സീറോ മലബാർ സഭയിൽ ഏകീകൃത വിശുദ്ധ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതക്ക്‌ പൊതുവായി മാർച്ച് 25-ന് മാർപ്പാപ്പ അയച്ച കത്തും തുടർന്ന് ഏപ്രിൽ 7-ന് ഓൺലൈനിൽ കൂടിയ സ്ഥിരം സിനഡിന്റെയും വെളിച്ചത്തിൽ അതിരൂപതയുടെ അധ്യക്ഷനും സഭാതലവനുമായ ആലഞ്ചേരി പിതാവും മെത്രാപ്പോലീത്തയുടെ വികാരി മാർ കരിയിലും സംയുക്തമായി നൽകിയ പ്രസ്താവന സീറോ മലബാർ സഭാ വിശ്വാസികളെ ഏറെ സന്തോഷിപ്പിച്ചു. എന്നാൽ, ആ പ്രസ്താവന ഇറങ്ങി നേരം വെളുത്തപ്പോഴേക്കും സഭാ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ അന്താളിപ്പിച്ചുകൊണ്ട് കരിയിൽ പിതാവ് പറഞ്ഞതായി, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വിമതവൈദീകരുടെ നേതാവ് ഫാ. കുര്യാക്കോസ് മുണ്ടാടാൻ അറിയിച്ചത് “സംയുക്ത പ്രസ്താവനയിൽ കരിയിൽ പിതാവിനെക്കൊണ്ട് നിർബന്ധിച്ചു ഒപ്പ് വയ്പ്പിച്ചു” എന്നാണ്.

നിർബന്ധിച്ചു ഒപ്പുവയ്പ്പിച്ച പ്രസ്താവനക്ക് നിയമ സാധുത ഇല്ലെന്നും അതുകൊണ്ട് തങ്ങൾ ഏകീകൃതരീതിയിൽ വി. കുർബാന “ചൊല്ലില്ല” എന്നും വിമത നേതാവ് പ്രഖ്യാപിച്ചത് അവിടെ കൂടിയിരുന്ന എല്ലാ വിമത വൈദീകരും മാധ്യമങ്ങൾക്ക് മുൻപിൽ കൈയ്യടിച്ചു പിന്തുണച്ചു.കരിയിൽ മെത്രാൻ്റ നിലപാട് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ വെളിപ്പെടുത്തിയ സ്ഥിതിക്ക് സീറോ മലബാർ സഭയിലെ മറ്റു മെത്രാന്മാരും സിനഡിന് എതിരായുള്ള ആരോപണത്തിന് സിനഡിന്റെ സെക്രട്ടറിയും മാധ്യമ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് പാമ്പ്ളാനി പിതാവും മറുപടി നല്കാൻ ബാധ്യസ്ഥനാണ്. ഇവിടെ വിശ്വാസികൾക്ക് ചില ചോദ്യങ്ങൾ ചോദിക്കുവാനുണ്ട്.

സഭാതലവൻ കൂടിയായ മെത്രാപോലീത്ത തന്റെ വികാരിയെ സമ്മർദം ചെലുത്തി ഒപ്പ് വയ്പ്പിച്ചു എന്ന് പറയുമ്പോൾ അത് സത്യം ആണോ എന്ന് സ്ഥിരീകരിക്കുവാനുള്ള ചുമതല നിങ്ങൾക്കുണ്ട്. ഇവിടെ അപഹസിക്കപ്പെടുന്നത് നമ്മുടെ അമ്മയായ സഭയാണ്. സിനഡിന്റെ തീരുമാനമാണ് സർക്കുലർ ആയി വന്നത്. സിനാഡിന്റെ തീരുമാനം എന്തായിരുന്നു. അവിടെ നടന്ന ചർച്ചകൾ എന്തായിരുന്നു. മാർ കരിയിലിന്റെ നിലപാട് അവിടെ എന്തായിരുന്നു… സിനഡിനു ഇതെല്ലാം വിശ്വസികളെ അറിയിക്കുവാനുള്ള ഉത്തരവാദിത്വമുണ്ട്.

അഞ്ചു വർഷങ്ങൾക്ക് മുൻപ് മെത്രാപ്പോലീത്ത അതിരൂപതയുടെ “ഭൂമിയെല്ലാം വിറ്റുതുലച്ചു” എന്ന് അക്രോശിച്ചുകൊണ്ട് വിമത വൈദീകർ അച്ചടക്കലംഘനത്തിന്റെ തേരോട്ടം ആരംഭിച്ചപ്പോൾ നിങ്ങൾ എല്ലാവരും നിശ്ശബ്ദരായിരുന്നു! “ഞങ്ങളുടെ സഭാതലവനെ ഞങ്ങൾക്കറിയാം, ഒരു പൈസയുടെ പോലും അഴിമതി അദ്ദേഹം കാണിക്കില്ല” എന്ന് ഒരാളെങ്കിലും മുന്നോട്ടു വന്നു പറഞ്ഞിരുന്നെങ്കിൽ ആ വിഷയം അന്ന് അവിടെ അവസാനിക്കുമായിരുന്നു. എന്നാൽ നിങ്ങളിൽ ഒരാൾ പോലും പറയേണ്ട സമയത്തു് അങ്ങനെ പറഞ്ഞില്ല. ഇനിയുമെങ്കിലും സഭയെ പ്രതിസന്ധിയിലാകുന്ന ഈ മൗനം അവലംമ്പിക്കല്ലേ എന്ന് അപേക്ഷിക്കുന്നു.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്