വിശക്കുന്നവരെ കണ്ടാൽ പിന്നെ യേശു സുവിശേഷ പ്രസംഗം അവിടെ നിർത്തും. അപ്പത്തോളം പോന്ന മറ്റൊരു സുവിശേഷം വിശക്കുന്നവർക്ക് നൽകാനില്ല എന്ന് അവന് ഉത്തമ ബോധ്യമുണ്ടായിരുന്നു. അന്നന്ന് വേണ്ട അപ്പം തരണേ എന്ന് പ്രാർഥനയിൽ പ്രത്യേകം കൂട്ടിച്ചേർക്കാനും അവൻ മറന്നില്ല. മരിച്ചുയിർത്തു വന്ന പന്ത്രണ്ടു വയസ്സുകാരിയുടെ കണ്ണിലെ വിശപ്പിന്റെയാഴം മാതാപിതാക്കൾക്ക് മുന്നേ തിരിച്ചറിയുന്നതും ഭക്ഷണം നൽകാൻ നിർദ്ദേശിക്കുന്നതും അതുകൊണ്ടുതന്നെയാവണം. വയലിലൂടെ സഞ്ചരിക്കവേ വിശപ്പുകൊണ്ട് അന്യന്റെ ഗോതമ്പുമണി ഉതിർത്തി ഭക്ഷിക്കുന്ന ശിഷ്യന്മാരെ ന്യായീകരിക്കാൻ അവന് യാതൊരു മടിയുമില്ല. ഒടുവിൽ മനുഷ്യന്റെ സകല വിശപ്പുകളുടെയും ആത്യന്തിക പരിഹാരമായ കുർബാനയപ്പത്തിലേക്ക് തന്നെത്തന്നെ ഒതുക്കി വാഴ്ത്തി മുറിച്ചു നൽകാനും അവൻ തയ്യാറാകുന്നു. കല്ലിനെ അപ്പമാക്കുന്നതല്ല, അപ്പത്തെ തന്റെ ശരീരമാക്കുന്നതാണ് യഥാർത്ഥ അത്ഭുതം എന്ന് അവിടുന്ന് അങ്ങനെ തെളിയിക്കുന്നു.

അപ്പം കൊണ്ട് അടക്കാനാവാത്ത വിശപ്പുകളുണ്ട്. നീതിക്കു വേണ്ടി വിശപ്പനുഭവിക്കുന്നവരെ ഭാഗ്യവാന്മാരായി അവൻ വാഴ്ത്തിയുയർത്തുന്നു. വിശപ്പടക്കുക എന്ന ലക്ഷ്യത്തിലേക്ക് മാത്രം ജീവിതം ചുരുക്കി തന്റെ പിന്നാലെ വരുന്നവരെ അവൻ കുറ്റപ്പെടുത്തുന്നുണ്ട്. നശ്വരമായ അപ്പത്തിന് വേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന അനശ്വരമായ അപ്പത്തിന് വേണ്ടി അദ്ധ്വാനിക്കാനാണ് യേശുവിന്റെ ആഹ്വാനം. നിത്യജീവന്റെ അപ്പം താനാണെന്നും തന്റെ ശരീരമാണ് യഥാർഥ ഭക്ഷണമെന്നും അസന്നിഗ്ധമായി പ്രസ്താവിക്കുന്നതിലൂടെ ശരീരത്തിന്റെ വിശപ്പിനെ അതിലംഘിക്കുന്ന ആത്മീയ വിശപ്പടക്കുകയാണ് തന്റെ യഥാർത്ഥ ലക്ഷ്യം എന്ന് അവൻ വ്യക്തമാക്കുന്നു.

അപരന്റെ വയറിന്റെ വിശപ്പടക്കാൻ അപ്പം വർദ്ധിപ്പിക്കുകയും ആത്മാവിന്റെ വിശപ്പടക്കാൻ അപ്പമാകുകയും ചെയ്ത ദൈവപുത്രൻ തന്റെ വിശപ്പടക്കാൻ അത്ഭുതം പ്രവർത്തിക്കാൻ തയ്യാറായില്ല എന്നതാണ് യാഥാർഥത്തിൽ നമ്മെ അത്ഭുതപ്പെടുത്തേണ്ടത്. എല്ലാ വിശപ്പുകളും ഒരു പോലെ പരിഹാരം അർഹിക്കുന്നില്ല. ഉന്നതമായ വിശപ്പുകൾക്കുത്തരം നൽകുന്നതിനിടെ മറ്റു ചില വിശപ്പുകളെ അപ്രസക്തമായി കരുതുന്നവരെ മനസ്സിലാക്കാൻ അപ്പം കൊണ്ടു മാത്രം മനുഷ്യൻ പുലരുന്നു എന്ന മട്ടിൽ ജീവിതത്തെ നോക്കിക്കാണുന്നവർക്ക് സാധിച്ചെന്നു വരില്ല. കല്ലിനെ അപ്പമാക്കാനുള്ള പ്രലോഭനവുമായി സാത്താൻ ഇന്നും നമുക്കരികെയുണ്ട്. ദൈവം ആഗ്രഹിക്കാത്ത കുറുക്കുവഴികളിലൂടെ വിശപ്പടക്കാൻ ശ്രമിക്കുന്നവരൊക്കെ ഈ കെണിയിൽ വീഴുന്നുമുണ്ട്.

*ഫാ.ജോസഫ് കുമ്പുക്കൽ*

SH College, Thevara

നിങ്ങൾ വിട്ടുപോയത്