അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ ഗംഭീരവിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ”യൂറോപ്പിനെ വീണ്ടും മഹത്തരമാക്കും” എന്ന മുദ്രവാക്യം ഉയര്‍ത്തിയും സ്പെയിനിലെ മാഡ്രിഡില്‍ നടന്ന യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനം സമാപിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നു രണ്ടായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യൂറോപ്യന്‍ തീവ്രവലതുപക്ഷ സമ്മേളനത്തിന് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇക്കുറി, യൂറോപ്യന്‍ വന്‍കരയിലെ രാഷ്ട്രീയരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം എല്ലാ സര്‍ക്കാരുകളെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിന്‍റെ തെളിവാണ് വിജയകരമായി പര്യവസാനിച്ച മാഡ്രിഡ് സമ്മേളനം. സ്പെയിനിലെ തീവ്രവവലതുപക്ഷ പാര്‍ട്ടിയായ “വോക്സ്” (Vox) ആണ് ഈ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.

“ഡൊണാള്‍ഡ് ട്രംപ് ലോകത്തെയാകമാനം ഒരാഴ്ചകൊണ്ട് മാറ്റിമറിച്ചു” എന്നാണ് ഹംഗേറിയന്‍ പ്രധാനമന്ത്രിയും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്‍റെ വക്താവുമായ വിക്ടര്‍ ഒര്‍ബാന്‍ പ്രസ്താവിച്ചത്. “ട്രംപ് തരംഗം ഒരു ടൊര്‍ണെയ്ഡോപോലെ വീശിയടിക്കുകയായിരുന്നു”. ഈ കൊടുങ്കാറ്റിന്‍റെ അലയൊലികള്‍ യൂറോപ്പിനെയാകമാനം ഇളക്കിമറിച്ചിട്ടുണ്ട്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും തീവ്രവവലതുപക്ഷം കൊടുങ്കാറ്റായി മാറുവാന്‍ ഇനിയധികം സമയം വേണ്ടിവരില്ല. ഇന്നലെ വരെ ഞങ്ങളെ മതനിന്ദകരുടെ പാര്‍ട്ടിയെന്ന് വിളിച്ചുവെങ്കില്‍ ഇന്ന് ഞങ്ങള്‍ രാഷ്ട്രീയത്തിന്‍റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. -പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് വിക്ടര്‍ ഒര്‍ബാന്‍ പ്രസ്താവിച്ചു.

ഇടത് ലിബറല്‍ കാഴ്ചപ്പാടുകാരായ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റിന്‍റെയും സ്പെയിന്‍റെ പ്രധാനമന്ത്രിയുടെയും പേരു പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം പ്രതിനിധികള്‍ പരിഹാസത്തോടെ അട്ടഹസിക്കുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ യൂറോപ്യൻ വന്‍കരയില്‍ വര്‍ദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റത്തിനെതിരേയും ഇവര്‍ക്കു സഹായം ചെയ്തൂകൊടുക്കുന്ന വിവിധ എന്‍.ജി.ഒ.കള്‍ക്കെതിരേയും ഇടത് ലിബറല്‍ സംസ്കാരത്തിന്‍റെ വ്യാപനത്തിനെതിരേയും പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം സ്പെയിന്‍റെയും ഇസ്രായേലിന്‍റെയും പതാകള്‍ വീശിക്കൊണ്ടാണ് പ്രതിനിധികള്‍ ഐക്യര്‍ഡ്യം പഖ്യാപിച്ചത്.

അനധികൃത കുടിയേറ്റ നിയന്ത്രണത്തിൻ്റെ ആവശ്യകതയും യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക സ്വാധീനം, ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍, ഇടതുപക്ഷ ലിബറല്‍ രാഷ്ട്രീയത്തിന്‍റെ നിഷ്ക്രിയാവസ്ഥ, “വോക്കിസം” (wokeism) എന്നിവ രണ്ടുദിവസത്തെ പ്രതിനിധിസമ്മേളനങ്ങളിൽ ചർച്ചയായ പൊതു വിഷയങ്ങളായിരുന്നു.

“ഫാസിസത്തിനെതിരേ ഒരടിപോലും പുറകോട്ടില്ല” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് അര്‍ദ്ധനഗ്നയായെത്തിയ ഫെമിനിസ്റ്റ് ഗ്രൂപ്പ് പ്രതിനിധികള്‍ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതൊഴിച്ച് മറ്റ് യാതൊരു എതിര്‍പ്പും സ്പെയിനില്‍നിന്നും ഉണ്ടായിട്ടില്ല. Vox -ന്‍റെ നേതൃത്വത്തില്‍ സ്പെയിനിലും തീവ്രവലതുപക്ഷം ശക്തിയാര്‍ജ്ജിക്കുന്നു എന്ന സൂചനകളാണ് നല്‍കുന്നത്. എന്നാല്‍ സ്പെയിനിലെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ തീവ്രവലതു പക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ച് പ്രസ്താവനയിറക്കിയിരുന്നു. തീവ്രവലതുപക്ഷ രാഷ്ട്രീയം സ്പെയിനില്‍ വിലപ്പോകില്ല എന്നവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

🟥 യൂറോപ്പിൽ ശക്തിയാർജ്ജിക്കുന്ന

തീവ്രവലതുപക്ഷ രാഷ്ട്രീയം

നിലവില്‍ തീവ്രവലതുപക്ഷം ഭരിക്കുന്നത് ഇറ്റലി, ഹംഗറി, നെതര്‍ലാന്‍ഡ്, ഫിന്‍ലന്‍ഡ്, സ്ലൊവാക്യ, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ്. ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മിനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം, സ്വീഡന്‍, ലാത്വിയ, എസ്തോണിയ എന്നീ രാജ്യങ്ങളില്‍ അതിവേഗത്തിലാണ് തീവ്രവലതുപക്ഷം സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെല്ലാം ഇപ്പോള്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ നില്‍ക്കുന്നത് തീവ്രവലതുപക്ഷ രാഷ്ട്രീയ ചിന്തകളാണ്. ഈ യാഥാര്‍ത്ഥ്യം യൂറോപ്യന്‍ മാധ്യമങ്ങളും നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. യൂറോപ്പില്‍ തീവ്രവലതുപക്ഷ സ്വാധീനം ശക്തമാകുന്നുവെന്ന വസ്തുത തുറന്നെഴുതാന്‍ ഇപ്പോള്‍ മാധ്യമങ്ങൾക്കു മടിയില്ല.

തീവ്രവലതുപക്ഷമാണ് ഇപ്പോള്‍ യൂറോപ്പിലെ പല ഇടത്- ലിബറൽ സർക്കാരുകൾക്കും നയരൂപീകരണത്തിന് പ്രേരകശക്തിയാകുന്നത്. കുടിയേറ്റം, ഇസ്ലാമിക തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ ഇടത്, ലിബറല്‍ സര്‍ക്കാരുകള്‍ക്കു ഇപ്പോള്‍ തീവ്രവലതുപക്ഷ ആശയങ്ങളെ അംഗീകരിക്കേണ്ടതായി വരുന്നു. യാഥാസ്ഥിതിക പാര്‍ട്ടികളില്‍നിന്ന് അംഗങ്ങള്‍ കൂട്ടത്തോടെയാണ് തീവ്രവലതുപക്ഷത്തിലേക്ക് ഇപ്പോള്‍ ചേക്കേറുന്നത്.

യൂറോപ്പിന്‍റെ ഹൃദയമായ ജര്‍മ്മിനിയില്‍ ഈ മാസം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷമായ എ.എഫ്.ഡി (AfD) രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് കണക്കാക്കുന്നത്. അത്രമേല്‍ ജര്‍മിനിയില്‍ തീവ്രവലതുപക്ഷം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. ഇസ്ലാമിക രാജ്യങ്ങളിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥകളായി എത്തിയവര്‍ ഉയര്‍ത്തുന്ന തീവ്രവാദ, ഇസ്ലാമിക വത്കരണ, മതരാഷ്ട്ര ചിന്തകള്‍ ജര്‍മ്മന്‍ ജനതയിൽ തീവ്രവലതുപക്ഷത്തിന്‍റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കരുത്തേകിയ സംഗതിയാണ്. അനധികൃതകുടിയേറ്റക്കാരെ നാടുകടത്തുക എന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ നയം ജര്‍മ്മിനിയിലും അടിയന്തരമായി നടപ്പാക്കണമെന്നതാണ് AfD ആവശ്യപ്പെടുന്നത്. ഇതിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.. ഈ മാസം 23ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ AfD രണ്ടാം സ്ഥാനത്ത് എത്തുകയോ കൂടുതല്‍ സീറ്റുകള്‍ പാര്‍ലമെന്‍റില്‍ ഉറപ്പിക്കുകയോ ചെയ്യുമെന്നാണ് ജര്‍മ്മനിയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഒരുപക്ഷേ അവര്‍ അധികാരത്തില്‍ വന്നാല്‍പോലും അത്ഭുതമില്ല.

🟥ചുരുങ്ങിയ സമയത്തിനുള്ളിൽ

രണ്ടു ലക്ഷം അംഗങ്ങളുമായി

”റീഫോം യു കെ”

യു.കെയില്‍ നൈജൽ ഫറാജ് ( Nigel Farage ) നേതൃത്വം നല്‍കുന്ന തീവ്രവലതുപക്ഷമായ റീഫോം പാര്‍ട്ടിയുടെ (Reform UK) സ്വാധീനം ഇവിടുത്തെ യാഥാസ്ഥിതിക പക്ഷത്തെ (Conservative Party) കൂടുതല്‍ തീവ്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവെന്നാണ് ഈ ദിവസങ്ങളിലെ രാഷ്ട്രീയ നിരീക്ഷണത്തില്‍നിന്നും വ്യക്തമാകുന്നത്. കുടിയേറ്റ സംബന്ധമായി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുവാനാണ് സര്‍ക്കാരിനോട് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് നേതൃത്വം ആവശ്യപ്പെട്ടത്. തൊഴില്‍ രഹിതർക്കും കുറഞ്ഞ വരുമാനമുള്ളവര്‍ക്കും രാജ്യത്ത് സ്ഥിരതാമസം അനുവദിക്കരുത് എന്നൊരു നിര്‍ദ്ദേശവും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. കൂടാതെ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ Permanent Residence – നു

ഇപ്പോഴുള്ള അഞ്ചുവര്‍ഷമെന്നത് പത്തുവര്‍ഷമാക്കും എന്നും കണ്‍സര്‍വേറ്റീവുകള്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ ഉൾപ്പെടെ കൺസർവേറ്റീവ് നേതൃനിരയെ കഴിവുകെട്ടവരാക്കി ചിത്രീകരിച്ചു കൊണ്ട് കണ്‍സര്‍വേറ്റീവ് നേതാക്കളെയും അംഗങ്ങളെയും തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഠിനശ്രമം നടത്തുകയാണ് റീഫോം യു.കെ.

വര്‍ഷങ്ങളോളം കണ്‍സര്‍വേറ്റീവുകള്‍ ഭരിച്ചിട്ടും കുടിയേറ്റനയത്തില്‍ യാതൊരു പരിഷ്കാരവും വരുത്തിയില്ലെന്നും അഭിയാര്‍ത്ഥികളായി ദിവസേന ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്നു എന്നും കഴിഞ്ഞ ദിവസം നൈജല്‍ ഫറാജ് ആരോപിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് ചിന്താഗതിക്കാരെ തന്‍റെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുവാനാണ് നൈജല്‍ ശ്രമിക്കുന്നത്. ഈ അപകടം തിരിച്ചറിഞ്ഞാണ് കണ്‍സര്‍വേറ്റീവുകള്‍ കുടിയേറ്റ നിലപാടുകള്‍ ഇപ്പോൾ കടുപ്പിച്ചിരിക്കുന്നത്. ഇതോടെ ലേബര്‍ സര്‍ക്കാരും കുടിയേറ്റ നയങ്ങളില്‍ വലിയ മാറ്റങ്ങളാണ് നടപ്പാക്കാന്‍ പോകുന്നത്. തീവ്രവലതുപക്ഷം രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുമ്പോള്‍ അവരുടെ കുടിയേറ്റ നയങ്ങളെ അൽപം മയപ്പെടുത്തി നടപ്പാക്കാക്കൊണ്ടു ജനങ്ങളെ കൂടെനിര്‍ത്താനാണ് ലേബര്‍ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

തീവ്രവലതുപക്ഷ ചിന്തകള്‍ക്കും നൈജല്‍ ഫറാജിനും ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഫെയ്സ് ബുക്ക് തുടങ്ങിയ ചില സോഷ്യല്‍ മീഡിയ ആപ്പുകൾ എടുത്തുമാറ്റിയിരുന്നു. ഇതോടെ ദിവസേന നിരവധി വാര്‍ത്തകളാണ് സ്പോണ്‍സര്‍ പരസ്യങ്ങളാക്കി നൈജല്‍ ഫറാജ് ഫെയ്സ് ബുക്കില്‍ പോസ്റ്റുചെയ്യുന്നത്. ഇത് അദ്ദേഹത്തിന്‍റെ നയങ്ങളും പ്രതികരണങ്ങളും അതിവേഗം സാധാരണക്കാരിലെത്തുവാന്‍ ഇടയാക്കുന്നു. ഇന്ന് (ഫെബ്രവരി 8ന് ) നൈജൽ ഫറാജ് പോസ്റ്റു ചെയ്തിരിക്കുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ Reform UK -യിൽ 200,000 അംഗങ്ങൾ പാർട്ടി മെംബർഷിപ്പ് എടുത്തു എന്ന വാർത്തയാണ്.

2029 പാര്‍ലമെന്‍റ് ഇലക്ഷനില്‍ റീഫോം യു.കെ 350-നും 400-നും ഇടയില്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് ചെയര്‍മാന്‍ സിയാ യൂസഫ് (Zia Yousuf) അവകാശപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ നൂറോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു റീഫോം യു.കെ. ഇപ്പോള്‍ രാജ്യത്ത് ഏറെ ജനപിന്തുണയുള്ള രാഷ്ട്രീയപാര്‍ട്ടിയായി (25%) മാറിയിരിക്കുന്നു. തൊട്ടുപുറകിലാണ് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി ഇന്നുള്ളത്. (24%) 14 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച യാഥാസ്ഥിതിക വിഭാഗം (കണ്‍സര്‍വേറ്റീവ് 21%) മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു.

അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്കിന്‍റെ വലിയ പിന്തുണയാണ് യൂറോപ്പിലുള്ള തീവ്രവലതുപക്ഷത്തിനു ശക്തിപകരുന്ന മറ്റൊരു സംഗതി. ”ട്രിംപ് ടൊര്‍ണെയ്ഡോ” യൂറോപ്പിലേക്കും വീശിയടിച്ച് ഈ വന്‍കരയെ കീഴടക്കുമെന്ന പ്രതീക്ഷയാണ് ഇവിടെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

മാത്യൂ ചെമ്പുകണ്ടത്തിൽ