എന്തോ… തലമുടി ഒക്കെ നരച്ച്, ത്വക്ക് ഒക്കെ ചുക്കി ചുളുങ്ങിയ ഒരു വൃദ്ധനായ വി. യൗസേപ്പിതാവിനെ ഉൾക്കൊള്ളാൻ എന്റെയും നിങ്ങളുടെയും മനസ്സ് ഒരിക്കലും തയ്യാറാകില്ല. കാരണം ദൈവ വചനങ്ങളെ സൂക്ഷ്മ പരിശോധന നടത്തിയാൽ കണ്ടെത്താൻ സാധിക്കുന്ന ചില നിഗമനങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം കത്തോലിക്കാ സഭയുടെ ചരിത്രത്തിലുടനീളം നൂറ്റാണ്ടുകളായി നാം കണ്ടു കൊണ്ടിരുന്ന ചിത്രങ്ങളിലെ പോലെ ദൈവപുത്രന്റെ വളർത്തു പിതാവായ ജോസഫ് ഒരു പടുവൃദ്ധനായിരുന്നെങ്കിൽ തീർച്ചയായും ഉണ്ണീശോ ഹേറോദോസിന്റെ പട്ടാളക്കാരുടെ വാളിനിരയാകാൻ കൂടുതൽ സാധ്യതയുണ്ടാകുമായിരുന്നു എന്നതാണ്. കാരണം ബെത്ലഹേമിൽ നിന്ന് ഈജിപ്തിലേയ്ക്ക് ഏകദേശം 800 കിലോമീറ്ററിന് അടുത്ത് ദൂരം ഉണ്ട്. പല പാരമ്പര്യങ്ങളും പറയുന്നത് ഈജിപ്തിലെ അലക്സാണ്ട്രിയ എന്ന നഗരത്തിലാണ് ജോസഫും കുടുംബവും അഭയം പ്രാപിച്ചത് എന്നാണ്. എങ്കിൽ ഏകദേശം 1000 കിലോമീറ്റർ ദൂരം എങ്കിലും അകലം ഉണ്ട് ബത്ലഹേമിൽ നിന്ന് അലക്സാണ്ട്രിയായിൽ എത്താൻ. ഒരു കൈ കുഞ്ഞിനേയും അവന്റെ മാതാവിനെയും കൊണ്ട് ഇത്ര ദൂരം കാൽനടയായി പോകണമെങ്കിൽ യൗസേപ്പിതാവ് ഒരു വൃദ്ധനായിരിക്കാൻ തീർത്തും സാധ്യത കുറവാണ്. ഒരു പക്ഷേ ഏകദേശം ഏറിയാൽ 25 നും 30 നും ഇടയിൽ പ്രായമുള്ള ഒരു യുവാവായിരിക്കണം അദ്ദേഹം. കാരണം ഒരു വിദേശ രാജ്യത്തേക്ക് അഭയം പ്രാപിക്കുവാനായി പോകുമ്പോൾ വൃദ്ധനായ ഒരു ജോസഫ് മറിയത്തെയും യേശുവിനെയും പരിപാലിക്കുന്നത് സങ്കൽപ്പിക്കാൻ ഒത്തിരി പ്രയാസമാണ്.

ഇന്ന് പല ബൈബിൾ പണ്ഡിതന്മാരും ചരിത്രകാരന്മാരും വിശ്വസിക്കുന്നത് യേശു ലോകത്തിലേക്ക് വരുമ്പോൾ ജോസഫ് ഒരു ചെറുപ്പക്കാരനായിരുന്നു എന്നാണ്; ഒരു പക്ഷേ കൗമാരക്കാരൻ പോലും ആയിരുന്നു എന്നാണ്. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “യേശു ജനിക്കുമ്പോൾ മേരിയും ജോസഫും കൗമാരക്കാർ ആയിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവരുടെ പ്രായം യഥാക്രമം പതിനാറും പതിനെട്ടും ആയിരിക്കും. കാരണം അക്കാലത്തെ യഹൂദ നവദമ്പതികളുടെ പൊതുവായ വിവാഹ പ്രായം ഇതായിരുന്നു”.

ആദരണീയനായ ഫുൾട്ടൺ ഷീനും സമാനമായ ഒരു വീക്ഷണം പങ്കുവെയ്ക്കുന്നുണ്ട്: “ജോസഫ് ഒരുപക്ഷേ ചെറുപ്പക്കാരനും ശക്തനും ആരോഗ്യമുള്ളവനും സുന്ദരനും കായികബലമുള്ളവനും നിർമ്മലനും അച്ചടക്കമുള്ളവനും ആയിരുന്നു. ഇത്തരത്തിലുള്ള ഒരാൾക്കേ ആശാരിയായി കഠിനാധ്വാനം ചെയ്യാൻ സാധിക്കുകയുള്ളൂ”.

മൂന്നാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്തും നാലാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗങ്ങളിലും തിരുസഭയിൽ ഭയാനകമായ ചില ആശയധ്വാരകൾ ഉയർന്നുവന്നു. ആദിമ ക്രൈസ്തവ സമൂഹത്തിൽ സ്ത്രീകൾക്ക് ഉണ്ടായിരുന്ന പ്രാധാന്യം അന്നത്തെ കാലത്തുണ്ടായിരുന്ന ചില സഭാ പിതാക്കൻമാരുടെ ഇടുങ്ങിയ ചിന്താഗതികൾ കൊണ്ട് ഉന്മൂലനം ചെയ്യപ്പെട്ടു… ക്രിസ്തു സ്ത്രീകൾക്ക് നൽകിയ പ്രാധാന്യം ക്രിസ്തു അനുയായികൾ പിന്തുടരാൻ വൈമനസ്യം കാണിച്ചു. ദൈവപുത്രൻ ഈ ഭൂമിയിൽ പടുത്തുയർത്തിയ പല നന്മകളിൽ ഒന്നായ സ്ത്രീ പുരുഷ സമത്വം പാരമ്പര്യത്തിന്റെ തിരശ്ശീലകൾ കൊണ്ട് വീണ്ടും മൂടപ്പെട്ടു. അതുകൊണ്ട് തന്നെ സുന്ദരിയും സുമുഖയുമായ ഒരു കന്യകയുടെ കാവൽക്കാരനായി തീരാൻ ഒരു യുവാവിന് സാധിക്കില്ല എന്ന ഇടുങ്ങിയ ചിന്താഗതി കടന്നു കൂടി. തലമുടി ഒക്കെ നരച്ച്, ത്വക്ക് ഒക്കെ ചുക്കി ചുളുങ്ങിയ ഒരു പടുവൃദ്ധനായ ജോസഫിനെ ആയിരുന്നു യുവാവായ ജോസഫിനെക്കാൾ പരി. കന്യകാമറിയത്തിന്റെ കന്യാത്വം കാത്തുസൂക്ഷിക്കുന്നതിനായി കൂടുതൽ യോജിക്കുന്നതെന്ന് അക്കാലത്തുള്ള ചില സഭാ പിതാക്കൻമാർ ചിന്തിച്ചു. ഈ ചിന്താഗതിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് നൂറ്റാണ്ടുകളായി യേശുവിന്റെ വളർത്തു പിതാവ് വൃദ്ധനായിരുന്നു എന്ന ശൈലിയിലുള്ള എഴുത്തുകളും ചിത്രങ്ങളും ഉദയം ചെയ്യാൻ തുടങ്ങിയത്.

സത്യം എന്തുതന്നെയായാലും, മറിയത്തെയും യേശുവിനെയും സംരക്ഷിക്കാനും അവരെ ആർദ്രമായി കാത്തുസൂക്ഷിക്കാനും അവരോട് അഗാധവും സ്ഥിരവുമായ സ്നേഹം വളർത്തിയെടുക്കാനും തന്നാൽ കഴിയുന്നതെല്ലാം ചെയ്ത ഒരു “നീതിമാൻ” ആയിരുന്നു ജോസഫ്.

എല്ലാവർക്കും വി. യൗസേപ്പിതാവിന്റെ തിരുനാൾ മംഗളങ്ങൾ ഏറ്റവും സ്നേഹത്തോടെ നേരുന്നു….💐🙏🏽

✍🏽 സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്