കർത്താവിൻ്റെ മുന്തിരി തോട്ടത്തിലെ കാവൽക്കാരാണ് വൈദികർ. ജീവൻ നൽകിയവനെ ജീവനേക്കാൾ സ്നേഹിക്കാനും, സ്വന്തമാക്കിയവനെ സ്വന്തമാക്കുവാനും അഭിഷിക്ത കരങ്ങളാൽ ദിവ്യബലി അർപ്പിക്കുന്നവർ വൈദികർ. പൗരോഹിത്യത്തിൻ്റെ മഹിമയെ എത്ര വർണ്ണിച്ചാലും മതിയാവില്ല.

കത്തോലിക്കാ സഭയിലെ സമുന്നതവും വിശിഷ്ടവുമായ ദൈവവിളിയാണത്. പൗരോഹിത്യത്തെ ഏറ്റവും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അതുപോലെ, ഞാൻ ജനിച്ച് മാമോദീസ സ്വീകരിച്ച്, കൂദാശകൾ സ്വീകരിച്ച് വളർന്ന സീറോ മലബാർ സഭയെയെ ഞാൻ അത്യധികം സ്നേഹിക്കുകയും, ഈ സഭയുടെ മകളായതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

എന്നാൽ കഴിഞ്ഞ 2-3 വർഷങ്ങളായി സഭാതലവനായിരുന്ന ആലഞ്ചേരി പിതാവിനെ കുറിച്ചുള്ള കള്ളക്കഥകളും, പിന്നെ കുർബ്ബാന ഏകീകരണത്തിന് ശേഷം വിശുദ്ധ കുർബ്ബാന ചൊല്ലുന്ന രീതിയെയും, അൾത്താരയെയും, ബലി പീoത്തെയും ബേമ്മയെയും… ഒക്കെ അവഹേളിക്കുന്നവരെയും വളരെ പുച്ഛത്തോടെയുള്ള നടത്തിയ അവരുടെ പ്രസ്ഥാവനകളും, കമൻ്റുകളും കേട്ട് വേദനിച്ചവരിൽ ഒരാളാണ് ഞാൻ. കാര്യങ്ങൾ തർക്കങ്ങളായ്, വഴക്കായ്, രാഷ്ട്രീയ പാർട്ടികളുടെയും മറ്റും സംഘർഷ ഭൂമിക്ക് തുല്യം ദേവാലയങ്ങളെ മാറ്റിയപ്പോൾ ഒന്നുരുകി പ്രാർത്ഥിച്ചു.

“സഭയുടെ നാഥനേ, അങ്ങ് റോമിൽ നിന്നും ഇടപെടണമേ എന്ന് “. ഈശോ പ്രാർത്ഥന കേട്ടു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം അനുസരണമാണെന്ന് മാർപാപ്പ പറഞ്ഞിട്ടും അനുസരിക്കാതെ അതിന് വിരുദ്ധമായി വിശുദ്ധ കുർബ്ബാന അർപ്പിച്ചവർ, സോഷ്യൽ മീഡിയ വഴി വെറുപ്പു സന്ദേശങ്ങൾ കൈമാറിയവർ,EKAM Media,NISWAN, Syromalabar Major ArchiEposcopal Church Group, Shaiju Ant…’Page and posts തുടങ്ങിയ Facebook പേജുകളും, ഗ്രൂപ്പുകളും ഒഴുക്കിയ വിഷവാർത്തകൾ എത്രമാത്രം ഘോര വിഷമാണ് അങ്കമാലി എറണാകുളം വിശ്വാസികളിലേക്ക് വിശ്വാസ വെളിച്ചം കെടുത്തി ആ അതിരൂപതയെ ഇരുട്ടിലാക്കി…

ഡിസംബർ 7-ന് ഏകീകൃത കുർബ്ബാന നിർബന്ധമായും അനുസരിക്കുവാനുള്ള പാപ്പായുടെ ആഹ്വാനം വളരെ ശക്തമായും വ്യക്തമാകയുമുളള വാക്കുകളിൽ എഴുതിയിരിക്കുന്നു: “…ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങൾ തുടരരുത്! സഭാഗാത്രത്തിൽ നിന്ന് സ്വയം വേർപെടരുത്! നിങ്ങൾക്കെതിരെയും അന്യായമായവ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരോടു ഉദാരതയോടെ ക്ഷമിക്കുക.

പരിശുദ്ധ കുർബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാൽ തന്റെ തന്നെ ന്യായവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും (1കോറി11:29).

33 രൂപതകളിൽ സിനഡ് കുർബ്ബാന അർപ്പിക്കുമ്പോൾ ഇനിയും അത് ഉൾക്കൊള്ളാത്ത നിങ്ങൾ ഒന്ന് ഓർക്കൂ. എത്ര എത്ര നുണകൾ ആണ് നിങ്ങൾ ഇക്കാലമത്രയും പ്രചരിപ്പിക്കുന്നത്. പിന്നെ,

*കൽദായകുർബ്ബാന എന്ന് വിളിച്ചു കളിയാക്കുമ്പോൾ ഓർക്കുക നിങ്ങളും കൽദായർ തന്നെയാണ്.

* മാർപ്പാപ്പ അർപ്പിച്ച കുർബ്ബാന തന്നെയാണ് ഈ കുർബ്ബാനയും.

മാർപാപ്പയും ലാറ്റിൻ രൂപതകളിലെ ഒരു വൈദികനും ബലിപീഠത്തേ വചന വേദി ആക്കിയിട്ടില്ല. ഭാരതത്തിലെ 8 ഭാഷകളിൽ 9 രൂപതകളിൽ വിശുദ്ധ കുർബാനയിൽ ഞാൻ പങ്കെടുത്തു. അവിടെയൊന്നും , ഉൾപ്രദേശ മിഷൻ ഇടങ്ങളിൽ പോലും ആരും ബലിപീഠത്തെ വചന വേദി ആക്കിയ്ല്ല. നിങ്ങളുടെ രൂപതയിൽ മാത്രമുള്ള തല തിരിവാണിത്. ഒന്നുകിൽ പഠിപ്പിച്ചവരുടെ കുഴപ്പം, അല്ലേൽ പഠിച്ചവരുടെ കുഴപ്പം.

ഇപ്പൊൾ എൻ്റെ സംശയം, നിങ്ങൾ ശരിക്കും ഏതു റീത്തിൽ ആണ് ??? ഇത് സീറോ മലബാറിൽ ഇല്ല, മലങ്കരയിൽ ഇല്ല,റോമൻ റീത്തിൽ ഇല്ല.

നവീകരിച്ച നമ്മുടെ കുർബ്ബാന 1986 ൽ നിങ്ങളുടെ തൊട്ടടുത്ത് ശക്തൻ തമ്പുരാൻ മൈതാനത്ത്, വിശുദ്ധനായ ജോൺ പോൾ മാർപ്പാപ്പ അർപ്പിച്ചത് നിങ്ങൾ അറിഞ്ഞില്ലായിരിക്കാം.

എന്തായാലും മേൽക്കുമേൽ നുണകളും, വ്യാജവാർത്തകളും, രഹസ്യ വെറുപ്പു സന്ദേശങ്ങളും അയച്ച് നിങ്ങൾ നിങ്ങളുടെ മേൽ തീ കോരി എറിയുകയാണ്.

ഇനിയും വൈകിയാൽ നിങ്ങളുടെ അവസ്ഥ വളരെ പരിതാപകരം ആയിരിക്കും.

ഇസ്രായേൽക്കാർക്ക് വേണ്ടി ഇസ്രായേൽമക്കളുടെ നടുവിൽ, അവരിലൊരാളായി മനുഷ്യാവതാരം ചെയ്ത ഈശോമിശിഹായെ അവർ തന്നെ ഒറ്റിക്കൊടുത്ത് കുരിശിശേറ്റി കൊന്നു. അവിടുന്ന് അവരുടെ കൺമുന്നിൽ ഉയിർത്തെഴുന്നേറ്റു.എന്നിട്ടും വിശ്വസിക്കാൻ മടിയുള്ള കുറച്ച് വൈദീക പ്രമാണിമാർ കാശു കൊടുത്ത് പറയിച്ച നുണ വിശ്വസിച്ച്… നുണ അവർക്ക് സത്യമായി ഇന്നും ആ നുണയാണ് സത്യമായി വിശ്വസിക്കുന്നത്. കർത്താവിനെക്കാളും കർത്തൃ സേവകരിൽ കുറച്ചാളുകളെ വിശ്വസിച്ച യൂദർ ഇന്നും ലോകത്തിൻ്റെ മുന്നിൽ ഒരു പരിഹാസമായി നിൽക്കുന്നത് ബൈബിൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. യഹൂദർ ബുദ്ധിയിലും, സമ്പത്തിലും , സൗന്ദര്യത്തിലും ലോകത്തിൽഎറ്റവും മുന്നിലാണ് എന്നാൽ 2023 വർഷങ്ങൾക്ക് മുമ്പ് അവരുടെ പൂർവ്വികരിൽ ചിലർ ചെയ്ത മണ്ടത്തരത്താൽ, വ്യാജവാർത്തയാൽ ബാക്കിയുള്ള പാവം യഹൂദർ ഇന്നും പരിഹസിക്കപ്പെടുന്നു. അവസ്ഥ ഇത് തന്നെയാണ് എറണാകുളം രൂപതയിൽ ഇന്ന് സംഭവിക്കുന്നത്. കാവലായി നിൽക്കേണ്ടവർ വ്യാജൻമാരും വ്യാജ വാർത്താ അവതാരകരും ആയി തീരുമ്പോൾ പരിഹസിക്കപ്പെടുന്നത് പാവം ദൈവജനമാണ്.

ഈ ബൈബിൾ ഭാഗം വായിക്കുമ്പോൾ ചിന്തിക്കാം…

കാവൽക്കാരുടെ വ്യജപ്രസ്താവന

“അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന്‌ സംഭവിച്ചതെല്ലാംപ്രധാനപുരോഹിതന്‍മാരെ അറിയിച്ചു.

അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കുവേണ്ടത്ര പണംകൊടുത്തിട്ടു പറഞ്ഞു:

ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്‍മാര്‍ വന്ന്‌ അവനെ മോഷ്‌ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍.

ദേശാധിപതി ഇതറിഞ്ഞാല്‍, ഞങ്ങള്‍ അവനെ സ്വാധീനിച്ച്‌ നിങ്ങള്‍ക്ക്‌ ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം.

അവര്‍ പണം വാങ്ങി, നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഇത്‌ ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.”

മത്തായി 28 : 11-15

എന്നെ പഠിപ്പിച്ചവരും, സ്നേഹിതരും, സഹോദരിമാരും ഒക്കെ നിറഞ്ഞ് നിൽക്കുന്ന എറണാകുളം രൂപതയിലെ ആരോടും വ്യക്തിപരമായി വൈരാഗ്യമില്ല, പക്ഷേ, നിങ്ങളുടെ അനുസരക്കേടിൽ, കടുംപിടുത്തത്തിൽ അഗാധമായ വേദനയുണ്ട്. ഇത്രമാത്രം ഉതപ്പും ഇടർച്ചയും ഇനി ഉണ്ടാവാതിരിക്കട്ടെ…

സി. സോണിയ ചാക്കോ DC

കളപ്പുരക്കൽപറമ്പിൽ

നിങ്ങൾ വിട്ടുപോയത്