ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കാരിസിന്റെ(കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും കുറവിലങ്ങാടു സ്വദേശിയുമായ സിറിൾ ജോണിന് അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയായ ഷെവലിയർ ബഹുമതി. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നൽകിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പേപ്പല്‍ ബഹുമതിയ്ക്കു അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 1982 മുതൽ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ നേതൃനിരയിൽ സജീവമായ അദ്ദേഹം ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ചീഫ് പ്രോട്ടോക്കോള്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.
അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകൾ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആർ.എസിൽ അംഗവും 2007- 2015 കാലയളവിൽ വൈസ് പ്രസിഡന്റുമായ അദ്ദേഹം ഡൽഹിയിൽ ‘ജീവൻ ജ്യോതി ആശ്രമം’ എന്ന പേരിൽ ധ്യാനകേന്ദ്രം ആരംഭിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ഡല്‍ഹി അതിരൂപത നവീകരണ മുന്നേറ്റത്തിന്‍റെ ചെയര്‍മാന്‍, നാഷണല്‍ സര്‍വീസ് ടീം ചെയര്‍മാന്‍, ഏഷ്യ – ഓഷ്യാനിയയിലെ നവീകരണത്തിന്‍റെ സബ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘കം, ലെറ്റ്‌സ് സെലിബ്രേറ്റ് ദ ഹോളി യൂക്കരിസ്റ്റ്’, ‘സ്പർഡ് ബെ ദ സ്പിരിറ്റ്’, ‘ദ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇൻ ഇന്ത്യ- ആൻ അപ്രൈസൽ’, ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’, പ്രൊഫറ്റിക് ഇന്റർസെഷൻസ്’ എന്നിവ അദ്ദേഹം എഴുതിയ പ്രമുഖ ഗ്രന്ഥങ്ങളാണ്. ഇതില്‍ ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’ എന്ന പുസ്തകം കൊറിയൻ, ജാപ്പനീസ്, മാൻഡരിൻ, സിംഹള, ഹിന്ദി, മലയാളം ഉൾപ്പെടെ 16 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിരിന്നു. ‘പ്രൊഫറ്റിക് ഇന്റർസെഷൻസ്’ 10 ഭാഷകളിലേക്കും ‘സ്പർഡ് ബെ ദ സ്പിരിറ്റ്’ 10 ഭാഷകളിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്. ഷെവലിയർ ബഹുമതി സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പാപ്പ നടത്തിയത്. സ്ഥാനിക ചിഹ്‌നങ്ങൾ സ്വീകരിക്കുന്ന തിയതി പിന്നീട് തീരുമാനിക്കും.