ഇന്ത്യയിലെ സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സി ബി സി ഐ പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുക, എല്ലാ കാര്യങ്ങളിലും സുതാര്യതയും മതേതരത്വവും ജാഗ്രതയും പാലിക്കുക തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശങ്ങളുടെ കാതല്‍. സ്കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം കുട്ടികളെക്കൊണ്ട് ചൊല്ലിക്കുക, സ്ഥാപനത്തിന്റെ കവാടത്തില്‍ ഭരണഘടനയുടെ ആമുഖവും സ്ഥാപനത്തിന്റെ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റും ആലേഖനം ചെയ്യുക, കത്തോലിക്ക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കാഴ്ചപ്പാട് സ്വീകരിക്കുക, അതേസമയം എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുക, വിവിധ സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നുള്ള അധ്യാപകരെ ഉള്‍പ്പെടുത്തുക, സ്കൂളിന് അടച്ചുറപ്പും ചുറ്റുമതിലും ഉറപ്പാക്കുക, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികള്‍, ശാസ്ത്രജ്ഞര്‍, കവികള്‍, ദേശീയ നേതാക്കള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി ഗവണ്മെ ന്റുകള്‍ അധികാരത്തില്‍ എത്തിയതിനുശേഷം കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പതിവായിരുന്നു. ലൈസന്‍സ്, ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരുടെ പരിശോധനകളും വിവിധ വര്‍ഗീയ സംഘടനകളുടെ കടന്നുകയറ്റങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാകണം സി ബി സി ഐ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് കരുതുന്നു.