പ്രിയപ്പെട്ടവരേ,

നമ്മുടെ കോളേജിൽ നവംബർ 4 വെള്ളിയാഴ്ച്ചയുണ്ടായ വളരെ ദൗർഭാഗ്യകരവും അത്യന്തം വേദനാജനകവുമായ ഒരു സംഭവത്തെ ചില തൽപ്പരകക്ഷികൾ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയും മറ്റുള്ളവരിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മനസിലാക്കുന്നു. ഇത് ഏറെ ഖേദകരമാണ്. ഈ സാഹചര്യത്തിൽ കാര്യങ്ങളുടെ നിജസ്ഥിതി വിദ്യാർത്ഥികളെയും മാതാപിതാക്കളെയും അറിയിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ കുറിപ്പ് തയാറാക്കി നൽകുന്നത്.

കോളേജിൽ മൂന്നാം വർഷം പഠിക്കുന്ന ഒരു ബിരുദ വിദ്യാർഥി നവംബർ 4 വെള്ളിയാഴ്ച്ചത്തെ പരീക്ഷ കഴിഞ്ഞപ്പോൾ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയത് എല്ലാവരിലും വലിയ പരിഭ്രമവും ഭീതിയും ഉണ്ടാക്കി. അപ്രതീക്ഷിതമായ ഈ സന്ദർഭത്തിൽ വളരെ പെട്ടെന്ന് തന്നെ ബഹു. പ്രിൻസിപ്പലിന്റെ നിർദേശ പ്രകാരം മൂന്ന് അധ്യാപകരും ഏതാനും വിദ്യാർത്ഥികളും ചേർന്ന് കുട്ടിയെ സമീപത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ടുപോകുകയും, അവിടെ നിന്ന് ഉടൻ തന്നെ ചേർപ്പുങ്കൽ മെഡിസിറ്റി ഹോസ്പിറ്റലിൽ ആംബുലൻസിൽ എത്തിക്കുകയും ചെയ്തു. ബഹു. മാനേജർ അച്ചൻ ഹോസ്പിറ്റൽ അധികാരികളെ ഈ സമയത്ത് ബന്ധപ്പെട്ട് അടിയന്തര ചികൽസക്കും പരിശോധനകൾക്കും വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്യുകയുണ്ടായി. ഈ അപകടത്തിൽ കുട്ടിക്ക് കൈകാലുകൾക്കും താടിയെല്ലിനും ഉൾപ്പെടെ കാര്യമായ ഒടിവുകളും ക്ഷതവുമുണ്ടായി. ശസ്ത്രക്രിയകൾ വേണ്ടി വന്നുവെങ്കിലും, മറ്റ് അതീവ ഗൗരവമായ വിഷമങ്ങളിലേക്ക് പോയില്ല എന്നത് ഏറ്റവും വലിയ ദൈവാനുഗ്രഹമാണ്. അതിന് ദൈവത്തിന് നന്ദി അർപ്പിക്കാം.

ഈ സംഭവം നടക്കുമ്പോൾ കോളേജിൽ രണ്ടാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഭാരിച്ച ചുമതലകൾ പ്രിൻസിപ്പലിനു നിർവഹിക്കേണ്ടതുണ്ട്. കോളേജ് അധി:കൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് കോളേജിൽ എത്തുകയുണ്ടായി. അപ്പോൾ അന്വേഷണത്തിന് വേണ്ട സഹകരണങ്ങൾ നൽകേണ്ടതിന് പ്രിൻസിപ്പലിനു അവിടെ നിൽക്കേണ്ടതായി വന്നു. ഈ സമയങ്ങളിലെല്ലാം ബഹു. മാനേജരും പ്രിൻസിപ്പലും ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന അധ്യാപകരുമായി ബന്ധപ്പെട്ട് വേണ്ട സഹായസഹകരണങ്ങൾ നൽകുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരം തന്നെ ബഹു. മാനേജർ ഹോസ്പിറ്റലിൽ നേരിട്ട് എത്തി ചികിത്സാക്രമീകരണങ്ങൾ നടത്തുകയും കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം ബഹു. പ്രിൻസിപ്പൽ ഹോസ്പിറ്റലിൽ എത്തി മാതാപിതാക്കളെ കണ്ട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ക്ലാസ് ടീച്ചർ ഉൾപ്പെടെ നിരവധി അധ്യാപകരും അവിടെ എത്തിയിരുന്നുവെന്നത് വീട്ടുകാർക്ക് വലിയ പിന്തുണയായി എന്ന് അവർ തന്നെ പറയുകയും ചെയ്തതു.

അടുത്ത സെമസ്റ്റർ പരീക്ഷക്ക്‌ നിശ്ചിത ഹാജർ നിർബന്ധമാണെന്ന യൂണിവേഴ്സിറ്റി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, കുട്ടികളുടെ ഹാജർ നില പരിശോധിച്ചപ്പോൾ, ഹാജർ കുറവുള്ള കുട്ടികളുടെ മാതാപിതാക്കളെ അറിയിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ എല്ലാ ക്ലാസ്സ്‌ ടീച്ചർമാരോടും നിർദേശിച്ചിരുന്നു. ഇത് അനുസരിച് ഈ കുട്ടിയുടെ ക്ലാസ്സ്‌ ടീച്ചർ കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു സംസാരിക്കുകയും, 7/11/2022 തിങ്കളാഴ്ച്ച കോളേജിൽ വരുമെന്ന് അദ്ദേഹം ക്ലാസ്സ്‌ ടീച്ചറിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് പിതാവ് കുട്ടിയോട് ഈ കാര്യം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം കുട്ടി അന്നത്തെ യൂണിവേഴ്സിറ്റി പരീക്ഷ എഴുതി. ഈ പരീക്ഷ കഴിഞ്ഞയുടനെയാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്. നിലവിൽ ഈ വിദ്യാർത്ഥിക്ക് അഞ്ചാം സെമെസ്റ്ററിൽ 52 ശതമാനം ഹാജർ മാത്രമാണ് ഉള്ളത്. വരാൻ പോകുന്ന സെമസ്റ്റർ പരീക്ഷക്ക് ഹാജർ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നതിനു വേണ്ടി, മുൻകൂറായി ഹാജർ കുറവുള്ള എല്ലാ കുട്ടികളുടെയും മാതാപിതാക്കളെ അറിയിക്കാറുണ്ട് എന്നത് കോളേജിന്റെ പൊതുവായ നടപടിക്രമമാണ്. അങ്ങനെയാണ് ഇവരെയും വിളിച്ച് അറിയിച്ചത്. ഹാജർ കുറവായ കാര്യമോ മറ്റ് എന്തെങ്കിലും കാര്യങ്ങളോ ബഹു. പ്രിൻസിപ്പൽ ഈ കുട്ടിയുമായോ, മാതാപിതാക്കളുമായോ സംസാരിച്ചിട്ടില്ല എന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രകോപനവും ആരുടെയും ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല. അത് കുട്ടിക്കും മാതാപിതാക്കൾക്കും വ്യക്തമായി ബോധ്യമുള്ളതുമാണ്.

ഈ സംഭവവുമായി ബന്ധപ്പെട്ട് വളരെയേറെ തെറ്റിധരിപ്പിക്കുന്നതും അസത്യവുമായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയും പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി.

ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ചില തല്പരകക്ഷികൾ വാസ്തവ വിരുദ്ധമായ വ്യാജ വാർത്തകളും പോസ്റ്ററുകളും, ഊഹങ്ങളുടെയും ചില വ്യക്തി വിരോധങ്ങളുടെയും പേരിൽ നിർമിച്ചു പ്രചരിപ്പിക്കുന്നത് തികച്ചും തെറ്റായ കാര്യമാണ്.

ഈ സംഭവത്തെ മുതലെടുത്ത്, നല്ല നിലയിൽ പ്രവർത്തിക്കുന്ന കോളേജിന്റെ സല്പേര് കളങ്കപ്പെടുത്തുവാനും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുവാനും നടത്തുന്ന ഗൂഢവും ഹീനവുമായ പ്രവർത്തനങ്ങൾ സത്യത്തിനു നിരക്കുന്നതല്ല എന്ന് വിനയപൂർവ്വം അറിയിക്കട്ടെ. കുട്ടികളുടെ അച്ചടക്കവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ എടുത്തിട്ടുള്ള നടപടികൾ ഈ വിഷയവുമായി ചേർത്ത് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

ഈ വ്യാജ വാർത്തകൾക്കും പ്രചരണങ്ങൾക്കും സത്യവുമായി യാതൊരു ബന്ധവുമില്ല. ഈ അപകട സമയത്ത് ഇവരുടെ സഹായത്തിനായി കോളേജ് എപ്പോഴും സർവ്വസന്നദ്ധമായി കൂടെയുണ്ട്. വിദ്യാർത്ഥിയുടെ ഓപ്പറേഷനുകളും മരുന്നുകളും ഉൾപ്പെടെ ആശുപത്രിയിലെ മുഴുവൻ ചെലവുകളും കോളേജ് ഏറ്റെടുത്ത് വഹിക്കുമെന്ന് ബഹു. മാനേജർ അറിയിച്ചു. അത് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.

നമ്മുടെ കോളേജ് കുട്ടികളുടെ വളർച്ചക്ക് ഉപകരിക്കുന്ന നിരവധി പരിപാടികൾ നടത്തുന്നുണ്ട്. കുട്ടികളും മാതാപിതാക്കളും പൊതു സമൂഹവും അതിന് വലിയ പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട് എന്നത് ശ്ലാഘനീയമാണ്. പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും അച്ചടക്കത്തിലും ശ്രദ്ധിക്കുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നതെന്നു നമുക്കറിയാം.

ചിലപ്പോൾ കർക്കശമായ നടപടികളും തിരുത്തലുകളും എടുക്കേണ്ടതായി വരാറുണ്ട്. അതെല്ലാം കുട്ടികളുടെ നന്മക്ക് വേണ്ടി മാത്രമാണ്. അങ്ങനെ മാത്രമേ സമഗ്ര വളർച്ചയുണ്ടാകൂ. അതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ആവശ്യമാണ്‌.

നമുക്ക് ഒരുമിച്ച് അതിനായി പരിശ്രമിക്കാം. നാളിതുവരെ നിങ്ങൾ നൽകി വരുന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കട്ടെ.എന്ന്,കോളേജ് അധി:കൃതർ

Augustine Thekkumkattil Pala

നിങ്ങൾ വിട്ടുപോയത്