ഈശോമശിഹാ വാസ്തവമായി

മരിച്ചവരില്‍നിന്ന് ഉത്ഥാനം

ചെയ്തിരിക്കുന്നു, ഹല്ലേലൂയ്യാ!

വലിയവാരത്തിലെ ശോകമൂകമായ ദിനങ്ങള്‍ക്കൊടുവില്‍ സര്‍വ്വമനുഷ്യനും പ്രത്യാശപകരുന്ന പുനഃരുത്ഥാന ഞായറിലേക്കു നമ്മള്‍ പ്രവേശിക്കുന്നു. ഈ ആനന്ദത്തിന് തീവ്രത കൂടുന്നത് ഈശോമശിഹായുടെ മൃതരില്‍നിന്നുള്ള പുനഃരത്ഥാനത്തിന്‍റെ പേരില്‍ മാത്രമല്ല, യേശുക്രിസ്തുവിലൂടെ സകലമനുഷ്യര്‍ക്കും ഇപ്രകാരമൊരു പുനഃരുത്ഥാന സാധ്യതയുണ്ട് എന്നതിനാലാണ്. പൗലോസ് സ്ലീഹായുടെ ഉറപ്പും ധൈര്യവും നോക്കുക: “ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം”. (1 കൊരി 15:14).

പുനഃരുത്ഥാനമെന്നത് സഭയുടെ കേവല വിശ്വാസമല്ല, കഴിഞ്ഞ രണ്ടായിരം കൊല്ലമായി ക്രൈസ്തവ സഭയെന്ന വിശ്വാസഭവനം ഉറച്ചുനില്‍ക്കുന്നത് ഈ യാഥാര്‍ത്ഥ്യ ബോധത്തിന്മേലാണ്. നിഖ്യാ വിശ്വാസപ്രമാണവും സ്ലീഹന്മാരുടെ വിശ്വാസപ്രമാണവുമെല്ലാം രൂപപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആദിമസഭയുടെ ഒറ്റവരിയുള്ള വിശ്വാസപ്രമാണം “ഈശോമശിഹാ വാസ്തവമായി മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു, ഹല്ലേലൂയ്യാ” എന്നതായിരുന്നു.

ക്രൈസ്തവ ദൈവശാസ്ത്ര നിർവ്വചനങ്ങളിലോ വ്യാഖ്യാനങ്ങളിലോ വ്യത്യസ്ത ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന വിവിധ ക്രൈസ്തവ സഭകളും വിശ്വാസികളും ഉണ്ടെങ്കിലും ഈശോമശിഹാ മനുഷ്യവംശത്തിന്‍റെ ആദ്യഫലമായി ഉയിര്‍ത്തെഴുന്നേറ്റു എന്നതില്‍ സംശയമുള്ളവര്‍ ഉണ്ടാകില്ല. നശ്വരതയില്‍ വിതയ്‌ക്കപ്പെടുന്നവർ പിന്നീട് അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്‌ക്കപ്പെടുന്നവർ മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്‌ക്കപ്പെടുന്നവർ ശക്‌തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.

സത്യത്തെ കുഴിച്ചിട്ടാലും മൂന്നാം ദിവസം ഉയിര്‍ക്കുമെന്ന് ആവേശത്തോടെ പ്രസംഗിക്കുന്നവരുണ്ട്. ഉത്ഥാനപ്പെരുന്നാളിനെ “സത്യത്തിന്‍റെ വിജയ”മെന്ന് ചുരുക്കിപ്പറയുന്നത് അർത്ഥസത്യം മാത്രമാണ്. ക്രിസ്തുവിന്‍റെ പുനഃരുത്ഥാനമെന്നത് മരണത്തിനുമേല്‍ ജീവന്‍റെ വിജയമായിരുന്നു. “മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തൻ്റെ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്” ക്രിസ്തു സംഭവങ്ങൾ അരങ്ങേറിയത്. (ഹെബ്രാ 2:15).

ഈശോയുടെ പുനഃരുത്ഥാനത്തിലൂടെയാണ് അവിടുന്ന് ദൈവപുത്രനാണെന്ന് ലോകത്തിന് ബോധ്യമായത്. പരസ്യജീവിതകാലത്തെ അവിടുത്തെ പ്രഖ്യാപനങ്ങളൊക്കെ സത്യമായിരുന്നുവെന്ന് തന്‍റെ ശിഷ്യന്മാര്‍ ഉള്‍പ്പെടെ മാനവകുലം തിരിച്ചറിഞ്ഞത് പുനഃരുത്ഥാനത്തിനു ശേഷമായിരുന്നു. അപ്പൊസ്തൊലനായ പൗലോസിന്‍റെ സമകാലികനായിട്ടാണ് ഈശോമശിഹാ ജീവിച്ചിരുന്നത്. ന്യായപ്രമാണ പണ്ഡിതനാണെങ്കിലും ക്രിസ്തുവിന്‍റെ പുനഃരുത്ഥാനത്തിനു ശേഷമാണ് പൗലോസ് പോലും ഈശോമശിഹായെ ദൈവപുത്രനായി ഉള്‍ക്കൊണ്ടത്. റോമാ സഭയ്ക്കുള്ള കത്തില്‍ (റോമ 1:4) പൗലോസ് സ്ലീഹാ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ പുനഃരുത്ഥാനം അവനില്‍ മാത്രം ഒതുങ്ങുന്നതല്ല, ഇത് സകലമനുഷ്യനും പ്രാപ്യമാണെന്ന സദ്വാര്‍ത്തയാണ് പൗലോസ് തന്‍റെ ജീവിതകാലം മുഴുവന്‍ ലോകത്തോടു വിളിച്ചുപറഞ്ഞത്. ക്രിസ്തുവിന്‍റെ സാക്ഷ്യമേറ്റെടുത്ത് വലിയ പീഡനങ്ങളേ നേരിട്ടു സഞ്ചരിച്ച പൗലോസിന്‍റെയും ആത്യന്തിക ലക്ഷ്യം “വല്ലവിധേനയും മരിച്ചവരില്‍നിന്നുള്ള പുനഃരുത്ഥാനമായിരുന്നു” (ഫിലി 3:11)

ഈശോമശിഹായുടെ ശരീരം അരിമത്യാക്കാരന്‍ ജോസഫിന്‍റെ കല്ലറയില്‍ വിശ്രമിക്കുമ്പോള്‍ ആത്മാവ് പാതാളത്തിലിറങ്ങി മരണബന്ധനത്തിലായിരുന്ന ആത്മാക്കളോടു സുവിശേഷം പറഞ്ഞുവെന്ന് ആദ്യത്തെ മാര്‍പാപ്പയായ പത്രോസ്ലീഹാ എഴുതുന്നു (1 പത്രോസ് 3:19). മരണത്തിന്‍റെ താഴ്വവരയിലേക്ക് ഈശോ ഇറങ്ങിച്ചെന്നു, മനുഷ്യവംശത്തിനുമേല്‍ വ്യാപിച്ചുകിടന്ന മൃതിയുടെ കരിമ്പടം അവന്‍ എന്നെന്നേക്കുമായി എടുത്തുമാറ്റി, മൃതന്മാര്‍ നിത്യജീവന്‍റെ പ്രകാശത്തില്‍ ഉണര്‍ന്നു. ജീവന്‍റെ കിരണങ്ങളേറ്റ് ആദ്യമുണര്‍ന്ന ആദം ഒടുവിലത്തെ ആദമായ ക്രിസ്തുവിനെ മുഖാമുഖം കണ്ടു. അവന്‍ ഉച്ചത്തില്‍ പാടി,

ലാകു മാറാ….

“സര്‍വ്വാധിപനാം കര്‍ത്താവേ (റോമ 9:4)

നിന്നെ വണങ്ങി നമിക്കുന്നു….”

ഹവ്വായും പ്രവാചകന്മാരും പഴയനിമയ വിശുദ്ധരും ഉണര്‍ന്നു, അവരെല്ലാം ചേര്‍ന്നു പാടി

“മര്‍ത്യനു നിത്യമഹോന്നതമാം

ഉത്ഥാനം നീയരുളുന്നു

അക്ഷയമവനുടെ ആത്മാവിന്‍

ഉത്തമരക്ഷയുമേകുന്നു”

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ “ആദത്തിന്‍റെ കീര്‍ത്തനം” എന്നാണ് സീറോമലബാര്‍ സഭയുടെ വിശുദ്ധകുര്‍ബാനയിലെ അതിമഹത്തായ ആരാധനാ ഗീതമായ “സര്‍വ്വാധിപനാം കര്‍ത്താവേ” എന്ന ഗാനം അറിയപ്പെടുന്നത്. സഭാപിതാവും കാതോലിക്കയും രക്തസാക്ഷിയുമായിരുന്ന മാര്‍ ശിമയോന്‍ ബര്‍സാബയാണ് ഈ ഗാനം രചിച്ചതെന്നാണ് കരുതുന്നത്.

പഴയനിയമ വിശുദ്ധന്മാരും ക്രിസ്തുവിലൂടെയാണ് രക്ഷയിലേക്ക്, നിത്യജീവനിലേക്ക് കടന്നത് എന്ന് ഹെബ്രായര്‍ 9: 15 വായിക്കുന്നു. “വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉടമ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു”

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു എന്നതിന് എന്താണ് തെളിവ് എന്ന് ചോദിക്കുന്നവര്‍ക്ക് പൗലോസ് നല്‍കുന്ന മറുപടി വളരെ ശ്രദ്ധേയമാണ്. “ഞങ്ങള്‍ തന്നെയും എന്തിനു സദാസമയവും അപകടത്തെ അഭിമുഖീകരിക്കണം?” മനുഷ്യവംശത്തിന് മരണത്തില്‍നിന്ന് ഒരു ഉയിര്‍പ്പുണ്ട് എന്ന സന്ദേശം ലോകത്തോടു വിളിച്ചുപറഞ്ഞ് പൗലോസ് സഞ്ചരിച്ചതെല്ലാം സദാസമയവും അപകടത്തെയും പീഡനത്തെയും അഭിമുഖീകരിച്ചുകൊണ്ടായിരുന്നു. പുനഃരുത്ഥാനം ക്രിസ്തുവിനു മാത്രമുള്ളതല്ല, അവനില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും അത് ലഭിക്കും എന്ന് ആരിലുമധികം പൗലോസും മറ്റ് അപ്പൊസ്തൊലന്മാരും വിശ്വസിച്ചു. താന്‍ പീഡനങ്ങളും കാരാഗ്രവാഹസവും ഏറ്റെടുക്കുന്നത് കല്‍പ്പിത കഥകളെപ്രതിയല്ല, ഈശോമശിഹായുടെ പുനഃരുത്ഥാന സാക്ഷ്യത്തിനു മുന്നില്‍ നിശ്ശബ്ദനാകാന്‍ കഴിയാത്തതു കൊണ്ടാണ് എന്ന ഉത്തമബോധ്യം പത്രോസ് സ്ലീഹായെയും ഭരിച്ചിരുന്നു (2 പത്രോ 1:16)

ഉത്ഥാനംചെയ്ത ഈശോമശിഹാ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കും” (അപ്പ പ്രവൃത്തി 1:8). നഷ്ടപ്പെട്ട അപ്പൊസ്തൊലനായ യൂദായുടെ സ്ഥാനത്തേക്ക് മറ്റൊരുവനെ തെരഞ്ഞെടുത്തപ്പോഴും അപ്പൊസ്തൊലന്മാര്‍ വച്ച മാനദണ്ഡം “ഈശോമശിഹായുടെ പുനഃരുത്ഥാനത്തിന് സാക്ഷിയായ ഒരുവനായിരിക്കണം” യൂദായുടെ സ്ഥാനത്തു വരേണ്ടത് എന്നായിരുന്നു. അപ്പൊസ്തലരുടെ സാക്ഷ്യങ്ങളും വിശ്വാസബോധ്യങ്ങളും പരിശുദ്ധ സഭയിലൂടെ ജനപഥങ്ങളിലേക്ക് കൈമാറി, ഈ വിശ്വാസം ഏറ്റെടുത്തവരെല്ലാം ഓരോ കാലഘട്ടത്തിലും ഈശോമശിഹായുടെ പുനഃരുത്ഥാനത്തിന് സാക്ഷികളാണ്.

എപ്പിക്യൂരിയന്‍ ഭൗതികവാദത്തിലേക്ക് ലോകം അതിവേഗം കുതിക്കുമ്പോള്‍, ജീവിതത്തിന് മരണത്തിന് അപ്പുറത്തേക്കു നീളുന്ന അര്‍ത്ഥമുണ്ടെന്നും ലക്ഷ്യമുണ്ടെന്നതുമാണ് ഉയിര്‍പ്പു ഞായറിന്‍റെ സന്ദേശം. ശവക്കല്ലറയ്ക്ക് അപ്പുറത്തേക്ക് കാണുവന്‍ മനുഷ്യനയനങ്ങള്‍ക്ക് പ്രകാശം ലഭിക്കുന്നത് ക്രിസ്തുവിലൂടെയാണ്. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല. അവനെ കൈക്കൊണ്ട്, അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകുവാന്‍ അവന്‍ അധികാരം നല്‍കി. മരണത്തിന് അപ്പുറത്ത് ജീവിക്കാനുള്ള അധികാരമാണ് ദൈവമക്കള്‍ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം.

“ഈശോമശിഹാ വാസ്തവമായി മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു”

ഹല്ലേലൂയ്യാ!

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്