കേരളത്തിലെ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ സഭയിൽ കയറിക്കൂടിയിരിക്കുന്ന ഇത്തരം വിജാതീയ ആഘോഷങ്ങൾ നാം തീർച്ചയായും ചർച്ചകൾക്കും ആവശ്യമായ തിരുത്തൽ
നടപടികൾക്കും വിധേയമാക്കണം.
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരെ എത്തിനിൽക്കുന്ന ഈ ആഭാസങ്ങൾ പടിക്കു പുറത്തു നിറുത്തണം.


ക്രിസ്തുവിനുമുമ്പ് യൂറോപ്പിൽ ജീവിച്ച അപരിഷ്കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തിൽനിന്നാണ് ഈ ആഘോഷം ആരംഭിച്ചതെങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓൾ സെയിന്റ്സ് ഡേ) തലേദിവസം എന്നുള്ള ‘ആൾ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കിൽനിന്നാണ് ഹാലോവീൻ എന്ന പേര് ഉണ്ടാകുന്നത്.

നിർഭാഗ്യവശാൽ ഹാലോവീനുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്നതും അവരെ പങ്കാളികളാക്കുന്നതും ഭീകരരൂപങ്ങളും സാത്താൻവേഷങ്ങളും അസ്ഥികൂടങ്ങളും അപസർപ്പക കഥകളിലെ കഥാപാത്രങ്ങളുടെ ഛായകളും രക്തരക്ഷസുകളും രാക്ഷസ ഭാവങ്ങളുമൊക്കെയാണ്. ഇത്തരം വേഷങ്ങളും ഉൽപ്പന്നങ്ങളും വിറ്റഴിച്ച് ലാഭംകൊയ്യാനുള്ള കച്ചവടതന്ത്രത്തിന്റെ ഭാഗമായി ഈ ആഘോഷങ്ങൾക്ക് പ്രചാരം നൽകുന്നു.ഇതൊക്കെ ക്രൈസ്തവ സ്ഥാപനങ്ങൾ അനുകരിക്കണമോ? അധികാരികൾ ഇതിനൊക്കെ കുടപിടിക്കുന്നത് കാണുമ്പോൾ വിശ്വാസം എവിടെയാണ്? വേലി തന്നെ വിളവ് തിന്നുക.
ഒക്ടോബർ 31 ന് മരിച്ചവരുടെ ആത്മാക്കൾക്ക് തങ്ങളുടെ വീടുകളിൽ സന്ദർശനം നടത്താൻ മരണ ദേവനായ സാഹയിൻ അനുമതി നൽകുമെന്നായിരുന്നു വിശ്വാസം.ബന്ധുക്കളുടെ ആത്മാക്കളെ സ്വീകരിക്കാൻ അവർ സാഹയിൻ ദിനം ആഘോഷിച്ചു. ഭീകരവേഷം ധരിച്ചാൽ ആത്മാക്കൾ ഉപദ്രവിക്കാതെ കടന്നുപോകുമെന്നായിരുന്നു വിശ്വാസം. ഈ ദിനമാണ് പിന്നീട് ഹാലോവീൻ ആയി മാറിയതെന്നും പറയപ്പെടുന്നു.
സത്യദൈവത്തെ നിഷേധിച്ചുകൊണ്ട് സാത്താനെ പരസ്യമായി ആരാധിക്കുന്ന വലിയൊരു ജനവിഭാഗം ലോകത്തെല്ലായിടത്തുമുണ്ട്. ഒരു സംഘടിത മതത്തിന്റെ രൂപഭാവങ്ങളോടെ ആചാരങ്ങളും ആരാധനകളും നടത്തുന്ന സാത്താൻ സഭാവിഭാഗങ്ങളുടെ ഏറ്റവും വലിയൊരു ആഘോഷദിനമാണ് ഹാലോവീൻ. കുറെനാൾ മുമ്പുവരെ രഹസ്യമായി പ്രവർത്തിച്ചിരുന്ന സാത്താൻസഭയും അതുപോലെയുള്ള ‘ഒക്കൾട്ട്’ പ്രസ്ഥാനങ്ങളും ഇപ്പോൾ പരസ്യമായിത്തന്നെ പലയിടങ്ങളിലും സജീവമാണ്.
സ്കൂളുകളിൽ ഒന്നിച്ചു പഠിക്കുന്ന മറ്റ് കുട്ടികൾ ചെയ്യുന്നതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ നമ്മുടെ കുഞ്ഞുങ്ങളെയും അനുവദിക്കണമെന്നുണ്ടോ; ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ? നാം വിശ്വാസികൾ ചിന്തിക്കണം.
ഹാൽദി ആഘോഷങ്ങൾ ക്രൈസ്തവമല്ല

കേരളത്തിൽ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുള്ള സിറോ മലബാർ, കൽദായ എന്നീ സഭകളിൽ വിവാഹം ആത്മീയമായ ആഘോഷമാണ്.വിവാഹം കൂദാശയാണ്.മോതിരം വാഴ്വ്,കിരീടം വാഴ്വ് എന്നീ ചടങ്ങുകൾ നടത്തുന്നു.ഏറിയ പങ്കു വിവാഹങ്ങൾക്കും മതപരമായ ചടങ്ങുകൾ ഉൾപ്പെട്ടിരിക്കുന്നു.

വിവാഹമെന്നത് വധുവരന്മാരെ ദൈവം യോജിപ്പിച്ച് ഭാര്യഭർത്താക്കന്മാരാക്കുന്ന വിശുദ്ധ ചടങ്ങായി ക്രൈസ്തവ സഭകൾ കരുതുന്നു. ക്രിസ്തീയ വിവാഹ ചടങ്ങുകൾ ആരാധനാലയങ്ങളിൽ പുരോഹിതന്റെ ആശീർവാദത്തോടെയാണ് പൂർത്തികരിക്കുന്നത്. വിവാഹമെന്നത് വൈദികവൃത്തിപോലെ പവിത്രമാണെന്നും ക്രിസ്തുവിന് ലോകത്തിലും സഭയിലും നിർവഹിക്കാനുള്ള ദൗത്യം സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിലൂടെ ഏറ്റെടുക്കുകയും തങ്ങളിലൂടെ പൂർത്തീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ക്രൈസ്തവ സഭകളുടെ കാഴ്ചപ്പാട്.

വിവാഹത്തോടനുബന്ധമായി ധാരാളം ആചാരാനുഷ്ഠാനങ്ങൾ ക്നാനായ കത്തോലിക്കരുടെ ഇടയിൽ നിലവിലുണ്ട്. ഇവരെ മറ്റു ക്രിസ്ത്യാനി സമുദായങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതും ഇവ ആണ്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈലാഞ്ചിയിടീൽ, ചന്തം ചാർത്തൽ, നെല്ലും നീരും കൊടുക്കൽ, വാഴൂപിടിത്തം, പാലും പഴവും കൊടുക്കൽ, കച്ച തഴുകൽ, അടച്ചു തുറ, എണ്ണ തേപ്പ് തുടങ്ങിയ കൗതുകകരമായ ചടങ്ങുകൾ ഒട്ടേറെയുണ്ട്.കത്തോലിക്കാ സഭയുടെ ഇത്തരം തനതു പാരമ്പര്യങ്ങൾ നാം കാത്തുസൂക്ഷിക്കണം.

ഈയടുത്ത കാലത്ത് വിവാഹത്തിന് ക്രൈസ്തവരുടെയിടയിൽ നടക്കുന്ന രാത്രികാല ഹാൽദി ആഘോഷങ്ങൾ അതിരു കടക്കുന്നുണ്ട്.വിവാഹത്തിന് മുൻപ് മുൻപ് മുമ്പ് വധുവിനെ മഞ്ഞള് അണിയിക്കുന്ന ചടങ്ങാണ് ഹാല്ദി.വടക്കേ ഇന്ത്യയിലെ ഈ രാത്രികാല പരിപാടി നമ്മുടെ ക്രൈസ്തവ ഭവനങ്ങളിൽ വരന്റെ വീട്ടിൽ വരെ എത്തിനിൽക്കുന്നു.പലപ്പോഴും മദ്യപാനവും ആഭാസത്തരങ്ങളും കൊണ്ട് നിറയുകയാണ് ഹാൽദി ആഘോഷങ്ങൾ.
മതാന്തരവിവാഹങ്ങൾ
ഹാലോവീനോടും ഹാൽദിയോടും ഒപ്പം ചർച്ച ചെയ്യപ്പെടേണ്ടതാണ് മതാന്തരവിവാഹങ്ങൾ.
മതപരമായ മറ്റ് വിവാഹആചാരങ്ങൾ നടത്തുകയില്ല എന്ന് വാഗ്ദാനം ചെയ്തതിനു ശേഷം, ക്രൈസ്തവ ദേവാലയത്തിൽ വച്ച് ഇത്തരം മതാന്തരവിവാഹങ്ങൾ നടത്തുന്നവർ പിന്നീട് സഭാനേതൃത്വത്തെയും വിശ്വാസികളെയും വിഡ്ഡികളാക്കികൊണ്ട് മറ്റ് മതത്തിൽപെട്ട വിവാഹആചാരങ്ങൾ നടത്തുന്നത് സാധാരണമായി കണ്ടുവരുന്ന ഒരു പ്രവണതയാണ്.
സഭാമാതാവിന്റെ ഹൃദയത്തെ വീണ്ടും മുറിപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ തടയാൻ വിശ്വാസികൾ രംഗത്തിറങ്ങണം.

ടോണി ചിറ്റിലപ്പിള്ളി
