കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് വിശദമാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 എന്ന അനുപാതം സ്വീകരിക്കുന്നതിനെതിരേ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

ഡിസംബര്‍ 22നു ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടു വിശദീകരണം തേടിയിരുന്നു. തുടര്‍ന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി പൊതുഭരണ വകുപ്പിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി എം.എം. മുഹമ്മദ് ഹനീഫ മറുപടി സത്യവാങ്മൂലം നല്‍കി. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ചു പഠനം നടത്തി 2006ല്‍ സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും ഇതിനനുസൃതമായി സംസ്ഥാനത്തു പഠനം നടത്തിയ പാലോളി മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനമാക്കിയാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും ഏകദേശ ജനസംഖ്യാടിസ്ഥാനത്തിലാണ് നടപടികളെന്നുമാണു സര്‍ക്കാര്‍ വാദം.

സംസ്ഥാനത്ത് കോളജ് പഠനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംങ്ങള്‍ എസ്സിഎസ്എടി വിഭാഗങ്ങളെക്കാളും പിന്നിലായതിനാല്‍ ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടുതല്‍ ജോലിയും ഉയര്‍ന്ന വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സത്യവാങ്മൂലം പറയുന്നു. സാമ്പത്തികാടിസ്ഥാനത്തിലും ദാരിദ്ര്യത്തിന്റെ കാര്യത്തിലും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

80:20 അനുപാതത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഏകദേശ ജനസംഖ്യാടിസ്ഥാനത്തിലാണ്. ഇതു സ്വേച്ഛാപരമോ നിയമവിരുദ്ധമോ അല്ല. മുസ്ലിം വിഭാഗത്തിലെ ബിരുദ, പിജി, പ്രഫഷണല്‍ കോഴ്സുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് 5,000 സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇവയില്‍ 20 ശതമാനം ലത്തീന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചു.

മുന്നാക്ക വിഭാഗങ്ങള്‍ക്കായി 13 വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മുന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് 9.33 കോടി രൂപയുടെ സ്കോളര്‍ഷിപ്പ് പ്രതിവര്‍ഷം നല്‍കുന്നു. മത്സരപ്പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് സാമ്പത്തിക സഹായവും നല്‍കുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ 2020 നവംബര്‍ അഞ്ചിന് രൂപം നല്‍കിയ ജെ.ബി. കോശി അധ്യക്ഷനായ കമ്മീഷനില്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവര്‍ അംഗങ്ങളാണ്. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നാണു സര്‍ക്കാര്‍ നിലപാട്. ഹര്‍ജി പിന്നീട് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

നിങ്ങൾ വിട്ടുപോയത്