മാർച്ച്‌ -19- വി. യൗസേപ്പിതാവ്

. ——————-

നിശബ്ദതയിലൂടെയും സംവദിക്കാൻ സാധിക്കുമെന്ന് കാട്ടിത്തന്ന, കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ വി. യൗസപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിക്കുന്നു നാം ഇന്ന്.

സഭയുടെ പാലകൻ, കന്യാവ്രതക്കാരുടെ കാവൽക്കാരൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, നസ്രത്തിലെ ആ തച്ചന് വിശേഷണങ്ങൾ ഒരു പിടി ആണ്. പക്ഷേ, വി ഗ്രന്ഥത്തിലും വി പാരമ്പര്യത്തിലും വി ജോസഫിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയോ എന്നൊരു ശങ്കയും ഇല്ലാതെയില്ല എന്നതൊരു സത്യം തന്നെയാണ്.

‘ഇടിച്ചിടിച്ചു നിന്നാലേ പിടിച്ചു പിടിച്ചു കയറാൻ സാധിക്കു’ എന്ന വിജയ മന്ത്രവുമായി ആദരവ് നേടാനും അംഗീകാരം നേടാനും പരിശ്രമിക്കുകയും ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ജനകീയർ വാഴുന്ന ഈ കാലഘട്ടത്തിൽ സ്വന്തം ഉത്തരവാദിത്വം ദൈവസന്നിധിയിൽ വിശുദ്ധിയോടെയും വിശ്വസ്ഥതയുടെയും നിറവേറ്റി നിശബ്ദതയുടെ പാതയിലൂടെ സഞ്ചരിച്ച വി ജോസഫ് വെല്ലുവിളിയായി മാറുന്നു. ഒച്ചയെടുക്കുന്നവൻ രാജാവാകുന്ന കാലത്ത് വിട്ടുകൊടുക്കുന്നതിലും,ലോകത്തിന്റെ കാഴ്ചപ്പാടിലെ പരാജയങ്ങളിലും വിജയം ഉണ്ടെന്ന് ഈ തിരുനാൾ ദിനം നമ്മെ ഓർമിപ്പിക്കുന്നു.

ഉത്തരവാദിത്വം നിറവേറ്റുന്നതിലെ സഹനത്തിന് തീർച്ചയായും സമ്മാനമുണ്ടാകുമെന്ന്, ദൈവ സന്നിധിയിൽ ഒന്നും രേഖപ്പെടാതെ പോകുന്നില്ലായെന്ന തിരിച്ചറിവ് സ്വന്തമാക്കാൻ ഈ ആഘോഷരാവ് നമ്മെ സഹായിക്കട്ടെ. കുടുംബത്തേക്കുറിച്ചുള്ള ആകുലതയും ജോലിയെക്കുറിച്ചുള്ള വ്യാകുലതയും ഉറക്കമില്ലാത്ത രാത്രികളും സ്വസ്ഥതയില്ലാത്ത പകലുകളും സമ്മാനിക്കുമ്പോൾ ചോദ്യം ചെയ്യാതെ, യുക്തിക്ക് സ്ഥാനം കൊടുക്കാതെ സ്വന്തം ജീവിതം ദൈവതിരുമുമ്പിൽ വിട്ടുകൊടുത്ത നീതിമനായ ജോസഫ് നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ട്.

കുടുംബത്തിന്റെ അപ്പമായി മാറുന്ന അപ്പന്മാരെ പ്രത്യേകം ആദരിക്കാം, അവർക്കായി പ്രാർത്ഥിക്കാം ഇന്നേ ദിവസം.

മടി കൂടാതെ കർമം ചെയ്യാനും , ചെയ്തതിന്റെ കണക്ക് നോക്കാതെ മഹത്വം ദൈവത്തിന് കൊടുക്കാനുമുള്ള തിരിച്ചറിവാകട്ടെ ഈ തിരുന്നാളിന്റെ ബാക്കിവയ്പ് .

വിട്ടുകൊടുക്കാനും ചേർത്തുനിർത്താനും വീണ്ടെടുക്കാനും ഉള്ള ഉൾവിളിയാവട്ടെ ഈ തിരുന്നാളിന്റെ കാരണക്കാരൻ നമുക്ക് പകർന്നു തരുന്നത്.

നിശബ്ദതയുടെ സഹയാത്രികനൊപ്പം നമുക്കും ചേർന്ന് നടക്കാം,

തോറ്റുകൊടുക്കുന്നതിലെ വിജയം നമുക്ക് സ്വന്തമാക്കാം,

സഭയുടെ കാവൽക്കാരൻ നമ്മെ അനുഗ്രഹിക്കട്ടെ അവന്റെ പുത്രന് വേണ്ടിയും പുത്രന്റെ മൗതിക ശരീരത്തിനുവേണ്ടിയും ധീരതയോടെ, വിശ്വസ്ഥതയോടെ എന്നും ജീവിക്കാൻ.

ഏവർക്കും തിരുന്നാളിന്റെ മംഗളങ്ങളും വി യൗസപ്പിതാവിന്റെ മദ്ധ്യസ്ഥവും നേരുന്നു.

✍️ബെൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്