ഞങ്ങളുടെ ആശ്രമത്തിൽ പ്രാവുകളുണ്ട്.

വൈകുന്നേരം നാലു മണിയ്ക്ക് അവയെ തുറന്നു വിടും. സന്ധ്യയോടെ അവ തിരികെ കൂട്ടിൽ കയറുകയും ചെയ്യും.

അന്നൊരു ദിവസം പതിവുപോലെ പ്രാവുകളെ തുറന്നു വിട്ടു. അല്പസമയം അവയുടെ അരികിൽ നിന്നതിനു ശേഷം ഞാൻ കുളിക്കാൻ പോയി. കുളി കഴിഞ്ഞു വന്നു നോക്കുമ്പോൾ പ്രാവുകളെല്ലാം പകച്ചുനിൽപ്പുണ്ട്.

അപ്പോഴാണ്, മുറ്റം നിറയെ വെളുത്ത തൂവലുകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഒരു വെള്ള പ്രാവിനെ പട്ടി പിടിച്ചെന്നുറപ്പായി.സി.സി.ക്യാമറയിൽ നോക്കിയപ്പോഴാണ് കാര്യം കുറച്ചുകൂടി വ്യക്തമായത്.

കുറേ നേരം പ്രാവുകളെ നോക്കി നിന്ന പട്ടി, അവയിലൊന്നിനെ പിടികൂടാനായ് പാഞ്ഞടുക്കുന്നു. അപകടം തിരിച്ചറിഞ്ഞ പ്രാവുകളെല്ലാം പറന്നുയർന്നു.

കെട്ടിടത്തിനും മരത്തിനും മുകളിലായി അവ ആശ്രയം തേടിയപ്പോൾ, വെള്ള പ്രാവു മാത്രം പട്ടിയുടെ മുമ്പിലേക്ക് പറന്നിറങ്ങി! പിന്നെ നടന്നതെന്താണെന്ന് പറയേണ്ടതില്ലല്ലോ?

പറന്നുയരാൻ ചിറകുണ്ടായിട്ടും രക്ഷതേടാൻ മരങ്ങളുണ്ടായിട്ടും ശത്രുവിൻ്റെ മുമ്പിലേക്ക് പറന്നിറങ്ങിയ പ്രാവിനെ പോലെയല്ലെ ചിലപ്പോൾ നമ്മളും?

ശത്രുവാരെന്നും അവൻ്റെ നീക്കങ്ങൾ എന്തെന്നും അവൻ്റെ മുമ്പിൽ അകപ്പെട്ടാൽ എന്തു സംഭവിക്കുമെന്നും തിരിച്ചറിഞ്ഞിട്ടും നമ്മുടെ അവിവേകത്തിന് ചിലപ്പോൾ വലിയ വിലകൊടുക്കേണ്ടി വന്നിട്ടില്ലെ?

ഓർത്തുനോക്കുക, നാം അകപ്പെട്ടിരിക്കുന്ന പാപക്കെണികളും നമ്മെ വരിഞ്ഞുമുറുക്കുന്ന ബലഹീനതകളും വിവേകരഹിതമായ് പ്രവർത്തിച്ചതിൻ്റെ ഫലമല്ലെയെന്ന്?

“നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍”.(മത്തായി 10:16)

ക്രിസ്തുവിൻ്റെ ഈ വാക്കുകൾ ഏറെ സൂക്ഷ്മതയോടെ വായിക്കേണ്ട കാലമാണിത്.പ്രാവിൻ്റെ നിഷ്ക്കളങ്കതയോടൊപ്പംസർപ്പത്തിൻ്റെ വിവേകത്തിനു വേണ്ടിയും പ്രാർത്ഥിക്കാം.രക്തസാക്ഷിയായ വിശുദ്ധ.

എസ്തപ്പാനോസിൻ്റെ തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്ഡിസംബർ 26-2020.

നിങ്ങൾ വിട്ടുപോയത്