ഇറ്റലിയിലെ പ്രസിദ്ധ പൗരാണിക പട്ടണങ്ങളിലൊന്നായ സിസിലിയായിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് , ഭീകരമായ ഒരു ക്ഷാമമുണ്ടായി. കാലാവസ്ഥ പാടേ മാറി മറിഞ്ഞു. സിസിലിയായുടെ ആകാശഭാഗങ്ങളിൽ നിന്ന് മഴക്കാറുകൾ നിത്യമായെന്ന പോലെ പലായനം ചെയ്തുകളഞ്ഞു… കൃഷിയിടങ്ങൾ വരണ്ടുണങ്ങി, നാവു നനയ്ക്കാൻ പോലും വെള്ളമില്ലാത്ത തരത്തിലേക്ക് വരൾച്ചയും കെടുതികളും പെരുകിയതോടെ ആർക്കും വിഭാവനം ചെയ്യാൻ പറ്റാത്ത തരത്തിൽ ഏറ്റവും രൂക്ഷമായ ക്ഷാമം അതിന്റെ പാരമ്യത്തിലെത്തി. സിസിലിയാ നിവാസികൾ എന്തു ചെയ്യണമെന്നാലോചിക്കാൻ ഒത്തുകൂടി. ബഹുഭൂരിപക്ഷവും കത്തോലിക്കരായ അവരിൽ ചിലർ, വിശുദ്ധ യൗസേപ്പ് പിതാവിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കാമെന്നൊരു നിർദേശം മുന്നോട്ടുവച്ചു. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഒരു പ്രാർത്ഥനായജ്ഞം. ഇതേത്തുടർന്ന്, കരഗതമായ അനുഗ്രഹത്താൽ സിസിലിയായിൽ മഴ മേഘങ്ങൾ തകർത്താടി.ഭൂമി തണുത്തു. ധാന്യ – ഫലങ്ങൾ നവോന്മേഷത്തോടെ സ്വയം മുള പൊട്ടി വളർന്നു. പുഴകൾ നിറഞ്ഞു. ഉറവകൾ കനത്തു , വെള്ളച്ചാട്ടങ്ങൾ മത്സരിച്ചു…

പിറ്റേ വർഷം, മാർച്ച് 19 ന് ഇതിന്റെ നന്ദിസൂചകമായി സിസിലിയാ നിവാസികൾ ഒത്തുചേർന്ന് വലിയൊരു വിരുന്നൊരുക്കി. ഇതിലേക്കായി തയ്യാറാക്കിയ വിഭവങ്ങൾക്കാവശ്യമായ

വസ്തുക്കളെല്ലാം അവർ പരസ്പരം സംഭാവനയായി ശേഖരിച്ചു. ഇതെല്ലാം ഉപയോഗിച്ചാണ് അന്ന് ആ വിരുന്നൊരുക്കിയത്. ലോകത്തിൽ,

നമ്മുടെ നാട്ടിലെ ദേവാലയങ്ങളിലടക്കം

മാർച്ച് 19 ന് നേർച്ചസദ്യ നിലവിൽ വന്നതിന്റെ ചരിത്രം ഇതാണ്.

യൗസേപ്പിതാവിന്റെ പേരിൽ ലോകത്തിലിന്ന് പ്രചാരത്തിലിരിക്കുന്ന ഐതിഹ്യങ്ങളുടെയും അതിശയങ്ങളുടെയും പിന്നാലെ പോയാൽ അതിലേക്കായി

ഒരു വലിയ ഗ്രന്ഥം തന്നെ രചിക്കേണ്ടിവരും. അത്രയധികം കഥകളാണ് പ്രചരിക്കപ്പെട്ടിരിക്കുന്നത്.

ദൈവശാസ്ത്രപരമായോ ചരിത്രപരമായോ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം കഥകൾ, ആ നീതിമാന്റെ കാര്യത്തിൽ എങ്ങിനെ വന്നുവെന്ന് ചിന്തിച്ചാലേ ,

ആ നീതിബോധത്തേയും ദൈവീക പദ്ധതിയിലെ ഏറ്റവും വലിയ നിർവഹകണത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന മഹാ ഭാഗ്യത്തേയും പ്രതി , ജോസഫ് എത്രമാത്രം ആഴത്തിൽ മനുഷ്യഹൃദയങ്ങളിൽ പ്രതിഷ്ഠ നേടി എന്ന് മനസിലാക്കാനാകു

ക്രിസ്തു ചരിത്രത്തിൽ അടക്കം

വളരെ ശുഷ്ക്കമായ വിവരണമുള്ള ഒരാളാണ് യേശുവിന്റെ വളർത്തു പിതാവായ ജോസഫ് .

യൗസേപ്പിതാവിനെക്കുറിച്ച് നിലവിൽ പറഞ്ഞു കേൾക്കുന്ന പലതും പാരമ്പര്യമായി കൈമാറിപ്പോരുന്ന വിശ്വാസപരമായ ഐതീഹ്യങ്ങളാണ്. ജറുസലേമിലെ രണ്ടാമത്തെ

കാനേഷുമാരിയുടെ കാലത്ത് പേര് എഴുതിക്കാൻ ബെത് ലഹേമിൽ പോയതിനാൽ ജോസഫിന്റെയും മേരിയുടെയും ജനന സ്ഥലം അവിടെയാണെന്നുറപ്പിക്കാം.

ദാവീദ് വംശജരായവർ വളരെഅധികമായി വാസം

ഉറപ്പിച്ചിരുന്ന നസ്രത്തിൽ പിന്നിട് – അവരും താമസിക്കാൻ തയ്യാറായത് സ്വാഭാവികം.

കെ.പി കേശവമേനോൻ രചിച്ച “യേശുദേവൻ “

എന്ന ഗ്രന്ഥത്തിൽ ജോസഫിനെക്കുറിച്ചുള്ള വിവരണം പാരമ്പര്യവിശ്വാസവുമായി ചേർന്നു നിൽക്കുന്നതാണ് .ജോസഫിന്റെ സ്വഭാവവൈശിഷ്ട്യവും അറിവും ആശാരിജോലിയിലുള്ള അസാമാന്യ കഴിവും … അതെല്ലാം എല്ലാ ചരിത്രത്തിലും സമാനമാണ്.

വീട്ടു സാമാനങ്ങൾ, വാതിലുകൾ , കൃഷി ഉപകരണങ്ങൾ എല്ലാം കുറ്റമറ്റ രീതിയിൽ പറഞ്ഞ സമയത്തിൽ തന്നെ ചെയ്തു കൊടുക്കും. യാക്കോബാണ് പിതാവ്. അദ്ദേഹം വളരെ മുമ്പേ മരിച്ചു.ഇളയച്ചനാണ് വളർത്തിയത്.സഹോദരങ്ങൾ ആരും ഇല്ല. തികഞ്ഞ ഏകാകി. മാതാവിന്റെ പേര് ഇതിൽ പരാമർശിച്ചു കാണുന്നില്ലങ്കിലും, ഹെലിയെന്ന് മറ്റു ചിലതിൽ കാണുന്നുണ്ട്. മറിയത്തെ വിവാഹം ചെയ്യുമ്പോൾ 24 വയസായിരുന്നെത്രെ പ്രായം,

മേരിക്ക് 15 ഉം.

(12 – 14- എന്നും

പാഠഭേദങ്ങളുണ്ട്.

ചില ചരിത്ര പുസ്തകങ്ങളിൽ)

ബെത് ലഹേമിൽ ജനിച്ച ജോസഫ്

യേശുവിന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് വളരെ മുമ്പ് നസ്രത്തിൽ വച്ച് മരിച്ചു എന്ന നിഗമനത്തിനാണ് ചരിത്രബലം.

ജോസഫിന്റെ ചരിത്രം തേടുമ്പോൾ ഇക്കാര്യത്തിൽവളരെ പുതുമയാർന്ന അറിവാണ് ലഭിക്കുന്നത്,

ബഹുമാനപ്പെട്ട ബാബു പോൾ അവർകളുടെ ഗവേഷണ- റഫറൻസ് – ഗ്രന്ഥമായ “വേദശബ്ദരത്നാകരത്തിൽ,

സഭകൾ കാനോനികമായി അംഗീകരിക്കാത്ത ചില പുസ്തകങ്ങളെക്കുറിച്ച് . പരാമർശിക്കുന്നുണ്ട്..

അതിലൊന്ന് നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട, ആശാരിയായ ജോസഫിന്റെ ചരിത്രം ” എന്ന പുസ്തകമാണ്. ജോസഫിന്റെ മരണമെന്നും ഇതിന് അപരനാമമുണ്ടെത്രെ. അത് പ്രകാരം

ബെത്ലഹേമിൽ ജനിച്ച ജോസഫിന്റെ ആദ്യ വിവാഹം 40മത്തെ വയസ്സിലായിരുന്നു .49 കൊല്ലം നീണ്ടു നിന്ന ആ ദാമ്പത്യത്തിൽ 6 മക്കളുണ്ട്. നാലാണും രണ്ടു പെണ്ണും . ഏറ്റവും ഇളയവനായ .യാക്കോബിനൊപ്പം താമസം.

പെൺമക്കളെ വിവാഹം ചെയ്തു കൊടുത്തു..

രണ്ട് ആൺ മക്കൾ മരപ്പണിക്കാർ. മറിയയ്ക്ക് വിവാഹ പ്രായമായപ്പോൾ വിഭാര്യൻമാരിൽ നിന്ന് വരനെ അന്വേഷിച്ച പുരോഹിതൻമാർ ജോസഫിനെ കണ്ടെത്തി .ജോസഫിന് ആദ്യം വിസമ്മതമായിരുന്നെങ്കിലും ദൈവഹിതം അനുസരിച്ചു…

111 മത്തെ വയസ്സിലും ആരോഗ്യ ദൃഢഗാർത്തനായിരുന്ന ജോസഫിന് പക്ഷേ, താൻ ആ വർഷം മരിക്കുമെന്ന ദർശനം ലഭിച്ചു. ഇതേത്തുടർന്ന്. ദേവാലയത്തിൽ പോയി പ്രാർത്ഥിച്ചു വന്ന ജോസഫ് ,

നേരത്തെ മറിയത്തെ സംശയിച്ച് ഉപേക്ഷിക്കാൻ തീരുമാനിച്ചതിലും ബാലനായിരിക്കെ യേശുവിനെ ശാസിച്ചതിന്റെ പേരിലും പശ്ചാത്തപിച്ച് യേശുവിന്റെയടുക്കൽ കുമ്പസാരിക്കുന്നു. മരണത്തിൽ നിന്ന് ഭർത്താവിനെ രക്ഷിക്കണമെന്ന മറിയത്തിന്റെ അപേക്ഷ ചെവിക്കൊണ്ട യേശു, ജോസഫിനെ കൂട്ടികൊണ്ടു പോകാൻ എത്തിയ മരണദൂതൻമാരെ ശാസിച്ചു പുറത്താക്കുന്നു., ദൈവപ്രേരണയാൽ യേശു പുറത്തു പോയ നേരത്ത് ഉള്ളിൽക്കടന്ന മരണ ദൂതൻമാർ , അവരുടെ ദൗത്യം പൂർത്തിയാക്കിയതിനു ശേഷം ജോസഫിന്റെ ശരീരം പട്ടിൽ പൊതിയുന്നു. ഈ സമയം യേശു പ്രാർത്ഥനാനിരതനായിരുന്നു. ജനങ്ങൾ വന്നു,യേശുവും. .

വെള്ളവും എണ്ണയും കൊണ്ട് ദർപ്പണം ചെയ്തു. സഹസ്രാബ്ദവാഴ്ച്ച ആരംഭിക്കുവോളം ആ ശരീരം ദ്രവിക്കുകയില്ല’…… (കത്തോലിക്ക എൻസൈക്ലോപീഡിയ ഈ ചരിത്രഭാഷ്യത്തെ അംഗീകരിക്കുന്നില്ലന്നു മാത്രമല്ല, തെറ്റാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്.)

ജോസഫിന്റെ സ്മരണയെ ആദരിക്കുന്നവർ ആ ദിവസം പാവങ്ങൾക്കു ഭക്ഷണം നൽകണം. അപരിചിതർക്ക് വീഞ്ഞും. അതിന് കഴിവില്ലാത്തവർ മക്കൾക്ക് ജോസഫ് എന്ന് പേരിടണം.

ആ മരണ ചരിത്രം രേഖപ്പെടുത്തണം. ഇപ്രകാരം ചെയ്യുന്നവർക്കെല്ലാം യേശു ദൈവാനുഗ്രഹം വാഗ്ദാനം ചെയ്യുന്നു.

ഇത്തരത്തിൽ വിഭിന്നവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായമായ എല്ലാ ജോസഫ് ചരിത്രങ്ങളും ബൈബിളും പക്ഷേ, ഒരു കാര്യം ഐക്യപൂർവ്വം അടിവരയിട്ട് പറയുന്നുണ്ട്. നസ്രത്തിലെ തച്ചനായ ജോസഫ് നീതിമാനായിരുന്നു എന്നതാണ് മഹത്തായ ആ പ്രഖ്യാപനം.

Boban Varapuzha 

നിങ്ങൾ വിട്ടുപോയത്