“സഭ എന്താണെന്നും അത് എങ്ങിനെ ആയിരിക്കണമെന്നും, അത് എങ്ങിനെയൊക്കെ ആയിരുന്നുവെന്നും അറിയാനുള്ള ശ്രമമാണ് സഭാവിജ്ഞാനീയ പഠനം”.|ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

Mar Joseph Kallarangatt

സഭാ വിജ്ഞാനീയത്തിലും , ദൈവശാസ്ത്രത്തിലും, സഭാ നിയമ- ആരാധനക്രമ അനുഷ്ഠാനങ്ങളിലും അഗാധ പാണ്ഡിത്യവും ബോധ്യവുമുള്ള ഒരു പിതാവും, സർവ്വോപരി കർത്താവിനോടും, കർത്താവിൻറെ സഭയായ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനോടും, അനുസരണവും വിധേയത്വം ഉള്ള പിതാവുമായ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻെറലേഖനത്തിൽ നിന്ന്👇🏽

“ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പ 1,8) എന്ന ലക്ഷ്യത്തോടെ ഈശോ സ്ഥാപിച്ച സഭയെ – നമ്മുടെ അമ്മയെ അടുത്തറിയുക എന്നതാണ് ഈ പഠനത്തിന്‍റെ ലക്ഷ്യം. സഭാതനയരുടെ ഏറ്റവും വലിയ കടമകളിലൊന്നാണ് സ്വന്തം അമ്മയായ സഭയെ അറിയുക എന്നത്. ‘അമ്മയായ’ സഭയെക്കുറിച്ച് കൂടുതല്‍ അറിയുന്നത് അവളെ കൂടുതല്‍ സ്നേഹിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സഭാ തനയരായി ജീവിക്കുന്നതിനും അതുവഴി ‘എനിക്കു സാക്ഷികളാകണമെന്ന’ ഈശോയുടെ ആഗ്രഹത്തെ നിറവേറ്റുന്നതിനും നമ്മെ സഹായിക്കും.

20-ാം നൂറ്റാണ്ടിന്‍റെ സവിശേഷ ശ്രദ്ധ പതിഞ്ഞ വിഷയങ്ങളിലൊന്നാണ് സഭാവിജ്ഞാനീയം. എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളും ലോകസഭാ കൗണ്‍സിലും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും സഭയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും ശക്തമായി പ്രേരിപ്പിച്ചതുവഴി 20-ാം നൂറ്റാണ്ട് ‘സഭയുടെ നൂറ്റാണ്ട്’ എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും പിടിയിലമര്‍ന്നിരിക്കുന്ന ഒരു ചിന്താധാരയില്‍ നിന്നും ഉറവിടങ്ങളിലേക്ക് – വി. ഗ്രന്ഥത്തിലേക്കും വി. പാരമ്പര്യങ്ങളിലേക്കും – മടങ്ങിച്ചെന്നുകൊണ്ടുള്ള ഒരു സഭാവിജ്ഞാനീയ നിര്‍മ്മിതി സഭയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കണ്ടെത്തിയതോടെയാണ് ഈ വിജ്ഞാനശാഖ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കാലഘട്ടത്തിന്‍റെ ചുവരെഴുത്തുകളെ വായിച്ചു മനസ്സിലാക്കികൊണ്ട് അധികാരത്തെ ശ്രുശ്രൂഷയുടെ ശൈലിയായി സ്വീകരിച്ചുകൊണ്ട് സഭയ്ക്ക് അകത്തും പുറത്തുമുള്ള നവീകരണ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം കൊടുത്തുകൊണ്ട് കൂടുതല്‍ ഫലപ്രദമായരീതിയില്‍ സുവിശേഷം പ്രഘോഷിക്കാനും ജീവിക്കാനും സഭയെയും സഭാതനയരെയും പ്രാപ്തരാക്കുക എന്നതാണ് സഭാവിജ്ഞാനീയ പഠനത്തിന്‍റെ ലക്ഷ്യം.

ഇംഗ്ലീഷിലെ എക്ലേസിയോളജി (Ecclesiology) എന്ന പദമാണ് സഭാവിജ്ഞാനീയം എന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ‘എക്ലേസിയ’ (Ecclesia) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് എക്ലേസിയോളജി എന്ന വാക്കിന്‍റെ അര്‍ത്ഥം (ek= out + kalein= to call- വിളിച്ചുചേര്‍ക്കുക) ഇംഗ്ലീഷില്‍ സഭയെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത് ചര്‍ച്ച് (Church) എന്ന പദമാണ്. ദൈവത്തിന്‍റേത് എന്നര്‍ത്ഥമുള്ള കീറിയോസ് (kyrios) എന്ന പദത്തില്‍ നിന്നാണ് ചര്‍ച്ച് (Church) ഉത്ഭവിച്ചിരിക്കുന്നത്. കര്‍ത്താവിന്‍റെ കുടുംബാംഗങ്ങള്‍, കര്‍ത്താവിന്‍റെ ജനം എന്നൊക്കെ അര്‍ത്ഥമുള്ള kirche (ജര്‍മ്മന്‍), Kyrke (സ്വീഡ്ഷ്), Kerk (ഡച്ച്), Carkor (സ്ലാചിക്) എന്നീ പദങ്ങള്‍ കീരിയോസ് എന്ന ഗ്രീക്ക്പദത്തില്‍ നിന്ന് ഉത്ഭവിച്ച പദങ്ങളാണ്.

എക്ലേസിയ എന്ന ഗ്രീക്കുപദം ആദ്യമായി ഉപയോഗിച്ചത് വി. ഗ്രന്ഥത്തിന്‍റെ സപ്തതി (Lxx) വിവര്‍ത്തനത്തിലാണ്. ‘ദൈവത്താല്‍ വിളിച്ചുകൂട്ടപ്പെട്ട’ എന്നര്‍ത്ഥമുള്ള കഹാല്‍ (Qhal) എന്ന ഹീബ്രുപദത്തെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചത്. ശബ്ദം എന്നര്‍ത്ഥം വരുന്ന qol എന്ന ഹീബ്രുപദത്തില്‍ നിന്നാണ് Qhal ഉരുത്തിരിഞ്ഞത്. ‘വിളിച്ചുചേര്‍ക്കപ്പെട്ട’ എന്നര്‍ത്ഥമുള്ള കഹാല്‍ (Qhal) എന്ന പദത്തിനെ സൂചിപ്പിക്കാനായി ഗ്രീക്കു വിവര്‍ത്തകന്‍ എക്ലേസിയ (Ecclesia) എന്ന വാക്കുപയോഗിച്ചപ്പോള്‍ ഒരു പ്രത്യേക വ്യക്തിയാല്‍ വിളിച്ചുചേര്‍ക്കപ്പെട്ട ഒരു സമൂഹം എന്ന അര്‍ത്ഥം ഇതിന് കൈവന്നു. ഈ അര്‍ത്ഥത്തിന് മൂന്ന് തലങ്ങള്‍ കണ്ടെത്താനാകും.

ഇസ്രായേല്‍ ജനത്തെ വിളിച്ചുകൂട്ടിയത് ദൈവമാണ്. അതുകൊണ്ട് ഇസ്രായേല്‍ ‘ദൈവജനം’ (Kahal YHWH-People of God) എന്നറിയപ്പെടണം.

ഇസ്രായേലിനെ ഒരു ജനതയായി ദൈവം വിളിച്ചുകൂട്ടിയത് ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടിയാണ്. ഈ ലക്ഷ്യം ദൈവത്താല്‍ സ്ഥാപിതമായതിനാല്‍ ഈ ലക്ഷ്യം നേടുന്നതിനായി ഇസ്രായേല്‍ പരിശ്രമിക്കണം.

ഇസ്രായേലിനെ ദൈവം വിളിച്ചുകൂട്ടി ഒന്നിപ്പിച്ചത് പല ‘ഇടങ്ങളില്‍’നിന്നുമാണ് (calling from). പലയിടങ്ങളില്‍നിന്നും ഒന്നിച്ചു കെട്ടപ്പെട്ടവര്‍ ഒന്നായി ദൈവത്തോട് ചേര്‍ന്ന് നില്‍ക്കണം.

അധികാരത്തെ ശുശ്രൂഷയ്ക്കുവേണ്ടി വിനിയോഗിക്കുന്ന ശിഷ്യന്മാരുടെ ഒരു സമൂഹത്തെയാണ് സഭ എന്ന പദം കൊണ്ട് വി. മര്‍ക്കോസ് ഉദ്ദേശിക്കുന്നത്. ഈശോയുടെ കുരിശു മരണത്തോടെ ചിതറിക്കപ്പെട്ട ജനസമൂഹം ഉത്ഥാനത്തോടെ വീണ്ടും ഒന്നിച്ചു ചേര്‍ക്കപ്പെടുകയും മറ്റു ജനതകളോട് സുവിശേഷം പ്രഘോഷിക്കുന്ന ഒരു മിഷനറി സമൂഹമായി മാറുകയും ചെയ്തു (മാര്‍ക്കോ. 13,10). സുവിശേഷത്തിന്‍റെ ആരംഭത്തില്‍ തന്നെ ഈശോ ആദ്യ ശിഷ്യന്മാരെ വിളിക്കുന്നു (മാര്‍ക്കോ. 1,16,20). പിന്നീട് 12 പേരെ പ്രത്യേകം തിരഞ്ഞെടുക്കുകയും അവര്‍ക്ക് ‘അപ്പസ്തോലര്‍’ എന്ന പേരു നല്‍കുകയും ഇവരില്‍ നിന്നും പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം ഉള്‍പ്പെടുത്തി വീണ്ടും ഒരു പ്രത്യേക സമൂഹത്തെ രൂപീകരിക്കുകയും, ശിഷ്യത്വത്തെക്കുറിച്ചും അധികാരത്തെ സേവനത്തിനായി വിനിയോഗിക്കേണ്ടതിനെക്കുറിച്ചുമുള്ള പ്രബോധനങ്ങള്‍ നല്‍കിക്കൊണ്ട് ഒരു സമൂഹമെന്ന നിലയില്‍ ഒന്നിച്ചു പോകാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഈ സമൂഹത്തെയാണ് സഭ എന്ന പ്രയോഗത്തിലൂടെ വി. മര്‍ക്കോസ് വിവക്ഷിക്കുന്നത്.

അല്‍പംകൂടി വളര്‍ച്ച നേടിയ സഭാവിജ്ഞാനീയ ചിന്തകളാണ് വി. മത്തായി അവതരിപ്പിക്കുന്നത്. മലമുകളിലെ പ്രസംഗം, ശിഷ്യത്വത്തെക്കുറിച്ചുള്ള പ്രഭാഷണം, ഉപമകളിലൂടെയുള്ള പ്രബോധനങ്ങള്‍ (മത്താ. 13) സഭാത്മക ജീവിതത്തെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ (മത്താ. 18) യുഗാന്ത്യോന്മുഖ പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ നീളുന്ന പ്രഭാഷണ പരമ്പരയിലൂടെയാണ് വി. മത്തായി സഭയുടെ ഘടന, നിയമങ്ങള്‍ മുതലായവ വിവരിക്കുന്നത്. മിശിഹ ആയി അവതരിച്ച ഈശോയുടെ പ്രബോധനങ്ങള്‍ ശ്രവിച്ച് അവയെ ജീവിതത്തില്‍ പകര്‍ത്തുന്ന സമൂഹമായ സഭയെ മലയിലെ പ്രസംഗത്തിലൂടെ വിശുദ്ധ മത്തായി അവതരിപ്പിക്കുന്നു. സഭയുടെ ഒരു സമൂഹമെന്ന നിലയില്‍ സഭയിലെ എല്ലാ കാര്യങ്ങളും ശുഭമായിരിക്കില്ല എന്ന ചിന്തയാണ് കളകളുടെ ഉപമ (മത്താ. 13) കടലിലെറിയപ്പെട്ട വലയുടെ ഉപമ എന്നിവയിലൂടെ മത്തായി നല്‍കുന്നത്, സഭാംഗങ്ങള്‍ക്ക് വീഴ്ചകള്‍ വരാം, വ്യക്തിപരമായി തിരുത്തണം, കുറവുകള്‍ കണ്ടാല്‍ സഭയോട് പറയണം, സഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം, പാപങ്ങള്‍ ബന്ധിക്കാനും മോചിക്കാനും സഭയ്ക്ക് അധികാരമുണ്ട് തുടങ്ങിയ സഭാസമൂഹത്തിന്‍റെ ശിക്ഷണ വശങ്ങളിലേക്കുപോലും വി. മത്തായി വെളിച്ചം വീശുന്നു. മണവാളനെ കാത്തിരിക്കുന്ന കന്യകമാരെപ്പോലെ, യജമാനനെ കാത്തിരിക്കുന്ന വിശ്വസ്തനായ ഭൃത്യനെപ്പോലെ സഭ എപ്പോഴും ശ്രദ്ധാലുവായിരിക്കണമെന്ന് യുഗാന്ത്യോന്മുഖ പ്രഭാഷണങ്ങളിലൂടെ വി. മത്തായി ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ ഇസ്രായേലിന്‍റെ തുടര്‍ച്ചയും മിശിഹായാല്‍ സ്ഥാപിതവും സ്വഭാവത്താല്‍ മിഷനറിയും വ്യക്തമായ നിയമ വ്യവസ്ഥകളോടും കൂടി ശുശ്രൂഷയില്‍ ആഴപ്പെട്ടുവളരുന്നതുമായ ഒരു സമൂഹത്തെയാണ് വി. മത്തായി സഭയിലൂടെ വിഭാവനം ചെയ്യുന്നത്.

സഭയുടെ സാര്‍വ്വ ദേശീയ മാനത്തെക്കുറിച്ചാണ് വി. ലൂക്കാ വിവരിക്കുന്നത്. ലോക രക്ഷകനായ ഈശോയുടെ വചനത്തില്‍ ആകൃഷ്ടരായി വിജാതീയര്‍ സഭയില്‍ വന്നു ചേരുന്നതിന് ലൂക്കാ വലിയ ഊന്നല്‍ കൊടുക്കുന്നുണ്ട്. അപ്പസ്തോല പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഭാഗമായ സുവിശേഷത്തില്‍ സഭയുടെ വിജാതീയരിലേക്കുള്ള വളര്‍ച്ച, ഈശോയുടെ നസറത്തിലെ വാസം, ആദം വരെയെത്തിനില്‍ക്കുന്ന വംശാവലി. ശിമയോന്‍റെ പ്രവചനം (ഈശോ വിജാതീയരുടെ പ്രകാശം) (ലൂക്ക 2,21) സമരിയാക്കാര്‍, വിജാതീയര്‍, പാപികള്‍, വിജാതീയനായ ശതാധിപന്‍, സിറിയാക്കാരനായ നാമാന്‍, സ്റെപ്തായിലെ വിധവ എന്നിവര്‍ക്ക് ഈശോ കൊടുക്കുന്ന പരിഗണന, നസ്രത്തിലെ അത്ഭുതങ്ങള്‍, സുവിശേഷ പ്രഘോഷണത്തിനായി 70 പേരെ അയക്കല്‍ തുടങ്ങിയവയിലൂടെ സഭയുടെ സാര്‍വ്വദേശീയ മാനത്തെ ലൂക്കാ വ്യക്തമായി അവതരിപ്പിക്കുന്നു. വിജാതീയരിലേക്ക് കടന്നുചെന്ന സഭ എപ്രകാരം പരിശുദ്ധാത്മാവിന്‍റെ പ്രേരണകള്‍ക്കനുസരിച്ച് പടര്‍ന്നു പന്തലിച്ചുവെന്ന് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ലൂക്കാ വിവരിക്കുന്നു.

ക്രിസ്തു വിജ്ഞാനീയത്തിന് ഊന്നല്‍ കൊടുത്തിട്ടുള്ള യോഹന്നാനും സഭയേക്കുറിച്ചുള്ള ചില ദര്‍ശനങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. മനോഹരമായ പ്രതീകങ്ങളിലൂടെയാണ് യോഹന്നാന്‍ സഭയെ അവതരിപ്പിക്കുന്നത്. ഇടയനും ആടുകളും, മുന്തിരിച്ചെടിയും ശാഖകളും, ഈശോയും സഭാതനയരും തമ്മിലുണ്ടാകേണ്ട ആത്മബന്ധത്തിന്‍റെ ആഴത്തെ വ്യക്തിബന്ധത്തിന്‍റെ തീവ്രതയെ യോഹന്നാന്‍ ഇവയിലൂടെ സൂചിപ്പിക്കുന്നു.

VENICE, ITALY – MARCH 13, 2014: The Descent of the Holy Ghost by Titian (1488 – 1576) in church Santa Maria della Salute.

സുവിശേഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യക്തവും വിശദവുമായൊരു സഭാവിജ്ഞാനീയമാണ് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ നല്കുന്നത്. എക്ലേസിയ (സഭ) എന്ന പദം 23 തവണ അപ്പസ്തോല പ്രവര്‍ത്തനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സഭ എന്നപദം കൂടാതെ മറ്റനേകം സംജ്ഞകളും ലൂക്കാ സഭയെ കുറിക്കാനായി ഉപയോഗിച്ചിട്ടുണ്ട്. ഉദാ: സഹോദരങ്ങള്‍, വിശുദ്ധര്‍, ക്രിസ്ത്യാനികള്‍, വിശ്വസിച്ചവര്‍, മാര്‍ഗ്ഗം, ശിഷ്യര്‍… പന്തക്കുസ്താനാളില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിന്‍റെ സൃഷ്ടിയായിട്ടാണ് വി.ലൂക്കാ സഭയെ അവതരിപ്പിക്കുന്നത്. ആദ്യ അധ്യായങ്ങളില്‍ സഭ എന്ന പദത്തിലൂടെ വിശ്വസിച്ച് സ്നാനം സ്വീകരിച്ച ഇസ്രായേല്‍ക്കാരെ സൂചിപ്പിക്കുന്ന ലൂക്കാ പിന്നീടിത് ഇസ്രായേലില്‍നിന്നും വേര്‍തിരിക്കപ്പെട്ട ഒരു സമൂഹമെന്ന നിലയില്‍ ആദിമ സഭയെ ഒന്നിപ്പിച്ചു നിര്‍ത്തിയ 4 ഘടകങ്ങളെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അപ്പസ്തോലന്മാരുടെ പ്രബോധനം (Didascalia), അപ്പം മുറിക്കല്‍ (Eucharistia), പ്രാര്‍ത്ഥന (Eulogia), കൂട്ടായ്മ (Koinonia) എന്നിവയാണവണ്. യേശുവിന്‍റെ ജീവിതത്തിന്‍റെ ദൃക്സാക്ഷികളായിരുന്ന 12 ശിഷ്യന്മാരായിരുന്നു സഭാസമൂഹത്തിന്‍റെ നെടുംതൂണുകള്‍. സഭയിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും അപ്പസ്തോലന്മാര്‍ക്ക് വചനപ്രഘോഷണത്തില്‍ മുഴുവന്‍ സമയവും ചിലവഴിക്കേണ്ടി വരികയും ചെയ്തപ്പോള്‍ സഭാ സമൂഹത്തിന്‍റെ സംഘടനാപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം സര്‍വ്വസമ്മതരായി ഏഴു ഡീക്കന്മാരെ തിരഞ്ഞെടുത്ത് കൈവയ്പ്മൂലം അവരെ ദൗത്യം ഭരമേല്‍പ്പിക്കുകയും ചെയ്തു. സഭാ സമൂഹങ്ങള്‍ ജറുസലേമിനു പുറത്തേക്ക് വ്യാപിച്ചതോടെ പ്രാദേശിക സഭകള്‍ എന്ന ഒരു സംജ്ഞകൂടി അപ്പസ്തോല നടപടികളില്‍ കാണാം. അന്തോക്യായിലെ സഭ, കേസറിയായിലെ സഭ, എഫേസൂസിലെ സഭ എന്നിങ്ങനെ ചില പ്രാദേശിക സഭകളെക്കുറിച്ചും അവയ്ക്കിടയില്‍ ജറുസലേമിനുണ്ടായിരുന്ന കേന്ദ്രസ്ഥാനത്തെക്കുറിച്ചും ലൂക്കാ വിവരിക്കുന്നു.

സഭാ വിജ്ഞാനീയം ഒരു ദൈവശാസ്ത്രശാഖ എന്ന രീതിയില്‍ ഏറ്റവും പുരോഗതി പ്രാപിച്ചിരിക്കുന്നത് വി. പൗലോസിന്‍റെ ലേഖനങ്ങളിലാണ്. വിജാതീയര്‍ക്കിടയില്‍ പ്രേഷിതപ്രവര്‍ത്തി നടത്തിയ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടുള്ള വി. പൗലോസിന്‍റെ സഭാ വിജ്ഞാനീയ ദര്‍ശനങ്ങള്‍ അതിസമ്പന്നമാണ്. ‘എക്ലേസിയ’ എന്നപദം 62 തവണ തന്‍റെ ലേഖനങ്ങളില്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ക്രിസ്തുവിന്‍റെ ശരീരം (Body of Christ) ദൈവത്തിന്‍റെ ആലയം (Temple of god) എന്നീ വാക്കുകളും സഭയെ കുറിക്കാനായി വി. പൗലോസ് ഉപയോഗിക്കുന്നുണ്ട്. സഭ ഏകമാണെന്ന കാഴ്ചപ്പാടിന് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള സഭാ വിജ്ഞാനീയമാണ് വി. പൗലോസ് പഠിപ്പിക്കുന്നത്. സഭ ഏകമാണ്, അത് ദൈവത്തിന്‍റെ സഭയാണ് (ഫിലിപ്പി 3, 6). ഈ സഭയുടെ അടിത്തറ അപ്പസ്തോലന്മാരും പ്രവാചകരുമാണ്. ഈ അടിത്തറയുടെ ആധാരശില ക്രിസ്തുവാണ് (എഫേ 2,20). ദൈവത്തിന്‍റെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റപ്പെട്ട ഒരു ദൈവജനസമൂഹമാണ് സഭ.

മൂന്ന് വ്യത്യസ്ത അര്‍ത്ഥങ്ങളിലാണ് സഭ (എക്ലേസിയ), എന്ന പദം പൗലോസ് ഉപയോഗിക്കുന്നത്. 1) ഒരു പ്രാദേശിക സഭാസമൂഹത്തെ സൂചിപ്പിക്കാന്‍ (റോമാ 16,1 1 കോറി 1,2). 2) ഒരു പ്രത്യേക നഗരത്തിലെയോ പ്രവിശ്യയിലെയോ വിശ്വാസികളുടെ സമൂഹത്തെ സഭയെന്ന് വി.പൗലോസ് സംബോധന ചെയ്യുന്നുണ്ട്. 3) സമൂഹത്തെയോ കുടുംബാംഗങ്ങളെയോ സംബോധനചെയ്യയുന്നതിനായി സഭ എന്നവാക്ക് പൗലോസ് ഉപയോഗിക്കുന്നുണ്ട്. പ്രിസ്ക്ക, അക്വീല (റോമ 16,1-5), (1 കോറി 11,18), (1 കോറി 14,23) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

എക്ലേസിയ (സഭ) എന്ന പദത്തിനു പകരം ദൈവജനം എന്ന വാക്കാണ് പത്രോസ് ഉപയോഗിക്കുന്നത്. നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ് (1 പത്രോസ് 2,9). ഈ ഒറ്റവാക്യത്തില്‍ പത്രോസിന്‍റെ സഭാവിജ്ഞാനീയത്തിന്‍റെ സമഗ്രത നമുക്ക് ദര്‍ശിക്കാനാകും. ക്രിസ്തുവിന്‍റെ രക്തത്താല്‍ വിമോചിക്കപ്പെട്ടവരുടെ ഗണമായ സഭയിലെ (1 പത്രോസ് 9,19) എല്ലാ അംഗങ്ങളും മൂലക്കല്ലായ ക്രിസ്തുവിനോട് ചേര്‍ന്ന് ആധ്യാത്മിക സൗധം പണിയുന്നതിനായുള്ള ശിലകളായി വര്‍ത്തിക്കണം. ഈയൊരു പ്രബോധനമാണ് തന്‍റെ ലേഖനത്തിലൂടെ വി. പത്രോസ് നല്കുന്നത്.

അപ്പോക്കല്പ്റ്റിക് ശൈലിയില്‍ വിരചിതമായ വെളിപാടുഗ്രന്ഥം അതിന്‍റെ ആശയങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഏഴു സഭകള്‍ക്കുള്ള കത്തുകളാണ്. സഭകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അവ എത്തിപ്പിടിക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും അതിനു സാധിക്കാതെ വന്നാല്‍ അനുഭവിക്കേണ്ടിവരുന്ന ശിക്ഷകളെക്കുറിച്ചും ആദ്യ അദ്ധ്യായങ്ങള്‍ പ്രതിപാദിക്കുന്നു. തുടര്‍ന്നു വരുന്ന അധ്യായങ്ങള്‍ സഭയുടെ രണ്ട് സാര്‍വ്വത്രിക മാനങ്ങളെയാണ് വിശദീകരിക്കുന്നത്.

1) തിന്മയുടെ ശക്തികളുമായുള്ള സഭയുടെ നിരന്തര സമരം.

2) തിന്മയ്ക്കുമേല്‍ സഭ നേടുന്ന അന്തിമവിജയം.

സഭയെ വിശുദ്ധ നഗരമെന്നും, പുതിയ ജറുസലേമെന്നും യോഹന്നാന്‍ വെളിപാട് പുസ്തകത്തില്‍ വിളിക്കുന്നുണ്ട്. സമഗ്രവും സമ്പൂര്‍ണ്ണവുമായ ഒരു സഭാവിജ്ഞാനീയ ദര്‍ശനം പുതിയനിയമ പുസ്തകങ്ങളില്‍ കാണുന്നില്ലെങ്കിലും ഇവയെല്ലാം കൂട്ടിച്ചേര്‍ത്തുവയ്ക്കുമ്പോള്‍, ധ്യാനപൂര്‍വ്വം അവയിലൂടെ കടന്നുപോകുമ്പോള്‍ സഭാവിജ്ഞാനീയത്തിന്‍റെ സമഗ്രത ഇവയില്‍ നമുക്ക് ദര്‍ശിക്കാനാകും.

പരിശുദ്ധാരൂപിയെ സ്വീകരിച്ച ക്രിസ്തുശിഷ്യന്മാര്‍ ദിവ്യരക്ഷകന്‍റെ സദ്വാര്‍ത്ത അറിയിക്കുവാന്‍ പല സ്ഥലങ്ങളിലും പോയി. അവര്‍ സുവിശേഷം പ്രസംഗിച്ചു; സഭകള്‍ സ്ഥാപിച്ചു. ഈ സഭകള്‍ റോമാ സാമ്രാജ്യത്തിനകത്ത് പലയിടത്തും മര്‍ദ്ദിക്കപ്പെട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചു. സാമ്രാജ്യത്തിലെ വിവിധ കേന്ദ്രങ്ങള്‍ ക്രമേണ സഭാഭരണകേന്ദ്രങ്ങളുമായി.

ആരാധനാക്രമത്തെയും ശ്ലൈഹിക പൈതൃകത്തെയും അടിസ്ഥാനമാക്കിയാണ് വിവിധ സഭകള്‍ വളര്‍ന്നത്. ഈശോമിശിഹാ സ്ഥാപിച്ച വി. കുര്‍ബാനയും മറ്റു കൂദാശകളുമാണ് ആരാധനാക്രമമെന്നു പറഞ്ഞാല്‍ പ്രഥമമായി മനസ്സിലാക്കുന്നത്. ക്രിസ്ത്വനുയായികള്‍ ഒരുമിച്ചുകൂടി ദിവ്യപ്രബോധനങ്ങളെപ്പറ്റി ധ്യാനിച്ചിരുന്ന സാബത്തുദിനാചാരണം യഹൂദപാരമ്പര്യമായിരുന്നല്ലോ. യഹൂദരില്‍നിന്നു മാനസാന്തരപ്പെട്ട അനുയായികള്‍ സിനഗോഗിലെ പാരമ്പര്യം കുറെയൊക്കെ നിലനിര്‍ത്തി. അപ്പമെടുത്തുവാഴ്ത്തി സ്തുതി പറഞ്ഞ് എല്ലാവരും ദിവ്യബലിയില്‍ പങ്കുകൊണ്ടിരുന്നു; മാമ്മോദീസാ നല്‍കിയിരുന്നു. ഇതോടുചേര്‍ന്ന് ശ്രേഷ്ഠാചാര്യന്മാര്‍ കൈകള്‍ അവര്‍ക്ക് തലയില്‍ വച്ച് പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ആത്മീയ നേതൃത്വം നല്‍കുകയും ചെയ്തിരുന്നതായി കാണാം. എന്നാല്‍ ഇന്നത്തെപ്പോലെ വ്യക്തമായ രീതിയിലായിരുന്നില്ല അന്നത്തെ ആരാധനാക്രമം. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ക്രമക്കേടുകളൊഴിവാക്കാന്‍ വേണ്ടി പ്രാര്‍ത്ഥനകളുടെ രീതിക്കും ദൈര്‍ഘ്യത്തിനും കൂദാശകളുടെ കര്‍മ്മ വിധിക്കുമെല്ലാം കുറെയൊക്കെ വ്യക്തവും ക്ലിപ്തവുമായ രൂപം നല്കേണ്ടതായി വന്നു. വിശുദ്ധരും പണ്ഡിതരുമായ സഭാപിതാക്കന്മാര്‍ ഈ പ്രാര്‍ത്ഥനകളും ആചാരങ്ങളും ആരാധനാരീതിയുമൊക്കെ ശ്ലൈഹിക പാരമ്പര്യത്തിന്‍റെ വെളിച്ചത്തില്‍ സമ്പുഷ്ടമാക്കി. ദൈവശാസ്ത്ര കേന്ദ്രങ്ങള്‍ ഇവയെ സ്വാധീനിച്ചു. ഇപ്രകാരമുള്ള ആരാധനാപാരമ്പര്യം വിശ്വസ്തതയോടെ സഭകള്‍ ആചരിച്ചുപോന്നു. അഞ്ചാം നൂറ്റാണ്ടോടെ ആരാധനാപാരമ്പര്യത്തിന്‍റെ വെളിച്ചത്തില്‍ വിവിധ സഭകള്‍ വ്യക്തമായി രൂപംകൊണ്ടു. പ്രാചീന ക്രൈസ്തവപഠനകേന്ദ്രങ്ങള്‍ ആസ്ഥാനമാക്കി ഇവ വളര്‍ന്നു.

VATICAN CITY, VATICAN – MARCH 19: Pope Francis conducts mass on March 19, 2013 in Vatican City, Vatican. The inauguration of Pope Francis is being held in front of an expected crowd of up to one million pilgrims and faithful who have crowded into St Peter’s Square and the surrounding streets to see the former Cardinal of Buenos Aires officially take up his position. Pope Francis’ inauguration takes place in front his cardinals, spiritual leaders as well as heads of states from around the world and he will now lead an estimated 1.3 billion Catholics. (Photo by Jeff J Mitchell/Getty Images)

കത്തോലിക്കാസഭ വിവിധ സഭകളുടെ കൂട്ടായ്മ (Communion) യാണ്. ഈ സഭകള്‍ തമ്മില്‍ ഗാഢമായ ഐക്യമുണ്ട്. വിശ്വാസം, സന്മാര്‍ഗ്ഗം, കൂദാശകള്‍, പരിശുദ്ധ കുര്‍ബാന, ഹയരാര്‍ക്കി എന്നിവയാണ് ഐക്യത്തിന്‍റെ ഘടകങ്ങള്‍. എന്നാല്‍ ഈ ഐക്യം വൈവിധ്യാമാര്‍ന്ന പാരമ്പര്യങ്ങളിലൂടെയാണ് പ്രകടമാവുക. ആരാധനാക്രമം, ആദ്ധ്യാത്മികത, ഭരണരീതി, ദൈവശാസ്ത്രം, ശിക്ഷണക്രമം എന്നിങ്ങനെ പലതിലും ഈ സഭകളുടെ ഇടയില്‍ വൈവിധ്യമുണ്ട്. ഈ വൈവിധ്യം ഐക്യത്തിന്‍റെ ആഴവും പരപ്പും പ്രകടമാക്കുന്നു. ഈ രംഗത്ത് കത്തോലിക്കാസഭ ബാഹ്യമായ ഐക്യരൂപ്യം ആവശ്യപ്പെടുന്നില്ല. വൈവിധ്യമാര്‍ന്ന സഭാപാരമ്പര്യങ്ങള്‍ അഭംഗം നിലനിര്‍ത്തണമെന്ന് വ്യക്തമായ നിര്‍ദ്ദേശം സഭ നല്‍കുന്നു.

കത്തോലിക്കാസഭയിലെ വിവിധ സഭകളെ വ്യക്തിഗത സഭകള്‍ (Individual Churches) എന്ന് പറയുന്നു. തനതായ വ്യക്തിത്വം (Individuality) ഉളളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം പരിഷ്കരിച്ച പൗരസ്ത്യ കാനന്‍ നിയമസംഹിത (Codex Canoum Ecclesiarum Orientalium) വ്യക്തിവ്യക്തിഗത സഭകളെ “Sui Juris Churches” എന്നാണ് വിളിക്കുക. ഇതനുസരിച്ച് കത്തോലിക്കാസഭയില്‍ താഴെപ്പറയുന്ന വ്യക്തിഗത സഭകളാണുള്ളത്. അവ ആചരിക്കുന്ന ആരാധന ക്രമപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.

*1. റോമാസഭ* (ലത്തീന്‍)

*2.അലക്സാണ്ഡ്രിയന്‍ സഭ:*

1.കോപ്റ്റിക് സഭ

2.എത്യോപ്യന്‍ സഭ

*3. അന്ത്യോക്യന്‍ സഭ:*

1. സിറിയന്‍ സഭ

2.സിറിയന്‍ മാറൊനൈറ്റ് സഭ

3. സീറോ – മലങ്കര സഭ

*4. പൗരസ്ത്യ സുറിയാനി സഭ:*

1.കല്‍ദായ സഭ

2. സീറോ മലബാര്‍ സഭ(പൗരസ്ത്യ സുറിയാനി സഭ)

*5. അര്‍മേനിയന്‍ സഭ:*

1.ഗ്രീക്ക് മെല്‍കൈറ്റു സഭ

2.ഉക്രേനിയന്‍ സഭ,

3.റുമേനിയന്‍ സഭ,

4. റുത്തേനിയന്‍ സഭ

5. സ്ലോവാക് സഭ,

6. ഹങ്കേറിയന്‍ സഭ

7. ഇറ്റാലോ അല്‍ബേനിയന്‍ സഭ

*6. ബൈസന്‍റൈന്‍ സഭ*

1. ക്രിസ്സേവ്ചി സഭ

2. ബള്‍ഗേറിയന്‍ സഭ

3. ഗ്രീക്ക് സഭ

4. റഷ്യന്‍ സഭ

5. ബൈലോ – റഷ്യന്‍ സഭ

6..അല്‍ബേനിയന്

നിങ്ങൾ വിട്ടുപോയത്