കോഴിക്കോടു നിന്നും തൃശൂരിലേക്കുള്ള
യാത്ര. വഴിയിൽ നല്ല ട്രാഫിക്കായിരുന്നു.
എല്ലാ വാഹനങ്ങളും സാവകാശം പോകുന്നതിനിടയിൽ,
ഒരു പ്രൈവറ്റ് സൂപ്പർഫാസ്റ്റ് ബസ്
ഹോൺ മുഴക്കി മുമ്പോട്ട് പാഞ്ഞുവന്നു.

മുമ്പിലുണ്ടായിരുന്ന ഓട്ടോയുടെ സൈഡിൽ ബസ് ഇടിച്ചപ്പോൾ ട്രാഫിക്ക് ഇരട്ടിയായി.
ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിവന്ന്
ഒരു തെറ്റും ചെയ്യാത്ത ഓട്ടോക്കാരനെ
ചീത്ത വിളിക്കാൻ തുടങ്ങി:
“ഞങ്ങൾ ഹോണടിച്ചപ്പോൾ
തനിക്ക് സൈഡ് തന്നാൽ എന്താ?
ഇത് സൂപ്പർഫാസ്റ്റ് ബസല്ലെ?”

അരിശം വന്ന ഓട്ടോക്കാരൻ
ഓട്ടോസ്റ്റാർട്ട് ചെയ്ത് ബസിനു കുറുകെയിട്ടു.
അദ്ദേഹത്തിൻ്റെ കൂടെ മറ്റുചില
ഡ്രൈവർമാരും കൂടിയപ്പോൾ
കാര്യങ്ങൾ നിയന്ത്രണാതീതമായി.
പോലീസ് സ്ഥലത്തെത്തി.

ബസ് ഡ്രൈവറാണ് കുറ്റക്കാരനെന്ന്
പോലീസിനും ബോധ്യപ്പെട്ടു.
രണ്ടായിരം രൂപ വാങ്ങി ഓട്ടോക്കാരന് കൊടുത്തതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി.
മാത്രമല്ല, ബസ് കുറച്ചധിക സമയം പിടിച്ചിട്ട ശേഷമാണ് പോകാൻ അനുവദിച്ചത്.

ചിലപ്പോഴെങ്കിലും നമ്മുടെ ഭാഗത്ത് തെറ്റുണ്ടെന്ന് അറിഞ്ഞിട്ടും
അവ അംഗീകരിക്കാതെ
മറ്റുള്ളവർക്കു മേൽ
കുറ്റം ചുമത്താനും തട്ടിക്കയറാനും
നമ്മളും ശ്രമിക്കാറില്ലെ?
മറ്റുള്ളവരെ കുരുക്കാൻ വേണ്ടി വാഗ്വാദങ്ങളിൽ നമ്മളും ഏർപ്പെടാറില്ലെ?

ഫരിസേയർക്കുമുണ്ടായിരുന്നു ഇങ്ങനെയുള്ള മനോഭാവം.
ഒരിക്കൽ അവർ ക്രിസ്തുവിനോട് ചോദിക്കുന്നു:
“എന്തധികാരത്താലാണ്‌ നീ ഇവയൊക്കെ ചെയ്യുന്നത്‌? ഇവ പ്രവര്‍ത്തിക്കുന്നതിന്‌ ആരാണ്‌ നിനക്ക്‌ അധികാരം നല്‍കിയത്‌?”
ക്രിസ്തു അവരോട് മറുചോദ്യങ്ങൾ ഉന്നയിച്ചതോടു കൂടി അവർ
നിശബ്ദരായി (Ref മർക്കോ 11:27-33).

മറ്റുള്ളവരെ കുടുക്കാൻ വേണ്ടിയും
തങ്ങൾ വലിയവരാണെന്ന് കാണിക്കാൻ വേണ്ടിയും വെറുതെ ചോദ്യങ്ങൾ
ഉതിർക്കുന്നവർ
ചില മറു ചോദ്യങ്ങൾക്കു മുമ്പിൽ
നിശബ്ദരാകുന്നത് സാധാരണമാണ്.

സ്വന്തം കുറവുകൾ മനസിലാക്കി
മറ്റുള്ളവരെ ആദരിക്കാനും
പരിഗണിക്കാനും കഴിയുമ്പോൾ മാത്രമേ,
ഒരാൾക്ക് യഥാർത്ഥ ശിഷ്യനാകാൻ സാധിക്കൂ
.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്