ഈ ദിവസങ്ങളിൽ നിരന്തരമായി ലഭിക്കുന്ന ഒരു വാട്സ്ആപ്പ് ഫോർവേഡ് മെസ്സേജിനെ കുറിച്ചാണ് ഈ കുറിപ്പ്. സന്ദേശത്തിന്റെ ശീർഷകം ഇങ്ങനെയാണ്: “പുതുവർഷ കുർബാന മധ്യേ ഡോമിനിക് അച്ചനിലൂടെ ദൈവത്തിന്റെ മുന്നറിയിപ്പ് ” . സംഗതി ഇതാണ്. 2020 കാലയളവ് ദുരിതപൂർണമായിരിക്കുമെന്ന് 2019 ൽ തന്നെ ഡോമിനിക് അച്ചൻ പ്രവചിച്ചിരുന്നു. ആ പ്രവചനം അച്ചട്ടായി സംഭവിച്ചു. അങ്ങനെ കൊറോണ നമ്മുടെ മുറ്റത്ത് കൂടെ ഇഴഞ്ഞു നടന്നു. നമ്മൾ എല്ലാവരും വേലയും കൂലിയും ഇല്ലാതെ വീട്ടിൽ തന്നെ ഇരുന്നു. അത് കഴിഞ്ഞു. ഇപ്പോഴിതാ 2021 നെ കുറിച്ചും അച്ചൻ പ്രവചിച്ചിരിക്കുന്നു. പ്രവചനത്തിന്റെ ഉള്ളടക്കം ഇതാണ്: 2021 ൽ പ്രശ്നങ്ങൾ ഉണ്ടാകും, ദുഷ്ടാരൂപികൾ ശക്തിപ്രാപിക്കും, രോഗപീഡകൾ വർദ്ധിക്കും, മനുഷ്യന് നിൽക്കക്കള്ളിയില്ലാതെയാകും.

ഇനി ഈ അവസ്ഥകളിൽ പിടിച്ചു നിൽക്കുന്നതിനുവേണ്ടി പ്രാവർത്തികമാക്കേണ്ട ചില കാര്യങ്ങളും അച്ചൻ പറയുന്നുണ്ട്:1) നിരന്തരമായ പ്രാർത്ഥന ജീവിതം2) പ്രലോഭനങ്ങളിൽ നിന്നും ഓടി മാറുക3) പരിശുദ്ധാത്മാവിന്റെ അഭിഷേകതിനായി ദാഹിച്ചു പ്രാർത്ഥിക്കുക. അതിന്റെ ഭാഗമായി പരി. കുർബാനയിൽ അനുദിനം പങ്കുചേരുക, ജപമാല അർപ്പിക്കുക.

ഒറ്റവായനയിൽ ഈ സന്ദേശം നിരുദ്രവപരമാണ്. കാരണം പ്രാവർത്തികമാക്കാൻ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആത്മീയ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളോടും സഭ നിർദേശിക്കുന്ന കാര്യങ്ങൾ തന്നെയാണ്. പക്ഷേ ഈ സന്ദേശത്തിൽ ഒരു പ്രശ്നമുണ്ട്. ഭയം വിതച്ച് വിശ്വാസം കൊയ്യാനുള്ള ശ്രമമാണിത്. ഭയത്തിനെ അടിത്തറയാക്കി ഒരു ആത്മീയ സമൂഹത്തെ പണിയുകയാണ്. ഇങ്ങനെയുള്ള ആത്മീയതയിൽ അടിമത്തം മുൻപന്തിയിലായിരുന്നു നമ്മളെ ഭരിക്കും. ഈ വിശ്വാസം അപകടമാണ്. ഇങ്ങനെയല്ല സുവിശേഷം പ്രഘോഷിക്കേണ്ടത്.

രണ്ടാമത്തെ കാര്യം ഈ വാട്സ്ആപ്പ് സന്ദേശത്തിൽ ഡൊമിനിക് അച്ചൻ എന്ന ധ്യാന ഗുരുവിനെ ഒരു അപ്പോക്കാലിപ്റ്റിക് പ്രവാചകനായി ചിത്രീകരിക്കുകയാണ്. അദ്ദേഹത്തെ അനുയായികൾ ഒരു ആൾ ദൈവം ആക്കുന്നു. ഒരു പ്രവാചകൻ എന്നതിനേക്കാളുപരി ഒരു സിദ്ധൻ ആയി അദ്ദേഹം രൂപാന്തരപ്പെടുന്നു. പൗരോഹിത്യത്തിലെ സിദ്ധവൽക്കരണം – അത് അനുയായികളുടെ ധിഷണയെ പണയപ്പെടുത്താനുള്ള ആഹ്വാനത്തിന് തുല്യമാണ്. കത്തോലിക്കാസഭയിൽ ഇത് അനുവദിനീയമല്ല എന്ന കാര്യം മറക്കരുത്. Faith seeking understanding എന്നതു പോലെ understanding seeking faith ഉണ്ട്.

ഈയുള്ളവന്റെ ബലമായ സംശയം ഡോമിനിക് അച്ചന്റെ അറിവോടെയല്ല ഇങ്ങനെയുള്ള സന്ദേശങ്ങൾ വരുന്നത് എന്നാണ്. അങ്ങനെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനി വേറൊരു രീതിയിൽ ചിന്തിക്കുകയാണെങ്കിൽ ധ്യാന കേന്ദ്രത്തിലേക്ക് ആളെ കൂട്ടാൻ ഉള്ള പിആർഒ വർക്ക് ആണോ എന്നും സംശയമില്ലാതില്ല. പക്ഷേ ഈ സന്ദേശത്തിന്റെ ശൈലിയും വരികളിലെ ഭാവവും കണ്ടിട്ട് ഇത് എംപറർ ഇമ്മാനുവൽ പോലെയുള്ള കൾട്ടുകളിൽ നിന്നാണെന്ന് തോന്നുന്നു. അവരാണല്ലോ കാലത്തിന്റെ അടയാളം എന്നു പറഞ്ഞുകൊണ്ട് ദൈവ വചനത്തിലൂടെ ഭയം വിതയ്ക്കുന്നത്. എന്താണെങ്കിലും ആകെ ഒരു ശങ്കയാണ്. അത് തന്നെയാണോ ഇത് എന്നൊരു തോന്നൽ. ഒരു ഉൽപ്രേക്ഷ

“മറ്റൊന്നിൽ ധർമ്മയോഗത്താ -ലതു താനല്ലയോ ഇത്എന്നു വർണ്ണത്തിലാ ശങ്ക…”

/// ഫാ. മാർട്ടിൻ N ആന്റണി///

നിങ്ങൾ വിട്ടുപോയത്