ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കൂടിയുള്ള പുതിയ ലോകം കുട്ടികൾക്ക് നൽകുന്ന വിശാലമായ അനുഭവതലങ്ങൾ

തലമുറകൾ തമ്മിലുള്ള അകലത്തെ ഇപ്പോൾ സങ്കീർണ്ണമാക്കുന്നുണ്ട് .

മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കേൾക്കുവാനുമുള്ള പരിസരം സൃഷ്ടിച്ചാൽ മാത്രമേ ഈ അകലം കുറയ്ക്കാൻ സാധിക്കൂ .

ട്രെൻഡുകളും ,പ്രയോഗിക്കുന്ന വാക്കുകളും, ചാറ്റിലെ ശൈലികളുമൊക്കെ മറ്റൊരു രാജ്യത്തിൻറെ പ്രതീതി ഉണ്ടാക്കാം .ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകളിലൂടെ സ്വകാര്യ ലോകം ഉണ്ടാക്കാൻ കഴിയുന്ന കാലമാണ് .അതിലേക്ക് കയറുവാനുള്ള പാസ്സ്‌ വേർഡുകൾ കിട്ടുക എളുപ്പമല്ല .

കഴിയുന്നത്ര മനസ്സിലാക്കാൻ ശ്രമിക്കാം. സ്വയം വിശകലനത്തിനുള്ള അന്തരീക്ഷം പുതു തലമുറയ്ക്കായി സൃഷ്ടിക്കേണ്ടി വരും. കുറ്റപ്പെടുത്തലുകൾ ഒഴിവാക്കേണ്ടി വരും .തെറ്റുകളും ശരികളും കണ്ടെത്താനുള്ള പ്രാപ്തി നൽകുന്നതിൽ മാത്രം വളർത്തൽ

ഒതുക്കേണ്ടി വരും. അത് ശൈശവത്തിൽ തന്നെ തുടങ്ങേണ്ടിയും വരും.

എല്ലാം ചെയ്ത് കൊടുക്കുന്നതിലല്ല, സ്വയം അവരെ കൊണ്ട് ശൈശവം മുതൽ അവരുടെ കാര്യങ്ങൾ ചെയ്യിക്കുന്നതിലാകണം ഇനി ശ്രദ്ധ. സുരക്ഷിതമായ ഡിജിറ്റൽ സംസ്കാരവും അവർ തന്നെ സൃഷ്ടിക്കണം. എന്നാലേ ഇന്നത്തെ കാലത്തു വേണ്ട ഉത്തരവാദിത്ത ബോധം ഉണ്ടാകൂ.

ഇടപെടാനോ ഉപദേശിക്കാനോ മുതിർന്നാൽ ആശയവിനിമയം ഷട്ട് ഡൗൺ ആക്കുന്ന രീതിയാണ്. അത് കൊണ്ട് ജാഗ്രത പുലർത്തുക.

പഠനത്തോടൊപ്പം ജോലി ചെയ്ത് സമ്പാദിക്കുന്ന ശീലങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടി വരും. എല്ലാ കാലത്തും സാമ്പത്തിക പിന്തുണയെന്ന പഴയ മട്ടിലുള്ള കൈകാര്യം ചെയ്യൽ മാറേണ്ടി വരും. പുതിയ ലോകം തുറന്നിടുന്ന അവസരങ്ങളുടെ പശ്ചാത്തലത്തിൽ അവരുടെ ജീവിതം അവരുണ്ടാക്കട്ടെയെന്ന നയം നടപ്പിലാക്കണം .സ്പൂണിൽ തീരുമാനങ്ങൾ കോരി കൊടുത്താൽ തിരിച്ചടി ഉറപ്പാണ് .ഇത്തരത്തിലുള്ള സ്പേസ് നിർമ്മിക്കാനായാൽ പരസ്പരം മനസ്സിലാകും.നിലപാടുകളിൽ വ്യത്യസ്ഥതയുണ്ടെണ്ടെങ്കിലും

ആദരവോടെ ഉൾക്കൊള്ളാനാകും. പാളിച്ചകൾ കാണാനുള്ള കണ്ണുണ്ടാകും.

ഗ്യാപ്, അതെന്തായാലും എല്ലാ കാലത്തും ഉണ്ടാകും .

(ഡോ സി ജെ ജോൺ)