കൊച്ചി: മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുതെന്ന് പ്രോലൈഫ് അപ്പോസ്‌തലേറ്റ്. ഇതുസംബന്ധിച്ച് പ്രോലൈഫ് അപ്പോസ്‌തലേറ്റ് സർക്കാരിന് നിവേദനം നൽകി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന് ഭക്ഷണമായി മാറുന്ന അവസ്ഥ ആവർത്തിക്കപ്പെടുമ്പോൾ കാടിനടുത്ത് താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. മനുഷ്യർക്കു പ്രാധാന്യം നൽകാത്ത വനസംരക്ഷണ നിയമം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അപ്പോസ്‌തലേറ്റ് വിലയിരുത്തി.

വയനാട്ടിൽ കടുവ ആക്രമിച്ചുകൊന്ന പ്രജീഷിന് പ്രോലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതെ കാട്ടിൽത്തന്നെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും നിയമങ്ങളും ഉണ്ടാകണമെന്ന് പ്രോ-ലൈഫ് അപ്പോസ്‌തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

മാനന്തവാടി. ഇതിനിടെ മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ്, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിൻ്റെ കുടുംബത്തെ സന്ദർശിച്ചു. വന്യമൃഗങ്ങൾ മനുഷ്യജീവൻ അപഹരിക്കുന്ന സാഹചര്യത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന് മാർ ജോസ് പൊരുന്നേടം പറഞ്ഞു.

പ്രജീഷ് നാടിൻ്റെ നൊമ്പരമാണ്. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ജനപ്രതിനിധികളോടും അപേക്ഷിക്കുകയാണ്, ഈ രീതിയിൽ മുന്നോട്ടുപോക്ക് സാധ്യമല്ല. ഉള്ളതെല്ലാം മൃഗങ്ങൾ കൊണ്ടുപോകുമ്പോൾ മനുഷ്യർക്ക് പ്രത്യാശയില്ലാതാകുന്നുവെന്ന് മാർ ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി.

നിങ്ങൾ വിട്ടുപോയത്